പാസ്‌പോര്‍ട്ടില്‍ 'സ്‌റ്റാമ്പ്' പതിയരുത്
കണ്ണൂര്‍: സ്വദേശിവത്‌കരണ നടപടികളുടെ ഭാഗമായി തിരിച്ചയയ്‌ക്കപ്പെടുന്ന പ്രവാസികളുടെ റീ എന്‍ട്രിക്ക് സൗദിഭരണകൂടത്തിന്റെ കനിവ് അനിവാര്യം. കയറ്റി അയയ്‌ക്കപ്പെടുന്നവരുടെ പാസ്‌പോര്‍ട്ടില്‍ നിയമലംഘനത്തിന്റെ പേരിലുള്ള സ്‌റ്റാംമ്പിംഗ് നടത്തിയാല്‍ യു.എ.ഇ., ഖത്തര്‍, കുെവെത്ത്, ബഹറൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവേശനവും അഞ്ചുവര്‍ഷത്തേക്ക് അസാധ്യമാകും. ഇക്കാര്യത്തിലെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തിരിച്ചുവരുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
പ്രവാസികള്‍ക്ക് ഇത്തരത്തിലുള്ള സഹായത്തിനായി കേന്ദ്രതലത്തില്‍ നിയമസംവിധാനമില്ല. പ്രവാസി നിക്ഷേപം മുഖ്യവരുമാന സ്രോതസായ കേരളം പ്രവാസി നിയമസഹായ സെല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ കടലാസിലാണ്. നോര്‍ക്കയുടെ കീഴിലും നിയമസഹായ സമിതി ഇല്ല. നിതാഖത് നിയമം കര്‍ശനമായി നടപ്പാക്കാനുള്ള നടപടികള്‍ സൗദി ഭരണകൂടം ആരംഭിച്ചിട്ട് ഒരുവര്‍ഷമായി. ഈ കാലയളവില്‍ പുനരധിവാസ പരിപാടികള്‍ തയാറാക്കാനോ നിയമസഹായം ഏര്‍പ്പെടുത്താനോ കേന്ദ്രസര്‍ക്കാര്‍ വഴി സൗദി സര്‍ക്കാരിനെ സമീപിക്കാനോ കേരളം ശ്രമിച്ചില്ല.
പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രവുമായി ബന്ധപ്പെട്ടെന്നും മാത്രമാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. കേന്ദ്രത്തിനു കത്തയക്കലും പ്രസ്‌താവനകളും കൊണ്ടു മന്ത്രിമാര്‍ കടമനിര്‍വ്വഹിക്കുമ്പോഴും ഓരോദിവസവും നിരവധിയാളുകളാണു മടങ്ങിയെത്തുന്നത്. ഇവരുടെ കണക്കെടുപ്പുപോലും നടക്കുന്നില്ല. അതിനിടെ വിമാനക്കമ്പനികള്‍ ടിക്കറ്റുചാര്‍ജു വര്‍ധിപ്പിച്ചതും പ്രവാസികള്‍ക്കു തിരിച്ചടിയായി. എയര്‍ഇന്ത്യയും സന്ദര്‍ഭം നോക്കി പ്രവാസികളെ കൊള്ളയടിക്കാന്‍ ടിക്കറ്റുനിരക്കുനിരക്കുയര്‍ത്തിയതു തടയാന്‍ പോലും സര്‍ക്കാരിനായിട്ടില്ല.
സൗദിയില്‍ നിന്നുള്ള കൂട്ട മടങ്ങിവരവ് നിക്ഷേപത്തിലെ ഇടിവിനൊപ്പം സംസ്‌ഥാന ഖജനാവിനു കനത്ത ആഘാതമാകും. അതിനാല്‍ തിരിച്ചെത്തുന്നവര്‍ക്കു നിയമപരിരക്ഷയോടെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകാനുള്ള സൗകര്യമൊരുക്കി കൊടുക്കലാണു സര്‍ക്കാരിനു ചെയ്യാവുന്ന വലിയ കാര്യം. സൗദിസ്വദേശിവല്‍കരണത്തിന്റെ ഇരകള്‍ തിരിച്ചുപോകുന്നില്ലെങ്കില്‍ ബജറ്റില്‍ പ്രവാസിക്ഷേമത്തിനു കാര്യമായ നീക്കിവയ്‌പുകളില്ലാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ പദ്ധതിയടക്കമുള്ള ഉത്തരവാദിത്തങ്ങളാണു സംസ്‌ഥാനം ഏറ്റെടുക്കേണ്ടി വരിക.
No comments:
Post a Comment