കേരളത്തിലിപ്പോള്‍ നിലവിലുള്ള വൈദ്യുതിപ്രശ്നം യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയുടെ സൃഷ്ടിയാണ്. വൈദ്യുതിക്കാര്യത്തിലും രാഷ്ട്രീയമോ എന്ന് മാന്യവായനക്കാര്‍ അമ്പരക്കേണ്ടതില്ല; രാഷ്ട്രീയംതന്നെയാണ് പ്രശ്നം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ഇല്ലാതെവരുന്ന വൈദ്യുതി പ്രതിസന്ധി യുഡിഎഫ് അധികാരത്തില്‍വരുമ്പോഴൊക്കെ ഉണ്ടാവുന്നതും ശ്രദ്ധിക്കുക. ഭാവനാപൂര്‍ണമായി പദ്ധതികള്‍ ആവിഷ്കരിക്കാനും പ്രശ്നങ്ങള്‍ മുന്‍കൂട്ടി കാണാനും സമയബന്ധിതമായി അവ പരിഹരിക്കാനും കാര്യക്ഷമതയുള്ള ഭരണനേതൃത്വം വേണം. അതില്ല എന്നതുതന്നെയാണ് ഇവിടെ പ്രശ്നം. ആ കാര്യക്ഷമതയുണ്ടായതുകൊണ്ടാണ് 1996 മുതല്‍ 2001വരെ ഇവിടെ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് 1081 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചതും കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമെന്ന നിലയിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതും. അതുണ്ടായതുകൊണ്ടാണ് 2006മുതല്‍ 2011വരെ ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് 200 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചതും പവര്‍കട്ട്, ലോഡ്ഷെഡിങ് എന്നിവ പാടേ ഒഴിവാക്കാന്‍ സാധിച്ചതും. ഈ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവത്തിലാണ് മുന്‍ യുഡിഎഫിന്റെ കാലത്തെ അധിക വൈദ്യുതി ഉല്‍പ്പാദനം 28 മെഗാവാട്ട് മാത്രമായി താണതും ഈ യുഡിഎഫ് ഭരണവേളയില്‍ നീണ്ട ഇടവേളയ്ക്കുശേഷം പവര്‍കട്ടും ലോഡ്ഷെഡിങ്ങും തിരിച്ചുവരുന്നതും.
ഭരണാധികാരികളുടെ മുന്‍ഗണനാക്രമങ്ങള്‍ ജനക്ഷേമത്തിലല്ല എന്നുവന്നാല്‍ കേരളം ഇരുട്ടിന്റെ ആഴങ്ങളിലേക്ക് നിപതിക്കുകയേ ഉള്ളൂ. പിടിപ്പുകേടും കാര്യക്ഷമതയില്ലായ്മയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള കപടന്യായങ്ങളാണിപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നിരത്തുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് കേന്ദ്ര സംഭരണിയില്‍നിന്ന് കിട്ടേണ്ട വൈദ്യുതി പൂര്‍ണമായ തോതില്‍ ലഭിക്കുന്നില്ല എന്നതാണ്. ഇതു സത്യമാണ്. എന്നാല്‍ , ഇതേക്കാള്‍ വലിയസത്യം, കേന്ദ്ര സംഭരണിയില്‍നിന്ന് പൂര്‍ണമായ തോതില്‍ കേരളത്തിന് ഒരു കാലത്തും വിഹിതം കിട്ടിയിരുന്നില്ല എന്നതാണ്. ഇപ്പോള്‍ ലഭിക്കുന്നത്രപോലും കിട്ടാത്ത കാലമുണ്ടായിട്ടുണ്ട്; എല്‍ഡിഎഫ് ഭരണത്തില്‍ . എന്നാല്‍ , അതിന്റെ പേരില്‍ കേരളം പവര്‍കട്ടിലേക്കും ലോഡ്ഷെഡിങ്ങിലേക്കും വീണുപോവാതിരിക്കാനുള്ള സംവിധാനങ്ങള്‍ ആ ഭരണം ഒരുക്കിയിരുന്നു.
കേന്ദ്ര സംഭരണിയില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ടത് 1134 മെഗാവാട്ടാണ്. ഇപ്പോള്‍ 760 കിട്ടുന്നുണ്ട്. എല്‍ഡിഎഫ് ഭരണഘട്ടത്തില്‍ കേന്ദ്രവിഹിതം 450 മെഗാവാട്ടായിവരെ താഴ്ന്നു. എന്നിട്ട്, ഇന്നുണ്ടാവുന്ന ഇരുട്ട് അന്ന് എങ്ങനെ എല്‍ഡിഎഫ് സര്‍ക്കാരിന് ഒഴിവാക്കാന്‍ കഴിഞ്ഞു? യുഡിഎഫ് ഭരണം അത് പഠിക്കണം. കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വിഹിതത്തിന്റെ 80 ശതമാനമേ പ്രതീക്ഷിക്കേണ്ടതുള്ളു. മഴക്കാലത്ത് അവിടെ അറ്റകുറ്റപ്പണി തുടങ്ങിയാലും തല്‍ച്ചാര്‍ , നെയ്വേലി ഖനികളില്‍ വെള്ളം കയറിയാലും കേരളത്തിനുള്ള ലഭ്യത കുറയുമെന്നത് പതിറ്റാണ്ടുകളായി അറിവുള്ള കാര്യമാണ്. ഈ കാര്യം യുഡിഎഫ് ഭരണം എന്തുകൊണ്ട് അറിഞ്ഞില്ല? എന്തുകൊണ്ട് ബദല്‍ ക്രമീകരണങ്ങള്‍ ചെയ്തില്ല? ചെയ്യേണ്ട ബദല്‍ക്രമീകരണം, ഇവിടത്തെ ലഭ്യത ഉയര്‍ത്താന്‍ പാകത്തില്‍ നമ്മുടെ പദ്ധതികള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ്. അതു ചെയ്യേണ്ട ഘട്ടത്തില്‍ , കേരളത്തിലുണ്ടായത് അതുവരെ ഉണ്ടായിരുന്ന ഉല്‍പ്പാദനംകൂടി നിലയ്ക്കുമാറ് പല നിലയങ്ങളും അടച്ചിടുക എന്നതാണ്. 360 മെഗാവാട്ടിന്റെ കായംകുളം, 157 മെഗാവാട്ടിന്റെ കെഡിബിഎസ്ഇഎസ്, 106 മെഗാവാട്ടിന്റെ ബ്രഹ്മപുരം എന്നിവയൊക്കെ ഉല്‍പ്പാദനം നിര്‍ത്തി കഴിഞ്ഞ നാലഞ്ചുമാസങ്ങള്‍ക്കുള്ളില്‍ . ഇവ ഫലപ്രദമായി ഇടപെട്ട് പ്രവര്‍ത്തനക്ഷമമാക്കാതിരുന്നതുകൊണ്ടുതന്നെ 500 മെഗാവാട്ടിന്റെ കുറവുവന്നു. ഇവയില്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത് ബ്രഹ്മപുരംമാത്രം.
സ്വന്തം നിലയങ്ങള്‍ സ്വന്തം മുന്‍കൈയോടെയും മറ്റുള്ളവരുടെ നിലയങ്ങള്‍ സര്‍ക്കാര്‍ഇടപെടലിലൂടെയും പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ വന്ന വീഴ്ചയ്ക്ക് യുഡിഎഫ് ഭരണംതന്നെ സമാധാനം പറയണം. ഈ നിലയങ്ങളുടെ പ്രര്‍ത്തനങ്ങള്‍ മുമ്പ് ചില ഘട്ടങ്ങളില്‍ നിര്‍ത്തിയിട്ടുണ്ട്. അതാകട്ടെ, അവിടത്തെ ഉല്‍പ്പാദനചെലവിനെ അപേക്ഷിച്ച് താഴ്ന്ന നിരക്കില്‍ പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യമായിരുന്ന വേളയിലാണ്; ബദല്‍ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്ന വേളയിലാണ്. ഇവിടെ പകരം ക്രമീകരണമില്ലാതെ നിലയങ്ങള്‍ പൂട്ടിയിട്ടു. ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ് പരിഗണിച്ചുള്ള ബജറ്റിനാണ് വൈദ്യുതി റഗുലേറ്ററി കമീഷന്‍ ഇത്തവണ അംഗീകാരം നല്‍കിയത് എന്നതും ഓര്‍ക്കണം. കേന്ദ്ര സംഭരണിയില്‍നിന്നു വേണ്ടത്ര വൈദ്യുതി ലഭിക്കാതിരിക്കുകയും കേരളത്തിലെ നിലയങ്ങള്‍ പൂട്ടുകയും ചെയ്താല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങണം. ഇവിടെ അതും ഉണ്ടായില്ല. പ്രതിസന്ധി രൂക്ഷമായപ്പോള്‍മാത്രമാണ് അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചുതുടങ്ങുന്നത്. ഇതേക്കാളൊക്കെ വലിയ അപകടം വരാനിരിക്കുന്നതേയുള്ളു. പ്രതിസന്ധി വന്ന് തലയില്‍ കയറിയപ്പോള്‍ , പകരം സാധ്യതകളിലേക്കൊന്നും നോക്കാതെ ജലവൈദ്യുത പദ്ധതികളില്‍നിന്ന് പരമാവധി വൈദ്യുതി ഊറ്റുക എന്ന തന്ത്രം നടപ്പാക്കുകയാണ്.
പ്രതിദിനം രണ്ട് കോടി യൂണിറ്റിനപ്പുറം വൈദ്യുതി ഈ മേഖലയില്‍നിന്നുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. എന്നാല്‍ , ഇപ്പോള്‍ മൂന്ന് കോടി യൂണിറ്റ് ജലവൈദ്യുത പദ്ധതികളില്‍നിന്ന് ഉണ്ടാക്കുന്നു. വേനല്‍മഴയെയും നീരൊഴുക്കിനെയും തുലാവര്‍ഷത്തെയും ഒക്കെ ആശ്രയിക്കാവുന്ന സ്ഥിതിവരെയെങ്കിലും ക്രമമായി വൈദ്യുതി ഉല്‍പ്പാദനം കൊണ്ടുപോയേ പറ്റൂ. ഇല്ലെങ്കില്‍ , മാര്‍ച്ച് അവസാനത്തോടെ ജലസംഭരണികള്‍ വറ്റും. വേനലാരംഭിക്കുന്ന ഘട്ടമാകുമ്പോള്‍ ജലവൈദ്യുത പദ്ധതിയില്‍നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ ജലമില്ല എന്ന അവസ്ഥവരും. നൂറുശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സ്ഥിതിവരും. വ്യവസായ-വാണിജ്യമേഖലകള്‍ തൊട്ട് കാര്‍ഷികമേഖലവരെ സ്തംഭിക്കും. ആ ദുരന്തത്തിന് വഴിവയ്ക്കുന്ന നടപടിയാണിപ്പോള്‍ യുഡിഎഫ് ഭരണം നീക്കിക്കൊണ്ടിരിക്കുന്നത്- ഭാവനാരാഹിത്യത്തിന്റെയും പിടിപ്പുകേടിന്റെയും കെടുകാര്യസ്ഥതയുടെയും മറ്റൊരു ഉദാഹരണം. വൈദ്യുതിപ്രശ്നം പരിഹരിക്കാന്‍ നടപ്പുപദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക; ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തുടങ്ങിവയ്ക്കുക, ബദല്‍ക്രമീകരണങ്ങളുണ്ടാക്കി അടിയന്തര പ്രശ്നം പരിഹരിക്കുക- ആ വഴിക്കു നീങ്ങാതെ സര്‍ച്ചാര്‍ജടക്കമുള്ള ദ്രോഹനടപടികളും ഇരുട്ടും ജനങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിക്കുന്ന സംവിധാനമായി മാറുകയാണ് കേരളത്തിലെ വൈദ്യുതിഭരണം.
No comments:
Post a Comment