സോണി, നീയിപ്പോള്‍ എവിടെയാണ് ?
അഞ്ചു വര്‍ഷം മുമ്പാണ് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ സോണി ഭട്ടതിരിപ്പാടിനെ കാണാതായത്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ജി.കെ. സീമ യുടെ നീറുന്ന ഓര്‍മകള്‍
ഇന്ത്യാവിഷനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സോണി ഭട്ടതിരിപ്പാടിനെ കാണാതായിട്ട് അഞ്ചു വര്‍ഷമാകുന്നു. 2008 നവംബര്‍ 21-ന് ഗോവ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സോണി പിന്നീട് തിരിച്ചുവന്നില്ല. ആകെ കിട്ടിയ വിവരം ഒരു ഫോണ്‍കോളും കത്തും. അതും ആ സമയത്ത് ഭാര്യ ഡോക്ടര്‍ സീമയെ തേടിയെത്തിയത്. എറണാകുളത്ത് ആയുര്‍വേദ ഡോക്ടറായ സീമയ്ക്കു മകളുടെ അധ്യാപികവശം കൊടുത്തുവിട്ടതാണ് കത്ത്.
ജീവിതത്തില്‍ സന്തോഷം നിറഞ്ഞ കാലത്ത് കടന്നുവന്ന ഗോവന്‍യാത്രയെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോഴേ സീമ കരഞ്ഞു തുടങ്ങും. ''തലേന്ന് വൈകിട്ടാണ് പോകുന്ന കാര്യം എന്നോട് പറയുന്നത്. അല്പം മദ്യപിക്കുമായിരുന്ന അപ്പുവേട്ടന്‍ അതൊക്കെ ഉപേക്ഷിച്ച് ജീവിച്ച സമയമാണ്. എന്നാല്‍ ഗോവയിലേക്കു പോയാല്‍ ഈ സന്തോഷം നഷട്‌പ്പെടുമെന്നു തോന്നി. വെള്ളത്തിനു പകരംപോലും മദ്യമെന്നാണ് ഗോവയെക്കുറിച്ച് കേട്ടിരിക്കുന്നത്. പോകേണ്ടെന്ന് പല രീതിയില്‍ പറഞ്ഞുനോക്കി. പക്ഷേ, പിന്മാറിയില്ല.
ഗോവയില്‍ ചെന്ന് രണ്ട് നാള്‍ നല്ല റിപ്പോര്‍ട്ടുകള്‍ വന്നു. നവംബര്‍ 24 മുതല്‍ റിപ്പോര്‍ട്ടുകളില്ല. എനിക്ക് ചില നെഗറ്റീവ് മെസ്സേജുകള്‍ വന്നുതുടങ്ങി. ഇതിനു മുമ്പും വീട് വിട്ടുപോയിട്ടുണ്ട്. അപ്പോഴൊക്കെ സങ്കടപ്പെടുത്തുന്ന കുറെ മെസ്സേജുകള്‍ വരിക പതിവാണ്.'' ഒരു ദിവസം വെള്ളത്തുണിയില്‍ പൊതിഞ്ഞ് എന്റെ ശരീരം നിനക്ക് മുന്നിലെത്തും'' എന്നൊക്കെയുള്ള മെസ്സേജുകള്‍. ഇക്കുറി ''നീ മക്കളെ നന്നായി വളര്‍ത്തണം, ഞാന്‍ പോവുകയാണ്'' എന്ന മെസ്സേജ്. അത് കിട്ടിയപ്പോഴേ മനസ്സിലായി. പ്രശ്‌നമുണ്ടാകാന്‍ പോകുന്നു. നേരത്തെ ആളെ കാണാതായപ്പോഴൊക്കെ ഒരു വിവരവുമില്ലാതെ ഇരുന്നിട്ട് രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ മടങ്ങിവരും. ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല. കുറെ പണവും ചെലവാക്കി, ഫോണും നഷ്ടപ്പെടുത്തിയിട്ടാവും വരിക. മടങ്ങിവരുമ്പോഴേ അറിഞ്ഞിട്ടുള്ളൂ യാത്രകള്‍ എവിടേക്കായിരുന്നെന്ന്. ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമം, മാതാ അമൃതാനന്ദമയീ മഠം, കുടജാദ്രി... ആത്മീയ കേന്ദ്രങ്ങളിലേക്കായിരുന്നു ആ ഒളിച്ചോട്ടങ്ങള്‍.
ഗോവയില്‍ ചെന്ന് നാലാംപക്കമാണ് ആളെ കാണാതായത്. ഒപ്പമുണ്ടായിരുന്ന ക്യാമറാമാനോടുപോലും പറയാതെ ടാക്‌സി വിളിച്ച് പോയെന്ന്. രണ്ടു ദിവസം മുമ്പ് മംഗലാപുരത്തെ ഒരു ഹോട്ടലിലെ നമ്പര്‍ എന്നെ വിളിച്ചു ചോദിച്ചിരുന്നു. കാണുന്നില്ല എന്നു പറഞ്ഞപ്പോഴേ തോന്നി ആ ഹോട്ടലില്‍ കാണുമെന്ന്. സോണിയുടെ ഒരു ബന്ധുവിനെ അവിടേക്ക് പറഞ്ഞുവിട്ടു. ചെല്ലുമ്പോള്‍ മദ്യപിച്ച് ആകെ അവശനായി അവിടെയുണ്ട്. ഇത്തരം അവസ്ഥയില്‍ പെട്ടുപോയാല്‍ പിന്നെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്‌തേ പറ്റൂ. കേരളത്തിലെ ആസ്പത്രികളില്‍ പോകാന്‍ മടിയാണ്. തന്നെ കണ്ടാല്‍ ആള്‍ക്കാര്‍ തിരിച്ചറിയുമത്രെ. എന്നാല്‍ മംഗലാപുരത്തെ മുള്ളേഴ്‌സ് ആസ്പത്രിയില്‍ മുമ്പും പോയിട്ടുണ്ട്. ബന്ധു വളരെ നിര്‍ബന്ധിച്ച് ആളെ മുള്ളേഴ്‌സില്‍ എത്തിച്ചു.
ഇക്കുറി 10 ദിവസം അവിടെ. അപ്പോഴേക്കും എന്നെ വിളിച്ചുപറഞ്ഞു: ''നീ പറഞ്ഞാല്‍ ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്യും. മകളുടെ പിറന്നാളാണെന്നു പറഞ്ഞാല്‍ മതി.'' ഞാന്‍ വിളിച്ചുപറഞ്ഞ് ഡിസ്ചാര്‍ജ് വാങ്ങി. മടങ്ങിയത് ട്രെയിനില്‍, എന്റെ അച്ഛനൊപ്പം. ബ്ലാക് ക്യാറ്റിനെപ്പോലെ വേണ്ട, ചെറിയ ശ്രദ്ധ മതിയെന്ന് അച്ഛനോട് പറഞ്ഞു. അല്ലെങ്കില്‍ അപ്പുവേട്ടന് ബുദ്ധിമുട്ടായാലോ. കാഞ്ഞങ്ങാട്ട് വന്നപ്പോള്‍ ബാത്‌റൂമിലെന്നു പറഞ്ഞുപോയ ആളെ കണ്ടില്ല. അച്ഛന്‍ വിളിച്ച് പറയുംമുമ്പേ എനിക്ക് മെസ്സേജ് കിട്ടി. ''എന്റെ അവസാനത്തെ ആത്മബന്ധവും ഉപേക്ഷിച്ചു.'' ബാഗും ഡ്രസ്സുമൊന്നും എടുത്തില്ല. പേഴ്‌സും എ.ടി.എം. കാര്‍ഡും മാത്രം. ഇക്കുറിയും ഡോക്ടര്‍ പറഞ്ഞു. ''അന്വേഷിച്ച് ബലം പ്രയോഗിച്ച് മടക്കിക്കൊണ്ടു വന്നിട്ടെന്തു കാര്യം. കാത്തിരിക്കുക. ഒരുപക്ഷേ, വന്നേക്കാം.'' ആ കാത്തിരിപ്പിലാണ് ഞാന്‍.
മുമ്പ് നടത്തിയ പല ഒളിച്ചോട്ട യാത്രകളും അമ്പതിനായിരം രൂപ ചെലവഴിച്ചു കഴിയുമ്പോള്‍ അവസാനിക്കാറാണ് പതിവ്. ഇക്കുറി അല്പം ബുദ്ധിയോടെ ഒരു കാര്യം ചെയ്തു. അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പണമില്ലെങ്കില്‍ തിരിച്ചുവരുമെന്നു കരുതി. കാഞ്ഞങ്ങാട്ടുനിന്ന് കാണാതായശേഷം നാലു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു. കുടജാദ്രിയിലേക്കു പോവുകയാണെന്ന്. ടാക്‌സി ഡ്രൈവറുടെ ഫോണില്‍നിന്നാണ് ആ അവസാന വിളി. അപ്പോഴൊന്നും സോണിയുടെ ഫോണിലേക്ക് കോളുകള്‍ പോകുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ടെന്നറിഞ്ഞു. സോണി എന്നെ ഫോണ്‍ ചെയ്യുന്നുണ്ടെന്നും എവിടെയാണ് എനിക്കറിയാമെന്നും. അതുകൊണ്ടാണത്രെ സി.ബി.ഐ.ക്ക് അന്വേഷണം നടത്താനുള്ള പരാതി കൊടുക്കാത്തതെന്ന്. ഇങ്ങനെ പറയുന്നവരോട് ഞാനെന്തുപറയാന്‍.
വിവാഹം കഴിക്കുന്ന സമയത്ത് കോട്ടയത്ത് മലയാള മനോരമയിലാണ് സോണിക്ക് ജോലി. ആയുര്‍വേദത്തില്‍ റാങ്കൊക്കെ മേടിച്ചു പഠിച്ച എനിക്ക് ജോലിയും പഠനവുമൊക്കെ പ്രധാനമായിരുന്നു. പക്ഷേ, ആള് സ്‌നേഹംകൊണ്ട് എന്നെ തിരുത്തും. ജോലിയേക്കാള്‍ പ്രധാനം ജീവിതമാണെന്ന്. കോട്ടയത്ത് താമസിച്ചുതുടങ്ങിയ സമയത്ത് കോട്ടയ്ക്കല്‍ ആയുര്‍വേദ ആസ്പത്രിയില്‍ ലക്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പുവേട്ടന്റെ കൈയില്‍ അപേക്ഷ കൊടുത്തുവിട്ടെങ്കിലും എനിക്കുമാത്രം കാര്‍ഡ് വന്നില്ല. ഞാന്‍ സങ്കടപ്പെട്ടു. ''അതിന് ആര് നിന്റെ ആപ്ലിക്കേഷന്‍ അയച്ചു. ഞാനയച്ചില്ല. നീ കോട്ടയ്ക്കലില്‍. ഞാന്‍ കോട്ടയത്ത്. ജീവിതമല്ലേ പ്രധാനം. പഠിത്തവും ജോലിയുമൊന്നുമല്ല കാര്യം.'' അതു കേട്ട് സന്തോഷിച്ചു. ഭര്‍ത്താവിന് എന്ത് സ്‌നേഹം. സത്യത്തില്‍ അഹങ്കരിച്ചുപോയി. എന്റെ സന്തോഷത്തിന് പ്രേംദേവാസ് ക്ലിനിക്കില്‍ രണ്ടു മണിക്കൂര്‍ കണ്‍സള്‍ട്ടിങ്ങിന് അവസരം വാങ്ങിത്തന്നു. 2,000 രൂപ മാസശമ്പളം. അപ്പോഴേക്കും മോനെ ഗര്‍ഭം ധരിച്ചു. മോന് അഞ്ചു മാസമായപ്പോള്‍ അടുത്ത കുട്ടിയെ ഗര്‍ഭം ധരിച്ചു. പ്രസവവും കുട്ടികളെ നോക്കലുമൊക്കെയായി ജോലിയെന്ന സ്വപ്‌നമൊന്നും മനസ്സില്‍ ഉണ്ടായതേയില്ല.
മോനെ ഗര്‍ഭം ധരിച്ച് ആറാം മാസത്തില്‍ കടുത്ത ശ്വാസംമുട്ടല്‍. അതുകൊണ്ട് ഞാനെന്റെ വീട്ടിലേക്കു പോയി. ഞാനില്ലാതെ കോട്ടയത്തു നില്‍ക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് കാസര്‍കോട്ടേയ്ക്ക് സ്ഥലംമാറ്റം വാങ്ങി. പത്രപ്രവര്‍ത്തനത്തില്‍ തിളങ്ങി നില്‍ക്കുന്ന നേരത്ത് ആരെങ്കിലും കാസര്‍കോട് പോകുമോയെന്ന് ചോദിച്ച് പലരും കളിയാക്കി. പക്ഷേ, ആള്‍ക്ക് അതൊന്നും വിഷയമേയല്ല. എന്റെ അപേക്ഷ അയയ്ക്കാഞ്ഞതും ദുരുദ്ദേശമായിരുന്നില്ല. ഞാന്‍ അടുത്തു വേണം. കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഈ സ്‌നേഹം കാട്ടുമായിരുന്നു. കല്യാണസമയത്ത് ഹൗസ് സര്‍ജന്‍സിക്കായി മൂന്നാഴ്ചകൂടി കോട്ടയ്ക്കലില്‍ പോകണമായിരുന്നു. രാത്രി ജോലി കഴിഞ്ഞു കോട്ടയ്ക്കലിലേക്ക് ബസ് കയറി വരും. എന്നെയൊന്ന് കാണാന്‍ വേണ്ടി മാത്രം. രാവിലെ ഏഴുമണിക്കാണ് വരിക. എനിക്ക് എട്ടുമണിക്ക് ഡ്യൂട്ടിക്ക് പോകണം. വെറും ഒരു മണിക്കൂര്‍. ഞാന്‍ ചോദിക്കും ''അപ്പുവേട്ടന് വട്ടാണോ?'' അടുത്ത ബസ്സിന് മടങ്ങിയാലേ വൈകിട്ട് ഓഫീസില്‍ കയറാന്‍ പറ്റൂ. ഒരു ഭ്രാന്തമായ സ്‌നേഹം. മനുഷ്യരെ സ്‌നേഹിച്ചു കൊല്ലുന്ന അവസ്ഥ. കൂത്തുപറമ്പിലെ സ്വന്തം വീട്ടിലേക്കു പോലും പോകാതെയാണ് കോട്ടയ്ക്കലിലേക്കുള്ള ഈ യാത്രകള്‍.
യാത്രകളോട് വല്ലാത്ത ഒരിഷ്ടമുണ്ടായിരുന്നു. കുടജാദ്രിയിലേക്ക് എത്ര തവണ പോയിട്ടുണ്ടെന്ന് അറിയില്ല. മൂകാംബികയില്‍ പോയാല്‍ തൊഴാനൊന്നും ശ്രമിക്കില്ല. ഒരിക്കല്‍ എന്നെയും കൂട്ടി. മഴ നനഞ്ഞു കാട്ടിലൂടെ കുടജാദ്രിയിലേക്ക്. കുടജാദ്രിയിലെ മഴയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കണമെന്നു പോലും ആശിച്ചിരുന്നു.
മോന്‍ ജനിച്ചശേഷം നേരെ പോയത് കാസര്‍കോട്ടേയ്ക്ക്. ആ സമയത്താണ് മനസ്സിന്റെ ധൈര്യത്തിനെന്നോണം അല്പം മദ്യപിച്ചു തുടങ്ങിയത്. രോഗിയാണെന്ന തോന്നലായിരുന്നു മറ്റൊരു പ്രശ്‌നം. ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനാവാത്ത കുറേ അസുഖങ്ങളുടെ അസ്വസ്ഥതകള്‍. ചിലപ്പോള്‍ ഭയങ്കര വയറുവേദന. കടുത്ത വേദനയില്‍ കിടന്നു പുളയും. പിടലിവേദനയാകും ചിലനേരം. കോളറൊക്കെയിട്ട് നടക്കും. എന്റെ ഒരു വശം തളര്‍ന്നുപോയി എന്നു പറഞ്ഞിരിക്കും. മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് കിട്ടാനുള്ള 'സൈക്കോ സൈമാറ്റിക് ഇഫക്ടായിരുന്നു' എന്ന് ഇപ്പോള്‍ തോന്നും. ഇടയ്ക്ക് പനി വരുമ്പോള്‍ എന്നോട് പറയും ''എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ഇങ്ങനെ പനിച്ചു കിടക്കുന്നതാണ്. എന്നിട്ട് നീ ഇങ്ങനെ കഥകള്‍ വായിച്ചുതരണം.'' പനി പിടിക്കുമ്പോഴൊക്കെ കഥകള്‍ ഉറക്കെ വായിച്ചു കൊടുക്കലായിരുന്നു എന്റെ ജോലി. സുമംഗലയുടെ 'മിഠായിപൊതിയും' ബാലപ്രസിദ്ധീകരണങ്ങളുമാണ് ഏറെ ഇഷ്ടം.
കാസര്‍കോട് ഞങ്ങള്‍ താമസിക്കുന്ന വാടകവീട് വില്‍ക്കുന്നുവെന്നറിഞ്ഞു അതു വാങ്ങാമെന്നു പറഞ്ഞു ഞാന്‍. ''എന്തിനാ വീട്, മലയാളിയുടെ അങ്ങേയറ്റത്തെ വിഡ്ഢിത്തമാണ് വീടുംസ്ഥലവുമെന്ന ചിന്ത. പറവകളെ നോക്കൂ.... അവ വിതയ്ക്കുന്നില്ല... കൊയ്യുന്നില്ല..'' എന്ന രീതിയില്‍ ഒരു മറുപടി. മോനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോഴും ഇതായിരുന്നു മനസ്സ്. വലിയ സ്‌കൂളിലൊന്നും വേണ്ടായെന്നു പറഞ്ഞു അംഗന്‍വാടിയില്‍ ചേര്‍ത്തു. എറണാകുളത്ത് മനോരമ ചാനലിലേക്ക് മാറിയ സമയം. ആ നഗരം എനിക്കത്ര പരിചയമില്ലാത്തതിനാല്‍ അതനുസരിക്കുകയേ മാര്‍ഗമുണ്ടായുള്ളൂ. അതു കാരണം പിന്നീട് അവന്റെ ഒരുസ്‌കൂള്‍ വര്‍ഷം നഷ്ടപ്പെട്ടു.
കരിയറിലെ സംഘര്‍ഷം എളുപ്പം പിടികൂടുന്ന മനസ്സായിരുന്നു ആള്‍ക്ക്. ടെന്‍ഷന്‍ നീക്കാന്‍ മദ്യം വേണമെന്നു ശഠിച്ച നാളുകള്‍. അന്നു ഞാന്‍ കണ്ണൂര്‍ പരിയാരം ആയുര്‍വേദ കോളേജില്‍ അധ്യാപികയായി ചേര്‍ന്നിരുന്നു. പക്ഷേ, ഞാനില്ലാതെ എറണാകുളത്ത് നില്‍ക്കാന്‍ വയ്യെന്ന വാശിപ്പുറത്ത് ഞാനെന്റെ ജോലി ഉപേക്ഷിച്ച് എറണാകുളത്ത് എത്തി. പിന്നീട് ഒന്നരവര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജോലിക്ക് പോയിത്തുടങ്ങിയത്.
ഒപ്പം കഴിഞ്ഞ നാളിലൊന്നും എന്നോട് ശരിയായ സ്‌നേഹമില്ലായിരുന്നോയെന്ന് ഇപ്പോള്‍ സംശയിക്കാറുണ്ട്. സ്‌നേഹമുണ്ടെങ്കില്‍ ഉത്തരവാദിത്വമുണ്ടാകില്ലേ. ചിലനേരം നല്ല ദേഷ്യം വരും. എത്ര നിസ്സാരമായിട്ടാണ് കത്തില്‍ എഴുതിയിരിക്കുന്നത്. 'ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കരുത്. ആരുടെ മുന്നിലും തലകുനിക്കരുതെന്ന്.
മദ്യപിക്കുമായിരുന്നെങ്കിലും മദ്യപിക്കുന്നവരോട് തോന്നുന്ന വെറുപ്പ് തോന്നില്ല. എന്തോ നിസ്സഹായാവസ്ഥയിലാണ് മദ്യം കഴിക്കുന്നതെന്ന് വിചാരിക്കും. മദ്യപിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് വിവാഹം കഴിഞ്ഞതോടെ ശീലം മാറ്റി. കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു 'കഴിഞ്ഞ ദിവസം അവള്‍ വാതില്‍ തുറന്നില്ല. പുറത്തുകിടത്തി.'
ഞാന്‍ പറഞ്ഞു. 'ഞാനും ആ അടവ് എടുക്കാന്‍ പോവുകയാണ്.'
'എങ്കില്‍ ഈ വീടിന് മുന്‍വശത്തെ വാതിലുണ്ടാവില്ല. ചവിട്ടിപ്പൊളിക്കും.' പല ദിവസവും വെളുപ്പിനെയാണ് ജോലി കഴിഞ്ഞ് വരുക. ജോലിത്തിരക്കെന്നു പറയും. എന്നിട്ട് പത്രപ്രവര്‍ത്തകന്റെ അതിഭയങ്കരസാധ്യതകള്‍ വര്‍ണിക്കും.
വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ ഫോണ്‍ എടുക്കില്ല. ആ സമയം മുതല്‍ എന്റെ ശരീരത്ത് ഓടുന്നത് ചോരയല്ല. തീയാണ്. മക്കളെയും കൊണ്ടുള്ള ആ കാത്തിരിപ്പ് അവസാനിക്കാന്‍ നേരം പുലരണം. (ഏങ്ങലടിച്ചു കരഞ്ഞു തുടങ്ങി സീമ. പിന്നെ സ്വയം ആശ്വസിപ്പിക്കാന്‍ കഴിയാതെ കുറേനേരം പുറത്തേക്ക് നോക്കിയിരുന്നു.)
''അതിലും എത്രയോ ഭേദമാണ് ഇപ്പോള്‍. ഒരു വലിയ കാത്തിരിപ്പുണ്ടെങ്കിലും എല്ലാ ദിവസവും കാത്തിരിപ്പില്‍ അവസാനിക്കുന്നില്ലല്ലോ.''
മാധ്യമപ്രവര്‍ത്തകനായതില്‍ വലിയ സന്തോഷമായിരുന്നു ആള്‍ക്ക്. ഇന്ത്യാവിഷനില്‍ സ്വന്തമായി കുറേ കാര്യങ്ങള്‍ ചെയ്യാനാവുന്നുണ്ടെണ്ടന്ന സന്തോഷമുണ്ടായിരുന്നു. ആ സന്തോഷം വീട്ടിലും അറിയാം. എറണാകുളത്തെ അവസാന എട്ടുമാസം വലിയ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. ആ സമയത്ത് മദ്യപാനം പാടേ ഉപേക്ഷിച്ചു. ഇടയ്ക്കു കുട്ടികളെയും കൊണ്ടു പുറത്തുപോകും. ആ സന്തോഷങ്ങള്‍ക്കിടയില്‍ ഗോവന്‍ യാത്ര വന്നപ്പോഴാണ് ഭയന്നത്. അവിടെപോയാല്‍ എന്തെങ്കിലും മോശം കാര്യം സംഭവിക്കുമെന്ന തോന്നല്‍ തെറ്റിയില്ല.
കൂടുതല്‍ ആലോചിച്ചാല്‍ സോണിയോട് കടുത്ത അമര്‍ഷം തോന്നും. അടുത്ത നിമിഷം വെറുക്കാന്‍ പറ്റാതെ വരും. സ്വമേധയോ എന്നോട് സ്‌നേഹമില്ലാതെയോ ചെയ്യുന്നതാവില്ല. ബൈപോളാര്‍ എന്ന രോഗാവസ്ഥകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നതാവാം. രണ്ടു ധ്രുവങ്ങളിലായിട്ടാണ് അവരുടെ മനസ്സ്. അതിനിടയിലായി ഒഴുകി നടക്കുന്ന ജീവിതം. ചില സമയം കടുത്ത മാനസിക പിരിമുറുക്കം. അതു തരണംചെയ്യാന്‍ മദ്യം ഉപയോഗിക്കും. മനസ്സ് സാധാരണ നിലയിലാകുമ്പോള്‍ ജോലി ചെയ്യാനാകും. അല്ലെങ്കില്‍ ജോലിയോട് പോലും വിരക്തി. ഹൈപ്പര്‍ ആക്ടീവായിരിക്കുന്ന സമയം കൂടുതല്‍ മികവ് പ്രകടിപ്പിക്കും. ശരിയായ ചികിത്സ ഫലം തന്നേനെ. പക്ഷേ, ചികിത്സ പൂര്‍ണമാക്കില്ല. രോഗം കടുത്താല്‍ പിന്നെ നാടുവിടും.
ബൈപോളാര്‍ രോഗമെന്നു സ്വയം തിരിച്ചറിഞ്ഞ നാളിലൊന്നില്‍ പറഞ്ഞു: വടക്കുംനാഥന്‍ സിനിമയില്‍ ഒരു സംന്യാസി കഥാപാത്രം പത്മപ്രിയയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ''ഒരു പൂവിനെ കൈവെള്ളയില്‍ വെച്ചു നടക്കും പോലെ നിങ്ങളുടെ ഭര്‍ത്താവിനെ കൊണ്ടു നടക്കാന്‍ പറ്റുമോ കുട്ടിക്ക്. എങ്കിലേ അയാള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് വരാന്‍ പറ്റൂ.'' എന്നേയും പൂവ് പോലെ കൊണ്ടു നടക്കാന്‍ പറ്റുമോ നിനക്ക്. പലപ്പോഴും ഒരു കൊച്ചുകുട്ടിയെ പോലെ തോന്നും. രാവിലെ ആശുപത്രിയിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ എന്നോട് പറയും: ''നീ അഞ്ചു മിനുട്ട് എന്റെ കൂടെ കിടന്നു എന്നെയൊന്ന് ഉറക്കാമോ?'' ഔദ്യോഗിക വിദേശയാത്രകളില്‍ സന്തോഷിക്കുന്ന... ഇടിയും മിന്നലും കണ്ടാല്‍ പേടിച്ചു എനിക്കു പിന്നില്‍ ഒളിക്കുന്ന കൊച്ചുകുട്ടി. മിന്നലും ഇടിയും വരുമ്പോള്‍ ഈശ്വരാ ഇപ്പോള്‍ എവിടെയായിരിക്കുമെന്നു ഓര്‍ത്തു എനിക്ക് ഭയങ്കര പേടിയായിരുന്നു. മഴയത്ത് നനഞ്ഞിരിക്കുകയാണോ... പേടിച്ചിരിക്കുകയാണോ. ഇപ്പോള്‍ ആ പേടിയും എനിക്കില്ല.
അഞ്ചു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും സോണി ഒപ്പമില്ലെന്നു തോന്നിയിട്ടില്ല. അങ്ങനെയെങ്കില്‍ ഇത്ര ധൈര്യത്തോടെ ജീവിക്കാന്‍ പറ്റില്ല. മക്കളെ കാണുമ്പോഴാണ് ആധി. അവര്‍ ഒരു സങ്കടവും പറയില്ല. ഒരു ദിവസം മകള്‍ ബുക്കില്‍ എഴുതിയത് കണ്ടു.
''മൈ ഫ്രണ്ട് ചാരുതാസ് മദര്‍ ഈസ് എ ഡോക്ടര്‍. ഫാദര്‍ ഈസ് ആന്‍ എന്‍ജിനിയര്‍. മൈ മദര്‍ ഈസ് എ ഡോക്ടര്‍. മൈ ഫാദര്‍ ഈസ് ...''
''അതെന്താ മോള്‍ പിന്നെയൊന്നും എഴുതാത്തത്. മൈ ഫാദര്‍ ഈസ് എ ജേണലിസ്റ്റ് എന്ന് എഴുതണ്ടേ.'' അതു കേട്ടതും കട്ടിലില്‍നിന്ന് ഒരൊറ്റ ചാട്ടം.
''ചേട്ടാ നമ്മുടെ അച്ഛന്‍ ജേണലിസ്റ്റാണെന്ന്.''
സോണി പോകുന്ന സമയത്ത് മോള്‍ക്ക് ആറ് വയസ്സ്. മോന് എട്ടും. ചില ടീച്ചര്‍മാരോട് അവള്‍ പറയും ''അച്ഛന്‍ റഷ്യയിലാണ്. മൂന്നു മാസം കൂടുമ്പോള്‍ അച്ഛന്‍ വരും. എനിക്ക് ഉടുപ്പും കളിപ്പാട്ടവുമൊക്കെ കൊണ്ടുവരും.''
ഗോവയില്‍നിന്നൊരു മെസ്സേജും മോളെക്കുറിച്ചായിരുന്നു. ''മോളെ നന്നായി നോക്കണം. നിന്നെപ്പോലെ ധൈര്യമില്ലാത്തവളാക്കരുത്. വെറുതെയല്ല അവള്‍ക്ക് ഞാന്‍ ഇന്ദുലേഖയെന്ന് പേരിട്ടതെന്ന്.
'ഞങ്ങളുടെ അച്ഛന്‍ എവിടെ?' എന്നു ചോദിച്ചാല്‍ വ്യക്തമായ മറുപടിയില്ല. മകന്‍ അനന്തപത്മനാഭനോട് ഞങ്ങളുടെ ബന്ധത്തിലെ അവന്റെ സമപ്രായക്കാരന്‍ ചോദിച്ചു. ''എപ്പഴാ നിന്റെ അച്ഛന്‍ വരിക?''
''ആ എവിടാന്നറിയില്ല. എപ്പോഴാണാവോ വരുവാന്നറിയില്ല.'' ആ മറുപടി എന്റെ നെഞ്ചില്‍ തറച്ചിട്ട വേദനയെത്രയെന്നു പറയുക വയ്യ.
എന്റെ അനിയന്‍ കലാതിലകമൊക്കെയായിരുന്ന ശ്രീഹരി (കുട്ടന്‍)യുടെ കലാപാടവമൊക്കെ മോനും കിട്ടിയിട്ടുണ്ട്. നൃത്തം ചെയ്യാനും അഭിനയിക്കാനും പാടാനുമൊക്കെയുള്ള കഴിവുണ്ട്. കഴിഞ്ഞവര്‍ഷം അവന്റെ ഉപനയനം നടന്നു. ജീവിതത്തിലെ സുന്ദരമായ കാലം ദൂരെ നിന്നു കൂടി കാണാന്‍ അച്ഛനില്ലല്ലോയെന്നതു അവരെ വേദനിപ്പിക്കുന്നുണ്ടാവും. പക്ഷേ, അവര്‍ അതേക്കുറിച്ച് ഒന്നും പറയാറില്ല.
ഞാനെന്റെ സങ്കടങ്ങള്‍ മറക്കുന്നത് രോഗികള്‍ക്കൊപ്പമാകുമ്പോഴാണ്. എറണാകുളത്ത് ജീവിക്കുമ്പോള്‍ ഞാനെന്തൊക്കെയോ ആണെന്ന ഭാവമുണ്ടെനിക്ക്. പഴയതിനേക്കാള്‍ ധൈര്യത്തോടെ കാര്യങ്ങള്‍ ചെയ്യുന്നു. ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കു പുറമേ രണ്ട് ക്ലിനിക്കുകള്‍ നോക്കി നടത്തുന്നു. പക്ഷേ, ഈ വര്‍ഷം അതൊക്കെ നിര്‍ത്തി നീലേശ്വരത്തെ എന്റെ വീട്ടിലേക്ക് പോവുകയാണ്. മക്കളെ അവിടെ സ്‌കൂളില്‍ ചേര്‍ത്തു. ഇനി ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കായി മാത്രം എറണാകുളത്തു വന്നു പോകണം.
സോണി പറയുന്ന കഥകളിലെ നായികമാരെപ്പോലെ കാത്തിരിക്കുന്ന അവസ്ഥയിലാണ് ഞാനിപ്പോള്‍. ആ കഥകളിലെ നായകന്മാര്‍ വീടു വിട്ടിറങ്ങിപ്പോകുന്നവരായിരുന്നു. ഞങ്ങളുടെ ജീവിതത്തിലും സോണി അതാവും സ്വപ്‌നം കണ്ടിരിക്കുക. വരുവാന്‍ ഒരാളുണ്ടെന്ന കാത്തിരിപ്പു തരുന്ന ധൈര്യത്തിലാണ് ഞാനും. അത് സോണി തന്ന വാക്കാണ്. ''പടി കടന്നു ഞാന്‍ വരും. നിന്റെ ഭര്‍ത്താവായി. കുട്ടികളുടെ അച്ഛനായി.'' ഞാന്‍ മരിക്കും വരെ മടങ്ങി വന്നില്ലെങ്കിലും സുമംഗലിയായി മരിക്കാന്‍ ഭാഗ്യമുണ്ടല്ലോയെന്നു ആശ്വസിക്കാറുണ്ട്. പക്ഷേ, ഇനി ഇല്ല... എന്നറിഞ്ഞാല്‍ ഈ ധൈര്യമൊന്നും എനിക്കു കണ്ടെന്നു വരില്ല. അതെന്റെ സീമന്തരേഖയിലെ കുങ്കുമം മായ്ച്ചു കളയില്ലേ. അതോര്‍ക്കാന്‍ കൂടി വയ്യെനിക്ക്.
വളരെ പെട്ടെന്ന് കരച്ചിലിന്റെ നീരൊഴുക്കിലേക്ക് സീമ വീണുപോയി.
സീമയ്ക്ക് അവസാനമായി സോണി അയച്ച കത്ത്
എന്റെ പ്രിയതമയ്ക്ക്,
വളരെ സമചിത്തതയോടെ വേണം ഇത് വായിക്കുവാന്‍. ജീവിതമാണ്- പെട്ടെന്ന് വരുന്ന സന്തോഷം. അതുപോലെ മായിക്കുന്ന ഒരു വിചിത്ര സാധനം. അതുകൊണ്ട് ക്ഷമയോടെ, സമചിത്തതയോടെ വായിക്കുക.
എന്റെ മനസ്സ് അതിസങ്കീര്‍ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എനിക്ക് കുടുംബാംഗങ്ങളെ ക്ഷമിക്കാനാവുന്നില്ല. സഹിക്കാനാവുന്നില്ല. ആടിയുലയുന്ന പെന്‍ഡുലം. കുട്ടന്‍ പറയുന്നതുപോലെ ആറുമാസത്തെ കൗണ്‍സലിങ്‌കൊണ്ട് മാറ്റാവുന്ന ഒന്നല്ല അത്. ഇതൊക്കെ നിന്നെ നേരില്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പരാജയപ്പെടുകയേ ഉള്ളൂ. വീട്ടുകാരെ ഒട്ടും പറ്റില്ല. അവരെ സംബന്ധിച്ച് മദ്യത്തിന് അടിമ മാത്രമാണ് ഞാന്‍.
വടക്കുംനാഥനിലെ മോഹന്‍ലാലിന്റെ അതേ അവസ്ഥയിലാണ് ഞാന്‍. ശരിക്കും ബൈപോളാര്‍. വളരെ കടിച്ചുപിടിച്ചാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ ചിരിച്ചുകാട്ടുന്നത്. ആവുന്നില്ല. ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കണം.
ഒന്നാമതായി, തത്കാലം ഞാന്‍ പോകുകയാണ്... ചോറ്റാനിക്കരയിലോ അടുത്തുള്ള ഏതെങ്കിലും അമ്പലത്തിലോ പോയി ഭജനമിരിക്കണം. നാലോ പത്തോ ദിവസമോ രണ്ടാഴ്ചയോ, മനസ്സ് അല്‍പ്പമെങ്കിലും നോര്‍മലായി തിരിച്ചെത്തണം. നിങ്ങളുടെ സന്തോഷത്തിനായി ഇവിടെ നില്‍ക്കുകയും ജോലിക്കു പോവുകയും ചെയ്താല്‍ ഞാനൊരു മുഴുക്കുടിയനാകും. എനിക്കത് ഓര്‍ക്കാന്‍ പോലുമാവുന്നില്ല. ഓഫീസില്‍ പോകണമല്ലോ എന്നോര്‍ത്തിട്ടാണ് അന്ന് ഞാന്‍ കാസര്‍കോട് ഇറങ്ങിയതും കുടിച്ചതും. ഇപ്പോള്‍, ഓഫീസില്‍ പോകാത്ത അവസ്ഥയില്‍ ഒരു തുള്ളി മദ്യംപോലും എനിക്ക് വേണ്ട, സത്യം.
രണ്ടാമതായി പലരും കുറ്റപ്പെടുത്തിയേക്കാം- ഞാന്‍ പോയത് നിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന്. ഒരിക്കലുമല്ല. ഭംഗിവാക്കു പറയുകയല്ല. എത്രമാത്രം നീ അനുഭവിച്ചു. എന്നിട്ടും നീ പിടിച്ചുനിന്നു. പക്ഷേ, അനുഭവങ്ങളില്‍നിന്ന് കരുത്താര്‍ജിച്ചില്ലെന്ന് മാത്രം. ഞാന്‍ പോയെങ്കില്‍ അത് എന്റെ കുറ്റംകൊണ്ടുമാത്രം. കുട്ടനോട് പറയുക. ഡോക്ടറുടെ ചിന്തകള്‍ക്കും മരുന്നുകള്‍ക്കും അപ്പുറത്ത് ചിലതുണ്ട്. ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്തത് ചിലത്. ഒന്നും നിന്റെ പിടിപ്പുകേടോ കുറ്റമോ അല്ല. നിവര്‍ന്നുനില്‍ക്കുക, കരുത്തോടെ.
മൂന്നാമതായി. പാനിക് situation create ചെയ്യാതിരിക്കുക, ഞാന്‍ പറഞ്ഞല്ലോ. എന്റെ മനസ്സിന്റെ പെന്‍ഡുലം ഒന്ന് ശരിയാവുന്നത് വരെ ഞാന്‍ ഒന്ന് മാറിനില്‍ക്കും. അത്രയേ ഉള്ളൂ. പോലീസിലറിയിച്ചും ഓഫീസിലറിയിച്ചും എന്നെ അന്വേഷിക്കാന്‍ നോക്കിയും പിടിച്ചുകൊണ്ടുപോകാന്‍ നോക്കിയും ഒക്കെ- അതൊക്കെ എന്റെ വാശിയും ദുഃഖവും വര്‍ധിപ്പിക്കുകയേ ഉള്ളൂ.
നാലാമതായി, നാളെ അമ്മായിയും അമ്മയും വരും. ഞാനെവിടെ എന്നു ചോദിക്കും. അവരെ ധൈര്യമായി ഈ കത്ത് കാണിക്കുക. എവിടെയും പോയിട്ടില്ല. കണ്‍വെട്ടത്തുതന്നെയുണ്ട്. ഈ ഗതി വന്നല്ലോ എന്ന പ്രകടനത്തിന്റെ ഒന്നും ആവശ്യമില്ല. ഇപ്പോള്‍ ഞാന്‍ ജീവിച്ചിരിക്കണമെങ്കില്‍ എനിക്ക് സ്വസ്ഥമായ ഒരു ധ്യാനം വേണം. കാഴ്ചയുള്ളവനോട് പൊട്ടക്കണ്ണന്‍ വിഷമങ്ങള്‍ എത്രപറഞ്ഞാലും മനസ്സിലാകില്ല. അതുപോലെ വളരെ നോര്‍മല്‍ ആയിരിക്കുന്ന അവര്‍ക്കാര്‍ക്കും- നിങ്ങള്‍ക്കുമിപ്പോള്‍ എന്റെ മാനസികാവസ്ഥ മനസ്സിലാകില്ല. ഞാന്‍ വെറുക്കപ്പെട്ടവന്‍ മാത്രമായിരിക്കും.
അഞ്ചാമതായി പലരും ഫോണില്‍ വിളിക്കും. വല്ല വിവരവുമുണ്ടോ എന്നൊക്കെ ചോദിക്കും. അവരോട് ധൈര്യമായി പറയുക. വിവരമുണ്ട്, നിന്നെ വിളിക്കാറുണ്ടെന്നും. ഒരു ചോദ്യങ്ങള്‍ക്കു മുന്നിലും പതറേണ്ട കാര്യമില്ല. ജീവിതം ഇങ്ങനെയൊക്കെയാണ്. എന്നിലൂടെ ദൈവം നിനക്കും ചില ട്രെയിനിങ്ങുകള്‍ തരികയാവാം.
ആറാമതായി, ഞാന്‍ മംഗലാപുരത്തുവെച്ചു പറഞ്ഞത് ഓര്‍മയുണ്ടല്ലോ. ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കരുത്. പടികടന്ന് ഞാന്‍ വരും. നിന്റെ ഭര്‍ത്താവായി. കുട്ടികളുടെ അച്ഛനായി. നിനക്കറിയാം ഒരു ജലദോഷം വന്നാല്‍പോലും നീ കൂടെയില്ലാതെ- കൂടെയില്ലാതെ എനിക്കൊന്നുമാകില്ലെന്ന്. വിശ്വസിക്കുക നാം ഒന്നിച്ചുതന്നെ ജീവിതാവസാനം വരെ ജീവിക്കും.
ഏഴാമതായി അച്ഛനെ ഈ കത്ത് കാണിക്കുക. അവിടെ അല്‍പ്പമെങ്കിലും ബോധമുള്ളത് അച്ഛനു മാത്രമാണ്. അച്ഛനോടും പറയുക, ക്ഷമയോടെ കാത്തിരിക്കുക. അച്ഛന് ശാസ്ത്രമറിയാമല്ലോ. ഇതൊരു ജനിതക തകരാര്‍ മാത്രമാവാം.
ഞാന്‍ ഇടയ്ക്ക് തോന്നുമ്പോഴൊക്കെ വിളിക്കാം.
നിന്റെ മാത്രം അപ്പുവേട്ടന്‍.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment