അവിശ്വസനീയമായ സിനിമാക്കഥപോലെ പുലര്‍ച്ചെ രക്ഷകരെത്തിയപ്പോള് ജഗതിക്ക് തിരിച്ചുകിട്ടിയത് ജീവിതം. കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിന് സമീപം അപകടത്തില്‍പ്പെട്ട നടന്റെ ജീവന് രക്ഷിച്ചത് അപ്രതീക്ഷിതമായെത്തിയ ആംബുലന്‍സും മണല്ത്തൊഴിലാളിയുടെ മനഃസാന്നിധ്യവും.
രാമനാട്ടുകര തോട്ടുങ്ങല്‍ പുല്ലഞ്ചേരി ചോയിമുക്കില്‍ ബൈജുവും കൂടെയുണ്ടായിരുന്ന ലോറി ഡ്രൈവറുമാണ് ശനിയാഴ്ച പുലര്‍ച്ചെ ജഗതിയുടെ രക്ഷകരായത്. അവരെ സഹായിക്കാന്‍ പൊടുന്നനെ ആംബുലന്‍സും അതിനുള്ളില്‍ മാലാഖമാരെപ്പോലെ നേഴ്സുമാരും പ്രത്യക്ഷപ്പെട്ടപ്പോള്‍ അപകടം നടന്ന് അധികം വൈകാതെ കോഴിക്കോട്ടെ ആശുപത്രിയിലെത്തിക്കാനായി.
അപകടത്തെക്കുറിച്ച് ബൈജു നടുക്കത്തോടെ വിവരിച്ചു. "മൂന്നിയൂര്‍ പാറക്കടവില്‍നിന്നും മണല്‍വാരി പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വെളിമുക്കിലെത്തി ഒരു ചായ കഴിച്ച് ഏതെങ്കിലും വാഹനം കിട്ടാന്‍ കാത്തുനിന്നു. വയനാട്ടിലേക്ക് പോവുന്ന ലോറി അപ്രതീക്ഷിതമായി കിട്ടി. ചേളാരി കഴിഞ്ഞ് പാണമ്പ്ര ഇറക്കത്തില്‍ എത്തിയപ്പോഴേക്കും റോഡില്‍നിന്നും പുക ഉയരുന്നതുകണ്ടു. ലോറി വേഗംകുറച്ച് അടുത്തെത്തിയപ്പോള്‍ ഒരു കാര്‍ അപകടത്തില്‍പ്പെട്ടുകിടക്കുന്നു. അടുത്തെങ്ങും ആരുമില്ല. ലോറി നിര്‍ത്താനാവശ്യപ്പെട്ട് ചാടിയിറങ്ങി".
മുന്‍സീറ്റില്‍ രണ്ടുപേര്‍ ചോരയില്‍ കുളിച്ചുകിടക്കുന്നു. കൂടുതലൊന്നും ആലോചിക്കാതെ ഇരുവരെയും പുറത്തെത്തിച്ചു. ഇതിനിടെ കാറിലെ ഡ്രൈവര്‍ പരിക്കേറ്റയാള്‍ ജഗതിച്ചേട്ടനാണെന്ന് പറയുന്നുണ്ടായിരുന്നു. ആരോ ഫോണില്‍ വിളിച്ചപ്പോള്‍ ഡ്രൈവര്‍ സംസാരിക്കാനാവാതെ ഫോണ്‍ തന്നു. വിളിച്ചവരോട് അപകട സ്ഥലം പറഞ്ഞുകൊടുത്തു. എത്രയും പെട്ടെന്ന് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ആശുപത്രിയിലെത്തിക്കാന്‍ ഫോണ്‍ ചെയ്തയാള്‍ നിര്‍ദേശിച്ചു.
എന്തുചെയ്യുമെന്ന് ആലോചിക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് ഒരു ആംബുലന്‍സ് കുതിച്ചെത്തി. കോഴിക്കോട്ട് രോഗിയെ എത്തിച്ച് തിരിച്ചുവന്ന വളാഞ്ചേരി സേവാഭാരതിയുടെ ആംബുലന്‍സായിരുന്നു. ഉടനെ കൈകാണിച്ച് നിര്‍ത്തി. ആംബുലന്‍സിലുണ്ടായിരുന്ന ജെസി, സിന്ധു എന്നീ നേഴ്സുമാരുടെയും ഡ്രൈവറുടെയും സഹായത്തോടെ ഇരുവരെയും താങ്ങിയെടുത്ത് ആംബുലന്‍സില്‍ കയറ്റി കോഴിക്കോട്ടേക്ക് കുതിച്ചു.
കോഴിക്കോട്ട് എത്താറായപ്പോഴാണ് പരിക്കേറ്റയാള്‍ നടന് ജഗതിയാണെന്ന് മനസ്സിലായത്". "ഞാന്‍ ഒരു നിമിത്തമായെങ്കിലും ഒരു നിയോഗംപോലെ എത്തിയ ആംബുലന്‍സാണ് ജഗതിച്ചേട്ടന്റെ ജീവന് രക്ഷിച്ചത്"- ബൈജു പറഞ്ഞു. ജഗതി അപകടനില തരണം ചെയ്തെന്ന് ഉറപ്പാക്കിയശേഷം രാവിലെ ഏഴരയോടെയാണ് ആശുപത്രിയില്‍നിന്ന് മടങ്ങിയത്.
ദുരന്തമുഖത്ത് ബൈജു രക്ഷകനാകുന്നത് ആദ്യമായല്ല. പലതവണയായി 12 പേരെയെങ്കിലും രക്ഷിച്ചിട്ടുണ്ടെന്ന് ബൈജു പറഞ്ഞു. തോട്ടുങ്ങലിലെ കുട്ടിമോന്റെയും പത്മിനിയുടെയും മകനായ ബൈജു വര്‍ഷങ്ങളായി മണല്‍ത്തൊഴിലാളിയാണ്. സുനിതയാണ് ഭാര്യ. ഷാജു, ശ്യാമള, മിനി എന്നിവര്‍ സഹോദരങ്ങളാണ്.
No comments:
Post a Comment