വളര്‍ത്തുദോഷം കൊണ്ടു പിഴച്ചുപോയ പെണ്‍പിള്ളേരെയെല്ലാം നേരത്തെ കെട്ടിച്ചുവിട്ട അച്ചായന്‍ കന്യാസ്ത്രീയാക്കാന്‍ നിര്‍ത്തിയിരുന്ന കുഞ്ഞുമോള് ചെത്തുകാരന്റെ കൂടെ ഒളിച്ചോടിപ്പോയി എന്നു പറഞ്ഞതുപോലെയാണ് സിപിഎമ്മിന്റെ കാര്യം. നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണമെങ്കിലും ഉറപ്പാണ്. അപ്പോള്‍ നെയ്യാറ്റിന്‍കരക്കാരന്‍ കയ്യുംവിട്ട് എടുത്ത് ചാടണമെങ്കില്‍ മിനിമം എത്ര ഗുണങ്ങളുണ്ടാകുമെന്ന് ഊഹിച്ചുനോക്കണം. ശെല്‍വരാജ് കാഴ്ചയില്‍ ഘനഗംഭീരനാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ സിന്ധു ജോയിയുടെ മനസ്സാണ്. ഉമ്മന്‍ ചാണ്ടി സാറിന്റെ കരാളഹസ്തങ്ങളുടെ തലോടലേറ്റാല്‍ ഉണ്ടാകുന്ന ആ പൊളിറ്റിക്കല്‍ പാലിയേറ്റീവ് കെയറിനു വേണ്ടി ഇനിയും പലരും പലയിടത്തു നിന്നും രാജിവച്ചേക്കുമെന്നാണ് കേള്‍ക്കുന്നത്. സിപിഎമ്മിന് ഇതു തന്നെ വരണം.
പച്ചമരത്തോട് ഇതാണെങ്കില് ഉണക്കമരത്തോട് എന്തായിരിക്കും എന്നു തിരുവെഴുത്തുണ്ട്. ആരോ എന്തോ പറഞ്ഞെന്നും പറഞ്ഞ് ഫീലടിച്ച ശെല്‍വരാജ് ഇതാണ് ചെയ്തതെങ്കില്‍ കണ്ണൂരുള്ള ആ ശശിയൊക്കെ എന്തു ചെയ്താലാണ് ശാന്തിയുണ്ടാവുക ? ശെല്‍വരാജിന്റെ രാജിനാടകത്തിന് എന്തിന്റെയെങ്കിലും കുറവുണ്ടെങ്കില്‍ അത് അല്‍പം നാടകീയതയുടെയാണ്. സിപിഎം അദ്ദേഹത്തെയും കുടുംബത്തെയും അതിക്രൂരമായി പീഡിപ്പിച്ചു, ജീവിക്കാന്‍ സമ്മതിക്കുന്നില്ല, അവഗണിച്ചു, കുറ്റപ്പെടുത്തി, ഒറ്റപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിന്റേതായി രാവിലെ മുതല്‍ മാധ്യമങ്ങളില്‍ കണ്ടത്. ആരാണ് പറയുന്നതെന്നോര്‍ക്കണം. തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ, അവഗണിക്കപ്പെട്ട അതോ ജീവപ്രവര്‍ത്തകന്റെ രോദനമായിരുന്നു ഇതെങ്കില്‍ കേള്‍ക്കാന്‍ രസമുണ്ടായിരുന്നു. പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ച് നാളേറെയാകും മുമ്പ് സമുദായവോട്ടുകള്‍ കുട്ടയിലാക്കി പാര്‍ട്ടിവിടുമ്പോള്‍ ഒരുളുപ്പുമില്ലാതെ എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് വോട്ടുചെയ്ത ജനങ്ങളെ വഞ്ചിച്ച ശെല്‍വരാജ് ജനാധിപത്യത്തിലെ അശ്ലീലങ്ങളിലൊന്നാണ് എന്നാണെന്റെ അഭിപ്രായം.
പിറവത്ത് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ശെല്‍വരാജ് രാജിവച്ചത് സിപിഎമ്മിനു വലിയ ക്ഷീണമായിപ്പോയി എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. പിറവത്ത് സിപിഎമ്മിന് മോഹിക്കാമെന്നല്ലാതെ വേറൊന്നും ചെയ്യാനില്ല. ശെല്‍വരാജിനെ സമുദായോവോട്ടുകൃഷിക്ക് പ്രോല്‍സാഹിപ്പിച്ച സിപിഎമ്മിന് അതേ കൃഷികൊണ്ട് അദ്ദേഹം മറുപടി നല്‍കുമ്പോള്‍ അയാള്‍ പോയത് നന്നായി എന്നു താത്വികമായി ആശ്വസിക്കാമെങ്കിലും രാഷ്ട്രീയമായി ആ തിരിച്ചടിയുടെ ആഘാതം അവലോകനങ്ങളിലൂടെ ലഘൂകരിക്കാനാവില്ല. അസമയത്ത് പിന്നില്‍ നിന്നും പാര്‍ട്ടിയുടെ തലയ്‍ക്കടിച്ചിട്ടാണ് ശെല്‍വരാജ് പോയിരിക്കുന്നത്. പക്ഷെ, എങ്ങോട്ട് ? എന്തിന് ?
പുറത്ത് ടാക്‍സിയുമായി കാമുകന്‍ വന്നു നില്‍ക്കുമെന്നുറപ്പില്ലാതെ ഒരു കാമുകിയും പിതൃഭവനത്തില്‍ നിന്നും നട്ടപ്പാതിരയ്‍ക്ക് ബാഗുമായി ഇറങ്ങില്ല. ജീവന്‍പോയാലും അവനോടൊപ്പം പോകില്ല എന്നാണയിട്ടിട്ട് പോയ പെണ്ണിനെ രാത്രി അവനോടൊപ്പം തേഡ് ക്ലാസ് ലോഡ്‍ജില്‍ നിന്നും റെയ്‍ഡ് ചെയ്തു പിടിച്ചതുപോലെയൊരവസ്ഥ ശെല്‍വരാജിന്റെ കാര്യത്തിലുമുണ്ട്. യുഡിഎഫിലേക്ക് പോകുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ് എന്നുച്ചയ്‍ക്ക് പറഞ്ഞ ശെല്‍വരാജ് വൈകിട്ടു പറയുന്നു, ജനങ്ങള്‍ ആഗ്രഹിച്ചാല്‍ യുഡിഎഫിലേക്ക് പോകുന്ന കാര്യം ആലോചിക്കുമെന്ന്. ശെല്‍വരാജ് യുഡിഎഫിലേക്ക് പോകണമെന്ന് നമ്മളെല്ലാവരും കൂടിയിരുന്ന് ആഗ്രഹിക്കണമെന്നല്ല. ജനം എന്നതൊരു വിശാലപദമാണ്. ഉമ്മന്‍ ചാണ്ടിയും അനുയായികളും കൂടി ചുമ്മാ ആഗ്രഹിച്ചാലും ശെല്‍വരാജ് ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ബാധ്യസ്ഥനാണ്.
ശെല്‍വരാജിനെ ചാടിച്ചുകൊണ്ടുപോകുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനൊക്കില്ല എന്ന മട്ടിലാണ് സാഹചര്യങ്ങളുടെ കിടപ്പ്. ശെല്‍വരാജ് രാജിവച്ചതിനെപ്പറ്റി പ്രതികരിച്ച യുഡിഎഫ് നേതാക്കള്‍ ആദ്യമേ പറഞ്ഞത് ശെല്‍വരാജിന്റെ രാജിക്കു പിന്നില്‍ യുഡിഎഫ് ഇല്ല എന്നായിരുന്നു. തുടര്‍ന്ന്, ശെല്‍വരാജിന്റെ അത്യപൂര്‍വമായ വ്യക്തിത്വത്തെയും പൊതുജീവിതത്തെയും പറ്റിയുള്ള വിശേഷണങ്ങള്‍. ശെല്‍വരാജ് യുഡിഎഫിലേക്കു വന്നാല്‍ അത് യുഡിഎഫിന്റെ ഭാഗ്യം മാത്രമായിരിക്കില്ലേ എന്നു ജനങ്ങളെപ്പറ്റി ചിന്തിപ്പിക്കുന്ന പോലൊരു സമീപനം. ശെല്‍വരാജിനെതിരേ പാര്‍ട്ടിയ്‍ക്കുള്ളിലുള്ള ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അദ്ദേഹം യുഡിഎഫിനു പറ്റിയ പാര്‍ട്ടിയാണ്. എങ്കിലും, പിറവം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും യുഡിഎഫില്‍ ചാടി ആത്മഹത്യ ചെയ്യാതെ പിടിച്ചുനില്‍ക്കാനുള്ള സംയമനം ശെല്‍വരാജിനുണ്ടാകട്ടെ എന്നാശംസിക്കുന്നു
No comments:
Post a Comment