Prof. (Dr.)സുകുമാര്‍ അഴീക്കോട്
................................................ഇപ്പോള്‍ എല്ലാ മതങ്ങളുടെയും അനുയായികളായ ഭക്തജനങ്ങള്‍ അവയിലെ അത്യുന്നതങ്ങളായ ഈശ്വര സങ്കല്‍പ്പങ്ങളോടെല്ലാം വിടപറഞ്ഞ് ബാലിശങ്ങളും തനി സ്വാര്‍ഥമോഹങ്ങള്‍ നേടാന്‍ ഉദ്ദേശിക്കപ്പെട്ടവയുമായ അന്ധതകളുടെ പിന്നാലെ ഓടുകയാണ്.
എന്നാല്‍ ഈ പോക്ക് ഒന്നിനും കൊള്ളാത്ത ഒരു സമൂഹമായി നമ്മെ തുലയ്ക്കുമെന്ന് ഉറക്കെ വിളിച്ചുപറയേണ്ടിയിരിക്കുന്നു.
ഋഷികളും ക്രിസ്തു, നബി തുടങ്ങിയ മതസ്ഥാപകരും അവതരിപ്പിച്ചത്, പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെയും വളര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും പിന്നില്‍ ബുദ്ധിക്ക് അപ്രാപ്യമായ ഒരു മഹാചൈതന്യം ഉണ്ടെന്നുള്ള ഉള്ളിന്റെയുള്ളിലെ ഒരു ആധ്യാത്മികദര്‍ശനത്തെയാണ്.
പാലമരത്തില്‍ യക്ഷി പാര്‍പ്പുണ്ടെന്നോ അത് പാതിരയ്ക്ക് ഇറങ്ങി നടക്കുമെന്നോ വിശ്വസിക്കുന്നതുപോലെയുള്ള വിശ്വാസമല്ല ഇവ.
എത്ര വലിയ ആത്മീയാനുഭവവും സാധാരണ യുക്തിവിചാരത്തിനും ലൗകികാനുഭവത്തിനും കടകവിരുദ്ധമാകരുതെന്ന് മറ്റാരുമല്ല, സാക്ഷാല്‍ ശങ്കരാചാര്യരാണ് ഉപദേശിച്ചത്. തീക്ക് ചൂടില്ലെന്ന് നൂറുവേദങ്ങള്‍ പറഞ്ഞാലും തെറ്റാണെന്ന് ആ വലിയ ചിന്തകന്‍ അസന്ദിഗ്ധമായി ഉദ്ബോധിപ്പിച്ചു.
സാധാരണ മനുഷ്യരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദോപാധി ചലച്ചിത്രമാണല്ലോ. കുറെക്കാലമായി ഞാന്‍ സിനിമ കാണാറില്ലെങ്കിലും നമ്മുടെ പ്രധാനപ്പെട്ട ചാനലുകളില്‍ വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും കാണാറുണ്ട്. വിശ്വാസത്തെ തികച്ചും അന്ധവും അനര്‍ഥകരവുമാക്കി കാശുണ്ടാക്കുകയാണ് ചാനലുകള്‍ വിനോദപ്രകടനത്തിന്റെ മറവില്‍ നടത്തിവരുന്നത്.
ഇപ്പോള്‍ ഓടുന്ന ഒരു ടിവി സീരിയലില്‍ കാണിച്ചുകൂട്ടുന്ന വൈകൃതങ്ങള്‍ ശങ്കരാചാര്യര്‍ കണ്ടിരുന്നെങ്കില്‍ എന്ത് പറയുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഇളംപ്രായക്കാരിയായ ഒരു പെണ്‍കുട്ടി പീഡനം സഹിച്ച് ഒരു ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ മുന്നില്‍ ചെന്ന് സങ്കടത്തോടെ പ്രാര്‍ഥിക്കുമ്പോഴാണ് മഹാശ്ചര്യം നടക്കുക. കോമളനായ ഒരു ചെറുപ്പക്കാരന്‍ മന്ദഹസിച്ചുകൊണ്ട് വരുന്നു, അവളെ ആശ്വസിപ്പിക്കുന്നു, പീഡനക്കാരെ ഉപദേശിക്കുന്നു, പീഡനക്കാര്‍പോലും അന്തംവിടുന്നു, ആള്‍ പെട്ടെന്ന് ഇന്ദ്രജാലക്കാരനെപ്പോലെ അപ്രത്യക്ഷനാകുന്നു. പോരെങ്കില്‍ ബിംബം കൃഷ്ണരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
ഈ അലൗകിക സംഭവങ്ങളുടെ പുറകെ പോയാല്‍ നമ്മള്‍ ഏത് ലോകത്തിലാണ് കഴിയുന്നത് എന്നുവരെ നാം ആശങ്കിച്ചുപോകും. ഈ ചിത്രപരമ്പര കാണുന്നവരോ ഇത് നിര്‍മിച്ചവരോ ഇതില്‍ അഭിനയിച്ചവരോ സ്വന്തം ജീവിതത്തില്‍ എപ്പോഴേങ്കിലും ഇതുപോലെ അഭൗമമായ മാജിക്കുകള്‍ കണ്ടിട്ടുണ്ടോ? ഇവരുടെ മനസ്സിലെ ഏതോ ഒരു ഭാഗം ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്നുണ്ടാകണം.
ഇത് ഒരുതരം ഒളിച്ചോട്ടമല്ലേ? ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങളെ നട്ടെല്ല് വളയ്ക്കാതെ നേരിടുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. എങ്ങുമില്ലാത്ത പ്രാകൃത വിശ്വാസങ്ങളുടെ അടിമയാക്കരുത് മനുഷ്യനെ. അത്തരക്കാരെക്കൊണ്ട് ഒരു ഗുണവും സമൂഹത്തിനോ അവനവനോ ലഭ്യമാകില്ല. അവര്‍ എന്നും മറ്റുള്ളവര്‍ക്ക് ബാധ്യതയുമായിരിക്കും.
ഇങ്ങനെ പല വിഭവങ്ങളും ടിവി പരമ്പരകള്‍ നമുക്ക് തയ്യാറാക്കിത്തരുന്നുണ്ട്. ശ്മശാനത്തില്‍ പ്രേതാദികള്‍ എഴുന്നേറ്റ് വന്ന് മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുന്നു. ഇതെല്ലാം ചോദ്യം ചെയ്യാതെ കണ്ണ് വിടര്‍ത്തുന്ന ഒരുകൂട്ടം ജനങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. ഇവര്‍ക്ക് രോഗത്തിന് ചികിത്സ വേണ്ട, തൊഴിലും വേണ്ട- എല്ലാം ഭക്തവത്സലനായ ദേവതയോ ശക്തിയോ അവര്‍ക്ക് കൊടുക്കും, കൈകൂപ്പി പ്രാര്‍ഥിച്ചാല്‍ മതി. എത്ര എളുപ്പം! എത്ര കമനീയം!
എല്ലാമതങ്ങളിലും ഇത്തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍പ്പെടുന്ന മൂഢവിശ്വാസങ്ങള്‍ സാധാരണ ജനങ്ങളുടെ അജ്ഞതയെ മുതലെടുത്തുകൊണ്ട് ഇക്കാലത്ത് തഴച്ചുവളരുന്നു. ഒരു മതത്തില്‍ വിഗ്രഹങ്ങളും അവയില്‍നിന്ന് പുറത്തുവരുന്ന ദിവ്യപുരുഷന്മാരും ആണ് അരങ്ങ് വാഴുന്നതെങ്കില്‍ , മറ്റൊരു മതത്തില്‍ പുണ്യവാളന്മാരും പുണ്യവാളത്തികളും ആണ് അത്ഭുത സ്രഷ്ടാക്കള്‍ .
വിഗ്രഹാരാധനയൊന്നും ഇല്ലാത്ത മതങ്ങളില്‍പ്പോലും പുരോഹിതവര്‍ഗം (ഓരോ മതത്തില്‍ ഓരോ പേരില്‍ ഈ വിശ്വാസത്തിരിപ്പുവര്‍ഗം അറിയപ്പെടുന്നു) ജപിച്ച വെള്ളം സുഖക്കേട് മാറ്റും എന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിച്ച് ഉപജീവനം കഴിക്കുന്നു.
മനുഷ്യജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു വികാരത്തെ സ്വന്തം കാര്യങ്ങള്‍ നേടാനുള്ള തരംതാണ കച്ചവടതന്ത്രമായി അധഃപതിച്ചതിനെപ്പറ്റി ആര്‍ക്കും വേവലാതിയില്ല.
ഗുരുവായൂരപ്പന്റെ വിശ്വപ്രസിദ്ധ ഭക്തനായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ആ ചൈതന്യത്തെ കണ്ടത് കാലദേശങ്ങള്‍ക്കപ്പുറത്തുള്ളതും ജ്ഞാനാനന്ദാത്മകവുമായ പരമശക്തിസ്ഥാനമായിട്ടാണ്. ആ ശക്തിയാണ് ജനങ്ങളുടെ ഭാഗ്യം. അല്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും ജയിച്ചുകഴിഞ്ഞാലും പൂജയും തുലാഭാരവും നടത്തി ഈശ്വരനെ പാട്ടിലാക്കലല്ല.
ഭട്ടതിരിയുടെ ഗുരുവായൂരപ്പനെ അത്തരമൊരു ഇടപാടിലെ കക്ഷിയാകാന്‍ കിട്ടില്ല. പക്ഷേ, നമ്മുടെ വന്‍കിട രാഷ്ട്രീയനേതാക്കളും താരങ്ങളും എല്ലാം ഗുരുവായൂരപ്പനെ തങ്ങളുടെ നന്മയുടെ ഏജന്റായിട്ടാണ് കാണുന്നത്. ഇത് ദൈവഭക്തിയല്ല, അങ്ങേയറ്റത്തെ ദൈവനിന്ദയാണ്. ഇതൊക്കെ തെറ്റും, രാജ്യം നശിപ്പിക്കുന്ന അസംബന്ധങ്ങളുമാണെന്ന് ധീരമായി വിളിച്ചുപറയാന്‍ ആളില്ല.
യഥാര്‍ഥ മതത്തിന്റെ കാവലാളന്മാരായ വലിയ മതനേതാക്കള്‍ മതപരമായ ആരാധനാക്രമത്തെയും മറ്റും ചൊല്ലി കലഹംമൂത്ത കാലമാണ് ഇത്.
കപട മതങ്ങളെയാണ് എതിര്‍ക്കേണ്ടത്. യഥാര്‍ഥ മതവിശ്വാസികളെ അമ്പലത്തിന്റെയും പള്ളിയുടെയും പേരില്‍ തമ്മിലടിപ്പിക്കാന്‍ അവര്‍ നേതൃത്വം നല്‍കരുത്.
മതം അന്ധവിശ്വാസമാണെന്നു പറഞ്ഞ് എതിര്‍ക്കുന്ന യുക്തിവാദികളുടെ നിലപാടിനെ ഇവര്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
ക്രിസ്തുദേവന്‍ വിഭാവനംചെയ്ത ഏകമതം എങ്ങനെ പല സഭകളായി വേര്‍പിരിഞ്ഞു ? മനുഷ്യന്‍ സാബത്തിനല്ല, സാബത്ത് മനുഷ്യനാണ് എന്ന ശ്രേഷ്ഠമായ സന്ദേശം ലോകത്തിന് നല്‍കിയ ക്രിസ്തുദേവന്റെ പേരില്‍ നിലനില്‍ക്കുന്ന ആരാധനാലയങ്ങളിലെ ആചാരങ്ങള്‍ക്കും പ്രാര്‍ഥനാ രീതികള്‍ക്കും മനുഷ്യനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ശരിയാണോ?
മനുഷ്യനെ മറക്കുമ്പോള്‍ മതം ഇല്ലാതാകുന്നു. ദൈവ ചൈതന്യം മനുഷ്യമനസ്സിലാണ് ഉദയം കൊള്ളേണ്ടത്. അതിനെ സഹായിക്കാനാണ് പ്രാര്‍ഥനയും മറ്റാചാരങ്ങളും.
പക്ഷേ, അവ മറുകണ്ടംചാടി മനുഷ്യനെ മാറ്റിനിര്‍ത്തി മുമ്പില്‍ കയറി വിലസുമ്പോള്‍ മതം അന്ധതയായി മാറുന്നു. മതവിരോധികളെയാണ് ഇത് യഥാര്‍ഥത്തില്‍ സഹായിക്കുന്നത്.
ഞാന്‍ ഇപ്പറഞ്ഞതെല്ലാം വൈദികരാണ് പ്രബോധിപ്പിക്കേണ്ടവര്‍ . അവര്‍ അന്ധതയുടെ പ്രചാരകരാകുന്നത് അവരുടെ പ്രതിജ്ഞയുടെയും ജീവിത ലക്ഷ്യത്തിന്റെയും നിഷേധമാണ്.
നല്ല നാണയവും കള്ളനാണയവും ഒരേ സമയത്ത് പ്രചാരത്തില്‍ വന്നാല്‍ നല്ല നാണയം അപ്രത്യക്ഷമാവുകയും കള്ളനാണയം ആളുകള്‍ ഉപയോഗിക്കുകയും ചെയ്യുമെന്ന ഒരു ധനശാസ്ത്ര നിയമമുണ്ടത്രേ. ഏകദേശം അതുപോലെയാണ് അന്ധവിശ്വാസവും സത്യവിശ്വാസവും. ഒരേസമയത്ത് കഴിയുമ്പോള്‍ കാലക്രമേണ അന്ധവിശ്വാസം സത്യവിശ്വാസത്തെ സ്ഥാനഭ്രഷ്ടരാക്കുന്നു. എല്ലാ അംഗങ്ങളിലും ഈ തത്വം പ്രവര്‍ത്തിക്കുന്നു. ജനാധിപത്യമായാലും രാഷ്ട്രീയ പ്രവര്‍ത്തനമായാലും സാഹിത്യമായാലും ഈ ആവശ്യത്തിന്റെ ഉദാഹരണങ്ങളാണ്.
പണം, വര്‍ഗീയത എന്നിവ കൈയേറ്റം നടത്തുമ്പോള്‍ നേരായ ജനാധിപത്യം വെറും പേരായി അവശേഷിക്കുന്നു. ഈ സേവനം വിസ്മരിച്ച് അവനവനെ സേവിക്കുന്ന തന്ത്രമായി രാഷ്ട്രീയം മാറുമ്പോള്‍ അതും അന്ധതയായി രൂപാന്തരപ്പെടുന്നു. മതാന്ധതയ്ക്ക് കൂട്ടാളികള്‍ പലതുണ്ട്.
മതപ്രവാചകരേക്കാള്‍ ഒന്നുകൊണ്ടും മഹാന്മാരല്ല രാഷ്ട്രീയ പ്രവര്‍ത്തകരും സാഹിത്യകാരന്മാരും. അവര്‍ക്കുപോലും വഴി തെളിച്ചു കാട്ടേണ്ടവരാണ് മതനേതാക്കള്‍ . അവര്‍ അന്ധതയുടെ പ്രവാചകന്മാരാകുമ്പോള്‍ ലോകത്തിന്റെ യൗവനം നഷ്ടപ്പെട്ടുപോകുന്നു.
ഉപ്പിന് ഉപ്പില്ലാതായാല്‍ എന്ന ദുരവസ്ഥയില്‍ നാമിന്ന് വീണുകിടക്കുന്നു.
സമസ്തമേഖലകളിലും മനുഷ്യര്‍ നേരിടുന്ന ഒരു വിപത്സന്ധിയെപ്പറ്റിയാണ് ഞാന്‍ ഇവിടെ പ്രതിപാദിച്ചത്. അതിന് പാകത്തില്‍ മതവിശ്വാസത്തിന്റെ ഇന്നത്തെ വ്യാപകമായ വഴിപിഴച്ച പോക്ക് നല്ലൊരു സാധനാപാഠമായി ലഭിച്ചെന്നേയുള്ളൂ.
ചരിത്രത്തില്‍നിന്ന് ഒന്നും പഠിക്കില്ലെന്ന് തീരുമാനിച്ച് പുറപ്പെട്ട ഒരു മൃഗമാണല്ലോ മനുഷ്യന്‍ . അവനെ പഠിപ്പിക്കാന്‍ മുതിര്‍ന്നുവന്നവരെല്ലാം തോറ്റതാണ് ചരിത്രം. ഒന്നും പഠിക്കാത്ത മനുഷ്യരെപ്പോലെ, പഠിപ്പിച്ച് ജയിക്കാനാകില്ലെന്ന പാഠം മഹാത്മാക്കളും പഠിച്ചിട്ടില്ല.
പക്ഷേ, രണ്ടാമത് പറഞ്ഞ പഠിക്കായ്കയുടെകൂടെ നില്‍ക്കാനാണ് നമ്മെപ്പോലുള്ള ചെറിയ മനുഷ്യര്‍ പഠിക്കേണ്ടത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment