നാടുകടത്താന്‍ സൗദി; പിഴിയാന്‍ ഇന്ത്യന്‍ എംബസി അധികൃതരും
മലപ്പുറം: 2700 റിയാല്‍ സൗദിഏജന്റിന് കൊടുത്തിട്ടാണ് നാടുകടത്താനുള്ളവരെ പാര്‍പ്പിക്കുന്ന തര്‍ഹീല്‍ ജയിലിലെത്താനായത്.
അവിടെയെത്തിയപ്പോഴാണ് തങ്ങളെ പിഴിയാന്‍ ഇന്ത്യന്‍ എംബസി ജീവനക്കാരുമുണ്ടെന്ന് അറിയുന്നത്. നയാപൈസ കൈയിലില്ലാതെ എങ്ങനേയും നാട്ടിലേക്ക് മടങ്ങാനെത്തിയവരെ സഹായിക്കാന്‍ നിയോഗിച്ചവരുടെ ഈ നടപടി എങ്ങനെ പൊറുക്കും? സൗദിയില്‍ വര്‍ഷങ്ങളോളം ഡ്രൈവറായി ജോലിചെയ്യുകയും പിന്നീട് നാടുകടത്തലിനെ തുടര്‍ന്ന് നാട്ടിലെത്തുകയും ചെയ്ത മലപ്പുറം മുണ്ടുപറമ്പ് കാട്ടുങ്ങല്‍ ചോലശ്ശേരി ഹബീബും (40), ഇരുമ്പുഴി പറമ്പന്‍കോലോത്ത് മൊയ്തീന്‍ കുട്ടിയും (48) പറഞ്ഞതാണിത്.
തര്‍ഹീല്‍ ജയിലില്‍ നേരിട്ട് കാണുകയും അനുഭവിക്കുകയുംചെയ്ത കാര്യങ്ങള്‍ അവര്‍ വിവരിക്കുമ്പോള്‍ ഇന്ത്യക്കാര്‍ ഉദ്യോഗസ്ഥരാലും പീഡിപ്പിക്കപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്. അപേക്ഷയോടൊപ്പം 50ഉം 100ഉം റിയാല്‍ വെച്ചു കൊടുക്കണം. കൊടുക്കാത്തവരെ ആട്ടിപ്പായിക്കുകയാണ് സാധാരണചെയ്യുക.
അപേക്ഷ വീണ്ടും താമസിപ്പിക്കും. മറ്റുരാജ്യക്കാര്‍ തര്‍ഹീല്‍ ജയിലിലെത്തി ആഴ്ചകള്‍ക്കുള്ളില്‍ മടങ്ങുമെങ്കില്‍ ഇന്ത്യക്കാരുടെകാര്യം രണ്ടുമാസംവരെ നീളുമെന്നും ഇവര്‍പറയുന്നു.
മറ്റുരാജ്യങ്ങളിലെ എംബസിജീവനക്കാര്‍ കുടിയേറ്റക്കാര്‍ക്ക് അപേക്ഷ പൂരിപ്പിച്ചുനല്‍കുമ്പോള്‍ ഇന്ത്യക്കാര്‍ സ്വന്തമായിത്തന്നെ പൂരിപ്പിക്കണം. തെറ്റുവല്ലതും വന്നാല്‍ അതിന്റെപേരില്‍ മാറ്റിവെക്കുമെന്നും ഹബീബും മൊയ്തീന്‍കുട്ടിയും പറയുന്നു. മാത്രമല്ല തര്‍ഹീലില്‍ നാലാമത്തെ സെല്ലിലെത്തുന്നവരെയാണ് കയറ്റിവിടുന്നത്.
ഇത്തരത്തില്‍ ഒന്നുമുതല്‍ നാല് സെല്ലുകളുണ്ട്. ഓരോയിടത്തും 600 കുടിയേറ്റക്കാര്‍വരെയും. ഇതില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരാണ്. മറ്റ് എംബസികളിലെ ജീവനക്കാര്‍ ഓരോ സെല്ലിലുമെത്തി തങ്ങളുടെ രാജ്യത്തെ പൗരന്മാരെ കണ്ടെത്തി കാര്യങ്ങള്‍ചോദിച്ചറിയും. എന്നാല്‍ നാലാംസെല്ലില്‍ മാത്രമേ നമ്മുടെ എംബസി ജീവനക്കാര്‍ വരൂ. മറ്റുസെല്ലുകളിലെ കാര്യങ്ങള്‍ ഇവര്‍ അന്വേഷിക്കാറുമില്ല.
സൗദിയില്‍ പിടിയിലായ മലയാളികളടക്കമുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെവക പീഡനം നേരിടുന്നതും 100 പേര്‍ക്ക് താമസിക്കാന്‍പറ്റുന്ന ജയിലില്‍ 600 പേര്‍വരെ താമസിക്കുന്നതിന്റെ ദൃശ്യങ്ങളും മാതൃഭൂമി ന്യൂസ്ചാനല്‍ പുറത്തുവിട്ടിരുന്നു.
സൗദി ജയിലില്‍ ജീവന്‍പണയംവെച്ചാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന് ഹബീബ് പറയുന്നു. ഇത് നമ്മുടെനാട്ടിലുള്ളവര്‍ കാണണം. അതിനാണ് കഷ്ടപ്പെട്ട് മൊബൈലില്‍ എടുത്തത്.
പണം കൊടുക്കാത്തവര്‍ വീണ്ടും നാലും അഞ്ചും ദിവസംകൂടി തറയില്‍ കിടന്നുറങ്ങേണ്ടിവരും. എംബസിയില്‍ മലയാളി ജീവനക്കാരില്ലെന്നതും വലിയ പ്രശ്‌നമാണെന്ന് നാട്ടിലെത്തിയ ഇവര്‍ പറയുന്നു. സൗദിയില്‍ പിടിച്ചുനില്‍ക്കാനാകാതെ പിടികൊടുത്താണ് മിക്കവരും തര്‍ഹീലിലെത്തുന്നത്.
അവിടെ സൗദിപോലീസ് നല്‍കുന്ന പേപ്പറില്‍ കുടിയേറ്റക്കാരുടെ പഴയ പാസ്‌പോര്‍ട്ട് നമ്പര്‍ എഴുതിയിട്ടുണ്ട്. ഇത് മറച്ചുവെച്ചാണ് ജീവനക്കാര്‍ പണം ആവശ്യപ്പെടുന്നതെന്നും ആക്ഷേപമുണ്ട്.
No comments:
Post a Comment