ദുരഭിമാനത്തിന് മലയാളി
നൽകുന്ന വില
ഒന്നും ഒന്നും രണ്ടല്ല, മൂന്നാമത് ഒരു കാര്യമാണെന്ന് പറയുന്നത് പലപ്പോഴും വാർത്തകളുടെ കാര്യത്തിൽ പരമാർത്ഥമാണ്.'കേരളകൗമുദി'യിൽ ഇന്നലെ വ്യത്യസ്തമായ രണ്ട് വാർത്തകൾ നൽകിയിരുന്നു. കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഒരു വർഷം അവരുടെ നാടുകളിലേക്ക് അയയ്ക്കുന്നത് 17,500 കോടിരൂപയാണെന്ന വിവരത്തെ ആധാരമാക്കിയാണ് ഒരു വാർത്ത. അവരുടെ ഒരു ദിവസത്തെ വേതനം കുറഞ്ഞത് 300 രൂപയാണ്. കുടുംബശ്റീയിൽ നിന്ന് കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സർക്കാർ ഉത്തരവിനെതിരെയുള്ള പ്റതിഷേധത്തെക്കുറിച്ചായിരുന്നുരണ്ടാമത്തെ വാർത്ത. ആ കരാർ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമാകട്ടെ, വെറും 160 രൂപ!
മറ്റ് മാദ്ധ്യമങ്ങളിൽ വരാതെ പോയ ഈ രണ്ട് വാർത്തകളും ചേർത്തുവായിച്ചാൽ മനസിലാക്കാൻ കഴിയുക അമ്പരപ്പിക്കുന്ന മൂന്നാമത് ഒരു കാര്യമാണ്. കുറഞ്ഞത് 300 രൂപ ഒരു ദിവസം കിട്ടുന്ന ജോലിക്ക് കേരളത്തിൽ ആളെ കിട്ടുന്നില്ല. അതിന് അന്യനാട്ടുകാരെ ആശ്റയിക്കണം. അതേസമയം, ദിവസം 160 രൂപ മാത്റം കിട്ടുന്ന ഒരു കരാർജോലി നഷ്ടപ്പെട്ടാൽ മലയാളിക്ക് സഹിക്കാൻ കഴിയില്ല. അപ്പോൾ തുടങ്ങും പ്രതിഷേധം. രണ്ടും ഒരേകാലത്ത്, ഒരേ നാട്ടിൽ!
സാമാന്യയുക്തി മാത്റം വച്ച് ഈ സ്ഥിതിവിശേഷത്തെ നോക്കിയാൽ അദ്ഭുതപ്പെട്ടുപോകും. എന്നാൽ, മലയാളികളുടെ പൊള്ളയായ അഹന്തയെക്കുറിച്ച് അറിയാവുന്നവർക്ക് അദ്ഭുതമല്ല, വരുംവരായ്കകളെക്കുറിച്ച് ആശങ്കയാണ് തോന്നുക. കാലം മാറിയിട്ടും ദുരഭിമാനത്തിന്റെ തടവറയിൽ തന്നെയാണ് മലയാളികൾ. അതിന് നൽകുന്ന കനത്ത വിലയുടെ ഒരു പ്റതീകം മാത്റമാണ് ഓരോ വർഷവും കേരളത്തിൽ നിന്ന് ചോരുന്ന 17,500 കോടി രൂപ.
മലയാളിക്ക് പണിയെടുക്കാൻ അറിയില്ലെന്നോ പണിയെടുക്കാൻ മടിയാണെന്നോ കരുതുന്നത് ശുദ്ധവിവരക്കേടാണ്. ഏത് പ്റതികൂലകാലാവസ്ഥയിലും ഏത് ജോലിയും ബുദ്ധിപരമായും ഒരു മടിയുമില്ലാതെയും നിർവഹിക്കാൻ മലയാളിക്ക് കഴിയും. പക്ഷേ, അങ്ങനെ പണിയെടുക്കുന്നവരെ കേരളത്തിൽ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. കണ്ടെത്തണമെങ്കിൽ കേരളത്തിന് പുറത്ത് പോകണം. കൊടുംചൂടിൽ പകലന്തിയോളം പണിയെടുക്കുകയും തകരംമേഞ്ഞ ഷെഡുകളിൽ കഴിഞ്ഞുകൂടുകയും ചെയ്യുന്ന മലയാളികളെ പോലും മറുനാടുകളിൽ കാണാനാവും. അതിന് അനുസരിച്ചുള്ള വേതനം അവർക്ക് കിട്ടുന്നുണ്ടോ? സംശയമാണ്. എങ്കിലും അവർ വിചിത്റമായ ഒരു സംതൃപ്തി അനുഭവിക്കുന്നു. സ്വന്തം നാട്ടുകാർ ഇതൊന്നും കാണുന്നില്ലെന്ന സംതൃപ്തി.
മലയാളിയുടെ ദുരഭിമാനത്തിന്റെ അടിസ്ഥാനം മലയാളിയുടെ കാഴ്ചപ്പാടിന്റെ വൈകല്യം തന്നെയാണെന്ന് അർത്ഥം. മണ്ണിലോ മരത്തിലോ ശരീരം വിയർക്കുമാറ് പണിയെടുക്കുന്നവനെ ബന്ധുക്കളും നാട്ടുകാരും അവജ്ഞയോടെ കാണുമ്പോൾ രോഗാതുരമായ ചിന്തകളാണ് ഉടലെടുക്കുക. ദുരഭിമാനം ഒരു മാറാവ്യാധിയായി പിടികൂടുന്നു. മകൾ അന്യജാതിക്കാരനെ പ്റണയിച്ചാൽ അരുംകൊലയ്ക്ക് തയ്യാറാകുന്ന ഉത്തരേന്ത്യൻ നിരക്ഷരസമൂഹങ്ങളുടെ രോഗം പോലെ തന്നെ മാരകമാണ് ഏതുതരം ദുരഭിമാനവും.
മണ്ണ് വെറുതേ കിടന്നാലും ഒരു ചീരത്തൈപോലും വച്ചുപിടിപ്പിക്കാതെ, അന്യനാട്ടിൽ നിന്ന് വരുന്ന പച്ചക്കറി ലോറികളെയും നോക്കി മലയാളികൾ കഴിയാൻ തുടങ്ങിയിട്ട് കാലമേറെയായി. അതിന്റെ മറ്റൊരു രീതിയിലുള്ള തനിയാവർത്തനമാണ് മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലുകൾ പോലും സ്വന്തം നാട്ടിൽ ചെയ്യാനാവില്ലെന്ന മലയാളിയുടെ മനോനിലയിൽ പ്രകടമാകുന്നത്.
ലക്ഷക്കണക്കിന് മലയാളികൾ മറുനാടുകളെ ആശ്റയിച്ചാണ് കഴിയുന്നത്. അതിനാൽ, മണ്ണിന്റെ മക്കൾ വാദത്തിന് കേരളത്തിൽ ഒരു പ്റസക്തിയുമില്ല. എതിർക്കപ്പെടേണ്ടതുമാണ്. പക്ഷേ, ദുരഭിമാനം ഒരു വ്യാധിയും വൈകൃതവുമായി നിലനിൽക്കുമ്പോൾ അതിനുള്ള പ്റതിവിധികൾ ആരാഞ്ഞേ മതിയാകൂ.
അറിവുള്ളവർക്കും ഉന്നതവിദ്യാഭ്യാസം നേടിയവർക്കും പൊതുവെ ദുരഭിമാനം കുറവാണ്. ഒഴിവുദിനത്തിൽ ദിവസക്കൂലിക്ക് പണിയെടുക്കാൻ സന്നദ്ധരാകുന്ന, സമർത്ഥരായ പ്റൊഫഷണൽ കോളേജ് വിദ്യാർത്ഥികളെ കേരളത്തിൽ ഇപ്പോൾ കാണാനാവും. അവർ അത് ഒരു കുറച്ചിലായി കാണുന്നില്ല. ദുരഭിമാനത്തിന്റെ യഥാർത്ഥകാരണം അറിവില്ലായ്മയാണ്. അറിവിന് മാത്റമേ അറിവില്ലായ്മയെ തളയ്ക്കാനാവൂ. അതിനാൽ, മലയാളിയുടെ ദുരഭിമാനത്തിന് അറുതി വരുത്താൻ അറിവുള്ളവർ തന്നെയാണ് മുൻകൈ എടുക്കേണ്ടത്.
No comments:
Post a Comment