Saturday 6 April 2013

[www.keralites.net] പകുത്തുനല്‍കിയത് പ്രാണന്‍; തിരിച്ചുകിട്ടിയത് വേദന

 

പകുത്തുനല്‍കിയത് പ്രാണന്‍; തിരിച്ചുകിട്ടിയത് വേദന

ആരും ചെയ്യാത്ത സഹായമായിരുന്നു ‍ഡ്രാക്കുളയിലൂടെ ശ്രദ്ധേയനായ നടന്‍ സുധീറും പത്നി ശ്രീപ്രിയയും ചെയ്തത്. പരിചയം പോലുമില്ലാത്ത ഒരു യുവതിക്ക് സ്വന്തം ബീജവും അണ്ഡവും അവര്‍ പകുത്തു നല്‍കി. പകരം കിട്ടിയതോ....?

സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം രാവിലെ ലൊക്കേഷനിലേക്ക് പോകാനിറങ്ങുമ്പോള്‍ സെല്‍ഫോണിലേക്ക് ഒരു മിസ്‌കോള്‍. ആരെന്നറിയാന്‍ തിരിച്ചുവിളിച്ചു. മറുപടി ഒരു മൂളല്‍ മാത്രം. ശബ്ദം ഒരു പെണ്‍കുട്ടിയുടേതാണ്. കട്ട് ചെയ്ത് നേരെ ലൊക്കേഷനിലേക്ക്. പിറ്റേ ദിവസവും അതേസമയത്ത് അതേ നമ്പറില്‍ നിന്ന് വീണ്ടും മിസ്‌കോള്‍. അന്നും മൂളല്‍ മാത്രം. തുടര്‍ച്ചയായി മുന്നുനാലുദിവസം മൂളല്‍ തുടര്‍ന്നപ്പോഴാണ് തിരുവനന്തപുരത്ത് ബി.എസ്.എന്‍.എല്ലില്‍ ജോലിയുള്ള സുഹൃത്തിനെ വിളിക്കുന്നത്. അവന്‍ ഒരു മണിക്കൂറിനുള്ളില്‍ ആ നമ്പറിന്റെ ഉടമയുടെ അഡ്രസ് എനിക്കു മെസേജ് ചെയ്തു. മലബാറിലുള്ള ഒരു സ്ത്രീയുടെ പേരിലായിരുന്നു ആ ഫോണ്‍.
''നിങ്ങളുടെ അഡ്രസ് എനിക്കറിയാം. ഇനിയും ശല്യപ്പെടുത്താന്‍ വന്നാല്‍ സൈബര്‍സെല്ലിന് പരാതി നല്‍കും.''
എന്നു സൂചിപ്പിച്ച് അവള്‍ക്ക് മെസേജ് അയച്ചു. അഞ്ചുമിനുട്ടു കഴിയുന്നതിനു മുമ്പെ ആ നമ്പറില്‍ നിന്ന് വീണ്ടും കോള്‍. ഇത്തവണ മൂളലായിരുന്നില്ല. ഒരു പെണ്‍കുട്ടി പേടിയോടെയുള്ള സംസാരിച്ചുതുടങ്ങുന്നു.

''സാര്‍, ഞാന്‍ ശല്യപ്പെടുത്താനായിരുന്നില്ല, ശബ്ദം കേള്‍ക്കാനായിരുന്നു വിളിച്ചത്. സാറിന്റെ സീരിയലുകള്‍ സ്ഥിരമായി കാണാറുണ്ട്. ഞങ്ങള്‍ക്കൊക്കെ ഭയങ്കര ഇഷ്ടമാണ് സാറിനെ.''

അവള്‍ അമ്മയ്ക്ക് ഫോണ്‍ കൈമാറി. അമ്മയും എന്റെ അഭിനയത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു. ഇനിയും വിളിക്കുമെന്നു പറഞ്ഞുകൊണ്ടാണ് അന്നു ഫോണ്‍ കട്ട് ചെയ്തത്. പറഞ്ഞതുപോലെ തന്നെ ഇടയ്ക്കിടെ അവളും കുടുംബാംഗങ്ങളും വിളിക്കാന്‍ തുടങ്ങി. ഒരു മാസത്തിനുള്ളില്‍ എന്റെ ഭാര്യ പ്രിയയുമായും മക്കളുമായും ആ കുടുംബം നല്ല സൗഹൃദത്തിലായി. ഇരുപത്തിയൊന്നു വയസുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍. ആ സമയത്താണ് അവള്‍ക്ക് വിവാഹാലോചന വന്നത്. പയ്യനെ ഇഷ്ടപ്പെട്ടുവെന്ന് ഒരു ദിവസം എന്നെ വിളിച്ചുപറഞ്ഞു. എന്‍ഗേജ്‌മെന്റിന് ആദ്യം ക്ഷണിച്ചത് എന്നെയും കുടുംബത്തെയുമാണ്. പക്ഷേ ഷൂട്ടിംഗിന്റെ തിരക്കില്‍ അവളുടെ വീട്ടില്‍പോകാന്‍ കഴിഞ്ഞില്ല. മോതിരംമാറ്റല്‍ കഴിഞ്ഞതോടെ അവളെ കെട്ടാന്‍ പോകുന്ന പയ്യനും എന്റെ സുഹൃത്തുക്കളിലൊരാളായി. വീണ്ടും ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം ഞാന്‍ പറഞ്ഞു.

''നീ വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയാണ്. എന്നെ ഇങ്ങനെ അധികം ഫോണ്‍ ചെയ്യുന്നത് ശരിയല്ല.''
വാക്കുകളിലെ ഗൗരവം മനസിലാക്കിയ ശേഷം അവള്‍ ഫോണ്‍ ചെയ്യുന്നത് കുറച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തീരെ വിളിക്കാതെയായി. വിവാഹം അടുത്തുവരുന്നതുകൊണ്ടാവാമെന്നാണ് ഞാന്‍ കരുതിയത്. രണ്ടു മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരന്റെ ഫോണ്‍.

''സാര്‍, അവള്‍ മരിച്ചു. ബ്രെയിന്‍ ട്യുമറായിരുന്നു. അസുഖമായതിനാലാണ് അവള്‍ ഇത്രയുംകാലം വിളിക്കാതിരുന്നത്.''
ഞെട്ടിത്തരിച്ചുപോയി ഞാന്‍. സഹോദരിയെപ്പോലെ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ ശബ്ദം നിലച്ചിരിക്കുന്നു. വീട്ടിലെത്തി പ്രിയയോടും കുട്ടികളോടും ഇക്കാര്യം സംസാരിക്കുമ്പോള്‍ ഞാന്‍ വിതുമ്പുകയായിരുന്നു.

വീണ്ടും ഒരാഴ്ച കഴിഞ്ഞ് അവളുടെ അമ്മ വിളിച്ചപ്പോള്‍ ഞാന്‍ സമാധാനിപ്പിച്ചു. ആ ബന്ധം പഴയതിനേക്കാളും നന്നായി തുടര്‍ന്നു. അമ്മയും അവളുടെ ചേച്ചി ആതിരയും (യഥാര്‍ഥ പേരല്ല) ഭര്‍ത്താവുമൊക്കെ ഇടയ്ക്കിടെ വിളിക്കാന്‍ തുടങ്ങി. ആതിരയ്ക്ക് കുട്ടികളില്ലാത്തതിനാല്‍ ചികിത്സയ്ക്കായെത്തിയത് ആലുവയിലെ പ്രൈവറ്റ് ആശുപത്രിയിലായിരുന്നു. അന്ന് അവരെല്ലാവരും കൂടി വൈറ്റിലയിലെ എന്റെ ഫ്‌ളാറ്റിലെത്തി. നേരില്‍ക്കണ്ട് മണിക്കൂറുകളോളം സംസാരിച്ച് ഭക്ഷണം കഴിച്ചാണ് അന്നവിടം വിട്ടത്. അതോടെ ഞങ്ങളുടെ അടുപ്പത്തിന്റെ ദൃഢത കൂടി. ആലുവയില്‍ ചികിത്സയ്ക്ക് വരുമ്പോഴൊക്കെയും എന്റെ വീട്ടിലെത്തുക പതിവായി. മലബാറിലെ ചില അമ്പലങ്ങളില്‍ തീര്‍ഥാടനത്തിനു പോയ സമയത്ത് അവര്‍ വീട്ടിലേക്കു വരാന്‍ നിര്‍ബന്ധിച്ചു. ഒരു ചെറിയ ഗ്രാമമായിരുന്നു അവരുടേത്. നല്ല സ്വീകരണമായിരുന്നു അവിടെ ഞങ്ങള്‍ക്കു ലഭിച്ചത്. സന്തോഷമായി ജീവിക്കുന്ന കുടുംബം. പക്ഷേ ഒറ്റ വിഷമം മാത്രം. ആതിരയ്ക്ക് കുട്ടികളില്ല. അതിനുവേണ്ടി എന്തു ചികിത്സയ്ക്കും അവര്‍ തയാറുമാണ്. പക്ഷേ രണ്ടുപേര്‍ക്കും കൗണ്ട് കുറവായതിനാല്‍ ചികിത്സകള്‍ ഫലിക്കുന്നില്ല. എങ്കിലും കുട്ടികളുണ്ടാവുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ ആലുവയിലെ ആശുപത്രിയിലെത്തുന്നത്.

''നമുക്ക് രണ്ടു കുട്ടികളുണ്ട്. ഇനി കുട്ടികള്‍ ആവശ്യവുമില്ല. അങ്ങനെയാണെങ്കില്‍ നമുക്കവരെ സഹായിച്ചാലോ?''
ഒരു ദിവസം സന്ധ്യയ്ക്ക് പ്രിയ ചോദിച്ചതുകേട്ട് ഞാനൊന്നു ഞെട്ടി. പിന്നീട് ആലോചിച്ചുനോക്കിയപ്പോള്‍ ശരിയാണെന്നു തോന്നി. എന്റെ ബീജവും അവളുടെ അണ്ഡവും നല്‍കിയാല്‍ ആതിരയ്ക്കു ഗര്‍ഭിണിയാവാം. നമ്മുടെ ജന്മം കൊണ്ട് മറ്റുള്ളവര്‍ക്ക് ഉപകാരം കിട്ടുമെങ്കില്‍ അതു നല്ല കാര്യമാണല്ലോ. പക്ഷേ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും എതിര്‍ത്തു. എന്നാല്‍ പ്രിയയുടെ ബന്ധുക്കള്‍ക്ക് സമ്മതമായിരുന്നു.
ഒരു ദിവസം ആതിരയും ഭര്‍ത്താവും വീട്ടില്‍ വന്നപ്പോള്‍ ഞാനിക്കാര്യം പറഞ്ഞപ്പോള്‍
, അവര്‍ക്ക് നൂറുവട്ടം സമ്മതം.
''സുധിയേട്ടാ, ദൈവമാണ് ഞങ്ങള്‍ക്ക് നിങ്ങളെ പരിചയപ്പെടുത്തിത്തന്നത്. ജീവനുള്ളിടം വരെ മറക്കാന്‍ കഴിയില്ല.''

പിന്നീടുള്ള ചികിത്സകള്‍ പെട്ടെന്നായിരുന്നു. ആലുവയിലെ ഡോക്ടര്‍ ഞങ്ങളെ വിളിപ്പിച്ച് എല്ലാ പരിശോധനയും നടത്തി. രണ്ടുപേരുടെയും ബീജവും അണ്ഡവും നല്‍കുന്നതിന് ഒരു കുഴപ്പവുമില്ലെന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തല്‍. പക്ഷേ അതിനുവേണ്ടി പ്രിയയ്ക്ക് ചെറിയൊരു സര്‍ജറി വേണ്ടിവന്നു. അനസ്‌തേഷ്യയും ഹോര്‍മോണ്‍ കുത്തിവയ്പുമൊക്കെ ആയതോടെ അവള്‍ ശരിക്കും തളര്‍ന്നു. ഒരുമാസം പ്രിയയ്ക്ക് ബെഡ്‌റസ്റ്റ് വിധിച്ചപ്പോഴാണ്, ഇത്രയും കഷ്ടപ്പാടുണ്ടായിരുന്നെങ്കില്‍ വേണ്ടിയിരുന്നില്ലെന്നു തോന്നിപ്പോയത്. അവളെ സഹായിക്കാന്‍ ഞാന്‍ മാത്രം. ഒരുാസ് വെള്ളം ചൂടാക്കണമെങ്കില്‍ പോലും ഞാന്‍ വേണം. ഞാന്‍ ആ സമയത്ത് ഡ്രാക്കുളയുടെ തയാറെടുപ്പിലായതിനാല്‍ വീട്ടില്‍ത്തന്നെയുണ്ടായിരുന്നു. ഇതിനിടയില്‍ വന്ന വര്‍ക്കുകളൊക്കെ ഉപേക്ഷിച്ചു. പ്രിയയെ മാത്രമായിരുന്നില്ല, മക്കളുടെ കാര്യവും നോക്കേണ്ടിവന്നു. അതിനിടയ്ക്ക് വേണം എന്റെ വ്യായാമവും മറ്റു കാര്യങ്ങളും. ഒരുമാസം ഞങ്ങള്‍ കഴിച്ചുകൂട്ടിയത് വളരെ ബുദ്ധിമുട്ടിയായിരുന്നു. ഇതിനിടയില്‍ പലതവണ ആതിരയും ഭര്‍ത്താവും ആശുപത്രിയില്‍ വന്ന് ചികിത്സ നടത്തി തിരിച്ചുപോയി. ഒരു ദിവസം ഡോക്ടര്‍ അവരോടു പറഞ്ഞു.

''ഇനി നിങ്ങള്‍ക്കു നാട്ടിലേക്കു പോകാന്‍ പറ്റില്ല. ഇടയ്ക്കിടെ ടെസ്റ്റുകള്‍ നടത്തേണ്ടതിനാല്‍ ഇവിടെത്തന്നെ കാണണം.''
ഇക്കാര്യം ഞങ്ങളോടു പറഞ്ഞപ്പോള്‍ പ്രിയ ഒരു നിര്‍ദേശം വച്ചു.

''താല്‍പര്യമുണ്ടെങ്കില്‍ ഇവിടെ ഞങ്ങള്‍ക്കൊപ്പം താമസിക്കാം. ഈ ഫ്‌ളാറ്റിലെ ഒരു മുറി നിനക്കും ഭര്‍ത്താവിനും ഉപയോഗിക്കാം. ഇവിടെ നിന്നാവുമ്പോള്‍ എളുപ്പം ആലുവയ്ക്കു പോകാനും കഴിയും.''

അവളുടെയും ഭര്‍ത്താവിന്റേയും സന്തോഷം മുഖത്തുകാണാം. ഞങ്ങളെ ദൈവത്തിനു തുല്യമാണ് കരുതുന്നതെന്ന് അവര്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ചുവരില്‍ തൂക്കിയിട്ട കുടുംബഫോട്ടോ കണ്ട് ഒരു ദിവസം ആതിര പറഞ്ഞു.

''ഇതിന്റെ ഒരു കോപ്പി ഞങ്ങള്‍ക്കും തരണം. ഇവിടെ നിന്നു പോയാലും ഞങ്ങളുടെ ദൈവങ്ങളെ കണ്ടുകൊണ്ടിരിക്കാമല്ലോ.''
കേട്ടപ്പോള്‍ എന്റെ മനസൊന്നു തണുത്തു. ഞങ്ങളെയും സ്‌നേഹിക്കാന്‍ ആളുകളുണ്ടായല്ലോ എന്ന സന്തോഷമായിരുന്നു എനിക്കും പ്രിയയ്ക്കും.
ഒരുമാസക്കാലം ആതിരയും ഭര്‍ത്താവും ഞങ്ങള്‍ക്കൊപ്പം താമസിച്ചു. പ്രിയ അവരെ സ്വന്തം അനിയത്തിയെപ്പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്തു. പിന്നീട് അവളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എല്ലാ ദിവസവും ആരോഗ്യസ്ഥിതി അറിയാന്‍ ഞാനും പ്രിയയും അവളെ വിളിച്ചുകൊണ്ടേയിരുന്നു. ഓരോ ആഴ്ചയും ആപ്പിളും ഓറഞ്ചും വാങ്ങിക്കൊണ്ട് ആശുപത്രിയിലെത്തും. ഒരു ദിവസം അവളുടെ ഭര്‍ത്താവ് പറഞ്ഞു.
''സുധിയേട്ടാ, ഞങ്ങളുടെ ആഗ്രഹം സാധിച്ചു. ആതിര ഗര്‍ഭിണിയായിരിക്കുന്നു. ഡോക്ടര്‍ ഇപ്പോഴാണതു പറഞ്ഞത്.''

ഞങ്ങള്‍ക്കുള്ള സന്തോഷത്തിന് അതിരില്ലായിരുന്നു. ഞങ്ങളുടെ പാതിജീവന്‍ തളിര്‍ക്കാന്‍ തുടങ്ങുന്നു. പിന്നീടുള്ള ഓരോ ആഴ്ചയും ഞങ്ങള്‍ ആശുപത്രിയിലെത്തി ആതിരയുടെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചു. അവള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും ഒന്നു രണ്ടാഴ്ചയ്ക്കകം വീട്ടിലേക്കു പോകാന്‍ കഴിയുമെന്നും ഡോക്ടര്‍ പറഞ്ഞു. ഒരു ദിവസം കുടുംബഫോട്ടോ കോപ്പി ചെയ്ത സിഡിയുമായാണ് ഞങ്ങള്‍ ആശുപത്രിയിലെത്തിയത്. അത് ഭര്‍ത്താവിന്റെ കൈയില്‍ കൊടുത്തപ്പോള്‍ ആതിര തടഞ്ഞു.

''വേണ്ട, സുധിയേട്ടാ, ഭര്‍ത്താവിന്റെ വീട്ടുകാരൊന്നും ഇക്കാര്യം അറിഞ്ഞിട്ടില്ല. ചികിത്സിച്ചിട്ട് ഗര്‍ഭിണിയായതെന്നാണ് അവരെല്ലാവരും കരുതുന്നത്. ആ വിശ്വാസം തല്‍ക്കാലം മാറ്റേണ്ട. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് നിങ്ങളുടെ രണ്ടുപേരില്‍ ആരുടെയെങ്കിലും മുഖഛായ ഉണ്ടെങ്കില്‍ പ്രശ്‌നമാവും. അതിനാല്‍ ഈ ഫോട്ടോ വീട്ടിലേക്കു കൊണ്ടുപോകാന്‍ പറ്റില്ല.''

ആതിരയുടെ വാക്കുകളില്‍ എനിക്കെന്തോ അസ്വസ്ഥത തോന്നി. ഒരു നിമിഷം കൊണ്ട് ഞങ്ങള്‍ അന്യരായിപ്പോയതുപോലെ. അങ്ങനെയൊന്നുമില്ലെന്നും അവള്‍ പറഞ്ഞത് ശരിയാണെന്നും പ്രിയ പറഞ്ഞപ്പോഴാണ് സമാധാനമായത്. പിറ്റേ ആഴ്ച
ഞാനും പ്രിയയും ഫ്രൂട്‌സുമായി വീണ്ടും ആതിരയുടെ മുറിയിലെത്തി. പഴയതുപോലുള്ള സന്തോഷം അന്ന് ആ മുഖത്തു കണ്ടില്ല. ആതിരയും ഭര്‍ത്താവും അമ്മയുമൊക്കെ എന്തോ സങ്കടത്തിലാണ്.

''എന്തുപറ്റി, എല്ലാവര്‍ക്കുമൊരു സങ്കടം?''
ഞാന്‍ സംസാരത്തിനു തുടക്കമിട്ടു. ആതിര എന്നെ ക്രൂരമായി ഒന്നു നോക്കി.

''ഇനി മുതല്‍ സുധിയേട്ടനും പ്രിയ ചേച്ചിയും ഞങ്ങളെ കാണാന്‍ വരരുത്. എന്തെങ്കിലും പറയണമെങ്കില്‍ നമുക്ക് ഫോണില്‍ കൂടി സംസാരിക്കാം.''

കടുപ്പിച്ചുള്ള ആ വാക്ക് ഹൃദയത്തെ മുറിച്ചുകൊണ്ടാണ് കടന്നുപോയത്. കാലിനിടയില്‍ നിന്ന് മണ്ണൊലിച്ചുപോവുന്നതുപോലെ തോന്നി. പറഞ്ഞുതീര്‍ന്നപ്പോള്‍ ആതിര കിതയ്ക്കുന്നുണ്ടായിരുന്നു. അവളുടെ അമ്മയും മുഖത്തേക്കു നോക്കുന്നില്ല. കൊണ്ടുവന്ന ഫ്രൂട്ട്‌സ് പോലും വാങ്ങാന്‍ അവര്‍ തയാറാവാതെ വന്നപ്പോള്‍ ഞങ്ങളിറങ്ങി. പിന്നാലെ ആതിരയുടെ ഭര്‍ത്താവും. അവനെന്നെ പിന്നില്‍ നിന്നു വിളിച്ചു.
''സോറി സുധിയേട്ടാ. വിഷമം കൊണ്ടാണ് അവള്‍ക്ക് അങ്ങനെ പറയേണ്ടിവന്നത്. എന്റെ ബന്ധുക്കള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. അവര്‍ നിങ്ങളെ കണ്ടാല്‍ പ്രശ്‌നമാണ്. ആതിര പ്രസവിച്ചാല്‍ കുട്ടിയുമായി ഞങ്ങള്‍ വരും, സുധിയേട്ടനേയും പ്രിയ ചേച്ചിയേയും കാണിക്കാന്‍.''
മനസില്‍ ദേഷ്യവും സങ്കടവും ചേര്‍ന്ന അവസ്ഥ. ഞാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

''എനിക്കിതൊന്നും ഒരു പ്രശ്‌നമല്ല. പക്ഷേ വലിയ ചതിയായിപ്പോയി. മുന്‍പരിചയം പോലുമില്ലാത്ത നിങ്ങള്‍ക്ക് ഞങ്ങള്‍ പകുത്തുതന്നത് ജീവന്റെ ഒരു ഭാഗം തന്നെയാണ്. അതു മറക്കരുത്. പിന്നെ കുട്ടിയെ കാണിച്ചുതരുന്ന കാര്യം. അത്തരം ഔദാര്യമൊന്നും ഇനി ഞങ്ങള്‍ക്കുവേണ്ട.''

പ്രിയ വിതുമ്പിക്കരഞ്ഞു. അവളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് കാറിലേക്കു കയറുമ്പോള്‍ എല്ലാറ്റിനേയും ഞെരിച്ചുകൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.
''ഒന്നും വേണ്ടായിരുന്നു, അല്ലേ, സുധിയേട്ടാ?''

കാറോടിച്ചുകൊണ്ടിരിക്കെ പ്രിയ ചോദിച്ചപ്പോള്‍ ഞാന്‍ തല കുലുക്കി.
''നമ്മളാണ് മണ്ടന്‍മാര്‍. തികച്ചും അന്യരായ രണ്ടുപേര്‍ക്ക് നല്‍കിയത് നമ്മുടെ കുഞ്ഞിനെത്തന്നെയാണ്. ചെയ്യാന്‍ പാടില്ലായിരുന്നു.''
പ്രിയയുടെ വാക്കുകള്‍ക്കു മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരുപോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. ആഴത്തിലുള്ള ഒരു മുറിവായിരുന്നു അത്. അതുകൊണ്ടുതന്നെ ഉണങ്ങാന്‍ രണ്ടുമൂന്നാഴ്ചകളെടുത്തു. പിന്നീട് എല്ലാ ഫോണ്‍വിളികളും നിലച്ചു. ഫേസ്ബുക്കിലെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്നുപോലും അവര്‍ ഞങ്ങളെ ഡിലിറ്റ് ചെയ്തു.

പക്ഷേ എനിക്കവരെ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. മാസങ്ങള്‍ കഴിഞ്ഞ ശേഷം ഒരു ദിവസം ഞാന്‍ ആലുവയിലെ ആശുപത്രിയില്‍ വിളിച്ച് ആതിരയുടെ വിവരങ്ങള്‍ അന്വേഷിച്ചു. ആറുമാസം കഴിഞ്ഞപ്പോള്‍ ആതിരയ്ക്ക് അബോര്‍ഷനായെന്ന വിവരമായിരുന്നു അവിടെ നിന്നു ലഭിച്ചത്. എനിക്കതു വിശ്വസിക്കാനായില്ല. പക്ഷേ സത്യമായിരുന്നു. ആതിരയുടെ അനിയത്തിക്കുട്ടിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന പയ്യന്‍ കൂടി അതു സ്ഥിരീകരിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. ഞാനൊരു ദൈവവിശ്വാസിയാണ്. നമ്മള്‍ ചെയ്യുന്ന പാപത്തിന്റെ ഫലം നാം തന്നെ അനുഭവിച്ചേ പറ്റൂ. ഉദരത്തില്‍ കിടന്ന ആ കുഞ്ഞും അറിഞ്ഞിട്ടുണ്ടാവണം, ഒരു തെറ്റും ചെയ്യാത്ത മാതാപിതാക്കളെ ചതിച്ച കഥ.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment