Saturday 6 April 2013

[www.keralites.net] മഹാനിര്‍വാണ്‍ റോഡിലെ 'ചുനിബാലദേവി'

 

മഹാനിര്‍വാണ്‍ റോഡിലെ 'ചുനിബാലദേവി'


ബംഗാളിലെ സൗത്ത് കല്‍ക്കത്തയിലുള്ള ഗൊരിയാഹട്ടിനടുത്താണ് മഹാനിര്‍വാണ്‍ റോഡ്. മഹാനിര്‍വാണ്‍ റോഡിനരികെ ഇടുങ്ങിയ ചേരിയിലൂടെ അല്‍പ്പം ഉള്ളിലേക്ക് നീങ്ങിയാല്‍ ബീണ അധികാരിയുടെ വീടായി. ആ കൊച്ചുവീട്ടിലേക്ക് അവരെ കാണാനായി പൊളിഞ്ഞടര്‍ന്നു തുടങ്ങിയ വാതില്‍ തള്ളിത്തുറന്ന് തല നന്നേ കുനിച്ച് അകത്തേക്ക് കടന്നുചെന്നു. അകംകാഴ്ച്ചയില്‍ ആദ്യം ചെറിയൊരു നടുത്തളമാണ്. അതിനോട് ചേര്‍ന്ന് കൊച്ചുമുറിയും. ദാരിദ്യത്തിന്റെ ദുസ്സൂചനകള്‍ ധാരാളമുള്ള വീട്. വീണ്ടുകീറി, നരബാധിച്ച ചുവരുകള്‍ക്കിടയിലെ പരിമിതിമായ സ്ഥലമാണ് ഇവരുടെ വാസസ്ഥലം. മഹാനിര്‍വാണ്‍ സരണിയിലെ ചേരിയിലേക്ക് നീളുന്ന ഈ കൊച്ചുവീട്ടിലെ 92കാരിയെ കാണാനായി ചെന്നപ്പോള്‍ പെട്ടെന്ന് ഓര്‍ത്തുപോയത് പഥേര്‍ പാഞ്ചാലിയിലെ ചുനിബാലാദേവിയെയാണ്. അപ്പുവിന്റേയും ദുര്‍ഗയുടേയും ഒപ്പം, തന്റെ പ്രായാധിക്യവും പ്രത്യേകതകളും കൊണ്ട് ആരും ശ്രദ്ധിച്ചുപോകുന്ന ഇന്ദിര ഠാക്കൂര്‍മാ എന്ന അച്ഛമ്മ കഥാപാത്രത്തെ അവതരിപ്പിച്ച ചുനിബാലയെ.

സത്യജിത്ത് റേയുടെ വിഖ്യാതചിത്രത്തിലെ ഓര്‍മ്മകളുടെ പുനരുത്ഥാനമാണ് അവിടെ കണ്ടത്. ബംഗാളിലെ അരക്ഷിതമായ മനസ്സിന്റേയും ജീവിതത്തിന്റേയും പ്രയാണമായിരുന്നു പഥേര്‍ പാഞ്ചാലിയിലൂടെ ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായ വരച്ചിട്ടത്. ബംഗാളിലെ ജീവിതപശ്ചാത്തലത്തിന്റേയും അന്നത്തെ ആസന്നഭാവം മനോഹരവും തീവ്രവുമായി സത്യജിത് റേ ആഖ്യാനം ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചുനിബാല ദേവി എന്ന നടി അവിസ്മരണീയമാക്കിയ ഇന്ദിരയോളം പ്രായാധിക്യം ഈ അമ്മൂമ്മയ്ക്കില്ലെങ്കിലും ചുനിബാലാദേവിക്ക് അന്ന് അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ പ്രായം ഇവര്‍ക്കുണ്ട്. ബീണ അധികാരി വെറുമൊരു അമ്മൂമ്മയല്ല ഈ നാടിന്. ചെങ്കടല്‍ ഇരമ്പിയ ഒരു സമരകാലത്തെ മനസ്സില്‍ ആവാഹിച്ചുകൊണ്ട് ഇപ്പോഴും ജീവിക്കുന്ന ചരിത്രസാക്ഷ്യമാണ്. എപ്പോള്‍ ചോദിച്ചാലും ആ നെഞ്ചില്‍ നിന്ന് ചരിത്രം കനലുള്ള വാക്കുകളായി പ്രവഹിക്കും. ബീണയുടെ വീടും അവരെപ്പോലെ തന്നെ നിരവധി സമരസ്മരണകളുടെ സ്മാരകം തന്നെ. തന്റെ പ്രായാധിക്യങ്ങളോട് പടവെട്ടി ഒരു കാലഘട്ടത്തിന്റെ ജീവിതസാക്ഷ്യമായാണ് ഇവര്‍ ഇപ്പോഴും കഴിയുന്നത്.

നിരവധി വിശേഷങ്ങള്‍ ചേരും ബീണ അധികാരിയ്ക്ക്. ബംഗാളിലെ ജീവിച്ചിരിക്കുന്ന ആദ്യകാല കമ്യൂണിസ്റ്റ് സജീവപ്രവര്‍ത്തകരില്‍ ഒരാള്‍. ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗത്വമുള്ള ഏറ്റവും പ്രായമുള്ള വനിത. ഏഴ് പതിറ്റാണ്ടോളം കാലത്തെ രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാവുന്ന അപൂര്‍വ വ്യക്തിത്വം. ബംഗാളിന്റെ ചരിത്രത്തില്‍ സ്ഥാനമുള്ള നിരവധി കമ്യൂണിസ്റ്റ് നേതാക്കളെ ഒളിവ് ജീവിതത്തിന് സഹായമൊരുക്കിക്കൊടുത്ത സ്ത്രീ. ഈ വിശേഷങ്ങളില്‍ അഭിരമിക്കാന്‍ അവര്‍ തയ്യാറല്ലെങ്കിലും ബീണ അധികാരിയോട് സംസാരിക്കാനിരുന്നാല്‍ അറിയാം, ചങ്കുറപ്പിന്റെ ദിനരാത്രങ്ങള്‍ കൊണ്ട് ഒരു ജനതയ്ക്ക് വേണ്ടി പോരാടിയ ചരിത്രം.

92 വയസ്സായി എങ്കിലും ആ വാക്കുകളിലെ വീറും വാശിയും ഓര്‍മ്മകളും തെറ്റുപറ്റാതെ സംഭവവിവരണങ്ങള്‍ ഓര്‍ത്തെടുക്കുന്നതും കണ്ടാല്‍ അത്ഭുതം തോന്നിപ്പോകും. ഓരോ സംഭവങ്ങളുടേയും വര്‍ഷങ്ങളും ദിനങ്ങളുമെല്ലാം മനപാഠമാണിവര്‍ക്ക്. കൂട്ടലിനും കിഴിക്കലിനും പഴയ അതേവേഗം തന്നെയെന്ന് അടുപ്പമുള്ളവര്‍ പറയും. അവരുടെ വാക്കുകളില്‍ ഞാനെന്ന ഭാവം ഒട്ടിപ്പിടിച്ചുകിടപ്പില്ല. അക്കാലമായിരുന്നു നല്ലതെന്ന ഗൃഹാതുരത്വപ്പനി ബാധിച്ച വാക്കുകള്‍ കേള്‍ക്കേണ്ടിവരില്ല. ബീണ അധികാരി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ കഥ മാത്രമേ അവര്‍ പറയൂ. അതിനപ്പുറം കുടുംബത്തെക്കുറിച്ച് പോലും അവര്‍ വാചാലയായില്ല. പകരം എല്ലാ വാക്കുകളിലും സമരകാലത്തിന്റെ ആവേശം മാത്രം.

Fun & Info @ Keralites.netബംഗാളില്‍ സരസ്വതീപൂജ നടക്കുന്ന ദിനമാണ് ബീണാ അധികാരിയുടെ ജന്മദിനം. 1921 ല്‍ ഹൗറയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചു. ബീണ എന്നാല്‍ വീണ തന്നെ. സരസ്വതിയുടെ പര്യായപദം. ആ കൊച്ചുമുറിയ്ക്ക് മുന്നിലിരുന്ന് കേരളത്തില്‍ നിന്ന് കാണാനെത്തിയവരോട് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. അതില്‍ ബംഗാള്‍ വിഭജനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനവും ബംഗാളിലെ ക്ഷാമകാലവും ഭൂമി പിടിച്ചെടുക്കല്‍ സമരവും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍, വ്യക്തികള്‍ എല്ലാം കടന്നുവന്നു. പഴയ സംഭവങ്ങള്‍ ഓരോന്നും കുറച്ച് പണിപ്പെട്ടാണെങ്കിലും ഓര്‍മ്മകള്‍ പെറുക്കിയും വാക്കുകള്‍കൊണ്ട് അടക്കിയും അവര്‍ പുറത്തെടുത്തു. ബീണ അധികാരിയുടെ വ്യക്തിത്വത്തിലെ അപൂര്‍വതകള്‍ തീരുന്നില്ല. കേരളത്തേയും ഇ.എം.എസിനെയും ഇഷ്ടപ്പെടുകയും ബംഗാളിലെ മലയാളി പത്രപ്രവര്‍ത്തകനായിരുന്ന വിക്രമന്‍നായരുമായി അടുത്ത സുഹൃദം പുലര്‍ത്തുകയും ചെയ്ത വ്യക്തി കൂടിയാണ് ഈ സ്ത്രീയെന്നതാണ് മറ്റൊരു കൗതുകം.

കവി കടമ്മനിട്ടയുമായും ചിന്തകനായ എം.എന്‍.വിജയന്‍മാഷുമായും മലബാറിലെ പ്രമുഖ കമ്യൂണിസ്റ്റായിരുന്ന കേളുവേട്ടനുമായും അടുത്ത സൗഹൃദമുണ്ടായിരുന്ന കമ്യൂണിസ്റ്റ് വനിതാസഖാവ്. അവരെ ഓരോരുത്തരേയും ഇപ്പോഴും ബീണ അധികാരിയ്ക്ക് നല്ല ഓര്‍മ്മയാണ്. അപൂര്‍വവും കൗതുകകരവുമായ ഇത്തരം ഒരുപാട് അനുബന്ധങ്ങള്‍ ചേരുംപടി ചേര്‍ക്കാവുന്ന പേരാണ് ബീണ അധികാരിയുടേത്.

അധികാരം പോയിട്ട് അംഗീകാരം പോലുമില്ലാത്ത ഒരുകാലത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിജീവിതവും പിന്നീട് എല്ലാം നേടിയതിന്റെ സ്വാധീനവും അധികാരഗര്‍വ്വും കൂട്ടുള്ള ഭരണകൂട വ്യവസ്ഥയും ഒരുപോലെ കണ്‍മുന്നില്‍ കണ്ടതാണ് ഇവര്‍. അധികാരമില്ലാത്ത പാര്‍ട്ടിയുടേയും അധികാരത്തിലേറിയ പാര്‍ട്ടിയുടേയും രൂപഭാവങ്ങള്‍ കണ്ടിട്ടുണ്ട്, ചിലപ്പോഴൊക്കെ കലഹിച്ചിട്ടുമുണ്ട്. പക്ഷേ പാര്‍ട്ടിയിലെ സ്ഥാനക്കയറ്റങ്ങള്‍ക്ക് ഒട്ടും വിലകല്‍പ്പിക്കാത്ത ഒരു സാധാരണപ്രവര്‍ത്തകയായി തന്നെ അവര്‍ ജീവിച്ചു. ഇനി ഒരു ആഗ്രഹം മാത്രം ബാക്കിയുണ്ട്, ചുവന്ന കൊടി പുതച്ചുറങ്ങിയൊരു അവസാന യാത്ര. അതും കാത്തിരിപ്പാണിവര്‍.

വയസ്സ് 92 ആയെങ്കിലും രാവിലെ എണീറ്റാല്‍ വീട്ടുജോലികളില്‍ വ്യാപൃതയാവും. രാവിലെ അഞ്ചുമണിയ്ക്ക് എഴുന്നേല്‍ക്കും. ഏഴ് മണിയായി പത്രമെത്തിയാല്‍ പിന്നെ കുറച്ചു മണിക്കൂറുകള്‍ മറ്റൊന്നിനും ഇവരെ വിളിച്ചിട്ട് കാര്യമില്ല. എങ്ങനെ തപ്പിപ്പിടിച്ചിട്ടായാലും പത്രവായന നിര്‍ബന്ധം. ബംഗാളിലെ സി.പി.എം. മുഖപത്രമായ ഗണശക്തി രാവിലെ കിട്ടണമെന്നതില്‍ കവിഞ്ഞ നിര്‍ബന്ധബുദ്ധിയൊന്നും ഈ അമ്മൂമ്മയ്ക്കില്ല. ഗണശക്തിയുടെ ഓരോ മുക്കുംമൂലയും അരിച്ചുപെറുക്കി വായിച്ചുകഴിയുമ്പോള്‍ സമയം അതിന്റെ പാട്ടിന് പോകും. പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടുപോലുമില്ലെങ്കിലും ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. പറ്റുമെങ്കില്‍ അടുത്തുവരുന്ന കുട്ടികളോട് വാര്‍ത്തകളെ പറഞ്ഞുകൊടുക്കുകയും ചെയ്യും. തന്റെ ചുവപ്പന്‍ ജീവിതപശ്ചാത്തലത്തില്‍ കിട്ടിയ അച്ചടക്കങ്ങളും ശീലങ്ങളും ഈ പ്രായത്തിലും വെടിയാന്‍ തയ്യാറല്ല ഇവര്‍.

സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളോടുള്ള നിതാന്ത ജാഗ്രതയും ശ്രദ്ധയും ഇപ്പോഴും ബീണ അധികാരിയുടെ വാക്കുകളില്‍ പ്രകടമാണ്. അതുകൊണ്ടുതന്നെ സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് എന്ത് ചോദിച്ചാലും മറുപടി റെഡിയാണ്. തന്റെ രാഷ്ട്രീയകാഴ്ച്ചയുടെ നേരടയാളങ്ങളെ വിട്ടുകളയാന്‍ അവര്‍ ഒരിക്കലും ഒരുക്കമല്ലെന്ന് ചുരുക്കം. ബംഗാളില്‍ പ്രസ്ഥാനത്തിന് പല മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും ബീണാ അധികാരി ആദര്‍ശമുള്ള കമ്യൂണിസ്റ്റ് അനുഭാവിയാണ് ഇപ്പോഴുമെന്ന് വാക്കുകളില്‍ നിന്ന് വ്യക്തം. അടുത്ത സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അത് ശരിവെക്കുന്നു. ഈ വാര്‍ധക്യകാല ബുദ്ധിമുട്ടുകള്‍ക്കിടയിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തനിയെ പോകാന്‍ ശരീരം അനുവദിക്കാത്തതിന്റെ വൈഷമ്യം മാത്രമേ അവര്‍ക്കുള്ളൂവെന്നാണ് അവരുടെ പക്ഷം. നിന്നുതിരിയാനുള്ള ഇടംപോലുമില്ലാത്ത ബീണ അധികാരിയുടെ ഈ കൊച്ചുവീടിന് പറയാനുള്ള ചരിത്രത്തില്‍ ചില ഒളിവുജീവിതങ്ങളുമുണ്ട്.

ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കള്‍ പലരും നിത്യസന്ദര്‍ശകരായിരിക്കുകയും ചില പ്രമുഖ കര്‍ഷകസംഘം നേതാക്കള്‍ ഒളിവില്‍ പാര്‍ക്കുകയും ചെയ്ത ഇടമാണ് ഇത്. അത് ആരെന്ന് ചോദിച്ചാല്‍ കുറച്ച് ഓര്‍ത്തെടുക്കാനുണ്ടെന്ന് അവര്‍ പറയും. അവയിലെ ചില പേരുകളില്‍ കര്‍ഷകസംഘം നേതാക്കളായ സാധന്‍സെന്‍, ജ്യോത്സന സെന്‍ എന്നിവര്‍ പ്രധാനം. ബംഗാളില്‍ അക്കാലം പാര്‍ട്ടി പ്രവര്‍ത്തനത്തിന് വിലക്കുള്ള കാലമായിരുന്നു. ഇന്ത്യയില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലഘട്ടം. ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബി.സി.റോയിയുടെ കമ്യൂണിസ്റ്റായിരുന്ന മരുമകള്‍ രേണുചക്രവര്‍ത്തി, ബംഗാളിലെ ഏറ്റവും പ്രമുഖയായ വനിതാ കമ്യൂണിസ്റ്റ് എന്നറിയപ്പെട്ട മണികുന്ദളസെന്‍, ബംഗാളിലെ പ്രമുഖ കമ്യൂണിസ്റ്റായിരുന്ന ഹരേകൃഷ്ണ കോനാറിന്റെ ഭാര്യ വിഭ കോനാര്‍ തുടങ്ങി നിരവധി പേര്‍ ബീണയുടെ വീട്ടില്‍ നിരവധി തവണ താമസിക്കുകയും പാര്‍ട്ടി യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.

ബംഗാള്‍ ക്ഷാമകാലത്തും തേഭാഗ പ്രക്ഷോഭത്തിലും നിരന്തരം സജീവമായി ബീണ തനിക്കാവുംവിധം പങ്കെടുത്തു. അക്കാലത്ത് ഭൂവുടമകളില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച നേതാവായിരുന്നു ഹരേകൃഷ്ണ കോനാര്‍. രേണു ചക്രവര്‍ത്തി മഹിളാ ആത്മരക്ഷാസമിതി എന്ന കമ്യൂണിസ്റ്റ് വനിതാ വിഭാഗത്തിന്റെ സ്ഥാപകനേതാക്കളിലൊരാളും. ഈ കാലത്തുതന്നെ ബംഗാളിലെ വനിതകളെ പാര്‍ട്ടിയിലേക്ക് കണ്ണിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ബീണ അധികാരി ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് തെക്കന്‍ മേഖലയിലെ വനിതാവിഭാഗം സജീവ പ്രവര്‍ത്തകയായി മാറി. പിന്നീട് ഏറെകഴിഞ്ഞ് രൂപീകരിക്കപ്പെട്ട ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ കൗണ്‍സില്‍ അംഗമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. നിരവധി വിഷയങ്ങളുടെ പേരില്‍ നൂറുകണക്കിന് ജാഥകള്‍ സംഘടിപ്പിച്ചു. മഹിളാ ആത്മരക്ഷാ സമിതി എന്ന പേരിലാണ് ആദ്യകാലത്ത് ഈ സംഘടന പ്രവര്‍ത്തിച്ചിരുന്നത്.

Fun & Info @ Keralites.net1946 ലെ തേഭാഗ മൂവ്‌മെന്റിന്റെ കാലത്ത് നിരവധി തവണ പോലീസ് അറസ്റ്റുകളില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ടിട്ടുണ്ട് ഇവര്‍. ഭര്‍ത്താവ് ശക്തനായ പാര്‍ട്ടി അനുഭാവിയായിരുന്നെങ്കിലും അദ്ദേഹത്തെ വെല്ലുന്ന പ്രവര്‍ത്തനമികവാണ് ബീണ അധികാരി അക്കാലത്ത് പുറത്തെടുത്തത്. ഈയടുത്തകാലത്തുപോലും പാര്‍ട്ടി ജാഥകള്‍ക്ക് പോകാന്‍ ബീണ അധികാരിക്ക് മടിയില്ലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയും. ഇപ്പോള്‍ കുറച്ചുനാളായി നടക്കാന്‍ അസ്വസ്ഥതയുള്ളതിന്റെ പേരില്‍ വീട്ടുകാര്‍ വിലക്കുന്നതുകൊണ്ടാണ് ജാഥകള്‍ക്ക് പോകാത്തതെന്നും അവര്‍ പറഞ്ഞു. ജാഥകള്‍ക്ക് പോകാന്‍ ശരീരം അനുവദിക്കാതായപ്പോള്‍ ജാഥ തുടങ്ങുന്ന സ്ഥലത്തെങ്കിലും ഒന്നുപോയി മുഖംകാണിച്ച് വന്നില്ലെങ്കില്‍ ഈ അമ്മൂമ്മയ്ക്ക് ഒരു സമാധാനവുമുണ്ടാകാറില്ലത്രെ.

ഹൗറയിലെ വീട്ടില്‍ നിന്ന് വിവാഹാനന്തരമാണ് ബീണ മഹാനിര്‍വാര്‍ റോഡിലെ ഈ വീട്ടിലെത്തുന്നത്. സ്വന്തം വീട്ടുകാരെല്ലാം കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. പിന്നെങ്ങനെ ഇവര്‍ മാത്രം കമ്യൂണിസ്റ്റ് അനുഭാവിയായെന്നത് അക്കാലത്ത് വീട്ടുകാരെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്നുപോലും. ഇവിടെയെത്തുമ്പോള്‍ ഇതത്ര കൊച്ചുവീടൊന്നുമായിരുന്നില്ല. പിന്നീട് കുടുംബപരമായ ആവശ്യങ്ങളുടെ പേരില്‍ ഭാഗം വെച്ചതോടെയാണ് വീട് ഇത്രയും ചെറുതായിപ്പോയത്. അതില്‍ ശേഷിച്ചതില്‍ ഒരു ഭാഗം പിന്നീട് വാടകയ്ക്ക് നല്‍കുകയും ചെയ്തു. വാടകയ്ക്ക് നല്‍കിയതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇപ്പോഴത്തെ ജീവിതം. മൂന്ന് മക്കളാണ് അവര്‍ക്ക്. ഭര്‍ത്താവ് 30 വര്‍ഷം മുമ്പ് ലോകത്തോട് വിടപറഞ്ഞുപോയി. ആകെയുള്ള മൂന്നു പെണ്‍മക്കളില്‍ ഒരാള്‍ ജീവിച്ചിരിപ്പില്ല. മരിച്ചുപോയ മകളുടെ രണ്ട് മക്കള്‍ക്ക് ഒപ്പമാണ് ബീണ അധികാരിയുടെ ഇവിടത്തെ താമസം. മറ്റ് രണ്ട് പെണ്‍മക്കളും ബംഗാളില്‍ തന്നെയാണ് ജീവിക്കുന്നത്. അവര്‍ ഇടയ്ക്കിടെ കാണാനെത്തി കുറച്ച് പണവും മറ്റും നല്‍കും. ഇതുകൊണ്ടെല്ലാമാണ് അവരുടെ ജീവിതം കഴിഞ്ഞുപോകുന്നത്. എന്നാല്‍ മക്കളോടുപോലും പണത്തിനോ മറ്റ് സഹായത്തിനോ കൈ നീട്ടുന്ന സ്വഭാവം അവര്‍ക്കില്ലെന്ന് ബീണ അധികാരിയെ അറിയുന്ന ആരുംപറയും. പാര്‍ട്ടി ഭരണത്തില്‍ വന്നപ്പോള്‍ അനുവദിച്ച വിധവ പെന്‍ഷന്‍ പോലും വേണ്ടെന്ന് എഴുതികൊടുത്തയാളാണ് ബീണ അധികാരി. തന്നേക്കാള്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആവശ്യമുള്ളതാണ് അതെല്ലാമെന്നായിരുന്നു ഇവരുടെ മറുപടി.

കടുത്ത പാര്‍ട്ടി അനുഭാവമാണ് ഈ മേഖലയിലെ ജനങ്ങള്‍ക്കിടെ ഒരു കാലത്ത് ബീണ അധികാരിയെ ഏറെ സ്വാധീനമുള്ള പ്രവര്‍ത്തകയാക്കി മാറ്റി. എന്നാല്‍ നേതൃത്വത്തിലേക്ക് ഉയരാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. വനിതാ സജീവ പ്രവര്‍ത്തകര്‍ കുറവായിരുന്ന കാലമായിരുന്നതിനാല്‍ അക്കാലത്ത് നേതാവാകുക എളുപ്പമായിരുന്നുവെങ്കിലും കുടുംബത്തിന്റെ കാര്യങ്ങള്‍ തലയിലുള്ളതിനാല്‍ നേതൃപദവികള്‍ വേണ്ടെന്നുവെക്കുകയായിരുന്നു. 1945 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വരുന്നതെങ്കിലും പാര്‍ട്ടി അംഗത്വം ലഭിക്കുന്നത് 1980 കളിലാണ്. അക്കാലത്തെ ബംഗാളിലെ ജീവിതാവസ്ഥയും കുടുംബപശ്ചാത്തലവുമാണ് പാര്‍ട്ടി അംഗത്വം വൈകാന്‍ കാരണമെന്ന് അവര്‍ പറയുന്നു. രാത്രി ഏറെ വൈകിയുളള പാര്‍ട്ടി ക്ലാസുകളിലും പരിപാടികളിലും പാര്‍ട്ടി അംഗങ്ങള്‍ നിര്‍ബന്ധമായി പോകേണ്ടതുള്ളതിനാല്‍ കുടുംബപരമായ ബുദ്ധിമുട്ടുകളുടെ പേരില്‍ പാര്‍ട്ടി അംഗത്വം നിരസിക്കുകയായിരുന്നു. പിന്നീട് മക്കളെല്ലാം മുതിര്‍ന്നപ്പോഴാണ് ബീണ അധികാരി പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ തയ്യാറായത്. എന്നാല്‍ കൂടുതല്‍ വലിയ പദവികള്‍ വഹിക്കാനോ മുതിര്‍ന്ന ചുമതലകള്‍ സ്വീകരിക്കാനോ താല്‍പര്യം കാണിച്ചതുമില്ല.

പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഈ അമ്മൂമ്മയ്ക്ക് നല്ല വായനവും ചരിത്രവീക്ഷണവുമാണെന്ന് സംസാരിക്കുന്ന മാത്രയില്‍ ആര്‍ക്കും ബോധ്യപ്പെടും. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അഭയം നല്‍കിയ വീടാണിതെന്ന ഭാവമൊന്നും ഇവര്‍ക്കില്ല. തന്നാലാവുന്ന സഹായം പാര്‍ട്ടി പ്രവര്‍ത്തനത്തിന് നല്‍കിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇപ്പോഴും സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റിയംഗമായ ഇവര്‍ ജീവിക്കുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായാണ് പ്രായാധിക്യം ബീണ അധികാരിയെ തെല്ലൊന്ന് തളര്‍ത്തിയത്. അതിന് മുമ്പ് പാര്‍ട്ടി മീറ്റിങ്ങുകള്‍ക്ക് സ്ഥിരമായി പോകുമായിരുന്നു. ഇപ്പോഴും പാര്‍ട്ടി യോഗങ്ങള്‍ വീട്ടില്‍ നടത്താന്‍ ബീണ അനുവദിക്കാറുണ്ട്. കുട്ടികളെ സംംസ്‌കാരിക പരിപാടികളോ മറ്റോ സംഘടിപ്പിക്കാന്‍ സന്തോഷം. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും ഈ അമ്മൂമ്മയുടെ അഭിപ്രായത്തെ ഇപ്പോഴും ഗൗരവത്തോടെയും ബഹുമാനത്തോടെയുമാണ് കാണുന്നത്. പലരും സംസാരിക്കാനെത്തുന്നു. സാംസ്‌കാരിക പരിപാടികള്‍ക്ക് പേരക്കുട്ടിയുമൊത്ത് കഴിയാവുന്നപോലെ പോകും. അടുത്തിടെ നഗരത്തില്‍ നടന്ന ഒരു ജില്ലാതല ജാഥയ്ക്ക് പോയിരുന്നെങ്കിലും ശാരീരിക അവശത മൂലം നിരാശയോടെ ജാഥയില്‍ പങ്കെടുക്കാതെ തിരിച്ചുപോരേണ്ടിവന്നു.

ഇത്തരമൊരു പാര്‍ട്ടിസ്‌നേഹം എങ്ങനെ വന്നുവെന്ന് ചോദിച്ചാല്‍ അക്കാലത്തെ ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥ അതായിരുന്നുവെന്ന് ബീണ അധികാരി പറയും. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനമായിരുന്നു അത്. അന്ന് രാജ്യത്തുണ്ടായ അസ്വസ്ഥതകള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം, നിരോധനത്തെ മറികടന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, ബംഗാള്‍ വിഭജനം ഏല്‍പ്പിച്ച മുറിവുകള്‍, ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്കുള്ള ജനങ്ങളുടെ നിലയ്ക്കാത്ത പലായനം...ഇങ്ങനെ നിരവധി വിഷയങ്ങള്‍ ഇവര്‍ക്ക് പറയാനുണ്ട്.

മമത ബാനര്‍ജി സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് ചോദിച്ചാല്‍ ഒരു ഭരണമാറ്റം ജനത്തിന് ആവശ്യമായിരുന്നുവെന്നാണ് ഈ അമ്മൂമ്മയുടെ പക്ഷം. പക്ഷേ മമത അത് പ്രതീക്ഷകളോടെ നിറവേറ്റില്ലെന്ന് ഉറപ്പുണ്ടെന്നും ഇടതുപക്ഷ രാഷ്ട്രീയം ബംഗാളില്‍ തിരിച്ചുവരുമെന്നും ഇവര്‍ വിശ്വസിക്കുന്നു. 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് അറുതി വന്ന കാലത്തിന് മുമ്പും സ്വന്തം നേതാക്കളെ വിമര്‍ശിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടായിട്ടില്ല. ബംഗാളില്‍ അധികാരം നേടിയ ശേഷം ചില നേതാക്കള്‍ക്കുണ്ടായ ധാര്‍ഷ്ട്യവും പാര്‍ട്ടിയിലെ പല തട്ടുകല്‍ലുമുണ്ടായ അഴിമതിയും മറ്റ് ദുര്‍ഗന്ധങ്ങളും തന്നെയും മടുപ്പിച്ചിട്ടുണ്ടെന്ന് അവര്‍ സമ്മതിക്കുന്നു. പക്ഷേ മരിക്കുംമുമ്പ് തന്റെ പാര്‍ട്ടിയുടെ ഭരണം തിരിച്ചുവരണമെന്ന ആഗ്രഹവും മറച്ചുവെക്കുന്നില്ല. സ്വന്തം രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ താത്വികമായി വിലയിരുത്താനുള്ള രാഷ്ട്രീയ വിദ്യാഭ്യാസമൊന്നും ഇവര്‍ക്കില്ല. പറയാനുള്ളതെല്ലാം ജനങ്ങളുമായി ചേര്‍ന്നുള്ള സമരകാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ മാത്രം. അത് പറയാനും ഓര്‍ക്കാനുമാണ് ഏറെയിഷ്ടം. എന്നാല്‍ കുടുംബകാര്യത്തെക്കുറിച്ച് ചോദിച്ചാല്‍ വാക്കുകളില്‍ പിശുക്ക് കാട്ടും. ജനിച്ച വര്‍ഷം അറിയാം, എന്നാല്‍ വിവാഹം നടന്ന വര്‍ഷം ഓര്‍മ്മയില്ലെന്ന് പറഞ്ഞ് ചിരിച്ചു അവര്‍. സമരങ്ങള്‍ നടന്ന കാലഘട്ടം ഓര്‍ക്കുമ്പോള്‍ മറവിയില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതിനും മറുപടി ചിരിയിലൊതുക്കി.

കേരളവുമായി വലിയ ഹൃദയബന്ധമുണ്ടായിരുന്ന ബീണയ്ക്ക് ഇ.എം.എസിനെ പരിചയപ്പെടണമെന്നത് വലിയ ആഗ്രഹവുമായിരുന്നു. ബംഗാളില്‍ ഇ.എം.എസ്. നിരവധി തവണ വന്നുപോയെങ്കിലും അതിന് കഴിഞ്ഞില്ല. ഒടുവില്‍ ഇ.എം.എസിന്റെ നാട്ടിലേക്ക് വരാന്‍ കഴിഞ്ഞത് അദ്ദേഹം ഈ ലോകത്തുനിന്ന് വിടപറഞ്ഞതിന് ശേഷം മാത്രം. അന്ന് ഒപ്പമുണ്ടായിരുന്ന മലയാളി സുഹൃത്തിനോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. ഇ.എം.എസിന്റെ നാടുകാണണമെന്ന ആഗ്രഹം. മൂന്ന് തവണ കേരളത്തില്‍ വന്നിട്ടുള്ള, പുലാമന്തോളിലെ മലയാളി സുഹൃത്തിന്റെ വീട്ടില്‍ മൂന്ന് മാസത്തോളം താമസിച്ചിട്ടുള്ള ബീണ അധികാരി അങ്ങനെയാണ് ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ വീട്ടിലേക്ക് പോകുന്നത്. അവിടെയെത്തിയ ബീണയെ സ്വീകരിക്കാനെത്തിയ ഏലംകുളം മനയ്ക്കലുള്ളവര്‍ക്കും പാര്‍ട്ടി സുഹൃത്തുക്കള്‍ക്കും അവര്‍ കാണിച്ചുകൊടുത്തത് ഒരു ബാഡ്ജ് ആയിരുന്നു. ഇ.എം.എസ്. മരിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ നടത്തിയ വിലാപയാത്രയില്‍ പങ്കെടുത്തതിന്റെ ബാഡ്ജ്. ഇ.എമ്മിന്റെ ചിത്രമുള്ള ആ ബാഡ്ജ് ബീണ നഷ്ടപ്പെടാതെ സൂക്ഷിച്ചുവെച്ചിരുന്നു.

ബംഗാളിലെ ഏറ്റവും പ്രശസ്തനായ മലയാളിയും പത്രപ്രവര്‍ത്തകനുമായിരുന്ന വിക്രമന്‍നായരെ എപ്പോഴാണ് ആദ്യം പരിചയപ്പെട്ടതെന്ന് ബീണയ്ക്ക് കൃത്യമായി ഓര്‍മ്മയില്ല. വിക്രമന്‍നായര്‍ മരിക്കുംവരെ ഇടയ്ക്കിടെ ബീണയെ കാണാനെത്തുമായിരുന്നു. എല്ലാ ദുര്‍ഗാപൂജയ്ക്കും ഒരു പെട്ടി മധുരപലഹാരവും വിക്രമന്‍നായര്‍ ജോലി ചെയ്തിരുന്ന പത്രമായ ആനന്ദബസാര്‍ പത്രികയുടെ പ്രത്യേക പൂജാപതിപ്പും അദ്ദേഹത്തിന്റെ കയ്യില്‍ അവര്‍ക്കായി ഉണ്ടാകുമായിരുന്നു. അവരുടെ കൂടിക്കാഴ്ചകളില്‍ ബംഗാള്‍ എത്രയോ വിഷയങ്ങളായി നിറഞ്ഞുകവിഞ്ഞിട്ടുണ്ടാകണം. അതിനും ഏറെ കഴിഞ്ഞാണ് കവി കടമ്മനിട്ടയും എം.എന്‍.വിജയന്‍മാഷിനേയും അവര്‍ പരിചയപ്പെടുന്നത്. രണ്ടുപേരും ബീണയുടെ ഈ കൊച്ചുവീട്ടില്‍ താമസിച്ചിട്ടുമുണ്ട്. എഴുത്തുകാരായ പി.സുരേന്ദ്രനും കെ.എന്‍.ഷാജിയും അടുത്തിടെ കൊല്‍ക്കത്തയില്‍ വന്നപ്പോഴും ബീണ അധികാരിയെ കാണാനെത്തിയിരുന്നു.

കേരളത്തിലെ ഒരു നക്‌സല്‍പ്രവര്‍ത്തകന്റെ വിവാഹത്തിന് ചുവപ്പുമാലയിട്ടു കൊടുക്കാനും ഒരിക്കല്‍ അവസരമുണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എറണാകുളത്തുവെച്ചായിരുന്നു താന്‍ ചുവന്ന മാലയെടുത്തുകൊടുത്ത ആ വിവാഹം. കോഴിക്കോട്ടത്തെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന കേളുവേട്ടനുമായുള്ള പരിചയവും അദ്ദേഹം ബംഗാളില്‍ വന്നപ്പോഴുണ്ടായതാണ്. അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു കേളുവേട്ടനുമായിട്ടെന്ന് ബീണ അധികാരി ഓര്‍മ്മിക്കുന്നു. കേരളത്തില്‍ നിന്ന് വരുന്നവരോട് പ്രത്യേക സ്‌നേഹത്തോടെ വാചാലമായാണ് അവരുടെ സംസാരം.

കടുത്ത പാര്‍ട്ടി അനുഭാവിയാണെങ്കിലും മറ്റ് പല ബംഗാളികളേയും പോലെ കമ്യൂണിസത്തേയും കാളിദേവിയേയും ഒരുപോലെ ആരാധിക്കുന്ന വ്യക്തികളിലൊരാളാണ് ബീണ അധികാരി. കേരളത്തിലെ യുക്തിവാദി പ്രവര്‍ത്തകനായ ബി.പ്രേംനാഥ് ബംഗാളില്‍ ദിവ്യാത്ഭുത അനാവരണ പരിപാടിയുമായി വന്നപ്പോള്‍ ബീണയുടെ വീട്ടില്‍ വരുകയും അന്തരീക്ഷത്തില്‍ നിന്ന് വിഭൂതി സൃഷ്ടിക്കുന്ന പ്രവര്‍ത്തനം ഈ വീട്ടില്‍ വെച്ച് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തുള്ള എല്ലാവരേയും വിളിച്ചായിരുന്നു ദൈവവിശ്വാസി കൂടിയായ ബീണ അധികാരി ദിവ്യാത്ഭുത അനാവരണം നടത്താന്‍ ആവശ്യപ്പെട്ടത്.

ബീണയെ കാണാന്‍ ചെല്ലുമ്പോള്‍ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള തിരക്കിലായിരുന്നു. ചുവന്നുതുടുത്ത ഒരു കാലഘട്ടത്തിന്റെ സായാഹ്നത്തിലാണ് ബീണ അധികാരിയുടെ ജീവിതസഞ്ചാരം. അസ്തമിക്കാന്‍ അധികമൊന്നും സമയമില്ലാത്ത ഒരു സായന്തനമാണ് തന്റേതെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. എങ്കിലും രാഷ്ട്രീയം സംസാരിക്കാനിരുന്നാല്‍ എത്രസമയം വേണമെങ്കിലും അതിനവര്‍ തയ്യാറാണെന്ന് സന്ദര്‍ശകന് പെട്ടെന്ന് ബോധ്യപ്പെടും. ആ കൂടിക്കാഴ്ച്ചയില്‍ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതലൊന്നും എടുത്തുചോദിക്കണ്ടിവന്നില്ല. കേട്ട കഥകളില്‍ നിന്നുതന്നെ അവരുടെ ചിന്തകള്‍ സുവ്യക്തമായിരുന്നു. ഓര്‍മ്മകളുടെ ഒരു ലോങ് മാര്‍ച്ചായിരുന്നു അവരുടെ വാക്കുകള്‍.

ഈ ചേരികളിലെ മനുഷ്യരുടെ പ്രശ്‌നങ്ങളെ കണ്ടും തൊട്ടും അറിഞ്ഞ് ഏഴ് പതിറ്റാണ്ടായി ഇവിടെ കഴിയുമ്പോഴും ഇനിയും വിടാന്‍ ഭാവമില്ലാത്ത സ്ഥൈര്യവും ആര്‍ജ്ജവമുള്ള ഭാഷയുമാണ് ബീണ അധികാരിയുടെ ജീവിതയാത്രയിലെ ഒസ്യത്ത്. തന്റെ സമരകാലത്തെ ഓര്‍ക്കുമ്പോള്‍ തിമിരത്തിന്റെ വെളുത്തപാട വീണ ആ കണ്ണുകളില്‍ തിളക്കമുണ്ടാകുന്നത് പല തവണ കാണാനായി. ആ ഓര്‍മ്മകള്‍ ഇവര്‍ക്ക് മാത്രം സ്വന്തമാണ്. അധികാരത്തിന്റെ പൂപ്പല്‍പിടിച്ച പൂര്‍വഭാരങ്ങള്‍ ഇവര്‍ക്ക് ഇറക്കിവെക്കാനില്ല. അഹന്തയുടെ അതിജീവനപാഠങ്ങള്‍ അണികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുമറയില്ല. ഇങ്ങനെയുള്ള ഒരുപാട് ബീണ അധികാരിമാര്‍ വൃത്തിയുടെ പുത്തന്‍ വ്യാകരണങ്ങളോട് കലഹിക്കുന്ന ബംഗാളിലെ മെലിഞ്ഞ തെരുവുകളില്‍ പുറംലോകമറിയാതെ ജീവിച്ചിരിപ്പുണ്ട്. തങ്ങളുടെ മാത്രം ശരികള്‍ കൊണ്ട് നഷ്ടപ്രതാപങ്ങളുടെ കടലില്‍ അവശതകളുടെ പ്രതിബന്ധങ്ങളോട് പോരാടി നിര്‍ഭയം അവര്‍ ജീവിക്കുന്നു.

(ഫോട്ടോ: മണിലാല്‍ പടവൂര്‍)
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment