അങ്ങനെ ഇറ്റാലിയന്‍ മന്ത്രി തങ്കശ്ശേരിയിലും എത്തി.
ഒരു കേസ് പോകുന്ന വഴിയേ...!
ഇന്ത്യന്‍ സര്‍ക്കാരും കേരള സര്‍ക്കാരും ഇവിടത്തെ കോടതികളും നിയമങ്ങളും പോലീസുമെല്ലാം ഇറ്റലിക്ക് പുല്ലാണ്.
ആരോരുമറിയാതെ ഇറ്റാലിയന്‍ സഹ വിദേശകാര്യ മന്ത്രി കൊല്ലത്തെത്തിയിരിക്കുന്നു. തങ്കശ്ശേരി പള്ളിയില്‍ അദ്ദേഹം എത്തി. അച്ചനെ കണ്ടു. ഇറ്റാലിയന്‍ ഭാഷ അറിയാവുന്ന അച്ചനുമായി ആ ഭാഷയില്‍ ഏറെനേരം സംസാരിച്ചു. അച്ചന്‍ ആറേഴു കൊല്ലം ഇറ്റലിയില്‍ ആയിരുന്നു എന്നാണു പറയുന്നത്. രാജ്യത്തെ പ്രോട്ടോകോള്‍ അനുസരിച്ചായിരുന്നോ വിദേശമന്ത്രിയുടെ വരവും സന്ദര്‍ശനവും എന്ന് അറിയില്ല.
എന്തായാലും ഒന്നുറപ്പാണ്: ഇറ്റാലിയന്‍ നാവികരുടെ വേഷമിട്ട കൊലയാളികളെ രക്ഷിക്കാന്‍ കോടതിക്ക് പുറത്തുകൂടി വളഞ്ഞവഴി തേടുകയാണ് മന്ത്രിയുടെ ഉദ്ദേശ്യം. വെടിയേറ്റ് മരിച്ചയാളുടെ കുടുംബാംഗങ്ങളെ അച്ചന്‍റെ ഇടനിലയില്‍ കാണുകയാണ് മന്ത്രിയുടെ ലക്‌ഷ്യം. പാവങ്ങള്‍ കാശ് കണ്ടാല്‍ വീഴും എന്ന് ആരോ ഇറ്റലിക്കാരോട് പറഞ്ഞിട്ടുണ്ടാവും. ഞായറാഴ്ച ഇറ്റലി മന്ത്രി തങ്കശ്ശേരി പള്ളിയില്‍ രാവിലെ കുര്‍ബാന ചടങ്ങില്‍ പങ്കെടുക്കുമത്രേ. എന്നിട്ടാവും മരിച്ചയാളുടെ കുടുംബവുമായി സംഭാഷണം. അത് പള്ളിയില്‍ വച്ചായിരിക്കുമോ എന്നെ അറിയാനുള്ളൂ. കൂടിക്കാഴ്ചയ്ക്ക് അനുമതി താല്‍ക്കാലികമായി നിഷേധിച്ചു എന്നാണു വാര്‍ത്ത. പക്ഷേ കേസിന്‍റെ ഇതുവരെയുള്ള പോക്ക് നോക്കിയാല്‍ അനുമതി കിട്ടാനാണ് സാധ്യത.
അതായത്, ഈ കേസ് കടലില്‍ മുങ്ങിപ്പോകുന്ന "നല്ല ലക്ഷണം" കാണുന്നുണ്ട്. ഇറ്റാലിയന്‍ കപ്പല്‍ കൊച്ചിയിലെത്തിയ സമയം മുതല്‍ ഈ നിമിഷം വരെയുണ്ടായ വാര്‍ത്തകളെല്ലാം ഈ സൂചനകളാണു രാജ്യത്തെ സാധാരണ പൗരന്മാര്‍ക്കു നല്‍കുന്നത്.
കൊലയാളികള്‍ക്ക് കേരളത്തില്‍ ലഭിച്ച അസാധാരണവും ലോകത്തെങ്ങും കേട്ടുകേള്‍വിയില്ലാത്തതുമായ പരിഗണനകളടക്കം രാജ്യസുരക്ഷ വരെ ഒട്ടേറെ അസുഖരമായ ചോദ്യങ്ങള്‍ ഇതുയര്‍ത്തുന്നു. അന്യരാജ്യ പൗരന്മാരെ കൈകാര്യം ചെയ്യുമ്പോള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ശക്തി എത്രത്തോളമുണ്ട് എന്നു സന്ദേഹമുയരാന്‍ ഇതിടയാക്കിയിരിക്കുന്നു. യൂറോപ്പിലെ ഒരു സാധാരണ രാജ്യത്തിന്‍റെ അറ്റാഷെ മുതല്‍ വിദേശകാര്യമന്ത്രി വരെയുള്ളവര്‍ എങ്ങനെയാണ് അവരുടെ രണ്ടു പൗരന്മാര്‍ക്കുവേണ്ടി ഇപ്പോള്‍ വരെ പെരുമാറിക്കൊണ്ടിരിക്കുന്നത് എന്ന പാഠം നമുക്ക് മനസിലായിക്കൊണ്ടിരിക്കുന്നു.
ചോദ്യങ്ങളുടെയും സംശയങ്ങളുടെയും ചില സാമ്പിളുകളിതാ:
ഇന്ത്യന്‍ തീരത്തുകൂടി ഒരു അന്യരാജ്യ ചരക്കുകപ്പല്‍ സായുധസൈനികരുമായി യാത്ര ചെയ്യുന്നു. അത്ര നിസാരമാണോ അവസ്ഥ?
ഒരു കപ്പല്‍ ഇന്ത്യന്‍ തീരമേഖലയില്‍ ബോട്ട് ഇടിച്ചുതകര്‍ത്തശേഷം കടന്നുകളയുമ്പോള്‍ 60 മണിക്കൂറോളം ഇരുട്ടില്‍ത്തപ്പുന്ന അതിര്‍ത്തികാവല്‍ സേനകള്‍. അത്ര നിസാരമാണോ സ്ഥിതി?
ലോകത്തെ ഏറ്റവും വലിയ നാലാമത്തെയോ അഞ്ചാമത്തെയോ നാവികസേന എന്നു പുകഴ്പെറ്റ ഇന്ത്യന്‍ നേവിയുടെ ദക്ഷിണ കമാന്‍ഡ് ആസ്ഥാനത്തിനു ചുറ്റുവട്ടത്തു നടക്കുന്ന സംഭവങ്ങള്‍ പോലും കൃത്യമായി നിരീക്ഷിക്കാനും കണ്ടെത്താനും ഉടനടി കണ്ടെത്താനും നടപടിയെടുക്കാനും കഴിയാതെ പോകുന്നുവെങ്കില്‍ എന്താണു നമ്മള്‍ നമ്മുടെ കടലില്‍ ചെയ്തുകൊണ്ടിരിക്കുന്നത്?
സാങ്കേതികവിദ്യയില്‍ ലോകം മുന്നേറിയപ്പോള്‍ ഒപ്പം മുന്നേറിയ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആണവസാങ്കേതികവിദ്യയും ഉപഗ്രഹസാങ്കേതികവിദ്യയും വിവരവിനിമയ സാങ്കേതികവിദ്യയുമെല്ലാം നമ്മുടെ വിരല്‍ത്തുമ്പിലത്രെ. പക്ഷേ, കടലില്‍ നമ്മുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഒരു കപ്പലിനെപ്പറ്റി അജ്ഞതയാണു ഫലമെങ്കില്‍ ഈ വിദ്യകളൊക്കെ എന്തിനാണ്?
ഇറ്റാലിയന്‍ കപ്പലും അതില്‍ നിന്നു പിടികൂടിയ രണ്ടു നാവികരും മറ്റു ചില വലിയ ചോദ്യങ്ങള്‍ കൂടി നമുക്കു മുന്നിലേക്ക് തരുന്നു. ആ ചോദ്യങ്ങളിലൊന്ന് നമ്മുടെ കേടതി തന്നെ ചോദിച്ചിരിക്കുന്നു. "ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അത്രത്തോളം അടുക്കും ചിട്ടയുമില്ലാത്തതും കുത്തഴിഞ്ഞതുമാണെന്ന് ഇറ്റലിക്കാര്‍ കരുതരുത്" എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
അറസ്റ്റിലായി, പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന രണ്ടു കൊലക്കേസ് പ്രതികള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍, സുഖസൗകര്യങ്ങള്‍ ആരുടെയും കണ്ണുതള്ളിക്കും. ലോകത്തൊരിടത്തും ഒരു പ്രതിക്കും കിട്ടാത്ത പരമാനന്ദമാണ് ഇവര്‍ അനുഭവിക്കുന്നത്, അവരുടെ കൈകൊണ്ടു കൊല്ലപ്പെട്ട രണ്ടു നിരപരാധികളുടെ നാട്ടില്‍ത്തന്നെ.
ഇറ്റാലിയന്‍ ഭക്ഷണവും കഴിച്ച്, ഇറ്റാലിയന്‍ സൈനിക യൂണിഫോമും ധരിച്ച്, എസി ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോള്‍ അവര്‍ക്കു സന്ദര്‍ശകരായെത്തുന്നത് അവരുടെ സ്വന്തം വിദേശകാര്യമന്ത്രിയും പരിവാരങ്ങളുമാണ്...!
അവരോടൊപ്പം ധൈര്യം പകര്‍ന്നു കൂടെയുള്ളത് ഇന്ത്യയിലെ എംബസിയുടെ ചുമതലക്കാരും ജീവനക്കാരുമാണ്...! പ്രശ്നം ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയുടെയും ഇറ്റലിയുടെയും വിദേശകാര്യമന്ത്രിമാരാണ്.
ഇതിനെ നമ്മുടെ മഹാമനസ്കത എന്നു വിളിക്കുമോ, അതോ, നമ്മുടെ ഗതികേട് എന്നു വിളിക്കുമോ?
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഭരണകൂടമോ ഭരണക്കാരോ ഇടപെടുന്നതും പരസ്യപ്രസ്താവന നടത്തുന്നതും തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും ഇന്ത്യന്‍ നിയമമനുസരിച്ചു കോടതിയലക്ഷ്യമാണ്. പക്ഷേ, ആരു വകവയ്ക്കാന്‍ ? കോടതി അതിന്‍റെ വഴിയേ. പൊലീസ് അതിന്‍റെ വഴിയേ. കേരള സര്‍ക്കാര്‍ വേറെ വഴിക്ക്. കേന്ദ്ര സര്‍ക്കാര്‍ ആര്‍ക്കും ഇന്നോളം പിടികിട്ടാത്ത എതോ വഴിക്ക്.
കൊലപാതകക്കേസാണു സംഭവമെന്നോര്‍ക്കുക. കൊന്നത് ഇറ്റലിക്കാരായതു കൊണ്ടുമാത്രം അതൊരു നയതന്ത്ര പ്രശ്നമാകുമോ എന്ന ചോദ്യത്തിന് ഇപ്പോഴും, രണ്ടാഴ്ച പിന്നിട്ടിട്ടും തൃപ്തികരമായ മറുപടി എവിടെനിന്നും കിട്ടുന്നില്ല. രാജ്യരക്ഷയാണു മറ്റൊരു പ്രശ്നം. ഒരു മീന്‍പിടിത്ത ബോട്ട് പൂര്‍ണമായും ഇടിച്ചുതകര്‍ത്ത ശേഷം ഒരു കപ്പലിന് രക്ഷപെട്ടുപോകാന്‍ കഴിയുമെങ്കില്‍, നമ്മുടെ വിശാലമായ കടലില്‍ എന്തൊക്കെ നടന്നുകൂടാ? എന്തൊക്കെ നടക്കുന്നില്ല?
No comments:
Post a Comment