Saturday, 10 March 2012

[www.keralites.net] രതിച്ചേച്ചിയായതില്‍ കുറ്റബോധമില്ല- ശ്വേതമേനോന്‍

 

രതിച്ചേച്ചിയായതില്‍ കുറ്റബോധമില്ല- ശ്വേതമേനോന്‍

Fun & Info @ Keralites.net


മലയാളികളുടെ 'രതിച്ചേച്ചി' വലിയ സന്തോഷത്തിലാണ്. ആദ്യമായി അഭിനയിച്ച തെലുങ്ക് സിനിമ 'രാജണ്ണ' ഭരതമുനി അവാര്‍ഡ് നേടിയിരിക്കുന്നു. മികച്ച നായികയ്‌ക്കോ സഹനടിയ്‌ക്കോ അല്ല വില്ലന്‍ വേഷത്തിനാണ് അവാര്‍ഡ്. 25 വര്‍ഷത്തെ ചരിത്രത്തിനിടയ്ക്ക് ആദ്യമായാണ് മികച്ച വില്ലനുള്ള ഭരതമുനി പുരസ്‌കാരം ഒരു സ്ത്രീക്ക് ലഭിക്കുന്നത്. തെലുങ്ക് സിനിമയിലെ ഏറ്റവും പ്രാധാന്യമേറിയ പുരസ്‌കാരമായി കരുതപ്പെടുന്ന ഭരതമുനി അവാര്‍ഡ് നേടിയതിന്റെ ആഹഌദത്തില്‍ ശ്വേത മേനോന്‍ സംസാരിക്കുന്നു


ആദ്യതെലുങ്ക് സിനിമയ്ക്കു തന്നെ അവാര്‍ഡ്, അതും വില്ലന്‍ വേഷത്തിന്. 'രാജണ്ണ'യിലെ കഥാപാത്രത്തെക്കുറിച്ചു പറയാമോ?


- തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്ത് വിജയേന്ദ്രപ്രസാദിന്റെ ആദ്യസംവിധാനസംരംഭമാണ് 'രാജണ്ണ'. നാഗേന്ദ്രയും സ്‌നേഹയും പ്രധാനവേഷത്തിലെത്തുന്നു. നിര്‍മാതാവും നാഗാര്‍ജുന തന്നെ. ചിത്രത്തില്‍ ദൊരസാനി എന്ന നാട്ടുപ്രമാണിയുടെ വേഷമായിരുന്നു എനിക്ക്. ഒരുഗ്രാമം മുഴുവന്‍ അടക്കിഭരിക്കുന്ന ദുഷ്ടകഥാപാത്രമാണ് എന്റേത്. തുടക്കം മുഴുവന്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വേഷം. ദൊരസാനിയും ഒരു കൊച്ചുകുട്ടിയും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്്. ഇന്റര്‍വെലിനു തൊട്ടുമൂമ്പേ നായകന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ.

ആദ്യ തെലുങ്ക് ചിത്രത്തില്‍ തന്നെ വില്ലന്‍ വേഷം തിരഞ്ഞെടുത്തത് ബോധപൂര്‍വമാണോ?


- ഇതിനു മുമ്പും തെലുങ്കില്‍ നിന്ന് ചില ഓഫറുകള്‍ വന്നിരുന്നു. മലയാളത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനായി അതെല്ലാം വേണ്ടെന്നുവച്ചു. 'രാജണ്ണ'യിലും അഭിനയിക്കാന്‍ എനിക്ക് ആദ്യം ഇഷ്ടമുണ്ടായിരുന്നില്ല. വില്ലന്‍ വേഷത്തിലുള്ള എന്‍ട്രി വിജയിക്കുമോ എന്ന സംശയമായിരുന്നു കാരണം. തുടര്‍ന്നും അത്തരം വേഷങ്ങളിലേക്ക് ഒതുങ്ങിപ്പോകുമോ എന്ന പേടിയുമുണ്ടായിരുന്നു. എന്നാല്‍ 'പടയപ്പ'യില്‍ രമ്യാകൃഷ്ണ ചെയ്തതുപോലെയുള്ള അതിശക്തമായ വേഷമാണിതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഒരുകൈ നോക്കാം എന്നായി. 'രാജണ്ണ'യിലെ നായകന്‍ നാഗ്‌സാറും സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് എന്നെ ഫോണില്‍ വിളിച്ചു. നാഗ് സാറിന്റെ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചാല്‍ പോലും തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണല്ലോ. നല്ലൊരു ബാനറും നിര്‍മാണക്കമ്പനിയുമൊക്കെയാണ് രാജണ്ണയുടേത്. എല്ലാം ഒത്തുവന്നപ്പോള്‍ 'രാജണ്ണ' ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

എങ്ങനെയുണ്ടായിരുന്നു തെലുങ്ക് സിനിമയിലെ അനുഭവങ്ങള്‍?


- ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ചിരി തുടങ്ങും. തെലുങ്ക് ഒരക്ഷരം പോലും അറിയാത്തതിനാല്‍ ആദ്യമൊന്നും എന്താണ് സെറ്റില്‍ നടക്കുന്നതെന്നോ ഏതു സീനാണ് ഷൂട്ട് ചെയ്യുന്നതെന്നോ ഒന്നും മനസിലായില്ല. പതുക്കെപതുക്ക ഞാന്‍ തെലുങ്ക് ഭാഷ പഠിച്ചുതുടങ്ങി. ഡയലോഗുകള്‍ ഇംഗഌഷിലാക്കി അതിന്റെ അര്‍ഥം മനസിലാക്കിയായി പിന്നെയുള്ള ഷൂട്ടിങ്.

ഇപ്പോഴെനിക്ക് തെലുങ്ക് പറയാന്‍ അറിയില്ലെങ്കിലും കേട്ടാല്‍ ഒരുവിധം മനസിലാകും. ഷൂട്ടിങ് സമയത്തു തന്നെ എന്റെ അഭിനയത്തിന് മികച്ച വില്ലനുളള അവാര്‍ഡ് ലഭിക്കുമെന്ന് സംവിധായകനും നാഗ്‌സാറും പറയാറുണ്ടായിരുന്നു. അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ ശരിക്കും വില്ലത്തിയായി മാറുമെന്ന് അവരോടൊക്കെ ഞാന്‍ തമാശയും പറഞ്ഞു. പക്ഷേ കഴിഞ്ഞദിവസം ഭരതമുനി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എന്റെ പേരും അതിലുണ്ടെന്നറിഞ്ഞ് ശരിക്കും അദ്ഭുതപ്പെട്ടുപോയി.

വിവാഹത്തിനുശേഷം ആദ്യം കിട്ടുന്ന അവാര്‍ഡല്ലേ ഇത്?


- സാള്‍ട്ട് എന്‍ പെപ്പറിലെ അഭിനയത്തിന് മികച്ച താരജോഡികള്‍ക്കുള്ള വനിത അവാര്‍ഡ് എനിക്കും ലാല്‍ സാറിനും ലഭിചിരുന്നു. അതിനുശേഷമുള്ള അവാര്‍ഡ് ആണിത്. ഞാന്‍ ജീവിതത്തിലേക്ക് കടന്നുവന്നതിന്റെ ഐശ്വരമാണിതെന്ന് ഭര്‍ത്താവ് ശ്രീ പറയുന്നുണ്ടിപ്പോള്‍. എന്നെങ്കിലും മികച്ച വില്ലന്‍ വേഷത്തിനുള്ള ബഹുമതി നേടുകയെന്നത് എന്റെ ഏറെക്കാലമായുള്ള സ്വപ്‌നമായിരുന്നു. ഗുപ്തിലെ അഭിനയത്തിന് ബോളിവുഡ് നടി കാജോള്‍ അവാര്‍ഡ് വാങ്ങിയതു തൊട്ട് എന്റെ മനസിലും ഈ മോഹം കയറിക്കൂടിയതാണ്. മികച്ച നായികയ്ക്കും സഹനടിക്കുമൊക്കെയുള്ള അവാര്‍ഡ് ലഭിക്കുന്നതില്‍ വലിയ ത്രില്ലില്ല. പക്ഷേ ഒരു നടിക്ക് മികച്ച വില്ലന്‍ അവാര്‍ഡ് ലഭിക്കുകയെന്നത് അപൂര്‍വ സംഭവമാണ്. ഇനിയൊരിക്കലും ഇതുപോലൊന്നു കിട്ടിയെന്നുവരില്ല. ഈ നേട്ടം ഞാന്‍ ശരിക്കുമാസ്വദിക്കുന്നു.


ശ്വേത നായികയായി അഭിനയിച്ച 'രതിനിര്‍വ്വേദം' വിജയിച്ചതിനെത്തുടര്‍ന്ന് പഴയമലയാള ചിത്രങ്ങളുടെ റീമേക്കുകളുടെ വന്‍നിര തന്നെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്‌പോണ്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഇക്കിളിചിത്രങ്ങളാണ് ഇവയില്‍ മിക്കവയും. അറിഞ്ഞോ അറിയാതെയോ ഇത്തരമൊരു ട്രെന്‍ഡിന് തുടക്കം കുറിച്ചതില്‍ കുറ്റബോധമുണ്ടോ?


- രതിനിര്‍വ്വേദത്തിലെ 'രതിചേച്ചി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ എനിക്കൊരു കുറ്റബോധവും തോന്നുന്നില്ല. ഭരതന്‍ എന്ന മാസ്റ്റര്‍ ഡയറക്ടര്‍ ചെയ്ത സിനിമയുടെ പുനരാവിഷ്‌കാരമായിരുന്നു പുതിയ 'രതിനിര്‍വ്വേദം'. പഴയ രതിനിര്‍വ്വേദം അതേ മട്ടില്‍ കോപ്പിയടിക്കുകയല്ല ഇതില്‍ ചെയ്തത്. മനോഹരമായ ഒരു കഥയുണ്ട് ആ സിനിമയില്‍.കുടുംബത്തിന് ഒപ്പമിരുന്നു കാണാന്‍ പറ്റാത്ത സീനുകളൊന്നും 'രതിനിര്‍വേദ'ത്തിലില്ല. കണ്ടവരൊക്കെ നല്ല സിനിമ എന്ന അഭിപ്രായമേ പറഞ്ഞിട്ടുള്ളു.

ഈയിടെ ടി.വി.യില്‍ വന്നപ്പോഴും പടം നന്നായെന്നുപറഞ്ഞ് ഒട്ടേറെ പേര്‍ വിളിച്ചിരുന്നു. രതിനിര്‍വേദത്തിന്റെ ചുവടുപിടിച്ച് ഇറങ്ങുന്ന റീമേക്ക് സിനിമകളെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. പല സിനിമകളിലേക്കും എന്നെ വിളിച്ചിരുന്നു. ഇനിയൊരു റീമേക്കില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ഞാനെല്ലാം നിരസിക്കുകയായിരുന്നു.

മലയാളത്തില്‍ ഇനി ചെയ്യാന്‍ പോകുന്ന വേഷങ്ങള്‍ ഏതൊക്കെയാണ്?


- ജോര്‍ജ് കിത്തുവിന്റെ 'ആകസ്മികം', ആര്‍. ശരത്തിന്റെ 'പറുദീസ' എന്നിവയാണ് ഇപ്പോള്‍ ചെയ്തുതീര്‍ത്ത പടങ്ങള്‍. കെ. ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'ഇത്ര മാത്രം', മധുപാലിന്റെ 'ഒഴിമുറി' എന്നിവയാണ് ഉടന്‍ ചെയ്യാന്‍ പോകുന്ന സിനിമകള്‍. കല്‍പറ്റ നാരായണന്റെ നോവല്‍ ആധാരമാക്കിയുള്ള സിനിമയാണ് 'ഇത്ര മാത്രം'. സംവിധായകന്‍ രഞ്ജിത്തേട്ടന്‍ വഴിയാണ് ഈ സിനിമയുടെ സംവിധായകന്‍ ഗോപിയേട്ടന്‍ എന്നെ ക്ഷണിക്കുന്നത്്. ഒരു നടിയും കേട്ടാല്‍ വേണ്ടെന്നു പറയാത്തത്ര നല്ല വേഷമാണ് സിനിമയിലെനിക്ക്.

'ഇത്ര മാത്രം' കഴിഞ്ഞാലുടന്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന 'ഒഴിമുറി'യുടെ സെറ്റില്‍ ജോയിന്‍ ചെയ്യും. സാള്‍ട്ട് എന്‍ പെപ്പറിനുശേഷം ഞാനും ലാലേട്ടനും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. നായികാപ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന വാശിയൊന്നുമില്ല. നല്ല റോളുകള്‍ ഏതു സിനിമയില്‍ കിട്ടിയാലും സ്വീകരിക്കും.

Fun & Info @ Keralites.net


സാള്‍ട്ട് എന്‍ പെപ്പറിലെ മായ എന്ന വേഷം ശ്വേതയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ തേടിത്തന്നല്ലോ. മായയാണോ മലയാളത്തില്‍ ചെയ്തില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?

- മലയാളത്തില്‍ ഈയിടെ ഇറങ്ങിയവയില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ സിനിമയായിരുന്നു സാള്‍ട്ട് എന്‍ പെപ്പര്‍. കാഴ്ചയില്‍ വളരെ എളുപ്പത്തില്‍ ചെയ്യാമെന്ന് തോന്നുന്ന സിംപിളായൊരു കഥയും കഥാപാത്രങ്ങളുമായിരുന്നു ആ സിനിമയില്‍. പക്ഷേ, അഭിനയിച്ചു ഫലിപ്പിക്കാന്‍ പ്രയാസമേറിയ ഒട്ടേറെ ഭാവതലങ്ങള്‍ മായയുടെ കഥാപാത്രത്തിനുണ്ടായിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് ആ വേഷം ചെയ്തത്.

കേരളത്തില്‍ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും അതിനു സാധിക്കാത്ത എത്രയോ പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് മായ. ജാതകദോഷം കൊണ്ടോ, സാമ്പത്തികപോരായ്മ കൊണ്ടോ സൗന്ദര്യമില്ലായ്മ കൊണ്ടോ അവരുടെയൊന്നും കല്യാണം നടക്കുന്നില്ല. ഗുണ്ടുമണിയായതുകൊണ്ടാണ് മായയുടെ കല്യാണം നടക്കാഞ്ഞത്. അത്തരം പെണ്‍കുട്ടികള്‍ നിത്യജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെയും അരക്ഷിതബോധത്തെയും വളരെ സുക്ഷ്മമായി സാള്‍ട്ട് എന്‍ പെപ്പറില്‍ ചിത്രീകരിക്കുന്നുണ്ട്.

എന്നാല്‍ മലയാളത്തില്‍ ചെയ്തതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതെന്നുചോദിച്ചാല്‍ 'പരദേശി'യിലെ ആമിന എന്നേ ഞാന്‍ പറയൂ. രണ്ടു കാലങ്ങളില്‍ വരുന്ന മികച്ചൊരു കഥാപാത്രമായിരുന്നു അതെന്ന് വിശ്വസിക്കുന്നു. ഒരു ആര്‍ടിസ്റ്റ് എന്ന നിലയ്ക്ക് ഞാന്‍ ആദ്യമായെടുത്ത റിസ്‌ക് ആയിരുന്നു 'പരദേശി'. അതുവരെ ഗ്ലാമര്‍ റോളുകള്‍ മാത്രം മലയാളത്തില്‍ ചെയ്തിരുന്ന ഞാനാണ് ആ വേഷം ചെയ്തതെന്ന് അന്നാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നുതോന്നുന്നു. അതുകൊണ്ടാകാം എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാതെ പോയത്.

അതില്‍ വിഷമമില്ല. പരദേശി നല്‍കിയ ആത്മവിശ്വാസമാണ് പിന്നീട് പാലേരിമാണിക്യമടക്കമുള്ള വ്യത്യസ്തവേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് ധൈര്യമായത്. അതുകൊണ്ടുതന്നെ ഹൃദയത്തോട് വല്ലാതെ അടുത്തുനില്‍ക്കുന്നു ആമിന.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment