ക്രിസ്‌തുവിന്റെ പേരിലും ആള്‍ദൈവം; വിശ്വസിക്കാനും ആളുണ്ട്
ബ്രസീലിയ: ഐ.എന്‍.ആര്‍.ഐ. ക്രിസേ്‌റ്റോ, വയസ് 66. താന്‍ യേശുവാണെന്നാണു ക്രിസ്‌റ്റോ പറയുന്നത്. അദ്ദേഹത്തില്‍ വിശ്വസിക്കാനും ആളുകളുണ്ട്. ബ്രസീലിന്റെ തലസ്‌ഥാനമായ ബ്രസീലിയയോടു ചേര്‍ന്നു സ്വന്തമായുണ്ടാക്കിയ ചാപ്പലിലാണു ക്രിസ്‌റ്റോയും അനുയായികളും കഴിയുന്നത്.
ക്രിസ്‌തുവിന്റെ കുരിശില്‍ സ്‌ഥാപിച്ചെന്നു വിശ്വസിക്കുന്ന നസ്രായനായ യേശു, യഹൂദന്മാരുടെ രാജാവ് എന്നതിന്റെ ലത്തീന്‍ പരിഭാഷയുടെ ചുരുക്കപ്പേരായ ഐ.എന്‍.ആര്‍.ഐ. എന്ന് അറിയപ്പെടാനാണു ക്രിസ്‌റ്റോയ്‌ക്കു താല്‍പര്യം. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 1979 ലാണു ക്രിസ്‌തുവാണു താനെന്ന ഉള്‍വിളി ഉണ്ടാകുന്നത്. കുട്ടിക്കാലം മുതല്‍ തലയ്‌ക്കുള്ളിലിരുന്ന് ആരോ സംസാരിക്കുന്നതായി തോന്നുമായിരുന്നു. "ഞാന്‍ നിന്റെ പിതാവാണ്. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന ശബ്‌ദം"- യുവാവായപ്പോള്‍ തിരിച്ചറിയാന്‍ തുടങ്ങി. പിന്നീട് ശിഷ്യരെത്തേടിയുള്ള യാത്രയായിരുന്നു. ചിലിയിലെ സാന്റിയാഗോയില്‍നിന്നായിരുന്നു തുടക്കം. ഫ്രാന്‍സ്, ഇറ്റലി തുടങ്ങി 27 രാജ്യങ്ങളില്‍ വിശ്വാസപ്രചാരണത്തിനായി അലഞ്ഞു. അമേരിക്കയും ബ്രിട്ടനും വെനസ്വേലയും വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ പിടികൂടി നാടുകടത്തി. നാല്‍പതിലേറെ തവണ പ്രസംഗസ്‌ഥലങ്ങളില്‍നിന്നും പോലീസ് പിടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ ബ്രസീലിയ്‌ക്കു സമീപമുള്ള ഫാം ഹൗസിലാണു ക്രിസ്‌റ്റോയും അനുയായികളും താമസിക്കുന്നത്. സൗസ്‌റ്റ് എന്ന സഭയും ഉണ്ടാക്കിയിട്ടുണ്ട്. "ഞാന്‍ ബ്രസീലിയയില്‍ താമസിക്കുന്നേയുള്ളൂ. ലോകഹൃദയം എനിക്കൊപ്പമാണു സ്‌പന്ദിക്കുന്നത് "- അദ്ദേഹം പറഞ്ഞു.
ക്രിസ്‌തുവിനെ അനുകരിച്ചാണു ക്രിസ്‌റ്റോയുടെ വസ്‌ത്രധാരണം. അനുയായികളില്‍ ഭൂരിപക്ഷവും വനിതകളാണ്. ശിഷ്യകള്‍ക്കായി പ്രത്യേക വേഷവിധാനവുമുണ്ട്. സ്വന്തം കൃഷിയിടങ്ങളില്‍നിന്നാണ് ഇവര്‍ ഭക്ഷണം കണ്ടെത്തുന്നത്.
ശത്രുക്കളില്‍നിന്നുള്ള രക്ഷയ്‌ക്ക് ക്രിസ്‌റ്റോ പട്ടികളെ വളര്‍ത്തുന്നുണ്ട്. സ്‌കൂട്ടറില്‍ ആശ്രമത്തിന്റെ എല്ലാ കേന്ദ്രങ്ങളിലൂം എത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വീണ്ടും ജനിച്ചതിനാല്‍ ക്രിസ്‌മസ് ഒന്നും അദ്ദേഹവും അണികളും ആഘോഷിക്കാറില്ല. ക്രിസ്‌റ്റോ മനോരോഗിയാണെന്നാണു വിമര്‍ശകരുടെ നിലപാട്. ന്യൂക്ലിയര്‍ യുദ്ധത്തിലൂടെ ഇല്ലാതാകുന്ന ലോകത്തുനിന്നും പുതിയതു സൃഷ്‌ടിക്കുകയാണു തന്റെ അവതാര ലക്ഷ്യമെന്നും ക്രിസ്‌റ്റോ പറയുന്നു.
- See more at: http://www.mangalam.com/print-edition/international/136990#sthash.JYEcpmTZ.dpuf
No comments:
Post a Comment