കാശ്മീര്‍ താഴ്‌വരകളിലൂടെ ഒരു സ്വര്‍ഗ്ഗീയ യാത്ര
ശ്രീനഗറിലെത്താന്‍ നേരത്ത് പൈലറ്റ് വിമാനം താഴ്ത്തി പറത്തി മഞ്ഞു പുതച്ചു സുന്ദരിയായ കാശ്മീര്‍ മല നിരകളുടെ സൗന്ദര്യം കാണിച്ചു കണ്ണിനു കുളിര്‍മയേകി. പതിനൊന്നു മണിയോടെ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ (മൂന്ന് ഫാമിലി കുട്ടികള്‍ അടക്കം പതിനഞ്ചുപേര്‍) സന്തോഷത്തോടെ പറന്നിറങ്ങി. ചെറിയൊരു ഉള്‍ഭയത്തോടെ പുറത്തിറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍ ശ്രീനഗര്‍ നിവാസിയായ ഞങ്ങളുടെ ഗൈഡ് രവി എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഞങ്ങളിലുണ്ടായിരുന്ന ഉള്‍ഭയത്തെ രവി അവിടെ വെച്ചുതന്നെ തുടച്ചു മാറ്റി മിനി ബസിലേക്ക് വഴി കാട്ടി.
'ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം' എന്ന ബോര്‍ഡു വായിച്ചു കൊണ്ട് വിമാനത്താവളത്തിന് പുറത്തുള്ള ഓരോ കാഴ്ചകള്‍ കണ്ടു കൊണ്ട് ദാല്‍ ലൈക്കിന്റെ തീരത്തുള്ള ഞങ്ങളുടെ ഹോട്ടലിലെത്തി, നാല് മണി വരെ ഊണും വിശ്രമവുമായി കൂടി.
നാലുമണിക്ക് രവിയുടെ കൂടെ ശ്രീനഗര്‍ കാണാന്‍ തിരിച്ചു. കിലോമീറ്ററുകള്‍ വിസ്തൃതമായ ദാല്‍ ലേക്കിന്റെ തീരത്ത് കൂടെയുള്ള യാത്ര ശരീരത്തിനെന്ന പോലെ മനസ്സിനും കുളിര്‍മയേകി. ഞങ്ങള്‍ ദാല്‍ ലേക്കിനു അഭിമുഖമായി പന്ത്രണ്ടു തട്ടുകളോടുകൂടിയ അതി മനോഹരമായ മുഗള്‍ ഗാര്‍ഡന്‍ നിഷാന്ത് ബാഗിലെത്തി. അഞ്ചു രൂപ ടിക്കറ്റെടുത്ത് ഗാര്‍ഡനില്‍ പ്രവേശിച്ചു.
ഞായറാഴ്ച കാരണം സ്വദേശികളുടെ നല്ല തിരക്ക്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാന്ഗീറിന്റെ ഭാര്യ നൂര്‍ജഹാന്റെ സഹോദരന്‍ അസിഫ് ഖാന്‍ 1633 ല്‍ ആണ് നിഷാന്ത് ബാഗ് നിര്‍മ്മിച്ചത്. കണ്ണിനു ഇമ്പം പകരുന്ന ബഹു വര്‍ണ്ണ പൂക്കള്‍, ഔഷധ ഗുണമുള്ള സസ്യങ്ങള്‍, ചെറു വെള്ള ചാട്ടങ്ങള്‍, ഫൗണ്ടനുകള്‍, വലിയ വലിയ വാല്‍നറ്റ് മരങ്ങള്‍, ചിനാര്‍ മരങ്ങള്‍, പൈന്‍ മരങ്ങള്‍ എന്നിവകൊണ്ടെല്ലാം സമൃദ്ധമായ ഗാര്‍ഡന്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ഔന്നിത്യത്തിന്റെ അടയാളമായി ആയിരങ്ങളെ ഇന്നും ആകര്‍ഷിക്കുന്നു. വീഡിയോ ക്യാമറകളും, സ്റ്റില്‍ ക്യാമറകളും കാശ്മീരിലുടനീളം ഫ്രീ ആയിരുന്നു. അത് കൊണ്ട് തന്നെ കാഴ്ച്ചകള്‍ പകര്‍ത്തിയെടുക്കാന്‍ ആരും പിശുക്ക് കാണിച്ചില്ല. നിഷാന്ത് ഗാര്‍ഡനില്‍ മതിവരോളം ഉല്ലസിച്ചു മടങ്ങും വഴി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലോകോത്തര കാശ്മീര്‍ കാര്‍പ്പെറ്റുകള്‍ ഉണ്ടാക്കുന്ന ഫാക്ടറിയില്‍ കയറി. ഫാക്ടറി ജീവനക്കാര്‍ കനിഞ്ഞു നല്‍കിയ രുചിയേറിയ കാശ്മീര്‍ ചായ നുകര്‍ന്നു കൊണ്ട്കാര്‍പ്പെറ്റുകള്‍ നെയ്‌തെടുക്കുന്ന രീതി കൌതുകത്തോടെ വീക്ഷിച്ചു. ദാല്‍ ലൈക്കിനെ ! ചുറ്റപെട്ടിരിക്കുന്ന ശ്രീ നഗറിലെ വഴിയോര കാഴ്ചകള്‍ കണ്ടുകൊണ്ട് എട്ടു മണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി. പകലിനു രാത്രിയേക്കാള്‍ നീളം കൂടിയ കാശ്മീരില്‍ രാവിലെ അഞ്ചു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ തികച്ചും പകല്‍ തന്നെയാണ്.
പ്രകൃതിയുമായി രമിച്ചൊരു സോണാമാര്‍ഗ് യാത്ര
രാവിലെ ഒന്‍പതു മണിയോടെ ശ്രീനഗറില്‍ നിന്നും 84 കിലോമീറ്റര്‍ ദൂരെയുള്ള Meadow of Gold സ്വര്‍ണ്ണ പുല്‍ത്തകിടി എന്നര്‍ത്ഥമുള്ള ഐസു പുതച്ച പ്രകൃതി സൗന്ദര്യത്തിന്റെ മൂര്‍ത്തീ ഭാവമായ സോണാമാര്‍ഗ് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. സമുദ്ര നിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലുള്ള സോണാമാര്‍ഗ് യാത്രാനുഭവം വാക്ക്കള്‍ക്കതീതമാണ്. ശ്രീനഗര്‍ ടൗണ്‍ കഴിഞ്ഞാല്‍ റോഡിനു ഒരു വശത്തായി സിന്ധു നദിയും മറു വശത്ത് നീണ്ട പൈന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന മലനിരകളും, താഴ്വരകള്‍ക്ക് സൗന്ദര്യംനല്‍കാന്‍ മത്സരിക്കുന്ന പോലെ തോന്നും. ഇടതൂര്‍ന്ന പൈന്‍ മരങ്ങള്‍ക്കിടയില്‍ ഊണും ഉറക്കവും ഒഴിച്ച് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പട്ടാളക്കാരെ കാണാനാവും. ആയുധമേന്തി ജാഗരൂകരായി നില്‍ക്കുന്ന ഭാരതാംബയുടെ അഭിമാന സ്തംഭങ്ങളായ ഈ ധീര യോദ്ധാക്കള്‍ ദൈവത്തിന്റെ സ്വര്‍ഗ്ഗതോപ്പിലെ അവനേറ്റവും ഇഷ്ട്ടപെട്ട കാവല്‍ മാലാഖമാര്‍ തന്നെയാണ്.
യാത്ര പകുതിയായപ്പോള്‍ പ്രകൃതി സൗന്ദര്യത്തിന്റെ ലാസ്യ ലയനം ആവാഹിച്ചെടുത്തപോലെ റോഡിനോട് ചാരിയുള്ള അതിമനോഹരമായ ISLAND പാര്‍ക്കില്‍ അല്‍പ്പ നേരം വിശ്രമിക്കാന്‍ തീരുമാനിച്ചു. റോഡിനു സമാന്തരമായി ഒഴുകുന്ന സിന്ധു നദിയുടെ മനം മയക്കുന്ന ലാസ്യ ഭംഗി ആരെയും കൊതിപ്പിക്കും. നദിയുടെ ഓരം ചേര്‍ന്നുള്ള ഐസു പുതച്ച മലനിരകളിലും നീല കലര്‍ന്ന തെളിനീരു പോലെ ഒഴുകുന്ന തണുത്തുറഞ്ഞ നദിയിലെ വെള്ളത്തിലും ഞങ്ങള്‍ മനസ്സെന്നപോലെ ശരീരത്തെയും ഒന്ന് കൂടെ തണുപ്പിച്ചു യാത്ര തുടര്‍ന്നു.
കാഴ്ചകള്‍ ഓരോന്നോരുന്നു പകര്‍ത്തിയെടുത്ത് പന്ത്രണ്ടു മണിയോടെ സോണാമാര്‍ഗിലെത്തി, ഉച്ച ഭക്ഷണം കഴിച്ചു. ഹോട്ടലിനു എതിര്‍വശത്തായി തഴ്‌വരകളോട് ഇണ ചേര്‍ന്ന് ഐസുമൂടിയ മനോഹരമായ മലനിരകള്‍ ഞങ്ങളുടെ ഭക്ഷണത്തിന്റെ രുചി കൂട്ടി. പ്രകൃതി രമണീയമായ സോണാമാര്‍ഗിലെ ഐസു മൂടിയ മലനിരകള്‍ നേരിട്ടനുഭാവിക്കാനുള്ള യാത്ര കുതിര പുറത്താണ്. ഓരോരുത്തരും ഓരോ കുതിരകളെയും ഐസു സ്‌കേറ്റിംഗ് നടത്താനായി ഷൂവും കോട്ടും 800 രൂപാ നിരക്കില്‍ വാടകക്കെടുത്തു. വഴികാട്ടികളായ കുതിരക്കാരെ കണ്ടു ഞങ്ങള്‍ അമ്പരന്നു. മുതിര്‍ന്നവര്‍ക്കൊപ്പം സ്‌കൂളിന്റെ പടി വാതില്‍ കാണാത്ത കൊച്ചു കുട്ടികള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടി അദ്ധ്വാനിക്കുന്നു. കാശ്മീരികളുടെ യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള ഒരു ചൂണ്ടു പലകയായി എനിക്കത് അനുഭവപെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അവര്‍ ശരിക്കും അനുഭവിക്കുന്നു.
ഒരു മണിക്കൂറോളം മലകളും പുഴകളും താണ്ടി ഞങ്ങള്‍ ഐസു മൂടിയ മലനിരകള്‍ക്ക് അടുത്തെത്തി. ഇനി കുതിരകള്‍ക്ക് വിശ്രമം. ഭൂമിയിലെ സ്വര്‍ഗ്ഗം കണ്ടു ഞങ്ങള്‍ ആഹ്ലാദ തിമര്‍പ്പിലായി. ഐസു കട്ടികള്‍ എടുത്തു എറിഞ്ഞു കളിച്ചു, മുന്നൂറു രൂപ നിരക്കില്‍ ഞങ്ങള്‍ ഐസു മലനിരകളില്‍ സ്‌കേറ്റിംഗ് നടത്തി. സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍ മതിമറന്നു സാവധാനം മലനിരകളിറങ്ങി
താഴ്‌വരയിലെ ചെറുനദിയില്‍ നിന്നും കൈകാലുകള്‍ കഴുകി. അവിടെയുള്ള തട്ടുകടയില്‍ നിന്നും ചായ കുടിച്ചു ശരീരം ഒന്ന് ചൂടാക്കി ഞങ്ങള്‍ കുതിര പുറത്തു കയറി മടക്ക യാത്ര തുടങ്ങി. കണ്ണുകള്‍ക്ക് വിശ്രമം നല്‍കാതെ ജീവിതത്തിലെ മറക്കാന്‍ ആവാത്ത പ്രകൃതിയില്‍ ചാലിച്ച മനോഹര നിമിഷങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടു കൊണ്ട്, പച്ച പുല്‍മേടുകള്‍, കൊച്ചു കൊച്ചു അരുവികള്‍ ഇവക്കെല്ലാം സമാന്തരമായി നീണ്ടു കിടക്കുന്ന ഐസു മല നിരകള്‍, ഇവയെയെല്ലാം വിട്ടു പോവാന്‍ മനസ്സ് വരാതെ ആറുമണിയോടെ ഞങ്ങള്‍ ബസ്സില്‍ തിരിച്ചെത്തി ശ്രീനഗറിലേക്ക് മടക്കയാത്ര തുടര്ന്നുഗുല്മര്ഗ്: പ്രകൃതിയുടെ മറ്റൊരു കയ്യൊപ്പ്
രാവിലെ ഒന്‍പതു മണിയോടെ ശ്രീനഗറില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരെ ബരാമുള്ള ജില്ലയിലുള്ള Meadow of Flower എന്ന അര്‍ത്ഥമുള്ള ഗുല്‍മാര്‍ഗിലേക്ക് നീങ്ങി. സമുദ്ര നിരപ്പില്‍ നിന്നും 2730 മീറ്റര്‍ ഉയരത്തിലുള്ള ഗുല്‍മാര്‍ഗ് യാത്രയും വര്‍ണ്ണനാതീതം. ഗുല്‍മാര്‍ഗിനോട് അടുക്കും തോറും പേരിനെ അന്വര്‍ത്ഥമാക്കി കൊണ്ട് പൂക്കള്‍ പുതച്ച താഴ്‌വരകള്‍ ഞങ്ങളെ സ്വാഗതമോതി.
പന്ത്രണ്ടു മണിയോടെ ഗുല്‍മാര്‍ഗ് ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു. ഉച്ച ഭക്ഷണം കഴിച്ചു ഞങ്ങള്‍ പൂക്കള്‍ മൂടിയ നിശബ്ദ താഴ്‌വരകളിലൂടെ കുതിര സവാരി നടത്തി. പിന്നീട് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗൊണ്ടോളയായ ഗുല്‍മാര്‍ഗിലെ കേബിള്‍ കാറില്‍ അഞ്ചു കിലോമീറ്റര്‍ പൈന്‍ മലനിരകള്‍ക്കിടയിലൂടെ സഞ്ചരിച്ചു പുതിയൊരു അനുഭൂതിയുമായി ഞങ്ങള്‍ വീണ്ടും താഴ്‌വരയിലേക്ക് തന്നെ മടങ്ങി, കുട്ടികളുടെ പാര്‍ക്കില്‍ കുറച്ചു നേരം ചെലവഴിച്ചു.
നിരവധി സിനിമകള്‍ക്ക്, പ്രത്യേകിച്ച് ഹിന്ദി റൊമാന്റിക് ഗാന ചിത്രീകരണത്തിനു വേദിയായ ഗുല്‍മര്‍ഗ്, അതിന്റെ നിശബ്ദ ഭംഗി കൊണ്ട് പ്രകൃതിയോടു ഏറ്റവും അടുത്തിരിക്കുന്ന ഒരിടമാണ് എന്നതില്‍ സംശയമില്ല. ദൈവത്തിന്റെ കൈയ്യൊപ്പോടു കൂടിയ മനം മയക്കുന്ന ഗുല്‍മര്‍ഗിലെ സായാഹ്ന സന്ധ്യ ആസ്വദിച്ചു ഞങ്ങള്‍ അന്നവിടെ കൂടി.
പഹല്‍ഗം: വേണ്ടതെല്ലാം ഒരു കുടക്കീഴില്‍
സമുദ്രനിരപ്പില്‍ നിന്നും 2130 മീറ്റര്‍ ഉയരത്തിലുള്ള പഹല്‍ഗം ലക്ഷ്യമാക്കി രാവിലെ എട്ടുമണിയോടെ ഞങ്ങള്‍ ഗുല്‍മര്‍ഗിനോട് വിട വാങ്ങി. കാണുന്ന ഓരോ പ്രദേശവും ഞ!ങ്ങളുടെ മനം കവരുന്നതില്‍ എന്തുകൊണ്ടോ മത്സരിക്കുന്ന പോലെ തോന്നി. ഞ!ങ്ങളുടെ ആവേശം മനസ്സിലാക്കി ഗൈഡ് രവി അദ്ദേഹത്തിന്റെ ആവനാഴിയിലെ അസ്ത്രങ്ങള്‍ ഓരോന്നായി എടുക്കാന്‍ തുടങ്ങി യാത്ര അര്‍ത്ഥ പൂര്‍ണ്ണമാക്കി. യാത്രക്കിടക്ക് ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്നതു കാണാന്‍ വേണ്ടിയിറങ്ങി. പഹല്‍ഗത്തിലെക്കുള്ള വഴിയുല്ടനീളം ഇത്തരം കൊച്ചു കൊച്ചു ഫാക്ടറികള്‍ കാണാനാവും. മൂന്ന് നാല് ബാറ്റുകള്‍ വാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. റോഡിനു ഇരു വശവും പലതരം കൃഷികള്‍, കുറച്ചു കഴിഞ്ഞപ്പോള്‍ നീണ്ട ആപ്പിള്‍ തോട്ടങ്ങളും, വാള്‍നറ്റ് തോട്ടങ്ങളും. കാശ്മീര്‍ ആപ്പിളുകളുടെ വിളവെടുപ്പ് ഓഗസ്റ്റ് മാസത്തിലാണ്. കുറെ കഴിഞ്ഞപ്പോള്‍ റോഡിനു സമാന്തരമായി കൊച്ചു കൊച്ചു അരുവികള്‍. അതെ ഞങ്ങള്‍ പതുക്കെ പതുക്കെ 'അമര്‍നാഥ്' യാത്രാ കവാടമായ പഹല്‍ഗം എത്തികൊണ്ടിരിക്കുകയാണ്. അമര്‍നാഥ് യാത്രയുടെ സമയമായതിനാല്‍ ഇടയ്ക്കിടെ താല്‍ക്കാലിക പട്ടാള ക്യാമ്പുകള്‍. അതി മനോഹരമായ ലിടാര്‍ നദിയുടെ തീരത്ത് കൂടി ഞങ്ങള്‍ പഹല്‍ഗത്തിലെത്തി ഹോട്ടലില്‍ ചെക്ക്ഇന്‍ ചെയ്തു. നല്ല വൃത്തിയും സൌകര്യങ്ങളുമുള്ള പുതിയ ഹോട്ടല്‍. ജാലകത്തിലൂടെ നോക്കിയാല്‍ ഒരു വശത്ത് ലിടാര്‍ നദിയുടെ മനോഹാരിത, മറു വശത്ത് പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ചെറിയ ചെറിയ പട്ടാള ടെന്റുകള്‍. ഞങ്ങള്‍ ഉച്ച ഭക്ഷണം കഴിച്ചു.
അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്, റാഫ്റ്റിംഗ്, ഫിഷിംഗ്, ഹണിമൂണ്‍ സ്‌പോട്ട് എന്നിവക്കെല്ലാം പേര് കേട്ട പഹല്‍ഗത്തിലെ ഏറ്റവും ആകര്‍ഷകം അഞ്ചു കിലോമീറ്റര്‍ ചെങ്കുത്തായ പൈന്‍ മലനിരകള്‍ കയറിയെത്തുന്ന ബൈസ്രാന്‍ താഴ്വരകള്‍ തന്നെ. ഞങ്ങള്‍ കുതിര പുറത്തു കയറി അതി സാഹസികമായി മലകളുടെ ഏറ്റവും മുകളിലുള്ള മനോഹരമായ അതി വിശാലമായ പച്ചപുല്‍മേട്ടിലെത്തി. മലനിരകള്‍ക്കിടയില്‍ കൊച്ചു കൊച്ചു കൂരകളില്‍ താമസിക്കുന്ന തദ്ദേശ വാസികളെ കാണാനാവും. ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ചതിനു ശേഷം തിരിച്ചു പോന്നു, ഹോട്ടലിലെത്തി അല്‍പ്പം വിശ്രമിച്ച ശേഷം തൂവെള്ള കളറില്‍ ഒഴുകുന്ന ലിടാര്‍ നദിയുടെ തീരത്തേക്ക് നീങ്ങി. രാത്രിയാവോളം നദിക്കരയിലും അടുത്തുള്ള പാര്‍ക്കിലും ചെലവഴിച്ചു ഞങ്ങള്‍ എട്ടുമണിയോടെ ഹോട്ടലില്‍ തിരിച്ചെത്തി. കാശ്മീര്‍ പ്രകൃതിയെ തൊട്ടറിഞ്ഞ മറ്റൊരു ദിനം കൂടി ഞങ്ങളില്‍ നിന്നും പതുക്കെ പതുക്കെ വിട വാങ്ങി.
കാശ്മീര്‍ യാത്ര പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ഹൗസ് ബോട്ടിലെ താമസവും ദാല്‍ ലേക്കിലൂടെയുള്ള യാത്രയും വേണമല്ലോ. ഞങ്ങള്‍ രാവിലെ എട്ടു മണിയോടെ പഹല്‍ഗത്തിനോട് വിട ചൊല്ലി. മടങ്ങും വഴി ഞങ്ങള്‍ ശ്രീനഗറില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹസ്രത്ത് ബാല്‍ മസ്ജിദില്‍ കയറി. മുഗള്‍ സാമ്രാജ്യത്തിന്റെ മറ്റൊരു സംഭാവനയായ ഈ മസ്ജിദ് നിര്‍മ്മാണ കലയുടെ ചാതുരികൊണ്ട് തലയെടുപ്പോടെ ഇന്നും നില നില്‍ക്കുന്നു. ദാല്‍ ലൈക്കിനു അഭിമുഖമായി നില്‍ക്കുന്ന മസ്ജിദിനു മുമ്പില്‍ അതിമനോഹരമായ പൂന്തോട്ടവും നിര്‍മ്മിച്ചിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദു നബിയുടെത് എന്ന് വിശ്വസിക്കപെടുന്ന തലമുടി ഈ പള്ളിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഓരോ മാസത്തിലെയും അവസാനത്തെ വെള്ളിയാഴ്ച മാത്രമേ സന്ദര്‍ശകര്‍ക്ക് തിരു കേശം കാണിച്ചു കൊടുക്കുകയുള്ളൂ എന്നുള്ളതുകൊണ്ട് ഞങ്ങള്‍ക്കത് കാണാന്‍ തരപ്പെട്ടില്ല.
ഹസ്രത്ത് ബാല്‍ മസ്ജിദില്‍ നിന്നുമിറങ്ങി ഷാലിമാര്‍ ഗാര്‍ഡന്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ശ്രീ നഗറില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെ ദാല്‍ ലൈക്കിനു തെക്ക് വശത്തായി അതിമനോഹരമായ ഷാലിമാര്‍ ഗാര്‍ഡന്‍ മുഗള്‍ ഭരണാധികാരിയായ ജഹാന്ഗിര്‍ തന്റെ ഭാര്യ നൂര്‍ജഹാന് വേണ്ടി നിര്‍മ്മിച്ചതാണ്. ചെറുതായി ചാറ്റല്‍ മഴയുണ്ട്. നല്ല മൂടിയായ ക്ലൈമറ്റ് കാശ്മീരിലെ ഏറ്റവും വലിയ ഉദ്യാനമായ ഷാലിമാര്‍ ബാഗിനെ ഒന്നുകൂടി സുന്ദരിയാക്കി. കൊച്ചു കൊച്ചു ഫൌണ്ടനുകളും, കനാലുകളും പൂന്തോട്ടവും കണ്ടു ഞങ്ങള്‍ ബസ്സില്‍ മടങ്ങിയെത്തി
ദാല്‍ ലേക്കിലൂടെ ഒരു സ്വപ്നയാത്ര
ദാല്‍ തടാകത്തിന്റെ നഗരമായ ശ്രീനഗറില്‍ ഞങ്ങള്‍ ഒരു മണിയോടെ തിരിച്ചെത്തി. ഇനി ദാല്‍ ലേക്കിലുള്ള ഹൗസ്‌ബോട്ടില്‍ നിന്നും ഉച്ച ഭക്ഷണവും പിന്നെ സ്വപനത്തില്‍ പോലും കാണാതിരുന്ന ലേക്കിലൂടെയുള്ള ശിക്കാരി യാത്രയും. ഞങ്ങള്‍ ഹൗസ് ബോട്ടില്‍ ചെക്ക് ഇന്‍ ചെയ്തു. നാല് ബെഡ് റൂം, ഒരു വിശാലമായ സിറ്റിംഗ് റൂം, ഒരു ബാല്‍ക്കണി. ആലപ്പുഴയിലെ ഹൌസ് ബോട്ട്കളെ പോലെ ശ്രീനഗറിലെ ഹൗസ് ബോട്ടുകള്‍ ചലിക്കുകയില്ല. അത് തടാകത്തില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുകയാണ്. ഹൌസുബോട്ടില്‍ തയ്യാറാക്കിയ നല്ല വെജിറ്റെറിയന്‍ ഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒന്ന് വിശ്രമിച്ചു.
തടാകത്തിലൂടെ സ്വദേശികളും വിദേശികളും 'ശിക്കാര(മേലാപ്പുള്ള കൊച്ചു വള്ളം) സവാരി' നടത്തുന്നത് നോക്കി കണ്ടു. ലോകത്തിന്റെ എല്ലാ സൗന്ദര്യവും ഒരുമിച്ചു വെച്ചാലും ദാല്‍ ലൈക്കിനോട് കിടപിടിക്കുമോ. എന്തൊരു മനോഹാരിത. ഏകദേശം 18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ദാല്‍ തടാകത്തില്‍ മൂന്നു മണിയോടെ ഞങ്ങള്‍ ബോട്ടിംഗ് തുടങ്ങി. ശിക്കാര എന്ന പേരില്‍ അറിയപ്പെടുന്ന മേലാപ്പുള്ള കൊച്ചു വള്ളങ്ങളില്‍ ദാല്‍ ലൈക്കിനെ ലൈക്കി നിരവധി സ്വദേശികളും വിദേശികളും. മണിക്കൂറിനു മുന്നൂറു രൂപ നിരക്കില്‍ ഞങ്ങള്‍ മൂന്നു മണിക്കൂര്‍ ലോകത്തിലെ ഏറ്റവും മനോഹരമായ് തടാകത്തില്‍ സമയം പോയതറിയാതെ കഴിച്ചു കൂട്ടി. തടാകത്തില്‍ ചെറുവള്ളങ്ങളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, ഷാള്‍, കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങി പലതും കിട്ടും. കൊച്ചു കുട്ടികളും കാശ്മീര്‍ സ്ത്രീകളും തനിച്ചു ശിക്കാര തുഴഞ്ഞു പോവുന്ന കാഴ്ച കൗതുകകരമാണ്.
മൂന്നു ഭാഗങ്ങളും മല നിരകളാല്‍ ചുറ്റപെട്ടിരിക്കുന്ന ദാല്‍ ലൈക്കില്‍ നിരവധി ഫൌണ്ടനുകളും, മുഗള്‍ ഗാര്‍ഡനടക്കമുള്ള പൂന്തോട്ടങ്ങളും കണ്ണിനു കുളിരേകുന്ന കാഴ്ചകളാണ്. ഒരിക്കലും ഒളിമങ്ങാത്ത സ്വപ്നങ്ങളുടെ ചിരകാല സ്മരണകളായി സൂക്ഷിക്കാന്‍. ശിക്കാരകളില്‍ കറങ്ങി നടക്കുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും ഞങ്ങള്‍ കാശ്മീര്‍ വേഷത്തില്‍ വൈവിധ്യങ്ങളായ ഫോട്ടോകള്‍ എടുത്തു.
മൂന്ന് മണിക്കൂര്‍ പോയതറിയാതെ ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ അത്യുന്നതങ്ങളില്‍ ഞങ്ങള്‍ മതിമറന്നു ഉല്ലസിച്ചു ഏഴു മണിയോടെ ശ്രീ നഗറിലെ ദാല്‍ ലൈക്കിനു ചുറ്റുമുള്ള വഴിയോര കച്ചവടക്കാരില്‍ നിന്നും ചെറിയ തോതില്‍ ഷോപ്പിംഗ് നടത്തി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവിസ്മരണീയമായ യാത്രയുടെ ഓര്‍മ്മ ചെപ്പുകള്‍ പങ്കു വെക്കാന്‍ കാശ്മീരി കരകൌശലതയുടെ അടയാളങ്ങള്‍ ഓരോന്ന് വാങ്ങി. രാത്രി പത്തു മണിയോടെ ശിക്കാരിയില്‍ ഞങ്ങള്‍ ഹൌസ്‌ബോട്ടിലേക്ക് മടങ്ങിയെത്തി ഭക്ഷണം കഴിച്ചു.
പ്രകൃതിയുടെ മടിത്തട്ടില്‍ നിന്നൊരു വിടവാങ്ങല്‍
ഞങ്ങള്‍ കാശമീരിനോട് സങ്കടത്തോടെ വിട പറയുകയാണ്. കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി കാശ്മീരിനെ തൊട്ടറിയാനും കണ്ടറിയാനും ഞങ്ങള്‍!ക്കിടയായി. മനം മയക്കുന്ന പ്രകൃതി രമണീയത, പച്ച പുതച്ചു കിടക്കുന്ന വയലേലകള്‍!, ഇടതൂര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍, വാല്‌നറ്റ് മരങ്ങള്‍,നീണ്ട ആപ്പിള്‍ തോട്ടങ്ങള്‍, കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന സാഫ്രോണ്‍ പാടങ്ങള്‍, കരിങ്കല്ലില്‍ കൊത്തുപണിയെടുക്കുന്ന കാശമീരികള്‍, അനന്തമായി പരന്നു കിടക്കുന്ന ദാല്‍ ലേക്ക്, പിന്നെ, സുന്ദരികളായ കാശ്മീരി പെണ്‍കൊടികള്‍, ഏതു പാതി രാത്രിയിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി യാത്ര ചെയ്യാം. പിടിച്ചു പറികളും, സ്ത്രീകള്‍ക്ക് നേരയുള്ള അതിക്രമവും തീരെയില്ല. എല്ലാം ഞങ്ങളുടെ കണ്ണും കാതും കവര്‍ന്നെടുത്തു, ഇനി സങ്കടത്തോടെ ഞങ്ങള്‍ അനിവാര്യമായ വിട വാങ്ങല്‍.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ മതിമറന്നിരിക്കുകയായിരുന്നു. ഏതാണ് കൂടുതല്‍ ആകര്‍ഷിച്ചത്, ഉത്തരം കണ്ടെത്താന്‍ എനിക്കോ നിങ്ങള്‍ക്കോ ആവില്ല. ഒന്ന് ഉറപ്പിച്ചു പറയുന്നു ഇനിയും വരും, ഈ സൌന്ദര്യം നുകരാന്‍. അതിനെനിക്കാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു, ഒപ്പം കാശ്മീരിന്റെ ശ്വാശ്വതമായ സമാധാനത്തിനും, അടിസ്ഥാന വികസനത്തിനും. അതാണ് ഓരോ കാഷ്മീരിയും ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ടൂറിസവും വികസിച്ചെങ്കില്‍ മാത്രമേ കാശ്മീരികള്‍ക്ക് നില നില്‍ക്കാനാവൂ എന്ന സത്യം അവര്‍ മനസില്ലാക്കി കഴിഞ്ഞു. അവര്‍ തിരിച്ചറിവിന്റെ പാതയിലാണ്, കണ്ണ് തുറക്കേണ്ടവര്‍ കണ്ണുകള്‍ തുറക്കട്ടെ, കാശ്മീരികളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടിയായിനില്‍ക്കുന്ന കാപാലികര്‍ ദൈവത്തിന്റെ ഈ സ്വര്‍ഗ്ഗഭൂമിയില്‍ നിന്നും എന്നെന്നുക്കുമായി ഇല്ലാതാവട്ടെ. അതെ കാശ്മീര്‍ ഇപ്പോള്‍ ഏറെക്കുറെ ശാന്തമാണ്. അത് അങ്ങിനെ തന്നെയിരിക്കട്ടെ എല്ലാ കാലവും....
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment