Saturday, 6 April 2013

[www.keralites.net] ചേട്ടന്‍ തന്ന ജീവിതം

 

ചേട്ടന്‍ തന്ന ജീവിതം

സിനിമയില്‍ തമാശ കാട്ടി നടക്കുന്ന ആളാണെങ്കിലും ജീവിതത്തില്‍ സ്‌നേഹത്തിനും കരുതലിനും പകരംവെയ്ക്കാവുന്ന ആളാണ് ചേട്ടനെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉള്ളിലൊന്നു വെച്ചിട്ടു പുറത്തു മറ്റൊന്നായി അഭിനയിക്കാനറിയില്ല. ആരോടും സ്‌നേഹവും അനുകമ്പയും മാത്രമേയുള്ളൂ. എന്തെങ്കിലും ദേഷ്യം തോന്നിയാല്‍ അതപ്പോള്‍ നേരെ തുറന്നു പറയും. പറയുന്നതോടെ കാര്യം തീര്‍ന്നു. അങ്ങനെ പറയുന്നതുകൊണ്ടു മാത്രം കുറച്ചുപേരെങ്കിലും ചേട്ടനെ തെറ്റിദ്ധരിച്ചിട്ടുണ്ടാവും. പക്ഷേ അടുത്തറിയാവുന്നവര്‍ക്ക് അറിയാം. ചേട്ടന് എല്ലാവരേയും സ്‌നേഹിക്കാനേ അറിയൂ. വെറുക്കാന്‍ അറിയില്ല.

ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ആ ദൈവമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നും രാവിലെ മൂന്നുമണിക്ക് പത്മനാഭസ്വാമിയുടെ അടുത്ത് പോകും...ചൊവ്വാഴ്ചകളില്‍ നാരങ്ങാ വിളക്ക് കത്തിക്കും. അടുത്ത രണ്ടു വര്‍ഷത്തേക്കുകൂടി കാലം മോശമാണെന്നു പറഞ്ഞതുകൊണ്ട് ചേട്ടനുവേണ്ടി ദിനവും ചെയ്യാത്ത വഴിപാടുകളില്ല.
അപകടമുണ്ടായി ഒരിക്കല്‍ കോഴിക്കോട് വെച്ചും ഒരു തവണ വെല്ലൂരില്‍വച്ചും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞു. പിന്നീട് കഴിഞ്ഞ ഒന്‍പതുമാസമായി ചേട്ടനെ ഞാന്‍ കണ്ടിട്ടില്ല. മോളും. ഹൈക്കോടതിയില്‍ പോയി അനുവാദം വാങ്ങിയിട്ടും മോള്‍ക്കുപോലും ആശുപത്രിയില്‍ പപ്പയെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. പപ്പ അവളോട് പറയുമായിരുന്നു.
''ആര് ഉപേക്ഷിച്ചാലും പപ്പയ്ക്ക് മോളെ ഉപേക്ഷിക്കാന്‍ പറ്റില്ല. പപ്പയ്ക്ക് മോളെ വേണം.നീ നല്ല നിലയിലാകും.'' എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിക്കുന്ന പപ്പയുടെ കരുതലാണ് ലച്ചുവിന് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.

മകളെ അകറ്റരുതെന്ന്

ഇപ്പോള്‍ ഓരോന്ന് ആലോചിക്കുമ്പോള്‍ ചേട്ടന് സംഭവിച്ചത് സ്വാഭാവിക അപകടം തന്നെയാണോയെന്നുപോലും ചിലനേരം സംശയിക്കും ഞാന്‍. കാരണം ശ്രീലക്ഷ്മി എന്റെ മകളാണെന്നു വെളിപ്പെടുത്തിയ ദിവസമാണ് ചേട്ടന് അപകടമുണ്ടായത്. അതുമല്ല പിന്നീട് ആശുപത്രിയിലെത്തി പപ്പെയ കാണാന്‍ മോളെ പോലും അനുവദിക്കുന്നില്ല. അതൊക്കെ കൂട്ടി വായിക്കുമ്പോഴാണ് എനിക്ക് സംശയം. ലച്ചുവിനെ ഒരു നോക്കു കണ്ടാല്‍ ഉറപ്പായും ചേട്ടന്റെ അസുഖത്തിനു ഗുണകരമായ ഒരു മാറ്റമുണ്ടാകുമെന്നുറപ്പാണ്്. പക്ഷേ അങ്ങനെ ഒരു മാറ്റം വരരുതെന്ന് ആഗ്രഹിക്കുന്നു ചിലര്‍. ജീവിതത്തില്‍ അത്രയേറെ അവളെ സ്‌നേഹിക്കുന്നുണ്ട് ചേട്ടന്‍. രാത്രി എത്ര വൈകിവന്നാലും മോളെ കണ്ട് ഒരുമ്മ കൊടുത്തിട്ടേ ഉറങ്ങൂ. ഒരു ദിവസം തലവേദന കാരണം അവള്‍ ഉറങ്ങിപ്പോയി. അതറിഞ്ഞിട്ട് എന്നോട് വലിയ ദേഷ്യം. ഞാനെന്തോ പറഞ്ഞുകൊടുത്തിട്ട് അവള്‍ പപ്പയോട് പിണക്കം കാണിക്കുന്നതാണെന്ന്. തലവേദനകാരണം ഉറങ്ങിയതാണെന്ന് അവള്‍ വന്നു പറഞ്ഞിട്ടേ ചേട്ടന്‍ വിശ്വസിച്ചുള്ളൂ. തന്നില്‍നിന്ന് മകളെ അകറ്റരുതെന്ന കാര്യത്തില്‍ ചേട്ടന് വലിയ നിര്‍ബന്ധമാണ്. ചേട്ടന്റെ ഒരു നിഴല്‍പോലെയാണ് മോളെ കൊണ്ടു നടന്നത്. അവളുടെ എന്തു കുസൃതിക്കും കൂട്ടുനില്‍ക്കും. മാര്‍ക്ക് കുറഞ്ഞാല്‍ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടില്ല ഞാന്‍. പക്ഷേ അവള്‍ പപ്പയെ വിളിച്ചു സോപ്പിടും. അധികം കഴിയുംമുമ്പേ എന്നെ വിളിച്ചിരിക്കും. ''എടീ കലേ അത്ര മാര്‍ക്കൊന്നും കുറഞ്ഞിട്ടില്ലല്ലോ. ഞാന്‍ അവിടെ ഇല്ലാത്തതുകൊണ്ട് നീ ആ റിപ്പോര്‍ട്ട് ഒന്നു ഒപ്പിട്ടുകൊടുത്തേക്ക്.''

പപ്പയെ വളരെയധികം തിരിച്ചറിഞ്ഞവളാണ് ലച്ചുവെന്ന് എപ്പോഴും പറയും. പപ്പയെപോലെ മോളും സിംപിളായി നടക്കണമെന്നു പറയും. പുറത്തു പോകുമ്പോള്‍ ചെറിയ കമ്മല്‍, ഒരു വള, വാച്ച് ഇത്രയുമേ ധരിക്കാവൂ എന്ന് പറയും. പപ്പയെ അനുസരിച്ചു ജീവിക്കുന്നതുകൊണ്ടാവണം പപ്പ ലച്ചുവിന് ഇത്തിരി അധിക സ്‌നേഹം കൊടുത്തിരുന്നത്.
ചേട്ടന്‍ വായിക്കാത്ത പുസ്തകങ്ങളില്ല. എല്ലാത്തിനും നല്ല അറിവാണ്. പ്രസംഗമൊക്കെ കേട്ടു പലരും വന്നു പറയും: ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും അറിഞ്ഞത് സത്യത്തില്‍ സാറിന്റെ പ്രസംഗത്തിലൂടെയാണെന്ന്്. മോള്‍ക്കും പുസ്തകങ്ങള്‍ കൊണ്ടുകൊടുക്കും. എല്ലാം വായിച്ചു കുറിപ്പ് എഴുതണമെന്ന് നിര്‍ബന്ധിക്കും.

ഓട്ടന്‍തുള്ളല്‍ ഒഴിച്ച് എല്ലാ നൃത്ത ഇനങ്ങളും മോള്‍ പഠിച്ചതിന് പിന്നില്‍ പപ്പയുടെ നിര്‍ബന്ധമാണ്. വയലിന്‍, ഹാര്‍മ്മോണിയം, കീബോര്‍ഡൊക്കെ വായിക്കാന്‍ അറിയാം. ഇതൊക്കെ പഠിപ്പിക്കുമ്പോഴും സ്‌കൂളിലെ പഠനം പിന്നോക്കം പോകാതിരിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു. പപ്പയുടെ ആഗ്രഹം പോലെ ഐ.എ.എസിന് ശ്രമിക്കണമെന്നുണ്ട്. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെങ്കിലും ബി.എ. എക്കണോമിക്‌സിന് ചേര്‍ന്ന ശേഷം കമ്പനി സെക്രട്ടറി പരീക്ഷ എഴുതണമെന്നാണ് മോള്‍ക്ക്. ഒരു കമ്പനിയുടെ മുഴുവന്‍ മേല്‍നോട്ടം വഹിക്കണമെന്നാണ് അവളുടെ ആഗ്രഹം.

അടുക്കളയിലേക്ക്

മിക്ക യാത്രകളിലും എന്നേയും മോളേയും കൂട്ടിക്കൊണ്ടുപോകും. ലച്ചു ചെറിയ ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് എല്ലാ വെള്ളിയാഴ്ചകളിലും ലൊക്കേഷനില്‍ പോയി താമസിക്കാറുണ്ട്. ഞായറാഴ്ച വൈകിട്ടേ വീട്ടില്‍ വിടൂ. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ...ഒക്കെ കൊണ്ടുപോയിട്ടുണ്ട് ചോറ്റാനിക്കര, ഗുരുവായൂര്‍ അടക്കമുള്ള അമ്പലങ്ങളിലും മുടങ്ങാതെ പോകും. അവാര്‍ഡ് നൈറ്റുകള്‍ക്കുപോലും ഒപ്പം കൂട്ടിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന മഞ്ച് സ്റ്റാര്‍സിംഗര്‍ പരിപാടിയില്‍ ചേട്ടനൊപ്പം ഞാനും മോളുമുണ്ടായിരുന്നു. സ്‌റ്റേജില്‍ അവതാരകയായി രഞ്ജിനി ഹരിദാസും നസ്‌റിയായും. സ്‌റ്റേജില്‍ സംസാരിച്ചു നിന്നപ്പോള്‍ നസ്‌റിയായെ അറിയാമെന്ന് ചേട്ടന്‍ പറഞ്ഞു. ''ക്രൈസ്റ്റ് നഗറില്‍ എന്റെ മോള്‍ക്കൊപ്പമാണ് നസ്‌റിയ പഠിക്കുന്നതെന്ന്'' പറഞ്ഞു. അങ്ങനെ പറഞ്ഞെങ്കിലും അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ കാര്യം പിടികിട്ടിക്കാണൂ. അതൊക്കെ പറഞ്ഞശേഷമാണ് രഞ്ജിനി ഹരിദാസിനോട് ചേട്ടന്‍ അല്പം ശബ്ദമുയര്‍ത്തി സംസാരിച്ചത്. മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിന്റെ പ്രശ്‌നമാണ് ചേട്ടന്‍ സൂചിപ്പിച്ചത്. മനസിലുള്ള

കാര്യം അത് ആരോടാണെങ്കിലും തുറന്നു പറയുമെന്നേയുള്ളൂ. ആ സമയത്ത് ശബ്ദത്തിന് ഒരു മാറ്റമുണ്ടാകും. അല്ലാതെ ദേഷ്യമൊന്നുമില്ല. അത് എന്നോടും മോളോടുമൊക്കെ അങ്ങനെയാണ്. തെറ്റു കണ്ടാല്‍ അതാരുടെ മുന്നില്‍വെച്ചും പറയുമെന്നത് ചേട്ടന്റെ രീതിയാണ്. അന്ന് ഒമ്പതുമണിയോടെ പരിപാടി കഴിയുമെന്നാണ് കരുതിയത്. പക്ഷേ പരിപാടി കഴിഞ്ഞപ്പോള്‍ പന്ത്രണ്ടരമണി കഴിഞ്ഞു. പുറത്ത് ആഹാരം കഴിക്കാമെന്നു പറഞ്ഞാണ് പോയത്. പക്ഷേ ആ സമയത്ത് ഏതു ഹോട്ടല്‍. അതുകൊണ്ട് കിഴക്കേക്കോട്ടയിലെ ഒരു തട്ടുകടയില്‍നിന്ന് തട്ടുദോശകഴിച്ചാണ് ഞങ്ങള്‍ പോന്നത്. എവിടെനിന്നും നല്ല ആഹാരം കഴിക്കാനും ഞങ്ങള്‍ക്ക് വാങ്ങിത്തരാനും ഇഷ്ടമാണ്. മോള്‍ക്ക് പൊറോട്ടയും ചിക്കനും വലിയ ഇഷ്ടമാണ്. നല്ല പൊറോട്ടയും ചിക്കനും കിട്ടുന്ന സ്ഥലത്തൂന്ന് തന്നെ അതു വാങ്ങിക്കും. ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോഴേ വിളിച്ചുപറയും. ഇന്നു നല്ല മീനൊക്കെ ഉണ്ടാക്കിവയ്ക്കണം. മീന്‍തല കറി വെയ്ക്കുന്നത് വലിയ ഇഷ്ടമാണ്. ഞാന്‍തന്നെ പോയി നല്ല മീനൊക്കെ വാങ്ങി കറിവെച്ചുവയ്ക്കും. ചിലപ്പോള്‍ പറയും ''ഇന്നത്തെ പാചകം ഞാനാണ്. എന്റെ ബിരിയാണി. നീ ഉള്ളിയും വെളുത്തുള്ളിയുമൊക്കെ അരിഞ്ഞുവച്ചേയ്ക്ക്. ചിക്കന്‍ ഞാന്‍ വാങ്ങിവന്നേക്കാം.'' അന്നു വീട്ടില്‍ വന്നാല്‍ നേരെ അടുക്കളയിലേക്ക് കയറും. ചിക്കന്‍ വൃത്തിയാക്കിക്കൊടുക്കേണ്ട ജോലിയേ പിന്നെ എനിക്കുള്ളൂ. പ്രഷര്‍ കുക്കറില്‍ ബിരിയാണി വെച്ചുപോയി കുളിച്ചുവരും. അപ്പോഴേക്കും ബിരിയാണി റെഡി.

Description: mangalam malayalam online newspaper
മഞ്ച് സ്റ്റാര്‍സിംഗറിന്റെ പരിപാടി കഴിഞ്ഞു വരുമ്പോള്‍ ഏഷ്യാനെറ്റിലെ ബി.എഎസ്. പ്രവീണ്‍ ചേട്ടനോട് ലച്ചുവിനെ അവതാരകയാക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു.
''എന്റെ മകളായതുകൊണ്ടു നിങ്ങള്‍ പരിഗണിക്കണ്ട. കാമറാ ടെസ്റ്റ് നടത്തിയിട്ട് അവള്‍ അനുയോജ്യയാണെങ്കില്‍ ആയിക്കോ.'' അങ്ങനെയാണ് ഏഷ്യാനെറ്റില്‍ രണ്ടു പരിപാടികളുടെ അവതാരകയാകുന്നത്.

കണ്ടുമുട്ടിയത്

എങ്ങനെയാണ് നിങ്ങള്‍ കണ്ടുമുട്ടിയതെന്നു ചോദിക്കുന്നവരുണ്ട്. അതൊരു നിയോഗമാണെന്നു തോന്നുന്നു. 1980 കാലം. എന്റെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ചേട്ടന്‍. അങ്ങനെ ഇടയ്ക്കു വീട്ടില്‍ വരാറുണ്ടായിരുന്നു. ഞാനന്ന് പഠിക്കുകയാണ്. ഒരു ദിവസം സ്‌കൂളില്‍ നിന്നു വീട്ടിലേക്കു വരുമ്പോള്‍ ഒരു ഷൂട്ടിംഗ് നടക്കുന്നു. കുട്ടികളെല്ലാം പറഞ്ഞു 'ദാ ജഗതി നില്‍ക്കുന്നു'. ഞാന്‍ ചോദിച്ചു 'അതെതന്താ അയാള്‍ മനുഷ്യനല്ലേ''.അന്നേ ചേട്ടന്‍ എന്നെ ശ്രദ്ധിച്ചെന്ന് പിന്നീട് എന്നോട് പറഞ്ഞു. പിന്നീട് ഇടയ്ക്കു വീട്ടില്‍ വരും. ''ഇനിയും കുരുക്ഷേത്രം' എന്ന സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ചോദിച്ചു. ചേച്ചിയുടെ ഭര്‍ത്താവിനോടാണ് കാര്യം ചോദിച്ചത്. അഞ്ചു പെണ്‍മക്കളുള്ള വീടാണ് ഞങ്ങളുടേത്. അച്ഛന്‍ ടെലിഫോണില്‍ ഉദ്യോഗസ്ഥന്‍. സിനിമയില്‍ അഭിനയിക്കുന്നതിനൊന്നും വീട്ടില്‍ ആദ്യം സമ്മതിച്ചില്ല. പിന്നീടു ഞാന്‍ ആ ചിത്രത്തില്‍ ഒരു നഴ്‌സിന്റെ വേഷം ചെയ്തു. അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, ദശരഥം, മെയ്ദിനം, കിരീടം, ന്യൂസ്... അങ്ങനെ കുറെയേറെ ചിത്രങ്ങളില്‍ ചേട്ടനൊപ്പം അഭിനയിച്ചു. മിക്കതിലും ചേട്ടന്റെ ജോഡിയായാണ് അഭിനയിച്ചത്. കുറേക്കാലം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.

ജീവിതത്തില്‍ എന്നേ വേണമെന്ന് ചേട്ടന്‍ പറയുമ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. അമ്മയും എതിര്‍ത്തു. പക്ഷേ ചേട്ടന്‍ വാശി പിടിച്ചു.
'ഞാന്‍ ജോലി ചെയ്താണ് ഇവളെ പോറ്റാന്‍ പോവുക. ആരുടേയും കുടുംബസ്വത്ത് എടുത്ത് അവള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല.''സ്വന്തം തീരുമാനത്തില്‍ ഉറച്ചു നിന്നു ചേട്ടന്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു.''് എന്റെ സഹോദരങ്ങളുടെ കല്യാണമൊക്കെ കഴിയാതെ എനിക്കൊന്നിനും പറ്റില്ല.''ചേട്ടന്‍ കാത്തിരിക്കാന്‍ തയാറായി. എന്റെ സഹോദരങ്ങളുടെ കല്യാണമൊക്കെ നടത്താന്‍ മുന്‍പന്തിയില്‍ ഉണ്ടായി. എന്റെ അച്ഛന്‍ മരിച്ചപ്പോഴും കാര്യങ്ങളൊക്കെ നടത്താന്‍ ചേട്ടനുണ്ടായിരുന്നു. അന്നാണ് ചേട്ടന്റെ സ്‌നേഹം ശരിക്കും അറിഞ്ഞത്.

ഞങ്ങള്‍ ഒന്നിച്ച്

ചെന്നൈയില്‍ ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്ന സമയം. ഞങ്ങള്‍ മേയ്ക്കപ്പിട്ടു റെഡിയായിരിക്കുകയാണ്. ഉടന്‍ എന്റെ അടുത്ത് വന്നിട്ടു ചേട്ടന്‍ പറഞ്ഞു:
''നീ മേയ്ക്കപ്പ് അഴിക്ക്. ഇനി അഭിനയിക്കണ്ട.'' പെട്ടെന്നങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി .'' എന്താ ചേട്ടാ കാര്യം.''
''കാര്യമൊന്നുമില്ല.'' നീ ഇനി അഭിനയിക്കണ്ട.'' പിന്നീട് ഒരിക്കല്‍പോലും ഞാനതിന്റെ കാര്യമെന്താണെന്ന് ചോദിച്ചിട്ടില്ല. ചേട്ടന്‍ ഒരു തീരുമാനമെടുത്താല്‍ മറിച്ചൊരു അഭിപ്രായം പറയാന്‍ സമ്മതിക്കില്ല. അത് അനുസരിക്കുകയേ പറ്റൂ. അന്ന് അവസാന നിമിഷം മറ്റൊരാളെവച്ചു അഭിനയിപ്പിക്കേണ്ടിവന്നു. സംവിധായകന്‍ കൃഷ്ണന്‍നായര്‍ സാറാണ്. അദ്ദേഹത്തെപ്പോലൊരു സംവിധായകനോട് അങ്ങനെ പറയുന്നതില്‍ എനിക്ക് അല്പം വിഷമം തോന്നി. അപ്പോള്‍ സാര്‍ പറഞ്ഞു.'' അത് കുഴപ്പമില്ല. അവന്‍ അഭിനയിക്കണ്ടെന്നു പറഞ്ഞാല്‍ നീ അത് അനുസരിച്ചാല്‍ മതി.''

പിന്നീട് എപ്പോഴാണ് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതെന്നു ചോദിച്ചാല്‍ അതിനു വ്യക്തമായി മറുപടി പറയാന്‍ പറ്റത്തില്ല. ഒരു ദിവസം ഗുരുവായൂര്‍ അമ്പലത്തില്‍പ്പോയി താലി പൂജിച്ചു വാങ്ങി എന്റെ കഴുത്തില്‍ കെട്ടിത്തന്നു. ഈ താലി മാത്രമാണ് ഞങ്ങളുടെ വിവാഹത്തിന്റെ തെളിവ്. അപ്പോള്‍ ചേട്ടന്‍ പറയും ''മനസിന്റെ പൊരുത്തമല്ലേ വലുത്. നമ്മള്‍ തമ്മില്‍ അതുണ്ട്. വലിയ ആര്‍ഭാടത്തോടെ കല്യാണം നടത്തി 5000 പേര്‍ക്ക് സദ്യ കൊടുക്കുന്നതില്‍ എന്താണ് കാര്യം.'' അതു സത്യമാണെന്ന് ഞങ്ങളുടെ ജീവിതം കൊണ്ടു പഠിച്ചു.
പിന്നീട് അഭിനയിക്കാനല്ല ഒരു ജോലിക്കുപോലും എന്നെ വിട്ടില്ല. സ്‌കൂളില്‍ തയ്യല്‍ ടീച്ചറായി ജോലി കിട്ടിയപ്പോള്‍ പറഞ്ഞു.
'' ഞാന്‍ കുറേ തുണി വാങ്ങിക്കൊണ്ടു വരാം. നീ വീട്ടില്‍ ഇരുന്നു തയ്ച്ചാല്‍ മതിയെന്ന്.'' പിന്നീട് കഴക്കൂട്ടത്തെ ഒരു എക്‌സ്‌പോര്‍ട്ടിംഗ് യൂണിറ്റില്‍ സൂപ്പര്‍വൈസറായി ജോലി കിട്ടി. വീട്ടില്‍ വാഹനം വന്നു പിക്ക് ചെയ്യും. പക്ഷേ വിട്ടില്ല. നീ ജോലിക്ക് പോയാല്‍ ഞാന്‍ അഭിനയം നിര്‍ത്തുമെന്നാണ് പറയുന്നത്. ഞാന്‍ വീട്ടില്‍ വരുമ്പോള്‍ എനിക്ക് ആഹാരംവച്ചു വിളമ്പിത്തരണം. എന്റെ കാര്യം നോക്കണം. ഇങ്ങനെയാണ് ചേട്ടന്‍ പറയുന്നത്.
കിരീടത്തിലും ഞാന്‍ അഭിനയിച്ചിരുന്നു. നടന്‍ ജോണി അഭിനയിച്ച കഥാപാത്രത്തിന്റെ ഭാര്യയായിട്ട്. സിനിമയുടെ രണ്ടാം ഭാഗമായ
'ചെങ്കോലി'ല്‍ അതേ കഥാപാത്രത്തെ അഭിനയിക്കാന്‍ വിളിച്ചു. അപ്പോള്‍ ചേട്ടന്‍ അവരെ വിളിച്ചു പറഞ്ഞു. ആ കഥാപാത്രത്തെ രണ്ടാം ഭാഗത്തില്‍ ഒഴിവാക്കണമെന്ന്. എന്നെ വിട്ടില്ലെന്നു മാത്രമല്ല ചേട്ടനും അഭിനയിച്ചില്ല ആ ചിത്രത്തില്‍.

'ലക്ഷ്മിനിവാസ്' വാങ്ങി

വിവാഹം കഴിഞ്ഞു ഒരിക്കല്‍ ചെന്നൈയില്‍ ചെന്നപ്പോള്‍ നടി ഫിലോമിനച്ചേച്ചി പറഞ്ഞു''നീ ഇവളെ ഒപ്പം കൂട്ടിയെങ്കില്‍ സ്‌നേഹിച്ചും കൊടുത്തും ജീവിക്കണം. ഇനി കാണുമ്പോള്‍ ഇവളുടെ കഴുത്തിലും കാതിലുമൊക്കെ നിറച്ചു കാണണം.''. ആ ദിവസം ചേട്ടന്‍ എന്നെ ചെന്നെയിലെ കേരളാ ജൂവലറിയില്‍ കൊണ്ടുപോയി കുറേ സ്വര്‍ണാഭരണം വാങ്ങിത്തന്നു. ചേട്ടന്റെ സന്തോഷവും സങ്കടവും പങ്കുവെച്ചേ ചേട്ടന്‍ ജീവിച്ചിട്ടുള്ളൂ. ആദ്യകാലത്ത് 'ലക്ഷ്മിനിവാസ്'എന്ന വീട് വാങ്ങി അവിടെയാണ് ഞങ്ങള്‍ താമസിച്ചത്. മകള്‍ ഉണ്ടായതൊക്കെ ആ വീട്ടില്‍വെച്ചാണ്. പിന്നീട് കരുമത്ത് വീടുവെച്ചു. 'നന്ദന'മെന്ന ഈ വീട്ടിലാണ് ഞാനും മോളും താമസിക്കുന്നത്. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ ചേട്ടന്‍ വീട്ടില്‍ വന്നു പോകും. ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചേട്ടനാണ് ഉണ്ടാക്കിത്തന്നത്. മോളുടെ പഠനകാര്യങ്ങളും കലാപഠനങ്ങളുമൊക്കെ ചേട്ടന്റെ ശ്രദ്ധയില്‍ത്തന്നെയായിരുന്നു. കാര്‍ വാങ്ങിച്ചപ്പോള്‍ എന്നോട് പറഞ്ഞു. ഡ്രൈവിംഗ് പഠിക്കണം. എപ്പോഴും ഡ്രൈവറെ കിട്ടിയെന്നു വരില്ല. അങ്ങനെ ടൂവീലറും കാര്‍ ഡ്രൈവിംഗുമെക്കെ പഠിക്കാന്‍ നിര്‍ബന്ധിച്ചതുമൊക്കെ ചേട്ടനാണ്. അപകടമുണ്ടായ സമയത്ത് ''സൈലോ'' എന്ന വണ്ടിക്ക് ബുക്ക് ചെയ്തു പണം അടച്ചതാണ്. പക്ഷേ ഞാനത് ക്യാന്‍സല്‍ ചെയ്തു. ജീവിതത്തില്‍ ചേട്ടന്റെ സാന്നിദ്ധ്യമില്ലെങ്കില്‍ പിന്നെ ഒന്നിനും പ്രാധാന്യമില്ലെന്നു തോന്നിപ്പോകുന്നു.

ചേട്ടന്റെ അച്ഛനും അമ്മക്കും അവളെ അറിയാം .അവള്‍ വളരെ ചെറിയ കുട്ടിയായിരുന്ന സമയത്ത് ഒരു ദിവസം ജഗതിയിലെ വീട്ടിലേക്ക് വിളിച്ചു പപ്പയെ അന്വേഷിച്ചു. അന്നു ചേട്ടന്റെ പപ്പയാണ് ഫോണ്‍ എടുത്തത്.ചേട്ടന്‍ അവിടെ ഇല്ലായിരുന്നു.ചെന്നപ്പോള്‍ പറഞ്ഞു ''ലക്ഷ്മി വിളിച്ചു.നീ വിളിക്കണമെന്ന് പറഞ്ഞെന്ന്''. അമ്മയും അവളെ കണ്ടിട്ടുണ്ട്.അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനും അവള്‍ക്ക് ഭാഗ്യം ലഭിച്ചു. ഇങ്ങനെ ഒരു ബന്ധം തുടങ്ങിയപ്പോള്‍ ''ജീവിതാവസാനം വരെ കൊണ്ടുപോകാമെങ്കില്‍ മാത്രമേ ബന്ധം തുടങ്ങാവൂവെന്നു 'പപ്പ ചേട്ടനോട് പറഞ്ഞത്രേ.
'അവള്‍ ജീവിതാവസാനം വരെ എന്റെ കൂടെ വേണമെന്ന്'ചേട്ടന്‍ പപ്പയോടു മറുപടിയും കൊടുത്തന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

മകള്‍ ജനിച്ചത്

ജീവിതം തുടങ്ങുമ്പോള്‍ കുട്ടികളൊന്നും വേണ്ടെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പിന്നീട് അദ്‌ദേഹം തന്നെയാണ് പറഞ്ഞത് ''നമുക്ക് ഒരു കുട്ടിവേണം. അല്ലെങ്കില്‍ നീ അവസാനം ഒറ്റപ്പെട്ടാലോ. ''തിരുവന്തപുരം ആനയടി ഹോസ്പിറ്റലില്‍ ആണ് അവളെ പ്രസവിച്ചത്. ഡോക്ടര്‍ ഉഷയുടെ അടുത്തു കൊണ്ടുപോയതൊക്കെ ചേട്ടനാണ്. മോളെ പ്രസവിക്കുന്ന ദിവസം ചേട്ടന്‍ ചെന്നൈയില്‍്. പ്രസവിച്ച കാര്യം എന്റെ സഹോദരന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ചേട്ടന്‍ അവനോട് പറഞ്ഞു പെണ്‍കുട്ടിയാണില്ലേയെന്ന് .അപ്പോഴല്ലേ അവിടെ റിസപ്ക്ഷനില്‍ ഇരുന്ന പെണ്‍കുട്ടി പറഞ്ഞത് അന്നു തുടര്‍ച്ചയായി ചേട്ടന്‍ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന്. ഡിസ്ചാര്‍ജ് ചെയ്തു മൂന്നാപക്കമാണ് ചേട്ടന്‍ വന്നത്. പിന്നെ ഷൂട്ടിംഗ്കഴിഞ്ഞു 28 നടത്താന്‍ കൃത്യ ദിവസം വരാന്‍ പറ്റിയില്ല.അതുകൊണ്ടു മുപ്പത്തിമൂന്നാം ദിവസമാണ് ഇരുപത്തിയെട്ട് നടത്തിയത്. കുമാരകോവിലില്‍ പോയി പേരിട്ടതു ചേട്ടന്റെ നിര്‍ബന്ധമായിരുന്നു

അവസാനമായി വന്നത്

ഡയമണ്ട് നെക്‌ലേസിന്റെ ഷൂട്ടിംഗിന് പോകുന്നതിനായി ദുബായില്‍ പോകുന്നതിനു മുന്‍പാണ് വീട്ടില്‍ അവസാനമായി വന്നത്. രാതി പതിനൊന്നരയ്ക്കാണ് വന്നത്. രാത്രിയില്‍ വന്നു അപ്പോള്‍തന്നെ പോകുമെന്ന് വിളിച്ചു പറഞ്ഞിരുന്നു. മോള്‍ ഉറങ്ങരുതെന്ന്. പാസ്‌പോര്‍ട്ട് ഇവിടെയായതുകൊണ്ട് അതെടുക്കാന്‍ വേണ്ടിയാണ് വന്നത്. രാത്രിയില്‍ വന്നു. അപ്പോള്‍തന്നെ പോയി. പോകും മുമ്പ് ഒരു ാസ് വെള്ളം മാത്രം കുടിച്ചിട്ടാണ് പോയത്. ആ മാസത്തേക്കുള്ള വീട്ടുചെലവിനുള്ള ചെക്കും എഴുതിത്തന്നു. എന്റെ സഹോദരന്‍ ദുബായില്‍ ഉണ്ട്. അവനേയും ചേട്ടന്‍ കണ്ടു. സൈലോയില്‍ വെയ്ക്കാനുള്ള ഫിറ്റിംഗ്‌സുകളൊക്കെ എന്റെ ബ്രദര്‍ ചേട്ടന്റെ കൈവശം കൊടുത്തുവിട്ടിരുന്നു. പിന്നെ വീട്ടിലേക്ക് കുറച്ചു സാധനങ്ങളും അവന്‍ ചേട്ടന്റെ കൈയില്‍ കൊടുത്തുവിട്ടിരുന്നു. നാട്ടില്‍ വന്നിട്ട് എന്നേയും മോളേയും വിളിച്ചു. പപ്പ ഇതൊക്കെ കൊണ്ടുവന്നിട്ടുണ്ട്.മൈസൂറിലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ കൊണ്ടുവരാം'' എന്നും പറഞ്ഞിരുന്നു. അന്ന് എന്നോട് വളരെ വിഷമത്തോടെ കുറേ കാര്യങ്ങള്‍ സംസാരിച്ചു. ''26 വര്‍ഷമായി നീ എന്റെയൊപ്പം ജീവിക്കുന്നു. ഇന്നുവരെ നീ ഒരാഗ്രഹവും എന്നോട് പറഞ്ഞിട്ടില്ല. നിനക്ക് മനസില്‍ എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങള്‍ കാണും.

ഞാനതൊന്നും ചോദിച്ചിട്ടുമില്ല. ചെയ്തിട്ടുമില്ല. പക്ഷേ ഇനിയത് വൈകിക്കൂടാ. എല്ലാ ആഗ്രഹങ്ങളും ഞാന്‍ സാധിച്ചു തരും. ഇനി അതു നീ മനസില്‍വെച്ചുകൊണ്ടിരിക്കണ്ട.'' എന്തിനാണ് ചേട്ടന്‍ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കാരണം എനിക്കങ്ങനെ പ്രത്യേകിച്ച് ആഗ്രഹമൊന്നുമില്ല. ജീവിതത്തില്‍ എല്ലാ സന്തോഷവും സ്‌നേഹവും സുഖസൗകര്യങ്ങളും തന്നയാളാണ് ചേട്ടന്‍.
എവിടെപ്പോയി വന്നാലും എനിക്കും മോള്‍ക്കുമുള്ള സാധനമൊക്കെ വാങ്ങിവരും. അവള്‍ ജനിച്ച സമയത്ത് ജര്‍മ്മനിയില്‍ പോയി. അന്ന് അവളെ കിടത്തി കുളിപ്പിക്കാനുള്ള വായു കയറ്റിയെടുക്കാവുന്ന തരം ബക്കറ്റ്
, കനംകുറഞ്ഞ കോട്ടണ്‍ ഉടുപ്പ് ഒക്കെ കൊണ്ടുവന്നു. ഈ അടുത്ത കാലംവരെ എവിടെ പോയി വന്നാലും എനിക്കും മോള്‍ക്കുമുള്ളത് വാങ്ങിവരും. ഉടുക്കാത്ത സാരികള്‍പോലും ഇപ്പോഴും അലമാരിയിലുണ്ട്.

അവസാനമായി കണ്ടത്

അപകടമുണ്ടായി കുറച്ചുമാസം കഴിഞ്ഞ് വെല്ലൂരിലെ ആശുപത്രി മുറിയില്‍ വെച്ചാണ് ചേട്ടനെ ഞാനും മോളും അവസാനമായി കണ്ടത്. മകള്‍ പപ്പായെന്നു വിളിച്ചപ്പോള്‍ അവളുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു. പുറത്തുപോകുമ്പോള്‍ എന്നോട് സാരി ഉടുത്താല്‍ മതിയെന്നു പറയും പോലെ ചേട്ടന്‍ വാങ്ങിത്തന്ന ഒരു മാലയും വലിയ ലോക്കറ്റും നിര്‍ബന്ധമായി ഇടണമെന്ന് പറയും. ആശുപത്രിയില്‍ വെച്ചു ഈ മാലയിലും ലോക്കറ്റിലും കുറേനേരം നോക്കിയിട്ടു എന്റെ മുഖത്തേയ്ക്കു േനാക്കിയിരുന്നു. ഓര്‍മ്മകള്‍ മെല്ലെ മെല്ല വന്നു തുടങ്ങുന്നൂവെന്നതായിരുന്നില്ലേ ആ നോട്ടത്തിന്റെ കാരണം.

ആ പ്രാര്‍ത്ഥനയിലാണ്

ചേട്ടന്റെ നാള്‍ ധനുമാസത്തിലെ തൃക്കേട്ടയാണ് . രണ്ടു വര്‍ഷം മുമ്പ് ജനുവരിയില്‍ ചേട്ടന്റെ അറുപതാം പിറന്നാള്‍ ഞങ്ങള്‍ ചെറിയ രീതിയില്‍ വീട്ടില്‍ ആഘോഷിച്ചു. കേക്ക് മുറിച്ചു നടത്തിയ ചെറിയ ചടങ്ങ്. വീട്ടില്‍ ഞാന്‍ തന്നെ തയാറാക്കിയ ഒരു സദ്യയും. ഒരു ജ്യോത്സ്യന്‍ ചേട്ടന്റെ സമയം മോശമായെന്നു പറഞ്ഞതു കൊണ്ട് ഞാന്‍ ഇന്നും ചേട്ടന്റെ പേരില്‍ മൃത്യൂഞ്ജയഹോമവും ധാരയും മുടങ്ങാതെ നടത്തുന്നുണ്ട്. ഇതു അഞ്ചാമത്തെ വര്‍ഷമാണ്. ഇനി രണ്ടുവര്‍ഷം കൂടിയുണ്ട്. അപ്പോഴേക്കും എല്ലാം ശരിയായി ചേട്ടന്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ് എന്റെ പ്രതീക്ഷ... ആ പ്രാര്‍ത്ഥനയിലാണ് ഞാനും മോളും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment