തൊഴില്‍ പരിശോധനക്ക് മന്ത്രാലയത്തിന് പ്രത്യേക പദ്ധതി
കെ.കെ.എ.അസീസ്
റിയാദ്: തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കുന്നതിനുള്ള ഇളവുകാലം അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം പദ്ധതി തയാറാക്കുന്നു. സ്ഥാപനങ്ങളില്‍ നിയമവിരുദ്ധ തൊഴിലാളികള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ദേശീയ റിക്രൂട്ടിങ് കമീഷനുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കാനുള്ള പദ്ധതിക്കാണ് മന്ത്രാലയം രൂപംനല്‍കിയത്. ഇതിന്‍െറ ഭാഗമായി കമ്പനികള്‍ക്കും തൊഴിലാളികളെ ലഭ്യമാക്കുന്ന റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ക്കും കമ്മിറ്റി കത്ത് കൈമാറിയതായാണ് വിവരം. തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളിയുടെ പേര്, ഇഖാമ നമ്പര്‍, തൊഴില്‍ സ്ഥാപനത്തിന്‍െറ പേര് തുടങ്ങിയവ തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തണം. തൊഴിലാളി സ്ഥാപനത്തിന്‍െറ സ്പോണ്‍സര്‍ഷിപില്‍ തന്നെയുള്ള വ്യക്തിയാണോ എന്ന് തിരിച്ചറിയാനാണിത്. തൊഴിലാളികള്‍ക്ക് രേഖകള്‍ നിയമവിധേയമാക്കാന്‍ അനുവദിച്ച ഇളവുകാലം ജൂലൈ മൂന്നിന് അവസാനിക്കാനിരിക്കെയാണ് അനധികൃത തൊഴിലാളികള്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരിശോധന സംവിധാനം ശക്തമാക്കുന്നത്.
സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സേവനത്തിന് തൊഴിലാളികളെ വിട്ടുകൊടുക്കുന്ന റിക്രൂട്ടിങ് കമ്പനികളോടും തങ്ങളുടെ തൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളടങ്ങുന്ന തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാന്‍ നിര്‍ദേശിച്ചു.
തൊഴില്‍ രേഖകള്‍ നിയമവിധേയമാണെന്ന് ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി സ്ഥാപനങ്ങളില്‍ വ്യാപകമായി തെരച്ചില്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചത് തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിച്ചതിനെ തുടര്‍ന്നാണ് മൂന്ന് മാസക്കാലം തെരച്ചില്‍ നിര്‍ത്തിവെക്കാനും അതിനിടയില്‍ രേഖകള്‍ നിയമവിധേയമാക്കാനും രാജവിജ്ഞാപന പ്രകാരം ഇളവ് അനുവദിച്ചത്. ഇത് ജൂലൈ മൂന്നിന് (ശഅ്ബാന്‍ 24) അവസാനിക്കുന്നതോടെ വീണ്ടും തെരച്ചില്‍ നടപടികള്‍ ശക്തമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് തൊഴില്‍ മന്ത്രാലയം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഇതിനകം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
പിടിക്കപ്പെടുന്ന തൊഴിലുടമക്കും തൊഴിലാളിക്കുമെതിരെ രണ്ടു വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയുമുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ മാര്‍ഗരേഖയിലും വ്യക്തമാക്കി. ജൂലൈ മൂന്നിന് ശേഷം ഇളവുകാലയളവ് നീട്ടി നല്‍കുന്നതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകേണ്ടത് രാജവിജ്ഞാപനത്തിന്‍െറ അടിസ്ഥാനത്തിലാണെന്നും കഴിഞ്ഞ ദിവസം മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ലക്ഷക്കണക്കിന് തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കാന്‍ അനുവദിച്ച സമയം അപര്യാപ്തമാണെന്നും നീട്ടിനല്‍കണമെന്നും വിവിധ കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായവും ആവശ്യവും ശക്തമായി.
No comments:
Post a Comment