എല്ലാവരും ഭയപ്പെടുന്ന രാഷ്‌ട്രീയ പ്രതിസന്ധി
തുറന്ന മനസോടെ
കെ.എം. റോയ്
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.
സംസ്‌ഥാനത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലോ ഐക്യജനാധിപത്യ മുന്നണിയില്‍ തന്നെയോ എത്ര വലിയ പ്രതിസന്ധിയുണ്ടെന്ന് ആര്‍ക്കൊക്കെ തോന്നിയാലും, ആരൊക്കെപ്പറഞ്ഞാലും എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ അവസാനിക്കുകയേയുള്ളൂ. അതിനു കാരണം പ്രതിപക്ഷത്തിരിക്കുന്ന ഇടതുപക്ഷ മുന്നണിയിലെ പ്രതിസന്ധി തന്നെയാണ്.
യു.ഡി.എഫിലെ ഏതെങ്കിലും കൊച്ചു കക്ഷികള്‍ മറുകണ്ടം ചാടിയാലും ഇവിടെ ഒരു ബദല്‍ മന്ത്രിസഭയുണ്ടാവില്ല. മന്ത്രിസഭ ഉണ്ടായാല്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കണം. പിണറായി വിജയന്‍ നയിക്കുന്ന സി.പി.എമ്മിലെ ഔദ്യോഗിക ഗ്രൂപ്പിനു ചിന്തിക്കാനാവാത്ത കാര്യമാണത്.
ഈ മന്ത്രിസഭയെ താഴെയിട്ടാല്‍ ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ കഴിയാത്ത ഒരു രാഷ്‌ട്രീയ അനിശ്‌ചിതാവസ്‌ഥയും പ്രതിസന്ധിയും ഉണ്ടായാലോ? അതാണെങ്കില്‍ എല്ലാ പാര്‍ട്ടികളും ഇന്നത്തെ നിലയില്‍ അതിനു ഭയപ്പെടുന്ന ഒരു സ്‌ഥിതിവിശേഷവുമാണ്.
ഈ കുഴഞ്ഞുമറിഞ്ഞ രാഷ്‌ട്രീയ സന്നിഗ്‌ദാവസ്‌ഥയില്‍ യു.ഡി.എഫ്. മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്നാലോ? ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെപ്പോലെ വലിയ അലോസരമൊന്നും കൂടാതെ ഭംഗിയായി ഭരണം നടത്താന്‍ ഇതിനു മുമ്പുണ്ടായിട്ടുള്ള യു.ഡി.എഫ്. സര്‍ക്കാരുകള്‍ക്കൊന്നും അവസരം ലഭിച്ചിട്ടില്ല എന്നതാണ് ചരിത്ര യാഥാര്‍ഥ്യം. ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള രക്‌തപങ്കിലമായ പ്രക്ഷോഭങ്ങളില്‍ മുങ്ങിപ്പോകുകയായിരുന്നു അക്കാലങ്ങളില്‍ കേരളം. അത്തരം പ്രക്ഷോഭങ്ങളുടെ എണ്ണമെടുത്താല്‍ തന്നെ തീരില്ല.
പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരം, കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനെതിരേയുള്ള പ്രക്ഷോഭം, എ.ഡി.ബി. വായ്‌പ വാങ്ങുന്നതിനെതിരേ സമരം, നെടുമ്പാശേരി വിമാനത്താവള വിരുദ്ധ പ്രക്ഷോഭം, സ്വാശ്രയ കോളജ് വിരുദ്ധ സമരം. അങ്ങനെ ഇടതുപക്ഷ മുന്നണി നടത്തിയ വിശ്രമമില്ലാത്ത സമരപരമ്പരകളുടെ കാലഘട്ടം. സ്വാശ്രയ കോളജ് വിരുദ്ധ സമരത്തിന്റെ ഭാഗമായി അഞ്ചു ഡി.വൈ.എഫ്.ഐ. യുവാക്കള്‍ പോലീസ് വെടിവയ്‌പില്‍ മരിച്ചു രക്‌തിസാക്ഷിത്വം വരിക്കുക തന്നെ ചെയ്‌തു. ആ സമരങ്ങള്‍ക്കിടയില്‍ കത്തിച്ചാമ്പലായ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും കേടുപാടു സംഭവിച്ച സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും കണക്കില്ല. ഏതെല്ലാം സംരംഭങ്ങള്‍ക്കെതിരേ ഇടതുപക്ഷം രക്‌തം ചിന്തി സമരം ചെയ്‌തോ അതെല്ലാം ഇടതുമുന്നണി അപ്പാടെ സ്വീകരിക്കുകയും ചെയ്‌തു. കാലത്തിന്റെ മാറ്റത്തിനൊപ്പം മാറാന്‍ തയാറായാല്‍ പിന്നെ അതെല്ലാം ആവശ്യമായി വരുമല്ലോ?
ഇത്തവണ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാര്യമായ ഒരു പ്രക്ഷോഭവും ഇടതുപക്ഷ മുന്നണി നടത്തിയില്ല. അതിനു പ്രധാന കാരണം പ്രക്ഷോഭത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വാഹനങ്ങളും മറ്റു പൊതുമുതലും നശിപ്പിക്കുന്ന സമരക്കാരെ പിടികൂടിയാല്‍ വരുത്തിയ നാശത്തിനു തുല്യമായ തുക കെട്ടിവച്ചാലേ കോടതിയില്‍ നിന്നു ജാമ്യം ലഭിക്കൂ എന്ന നിയമവ്യവസ്‌ഥ സംസ്‌ഥാനത്തു നടപ്പിലായി എന്നതാണ്. അറസ്‌റ്റ് ചെയ്യപ്പെട്ട സമരക്കാര്‍ക്കു ജാമ്യം കിട്ടാന്‍ ലക്ഷക്കണക്കിനു രൂപ കെട്ടിവയ്‌ക്കേണ്ടി വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം വലഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനോടനുബന്ധിച്ചുണ്ടായ ഏകദിന പ്രതിഷേധത്തിലും അക്രമമുണ്ടായപ്പോള്‍ അറസ്‌റ്റ് ചെയ്യപ്പെട്ട പ്രതികളില്‍ പലര്‍ക്കും ജാമ്യം കിട്ടാന്‍ ഇതൊക്കെ വേണ്ടി വന്നപ്പോള്‍ അക്രമസമരക്കാരുടെ വീര്യം മുഴുവന്‍ ചോര്‍ന്നുപോയി. കേരളം ശാന്തമാവുകയും ചെയ്‌തു.
എന്നു മാത്രമല്ല നിയമസഭയിലെ അംഗങ്ങളുടെ അടിസ്‌ഥാനത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മിക്കവാറും തുല്യ ശക്‌തികളാണെങ്കിലും ഇടതുമുന്നണി നയിക്കുന്ന സി.പി.എം. ആഭ്യന്തരകലഹം മൂലം ആത്മവീര്യവും ആവേശവും നഷ്‌ടപ്പെട്ട വിഭാഗമായി മാറി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും നയിക്കുന്ന ഗ്രൂപ്പുകള്‍ തമ്മിലുള്ള കടുത്ത വടംവലികള്‍ തന്നെയായിരുന്നു കാരണം. അതുകൊണ്ടുതന്നെ പലേ പ്രശ്‌നങ്ങളും ഉയര്‍ത്തിപ്പിടിച്ച് സി.പി.എം. നടത്തിയ സംസ്‌ഥാന വ്യാപകമായ പ്രക്ഷോഭങ്ങള്‍ പോലും നനഞ്ഞ പടക്കംപോലെ നിര്‍ജീവമായിപ്പോവുകയാണുണ്ടായത്.
ഈ പശ്‌ചാത്തലത്തില്‍ ഏതു പരിപാടികളുമായി വിജയകരമായി മുന്നോട്ടു പോകാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിയുമായിരുന്നു. എന്നു മാത്രമല്ല എന്തു രാഷ്‌ട്രീയ പ്രശ്‌നം വന്നാലും ഘടകകക്ഷികള്‍ക്കുള്ളിലെ ഭിന്നതയുടെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും നേതാക്കളുടെ കുടുംബപ്രശ്‌നമുണ്ടായാലും അതു പരിഹരിക്കാനുള്ള ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ് ഘടകകക്ഷി നേതാക്കള്‍ ഏല്‌പിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതേപോലെ യു.ഡി.എഫിന്റെ ഘടകകക്ഷികളുടെ മുഴുവന്‍ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞ ഒരു നിയമസഭാകക്ഷി നേതാവ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെപ്പോലെ മറ്റാരുമുണ്ടായിട്ടില്ല എന്നതു തര്‍ക്കമില്ലാത്ത കാര്യമാണ്.
അങ്ങനെയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഒരു സല്‍ഭരണം കാഴ്‌ചവയ്‌ക്കാന്‍ കഴിയാതെ ഉഴലുന്നത്. അതിനു കാരണം മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കും ഭരണകാര്യങ്ങളില്‍ പൂര്‍ണമായ ശ്രദ്ധയൂന്നാന്‍ കഴിയാതെ വന്നിരിക്കുന്നു എന്നതാണ്. 'അതിവേഗം ബഹുദൂരം', 'കരുതലോടെയുള്ള വികസനം' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് മുഖ്യമന്ത്രി മുന്നോട്ടു നീങ്ങിയത്.
പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ടു മനസിലാക്കി പരിഹരിക്കാനുള്ള ഒരു പുതിയ യജ്‌ഞം തന്നെ മുഖ്യമന്ത്രി ആരംഭിച്ചു. ഈ യജ്‌ഞം മുഖ്യമന്ത്രി ആരംഭിച്ചപ്പോള്‍ ഓരോ ജില്ലയിലും പതിനായിരക്കണക്കിനു ജനങ്ങളാണു തടിച്ചുകൂടിയത്. പല ജില്ലകളിലും രാവിലെ ആരംഭിച്ച പരാതി പരിഹാരയജ്‌ഞം അവസാനിച്ചത് അര്‍ധരാത്രി കഴിഞ്ഞിട്ടായിരുന്നു. സാധാരണക്കാര്‍ക്ക് അപ്രാപ്യനല്ലാത്ത മുഖ്യമന്ത്രി എന്ന സല്‍പ്പേരു തന്നെ ഉമ്മന്‍ചാണ്ടിക്കു ലഭിച്ചു. ആയിരക്കണക്കിനു സാധാരണക്കാരുടെ പരാതികള്‍ക്കു പരിഹാരമുണ്ടായി.
പക്ഷേ ഇതിന്റെ മറുവശത്തെപ്പറ്റി അധികമാരും ചിന്തിച്ചില്ല. വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും മറ്റു പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളിലും പരിഹരിക്കേണ്ട പരാതികളും പ്രശ്‌നങ്ങളുമായിരുന്നു ഈ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ വിധിതീര്‍പ്പിനു വന്നതെന്നോര്‍ക്കണം. എന്തുകൊണ്ട് ആ താഴ്‌ന്ന തലങ്ങളില്‍ അവ പരിഹരിക്കാന്‍ കഴിഞ്ഞില്ല? നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന്റെ അല്ലെങ്കില്‍ ഉദ്യോഗസ്‌ഥ വിഭാഗങ്ങളുടെ കാര്യക്ഷമതയില്ലായ്‌മ തന്നെയായിരുന്നു ഇതിനു കാരണമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ആ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ ശുഷ്‌കാന്തിയില്ലായ്‌മയും കാര്യപ്രാപ്‌തിയില്ലായ്‌മയും മറ്റൊരു കാരണമായിരുന്നു. സാമ്പത്തിക സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഉദ്യോഗസ്‌ഥവല്‍കരണം നാടിന്റെ ശാപമായി മാറിയിരിക്കുന്നു എന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്. ഇതിനെല്ലാം പിന്നില്‍ അഴിമതിയുടെ കറ പുരണ്ട കൈകളാണുള്ളത്.
ഇതിനെതിരേ രാഷ്‌ട്രീയ ഭരണാധികാരികളുടെ ഉരുക്കുമുഷ്‌ടികള്‍ തന്നെ ഉയര്‍ന്നാലേ രാജ്യം രക്ഷപ്പെടുകയുള്ളൂ. പക്ഷേ രാജ്യത്തെക്കാള്‍ വലുത് സ്വന്തം കുടുംബമാണെന്നു വിശ്വസിക്കുന്നവരായി പലേ നേതാക്കളും മാറുന്നത് കേരളത്തില്‍ ഇന്നു നാം കാണുന്നു.
ഇതിനെല്ലാം സമൂല മാറ്റമുണ്ടാക്കാന്‍ സാധിക്കാതെ കേരളത്തെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കഴിയുമെന്നു തോന്നുന്നില്ല. സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതി തീരെ ദുര്‍ബലമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്‌ഥാനമായി കേരളം മാറിക്കഴിഞ്ഞു. മറ്റു സംസ്‌ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഫലപ്രദമായ സാമൂഹ്യക്ഷേമ-സമൂഹ സുരക്ഷാ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതുതന്നെയാണ് പ്രധാന കാരണം. അതില്‍ മാറിമാറി വന്ന എല്ലാ മുന്നണി സംസ്‌ഥാന മന്ത്രിസഭകളും സ്‌തുത്യര്‍ഹമായ സംഭാവനകള്‍ ചെയ്‌തിട്ടുണ്ട്.
വ്യാവസായിക മേഖലയും കാര്‍ഷിക മേഖലയും വൈദ്യുതിയുല്‌പാദന മേഖലയും മരവിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. വ്യവസായ സംരംഭങ്ങള്‍ വിജയിക്കണമെങ്കില്‍ റോഡ്, തുറമുഖം, റെയില്‍, വൈദ്യുതി എന്നീ അടിസ്‌ഥാന സൗകര്യ മേഖലകളുടെ ത്വരിതഗതിയിലുള്ള വികസനം സാധ്യമാക്കിയേ മതിയാകൂ. അതിലാണ് സംസ്‌ഥാന സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടത്.
പക്ഷേ യു.ഡി.എഫിലെ പടലപ്പിണക്കങ്ങളിലും സ്‌ഥാനമോഹക്കളികളിലും സമയമത്രയും ചെലവഴിക്കുന്ന മുഖ്യമന്ത്രിക്ക് ഇതിനു കഴിയുമോ? കഴിയണമെങ്കില്‍ മുഖ്യമന്ത്രി അതിനു സമയം കണ്ടെത്തുകതന്നെ വേണം. ഈ വക പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ പോലും ഇന്നു മുഖ്യമന്ത്രിക്കു സമയം കിട്ടുന്നുണ്ടോ? ഭരണമേറ്റെടുത്തിട്ട് രണ്ടുവര്‍ഷം കഴിഞ്ഞില്ലേ? ഇനി കൊച്ചുകൊച്ച് ഉദ്‌ഘാടനങ്ങള്‍ക്കൊന്നും താന്‍ പോകില്ലെന്നു മുഖ്യമന്ത്രി തീരുമാനിക്കണം. പഞ്ചായത്തു കിണറുകളും ഗ്രാമീണ കലുങ്കുകളും ഉദ്‌ഘാടനം ചെയ്യേണ്ടത് മുഖ്യമന്ത്രിയൊന്നുമല്ല.
ആഴ്‌ചയില്‍ ഒരുദിവസം എല്ലാ ഔദ്യോഗിക പരിപാടികളില്‍ നിന്നും ഒഴിഞ്ഞുമാറിനിന്നു സംസ്‌ഥാനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചു തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനു കഴിയണം. വഴിവക്കില്‍ വച്ചു പോലും മാധ്യമപ്രവര്‍ത്തകരെ കണ്ടാല്‍ അവരോട് ഓരോരോ പ്രസ്‌താവനകള്‍ നടത്തുന്നതിനു പകരം മന്ത്രിസഭാ യോഗം ചേരുന്ന ബുധനാഴ്‌ച ദിവസം മാത്രം മാധ്യമപ്രവര്‍ത്തകരോട് എല്ലാ കാര്യങ്ങളും പറയുകയും അവരുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്യുന്ന ഒരു സമ്പ്രദായം തന്നെ സ്വീകരിക്കണം. ഒരു പുതിയ മാധ്യമ സമ്പര്‍ക്ക സംസ്‌കാരം കേരളത്തിലെ മന്ത്രിമാര്‍ വളര്‍ത്തിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതാണു യാഥാര്‍ഥ്യം.
No comments:
Post a Comment