മുതലാളിത്ത വ്യവസ്ഥക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിലാകെ അഗ്നിപര്‍വതം പോലെ ജനരോഷം പൊട്ടിപ്പടരുകയാണ്. അമേരിക്കന്‍ ഐക്യനാട് മുതലാളിത്തത്തിന്റെ കരിങ്കോട്ടയാണെന്നതിനാല്‍ മുതലാളിത്തത്തിനെതിരെയുള്ള ജനരോഷം അവിടെത്തന്നെയാണ് എറ്റവും ശക്തിപ്രാപിച്ചിട്ടുള്ളത്. ജനരോഷത്തിന്റെ കുന്തമുന ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ വാള്‍സ്ട്രീറ്റിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. വാള്‍സ്ട്രീറ്റ് കീഴടക്കാനുള്ള ജനലക്ഷങ്ങളുടെ നീക്കത്തെ തോക്കും ഗ്രനേഡും ജലപീരങ്കിയും ഉപയോഗിച്ച് അമേരിക്കന്‍ ഭരണകൂടം നേരിടുകയാണ്. എഴുനൂറില്‍പരം പേര്‍ തടവിലായി. ഒരാള്‍ കൊല്ലപ്പെട്ടു. ഈ പ്രക്ഷോഭത്തിന്റെ സത്യാവസ്ഥ മുഖ്യധാരാമാധ്യമങ്ങള്‍ തമസ്കരിക്കുന്നതുകൊണ്ട് പ്രക്ഷോഭകര്‍ സ്വന്തമായി "ദ ഒക്കുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍" എന്ന പേരില്‍ ഒരു പത്രം ആരംഭിച്ചിട്ടുണ്ട്. ഒക്കുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ മുഖ്യ നിര്‍വാഹകരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്- അരുണ്‍ ഗുപ്ത. മറ്റേയാള്‍ അമേരിക്കക്കാരനായ മൈക്കല്‍ ലെവിറ്റിന്‍ . ഔദ്യോഗികമായി വാള്‍സ്ട്രീറ്റ് വക വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്ന് പേരുകേട്ട പത്രമുണ്ട്. കുപ്രസിദ്ധ മാധ്യമസാമ്രാട്ടും ദുര്‍വൃത്തികള്‍ കാരണം ഇപ്പോള്‍ ക്ഷീണിതനുമായ റൂപര്‍ട്ട് മര്‍ഡോക് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വിലയ്ക്ക് വാങ്ങി തന്റെ മാധ്യമസാമ്രാജ്യത്തിന്റെ സാമന്തനാക്കി. ഈ പത്രത്തെ പ്രതിരോധിക്കാനാണ് പുതിയ പത്രം. എന്താണ് വാള്‍സ്ട്രീറ്റ്? ന്യൂയോര്‍ക്ക് നഗരത്തിന്റെ ധനകാര്യ കേന്ദ്രമായ ജില്ലയാണ് വാള്‍സ്ട്രീറ്റ്. ന്യൂയോര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന ലോവര്‍ മാന്‍ഹാട്ടനിലെ ഈസ്റ്റ് റിവറില്‍ ഇരുവശങ്ങളിലുമായി ബ്രോഡ്വേയില്‍നിന്ന് സൗത്ത് സ്ട്രീറ്റ് വരെ വ്യാപിച്ചുകിടക്കുന്ന എട്ടാമത്തെ ബ്ലോക്കിലാണ് പ്രധാന മന്ദിരം. അതിന് പുറമെ നസ്ഡാക്, ന്യൂയോര്‍ക്ക് മര്‍ക്കന്റൈന്‍ സ്റ്റോക്ക് എക്സ്്ചേഞ്ച് തുടങ്ങി മറ്റു ചില ധനകാര്യ സ്ഥാപനങ്ങളും വാള്‍സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്നു. ന്യൂയോര്‍ക്ക് നഗരവും ചുറ്റുമുള്ള പ്രദേശവും ആദ്യം കീഴടക്കി ഭരിച്ചുവന്നത് ഡച്ചുകാരാണ്. ന്യൂയോര്‍ക്കിന്റെ പേര് ന്യൂ ആംസ്റ്റര്‍ഡാം എന്നായിരുന്നു. പിന്നീട് ഇംഗ്ലീഷുകാര്‍ ഡച്ചുകാരെ തോല്‍പ്പിച്ച് ആ പ്രദേശം കൈവശപ്പെടുത്തിയപ്പോള്‍ ന്യൂ ആംസ്റ്റര്‍ഡാം എന്ന പേര് ന്യൂയോര്‍ക്ക് എന്നാക്കി. ഇംഗ്ലീഷ് അധിനിവേശക്കാരുടെയും തദ്ദേശീയരായ ആദിവാസികളുടെയും കടന്നാക്രമണത്തെയും നുഴഞ്ഞുകയറ്റത്തെയും തടയാന്‍ ഇപ്പോഴത്തെ വാള്‍സ്ട്രീറ്റ് പ്രദേശത്തിന് ചുറ്റും 12 അടി പൊക്കത്തില്‍ വന്‍ മണ്‍ഭിത്തി ഡച്ചുകാര്‍ പണിതുയര്‍ത്തിയിരുന്നു. ഡച്ചുകാര്‍ ആ ഭിത്തിയെയും തെരുവിനെയും "ഡി വാള്‍ സ്ട്രാറ്റ്" എന്നാണ് വിളിച്ചുവന്നത്. അത് ഇംഗ്ലീഷില്‍ വാള്‍സ്ട്രീറ്റായി. വാള്‍സ്ട്രീറ്റിന്റെ ഉത്ഭവം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുതലാളിത്ത ലോകത്തിന്റെ കേന്ദ്രസ്ഥാനമായി വര്‍ത്തിച്ചിരുന്നത് നെതര്‍ലന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമായിരുന്നു. പിന്നീട്, പാശ്ചാത്യ സാമ്രാജ്യത്വ വികസനത്തില്‍ ഇംഗ്ലണ്ട് മറ്റുള്ളവരെ തോല്‍പ്പിച്ച് മുന്നോട്ടുവന്നപ്പോള്‍ ലണ്ടനായി. 1776ല്‍ അമേരിക്കന്‍ ഐക്യനാട് ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് കരകയറിയതുമുതല്‍ ന്യൂയോര്‍ക്കും അതിന്റെ ധനകാര്യ തലസ്ഥാനമായ വാള്‍സ്ട്രീറ്റും ലോകമുതലാളിത്തത്തിന്റെ നേതൃത്വത്തിലേക്ക് ഉയരാന്‍ തുടങ്ങി. അമേരിക്കയുടെ പ്രഥമ പ്രസിഡന്റായിരുന്ന ജോര്‍ജ് വാഷിങ്ടണ്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത് വാള്‍സ്ട്രീറ്റില്‍വച്ചാണ്. വാഷിങ്ടണിന്റെ ട്രഷറി സെക്രട്ടറി അലക്സാണ്ടര്‍ ഹാമില്‍ട്ടണായിരുന്നു-ഐക്യനാടിന്റെ ആദ്യ ട്രഷറി സെക്രട്ടറി. വാള്‍സ്ട്രീറ്റിന്റെ സാമ്പത്തിക മേല്‍ക്കോയ്മയ്ക്ക് അടിത്തറയിട്ടത് ഹാമില്‍ട്ടണാണ്. വാള്‍സ്ട്രീറ്റിന്റെ ചതിയുടെയും ചൂഷണത്തിന്റെയും തട്ടിപ്പിന്റെയും അധാര്‍മികതയുടെയും ചരിത്രവും അതോടുകൂടി ആരംഭിക്കുന്നു. ഹാമില്‍ട്ടന്റെ പേരില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹം അത് ശക്തിയായി നിഷേധിച്ചു. 1917ലെ ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം മുതലാളിത്ത വൈതാളികരും മാധ്യമങ്ങളും സകല കുഴപ്പങ്ങള്‍ക്കും കാരണം കമ്യൂണിസ്റ്റുകാരാണ് എന്ന് കുപ്രചാരണം നടത്തിയതുപോലെ, അക്കാലത്ത് എല്ലാ അപകടങ്ങള്‍ക്കും കാരണം ഫ്രഞ്ചുവിപ്ലവത്തിലെ (1789) ഇടതുപക്ഷമായിരുന്ന ജേക്കോബിന്‍കാരാണ് എന്ന് വിശ്വസിപ്പിക്കുകയും പ്രചരിപ്പിക്കുകയുംചെയ്തിരുന്നു. ജേക്കോബിന്‍കാര്‍ ഫ്രാന്‍സില്‍ മാത്രമല്ല, ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ നടക്കുകയാണെന്നായിരുന്നു പ്രചാരണം. ഹാമില്‍ട്ടണ്‍ തനിക്കെതിരായ പ്രചാരവേല ജേക്കോബിന്‍കാരുടെ ഗൂഢാലോചനയും കുത്തിത്തിരിപ്പുംമൂലമാണെന്ന് വാദിച്ചു. ഈ വാദമുഖങ്ങള്‍ ഒക്കെച്ചേര്‍ത്ത് "റെയ്നോള്‍ഡ്സ് പാംഫ്ലെറ്റ്" എന്ന ലഘുലേഖ ഇറക്കി. അതില്‍ വിചിത്രമായ ചില കൂട്ടിച്ചേര്‍ക്കലുമുണ്ട്. സാമ്പത്തിക ക്രമക്കേടുകളൊന്നും ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കുന്ന കൂട്ടത്തില്‍ അതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞ തെറ്റ് താന്‍ ചെയ്തിട്ടുണ്ടെന്ന് ഹാമില്‍ട്ടണ്‍ ഏറ്റുപറഞ്ഞു. ജെയിംസ് റെയ്നോള്‍ഡ്്സ് എന്ന ആളുടെ ഭാര്യയുമായി തനിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നാണത്. റെയ്നോള്‍ഡ്സ് ഈ അവിഹിതബന്ധം കണ്ടുപിടിച്ച് ഹാമില്‍ട്ടണോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ആയിരം ഡോളര്‍ . വീണ്ടും പണം കിട്ടുമെന്ന പ്രതീക്ഷയാല്‍ ഹാമില്‍ട്ടണെ ഈ ബന്ധത്തില്‍ നിന്ന് റെയ്നോള്‍ഡ്സ് വിലക്കിയില്ല. തന്റെ സ്നേഹമയിയായ ഭാര്യ ഇതറിഞ്ഞു ക്ഷോഭിക്കുമെന്നറിയാമെങ്കിലും താന്‍ സത്യസന്ധനായതുകൊണ്ടാണ് ഇതൊക്കെ വെളിപ്പെടുത്തുന്നതെന്നാണ് ഹാമില്‍ട്ടണ്‍ സ്വയം ന്യായീകരിച്ചത്. അതുകൊണ്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്ന് താന്‍ പറയുന്നത് ആത്മാര്‍ഥമായിട്ടാണെന്ന് മാലോകര്‍ക്ക് ബോധ്യമാകുമല്ലോ എന്ന് ലഘുലേഖ ഹാമില്‍ട്ടണ്‍ ഉപസംഹരിക്കുന്നു. അങ്ങനെ വാള്‍സ്ട്രീറ്റിന്റെ സ്ഥാപകന്‍ എന്നു പറയാവുന്ന അമേരിക്കന്‍ ട്രഷറി സെക്രട്ടറിയുടെ അധാര്‍മികത തുടക്കത്തില്‍ തന്നെ വാള്‍സ്ട്രീറ്റിന് കളങ്കമുണ്ടാക്കി. ഹാമില്‍ട്ടണെ സംസ്കരിച്ചത് വാള്‍സ്ട്രീറ്റിന്റെ അടുത്തുതന്നെയാണ്. വാള്‍സ്ട്രീറ്റിന്റെ ആദ്യകാല വികാസവുമായി ബന്ധപ്പെട്ട മറ്റൊരാള്‍ ഊഹക്കച്ചവടത്തിലും തട്ടിപ്പിലും വിദഗ്ധനായിരുന്ന വില്യം ഡോവറാണ്. വാള്‍സ്ട്രീറ്റിലെ സ്റ്റോക്ക് എക്്സ്ചേഞ്ചില്‍ ഊഹക്കച്ചവടം നടത്തി വലിയ പണക്കാരനായി മാറിയ ഡോവര്‍ അതിനടുത്തുള്ള കെട്ടിടങ്ങളും ട്രിനിറ്റി ചര്‍ച്ച് എന്ന പള്ളിയും വിലയ്ക്ക് വാങ്ങി വിലസി നടന്നു. പിന്നീട് അടിതെറ്റി പാപ്പരായി. ഒടുവില്‍ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും ഡോവര്‍ ലണ്ടനില്‍ അറസ്റ്റ് ചെയ്യപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയുംചെയ്തു. മറ്റൊരു വാള്‍സ്ട്രീറ്റ് തട്ടിപ്പുകാരന്‍ ഡാനിയല്‍ ഡ്രൂ എന്ന ഊഹക്കച്ചവടക്കാരനായിരുന്നു. ഡ്രൂവിന് ബാങ്കോക്ക്, കോലാലംപുര്‍ , സെന്റ് പീറ്റേഴ്സ്ബര്‍ഗ് തുടങ്ങിയ നഗരങ്ങളിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളുമായി ബന്ധമുണ്ടായിരുന്നു. വാള്‍സ്ട്രീറ്റിന്റെ പാപഭൂയിഷ്ഠമായ ചരിത്രത്തില്‍ ഹാമില്‍ട്ടണ്‍ മുതല്‍ ഡാനിയല്‍ ഡ്രൂ വരെയുള്ളവര്‍ സാധാരണ ജനങ്ങളുടെ ഓഹരികളും ചെറിയ സ്റ്റോക്കുകളും തിരിമറി നടത്തിയാണ് ധനവാന്‍മാരായത്. ഇതുകാരണം സാധാരണ ഓഹരിയുടമകളും നികുതിദായകരും സാമ്പത്തികമായി തകര്‍ന്നു. ഈ ഘട്ടങ്ങളിലെല്ലാം അമേരിക്കന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയത് ചെറിയ ഓഹരിക്കാരെ സഹായിക്കാനല്ല. തട്ടിപ്പുകാര്‍ക്ക് സംരക്ഷണം നല്‍കാനാണ്. അങ്ങനെ വാള്‍സ്ട്രീറ്റിനെ ജനങ്ങളുടെ ചോരയൂറ്റിക്കുടിക്കുന്ന ഡ്രാക്കുളയായി അമേരിക്കന്‍ സര്‍ക്കാര്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. ഇപ്പോള്‍ പ്രസിഡന്റ് ബറാക് ഒബാമ ചെയ്യുന്നതും അതിന്റെ തുടര്‍ച്ചതന്നെ. www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment