മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാ ദാസ് എന്ന മാധവിക്കുട്ടി മുസ്ലിമായി മതം മാറിയത് അബ്ദുള്‍ സമദ് സമദാനിയെ വിവാഹം കഴിക്കാനെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാമേനോന്റെ വെളിപ്പെടുത്തല്‍. ജന്മഭൂമിയുടെ വാരാന്ത്യ പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് ലീലാമേനോന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലീലാ മേനോന്റെ കോളത്തിലെ പ്രസക്ത ഭാഗങ്ങള്‍.
"കമല മതം മാറുന്നു എന്ന് പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ് മുസ്ലിമായി മതം മാറി അബ്ദുള്‍സമദ് സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ് വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്‌ലാറ്റിലെത്തിയത്.
കടവന്ത്രയിലെ ഒരു മതപുരോഹിതനാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. കമലാ ദാസ് അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.
കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന് ശേഷം കേരളത്തിലെ സാംസ്‌ക്കാരികനായകര്‍ സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന് കമല വരാമെന്നേറ്റിരുന്നതാണ്, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്‌ലാറ്റില്‍ ചെന്നപ്പോഴാണ് കമല അന്ന് സമദാനിയുടെ 'കടവ്' എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച് അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന് സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട് വെളിപ്പെടുത്തിയത്.
മൂന്ന് ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കമലയുടെ മറുപടി ഇങ്ങനെയായിരുന്നു'ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍'.
കമലയെപ്പോലെ ഇത്ര നിഷ്‌കളങ്കയായ, പരിശുദ്ധഹൃദയയായ, സ്‌നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകര്‍ഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്‍സ് ഓഫ് ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്‍ കഴിവുമുള്ള കമലം എന്റെ ദൃഷ്ടിയില്‍ ഒരു 'ജീനിയസ്' ആയിരുന്നു"
" അന്ന് മുതല്‍ കമല കറുത്ത പര്‍ദ്ദയിട്ട് സമൃദ്ധമായ തലമുടി ഹിജാബ് കൊണ്ടുമൂടി, കണ്ണില്‍ സുറുമ എഴുതി കയ്യില്‍ മെയിലാഞ്ചി പുരട്ടി നടക്കാന്‍ തുടങ്ങി. മെയിലാഞ്ചി ഇടാന്‍ ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് ഒരു സ്ത്രീ വരുമായിരുന്നു. കമല സൗന്ദര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ സ്ഥിരമായി പോകുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഫേഷ്യല്‍ ചെയ്തത് വളരെ ഇഷ്ടമായി എന്നു പറഞ്ഞ് ബ്യൂട്ടീഷന് തന്റെ കയ്യിലെ സ്വര്‍ണവള കമല ഊരി നല്‍കി.
ദാനശീലയായ കമല പെട്ടെന്നുള്ള പ്രേരണയില്‍ ഇങ്ങനെ സാധനങ്ങള്‍കൊടുക്കുമായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ കമല തന്റെ കാര്‍ അവര്‍ക്ക് നല്‍കിയത് ചെറിയ കാറിലെ യാത്ര കുഞ്ഞിനെ അപകടപ്പെടുത്തിയാലോ എന്ന് ഭയന്നായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭഛിദ്രം നടത്തി എന്നറിഞ്ഞപ്പോള്‍ കാര്‍ കൊടുത്തതില്‍ കമല പശ്ചാത്തപിയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
കമല സുരയ്യയായപ്പോള്‍ മത പ്രാര്‍ത്ഥനകളും നിസ്‌ക്കാരവും എല്ലാം ചെയ്യുന്നത് പഠിപ്പിക്കാന്‍ കടവന്ത്രയിലെ ഒരു മൗലവി ഫ്‌ലാറ്റില്‍ വരുമായിരുന്നു. ഹിന്ദുമത വിശ്വാസികള്‍ ഉപദ്രവിച്ചാലോ എന്ന് ഭയന്ന് അവിടെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗാര്‍ഡുകളായി നിന്നു. പോലീസും സുരക്ഷിതത്വം നല്‍കിയിരുന്നു.
പക്ഷേ, സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. മന്ത്രി കുഞ്ഞാലിക്കുട്ടി, സമദാനി കമലയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ എഴുത്തുകാരിയല്ലേ? അത് അവരുടെ ഭാവനയാണ് എന്ന് പറഞ്ഞു പരിഹസിക്കുകയാണ് ചെയ്തത്. കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച് പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത എന്നോട് പറഞ്ഞിട്ടുണ്ട്.
സമദാനി വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട് അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട് പറഞ്ഞു. പേടിച്ചിട്ടാണ് കമല പര്‍ദ്ദയില്‍ തുടര്‍ന്നത്. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച് സന്തോഷത്തോടെ പറഞ്ഞത് 'ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ് ധരിക്കുന്നത്, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്' എന്നാണ്. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, 'മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന് എന്നെ ധരിപ്പിച്ചു' എന്ന്."
No comments:
Post a Comment