ദ്രാവകഇന്ധന വിദ്യ: മൂന്നു പതിറ്റാണ്ടിനൊടുവില്‍ ഇന്ത്യയ്ക്ക് വിജയഗാഥ
ശ്രീഹരിക്കോട്ടയില്‍നിന്ന് ജി.എസ്.എല്‍.വി - ഡി 5 കുതിച്ചുയര്‍ന്നപ്പോള്‍
ഇന്ത്യന്‍ ബഹിരാകാശരംഗത്തിന് അഭിമാനമേകിക്കൊണ്ട് ജനവരി അഞ്ചിന് ജി.എസ്.എല്‍.വി - ഡി 5 നടത്തിയ കുതിപ്പ്, യഥാര്‍ഥത്തില്‍ ഐ.എസ്.ആര്‍.ഒ. 32 വര്‍ഷംമുമ്പ് തുടക്കമിട്ട ഒരു വലിയ ദൗത്യത്തിന്റെ വിജയമുഹൂര്‍ത്തമായിരുന്നു. ദ്രാവകഇന്ധന സാങ്കേതികവിദ്യ സ്വന്തമാക്കുകയെന്നതായിരുന്ന ആ ലക്ഷ്യം. ജിസാറ്റ്-14 വാര്‍ത്താവിനിമയ ഉപഗ്രഹവും വഹിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് നടന്ന വിക്ഷേപണത്തോടെ, ദ്രാവകഇന്ധന സങ്കേതികവിദ്യ സ്വന്തമാക്കുന്ന ആറാമത്തെ ശക്തിയായി ഇന്ത്യ മാറി. അമേരിക്ക, യൂറോപ്പ്, റഷ്യ, ജപ്പാന്‍, ചൈന എന്നിവയാണ് ഇതിനു മുമ്പ് ഈ സാങ്കേതികവിദ്യ കരസ്ഥമാക്കിയ രാജ്യങ്ങള്‍ .
കൂടുതല്‍ കരുത്തുള്ള റോക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്യാനും, ചന്ദ്രനും ചൊവ്വയും ലക്ഷമിട്ടുള്ള ഇന്ത്യയുടെ ഭാവിദൗത്യങ്ങള്‍ക്ക് പിന്തുണയേകാനും അത്യന്താപേക്ഷിതമായ മുന്നേറ്റമാണ് ദ്രാവകഇന്ധന വിദ്യ വഴി ഐ.എസ്.ആര്‍.ഒ.നടത്തിയത്. 335 കോടി രൂപാ ചെലവിട്ട് നൂറുകണക്കിന് ഗവേഷകര്‍ വര്‍ഷങ്ങളോളം നടത്തിയ അധ്വനത്തിന്റെ ഫലം. 'ക്രയോജനിക് അപ്പര്‍ സ്റ്റേജ്' (സി.യു.എസ്) വികസിപ്പിക്കാന്‍ നടന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി), മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ എന്നിവയായിരുന്നു. ഒട്ടേറെ മലയാളികള്‍ ഈ വിജയഗാഥയൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
വളരെ താഴ്ന്ന താപനിലയില്‍ ദ്രവീകരിച്ച റോക്കറ്റ് ഇന്ധനം ഉള്‍പ്പെട്ട ഒന്നാണ് ദ്രാവകഇന്ധന സാങ്കേതികവിദ്യ (ക്രയോജനിക് ടെക്‌നോളജി). ദ്രവീകൃത ഓക്‌സിജന്റെയും ഹൈഡ്രജന്റെയും മിശ്രിതം ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ റോക്കറ്റ് എഞ്ചിനുകളുടെ ഊര്‍ജക്ഷമത കാര്യമായി വര്‍ധിക്കും. അതുവഴി റോക്കറ്റിന് ശക്തമായി മുകളിലേക്ക് കുതിക്കാനാകും. ഇതാണ് ഈ സങ്കേതത്തിന് പിന്നിലെ തത്ത്വം. കരുത്തു കൂടിയ റോക്കറ്റുകള്‍ വികസിപ്പിക്കാന്‍ ദ്രാവകഇന്ധനവിദ്യ തന്നെ വേണം.
ദ്രവീകൃതരൂപത്തില്‍ ഓക്‌സിജനും ഹൈഡ്രജനും ഉപയോഗിക്കുക - പറയുമ്പോള്‍ വളരെ ലളിതം. പക്ഷേ, ഇക്കാര്യം പ്രായോഗികതലത്തിലെത്തിക്കുക അങ്ങേയറ്റം ദുഷ്‌ക്കരവും സങ്കീര്‍ണവുമായ സംഗതിയാണ്. കാരണം, ഓക്‌സിജന്‍ മൈനസ് 183 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവിനും, ഹൈഡ്രജന്‍ 253 ഡിഗ്രി സെല്‍ഷ്യസിനും താഴെ മാത്രമേ ദ്രാവകരൂപത്തില്‍ നിലനില്‍ക്കൂ. അതിനാല്‍, രണ്ടു വാതകങ്ങളുടെയും ദ്രാവകരൂപം ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റ് എഞ്ചിന്‍ നിര്‍മിക്കുകയെന്നത് ശരിക്കും വെല്ലുവിളി തന്നെയാണ്.
ഇത്തരം റോക്കറ്റ് എഞ്ചിന്‍ വികസിപ്പിക്കുന്നതില്‍ ആദ്യം വിജയിച്ച രാജ്യം അമേരിക്കയാണ്. ദ്രാവകഇന്ധനവിദ്യ വഴി അമേരിക്ക നിര്‍മിച്ച ആര്‍.എല്‍-10 എഞ്ചിനുകളുള്ള ആദ്യ റോക്കറ്റ് 1963-ല്‍ വിജയകരമായി വിക്ഷേപിച്ചു. ഇന്നും 'അത്‌ലറ്റ്‌സ് വി' റോക്കറ്റില്‍ ഈ സങ്കേതികവിദ്യയാണ് അമേരിക്ക ഉപയോഗിക്കുന്നത്. ദ്രാവകഇന്ധനവിദ്യയില്‍ നേടിയ വിജയമാണ്, 'ജെ-2 എഞ്ചിന്‍' വികസിപ്പിക്കുന്നതിലേക്ക് അമേരിക്കയെ നയിച്ചത്. അതിശക്തമായ 'സാറ്റേണ്‍ വി' റോക്കറ്റില്‍ ഉപയോഗിച്ചിരുന്നത് ആ എഞ്ചിനാണ്. മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റാണത്.
ക്രയോജനിക് സങ്കേതികവിദ്യയുടെ കാര്യത്തില്‍ ജപ്പാന്റേതായിരുന്നു രണ്ടാമൂഴം-'എല്‍.ഇ-5' എഞ്ചിന്‍ ഘടിപ്പിച്ച റോക്കറ്റ് 1977 ല്‍ കുതിച്ചു. 1979-ല്‍ ഫ്രാന്‍സ് വികസിപ്പിച്ച 'എച്ച്.എം-7' എഞ്ചിന്‍ വിജയഗാഥ രചിച്ചു. 'വൈ.എഫ്73' ആയിരുന്നു ചൈനയുടെ ദ്രാവകഇന്ധന റോക്കറ്റ് എഞ്ചിന്‍. 1984 ല്‍ അത് കുതിച്ചുയര്‍ന്നു. എന്നാല്‍, ആദ്യമായി കൃത്രിമോപഗ്രഹം വിക്ഷേപിക്കുക വഴി, ബഹിരാകാശയുഗത്തിന് നാന്ദി കുറിക്കുകയും, ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തുക്കുക വഴി ചരിത്രം രചിക്കുകയും ചെയ്ത സോവിയറ്റ് യൂണിയന്‍ , ദ്രാവകഇന്ധന വിദ്യയുടെ കാര്യത്തില്‍ പിന്നിലായിപ്പോയി. 1987 ല്‍ മാത്രമാണ് അവര്‍ക്ക് ക്രയോജനിക് എഞ്ചിന്‍ വികസിപ്പിക്കാനായത്.
ക്രയോജനിക് വിദ്യയുടെ പ്രാധാന്യവും പ്രസക്തിയും ഐ.എസ്.ആര്‍.ഒ. മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു. ഒരു ടണ്‍ വരുന്ന ഉപഗ്രഹങ്ങളെ മാത്രം വഹിക്കാന്‍ ശേഷിയുള്ളവയാണ് ഇന്ത്യയുടെ പോളാര്‍ ഉപഗ്രഹ വിക്ഷേപണവാഹികള്‍ (പി.എസ്.എല്‍.വി). എന്നാല്‍ , ആ റോക്കറ്റിനെ അനേകം ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന കരുത്തുറ്റ ജിയോസിംക്രണൈസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി.എസ്.എല്‍.വി) ആക്കി മാറ്റാന്‍ ദ്രാവകഇന്ധന എഞ്ചിന്റെ സഹായത്തോടെ കഴിയുമെന്ന് ഇന്ത്യന്‍ ഗവേഷകര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ , 1982-ല്‍ ഒരു ക്രയോജനിക് പഠന സംഘത്തിന് ഐ.എസ്.ആര്‍.ഒ. രൂപംനല്‍കി.
വിക്ഷേപണത്തിന് തയ്യാറായ ജി.എസ്.എല്‍.വി - ഡി 5 റോക്കറ്റ്
ഒരു വര്‍ഷത്തെ അന്വേഷണത്തിനും പഠനത്തിനുമൊടുവില്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രയോജനിക് വിദ്യ കൊണ്ടുള്ള നേട്ടങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടായിരുന്നു അത്. പത്തുടണ്‍ ഭാരം വഹിക്കാന്‍ പോന്നത്ര ശക്തിയേറിയ റോക്കറ്റുകള്‍ക്ക് രൂപംനല്‍കാന്‍ ആ സങ്കേതികവിദ്യയുടെ സഹായത്തോടെ കഴിയുമെന്ന് 15 വാല്യമുള്ള ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ക്രയോജനിക് വിദ്യ നിര്‍മിക്കാനാവശ്യമായ എല്ലാ വിശദാംശങ്ങളും അടങ്ങിയതായിരുന്നു റിപ്പോര്‍ട്ട്.
ദ്രാവകഇന്ധന സങ്കേതികവിദ്യ വികസിപ്പിക്കുന്ന പ്രവര്‍ത്തനം തുടങ്ങാന്‍ എല്ലാ അനുകൂല സാഹചര്യവും ആ റിപ്പോര്‍ട്ട് നല്‍കിയിട്ടും, എന്തുകൊണ്ടോ അക്കാര്യത്തില്‍ വ്യകതമായ തീരുമാനമെടുക്കാന്‍ വര്‍ഷങ്ങളോളം ഐ.എസ്.ആര്‍.ഒ.ക്ക് കഴിഞ്ഞില്ല. സ്വന്തമായി വികസിപ്പിക്കുതിലും നന്ന് ആ വിദ്യ മറ്റ് രാജ്യങ്ങളില്‍നിന്ന് വിലയ്ക്കു വാങ്ങുകയല്ലേ എന്ന ചോദ്യമുയര്‍ന്നു. അങ്ങനെയായാല്‍ സമയവും അധ്വാനവും ലാഭിക്കാം. അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാങ്കേതികവിദ്യ വില്‍ക്കാന്‍ തയ്യാറായില്ല, അല്ലെങ്കില്‍ താങ്ങാനാകാത്ത വില ചോദിച്ചു. ക്രയോജനിക് റോക്കറ്റിന്റെ രണ്ടുഘട്ടങ്ങള്‍ വാങ്ങാനും, അതിന്റെ സഹായത്തോടെ ഇന്ത്യയില്‍ ക്രയോജനിക് സങ്കേതം രൂപപ്പെടുത്താനും ഒടുവില്‍ 1991-ല്‍ സോവിയറ്റ് കമ്പനിയായ 'ഗ്ലാവ്‌കോസ്‌മോസു'മായി കറാറിലെത്താന്‍ ഇന്ത്യയ്ക്കായി.
അമേരിക്കയുടെ സാറ്റേണ്‍ വി റോക്കറ്റിന് ബദലാകാന്‍ സോവിയറ്റ് യൂണിയന്‍ രൂപംനല്‍കിയതായിരുന്നു ഭീമാകാരമായ 'എന്‍ ഒന്ന്' റോക്കറ്റ്. അതിന്റെ ഉപരിഘട്ടത്തില്‍ ഉപയോഗിച്ചിരുന്നത് '11ഡി 56' ക്രയോജനിക് എഞ്ചിനാണ്. നാലുതവണ വിക്ഷേപണവേളയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, എന്‍ ഒന്ന് പദ്ധതി സോവിയറ്റ് യൂണിയന്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. അതിലുപയോഗിച്ച ക്രയോജനിക് എഞ്ചിനാണ് വാങ്ങാന്‍ ഐ.എസ്.ആര്‍.ഒ. കരാര്‍ ഉറപ്പിച്ചത്. ഏഴര ടണ്‍ ആക്കം പ്രദാനംചെയ്യാന്‍ ശേഷിയുള്ള എഞ്ചിനായിരുന്നു അത്. 12 ടണ്‍ ഇന്ധനവും അത് വഹിക്കും.
അന്താരാഷ്ട്ര മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണകരാറിന് വിരുദ്ധമായിരുന്നു ഇന്ത്യാ-സോവിയറ്റ് യൂണിയന്‍ കരാര്‍. അമേരിക്ക ഇക്കാര്യത്തില്‍ നല്‍കിയ മുന്നറിയിപ്പ് വകവെയ്ക്കാതെ ഐ.എസ്.ആര്‍.ഒ. മുന്നോട്ടു പോയതോടെ, 1992 മെയില്‍ ഐ.എസ്.ആര്‍.ഒ.യ്ക്കും സോവിയറ്റ് കമ്പനിയായ ഗ്ലാവ്‌കോസ്‌മോസിനും എതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. അപ്പോഴേക്കും സോവിയറ്റ് യൂണിയന്‍ ശിഥിലമായിരുന്നു. അമേരിക്കയോട് എതിര്‍ത്തു നില്‍ക്കാന്‍ റഷ്യയ്ക്കു ശേഷിയില്ലാതായി. അതിന്റെ ഫലം 1993 ലുണ്ടായി. ഇന്ത്യയും സോവിയറ്റ് യൂണിയനുമായുണ്ടാക്കിയ കരാറില്‍ നിന്ന് റഷ്യ പിന്‍വാങ്ങി.
ഐ.എസ്.ആര്‍.ഒ.യ്ക്ക് മുന്നില്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ല; ദ്രാവകഇന്ധന വിദ്യ സ്വന്തമായി വികസിപ്പിക്കുയല്ലാതെ. അങ്ങനെ 1994 ഏപ്രിലില്‍ 'ക്രയോജനിക് അപ്പര്‍ സ്റ്റേജ് പദ്ധതി'ക്ക് ഐ.എസ്.ആര്‍.ഒ. തുടക്കം കുറിച്ചു. റഷ്യന്‍ സങ്കേതികവിദ്യയുടെ രഹസ്യം ഐ.എസ്.ആര്‍.ഒ.യുടെ പക്കല്‍ കിട്ടിയിട്ടുണ്ടെന്നും അതിനനുസരിച്ച് വേഗം തന്നെ ദ്രാവകഇന്ധന വിദ്യയ്ക്ക് രൂപംനല്‍കാന്‍ കഴിയുമെന്നുമായിരുന്നു പൊതുവെയുണ്ടായ ധാരണ. നാലുവര്‍ഷത്തിനകം അത് നടക്കുമെന്ന് ചില ഐ.എസ്.ആര്‍.ഒ.ഉന്നതര്‍ അവകാശവാദവും ഉന്നയിച്ചു. അതാണിപ്പോള്‍, 20 വര്‍ഷം കഴിയുമ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
ഗോദറേജും ഹൈദരാബാദ് കേന്ദ്രമായുള്ള എം.റ്റി.എ.ആര്‍. ടെക്‌നോളജീസും ചേര്‍ന്നുള്ള കണ്‍സോഷ്യമാണ് ഇന്ത്യന്‍ ക്രയോജനിക് എഞ്ചിന് രൂപംനല്‍കിയത്. സാധാരണഗതിയില്‍ ഒരു സാങ്കേതികവിദ്യ വികസിപ്പിച്ച് അതില്‍ വൈദഗ്ധ്യം നേടിയ ശേഷമാണ് വ്യവസായലോകത്തിന് ഐ.എസ്.ആര്‍.ഒ. അത് കൈമാറുക. ഇവിടെ ആ പതിവ് മാറ്റി. പകരം പദ്ധതിയുടെ തുടക്കം മുതല്‍ രണ്ടു കമ്പനികളും ദ്രാവകഇന്ധന എഞ്ചിന് രൂപം നല്‍കുന്ന പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തു.
ദ്രാവകഇന്ധന എഞ്ചിന്റെ ആദ്യരൂപം ഉപയോഗിച്ച് 2000 ഫിബ്രവരിയില്‍ നടത്തിയ ഭൂതലപരീക്ഷണം പരാജയമായിരുന്നു. 2003 ഡിസംബറില്‍ മൂന്ന് എഞ്ചിനുകള്‍ ഭൂപ്രതലത്തില്‍ പരീക്ഷിച്ചപ്പോള്‍, മൊത്തം ഒന്നര മണിക്കൂറോളം അത് പ്രവര്‍ത്തിച്ചു. പിന്നീട് കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നു.
അതിന്റെ ഭാഗമായി 'ക്രയോജനിക് അപ്പര്‍ സ്റ്റേജ്' (സി.യു.എസ്) ന്റെ ഭൂതലപരീക്ഷണം 2008 ഡിസംബറില്‍ നടന്നു. രാജ്യത്തെ മുപ്പത്തഞ്ചോളം ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും ആ എഞ്ചിന്റെ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തു. പക്ഷേ, 2010 ഏപ്രിലില്‍ നടന്ന 'ജി.എസ്.എല്‍.വി-3ഡി'യുടെ വിക്ഷേപണം പാജയപ്പെട്ടത്, ഇന്ത്യയുടെ ക്രയോജനിക് സ്വപ്‌നങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായി. 2218 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-നാല് എന്ന പരീക്ഷണ ഉപഗ്രഹത്തെ ക്രയോജനിക് വിദ്യയുടെ സഹായത്തോടെ ഭ്രമണപഥത്തിലെത്തിക്കാന്‍ നടത്തിയ ശ്രമമാണ് അന്ന് പരാജയപ്പെട്ടത്. (വിവരങ്ങള്‍ക്ക് കടപ്പാട്: A Brief History of Rocketry in ISRO (2012); ചിത്രങ്ങള്‍ : ISRO )
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment