സൗദിയില്‍ 24 മണിക്കൂറും പരിശോധന: മടക്കം തുടരുന്നു
സിറാജ് കാസിം
* ജോലി നഷ്ടപ്പെട്ട് വെള്ളിയാഴ്ച 16 പേരും ശനിയാഴ്ച 32 പേരും കോഴിക്കോട്ട് വിമാനമിറങ്ങി
* പരിശോധനയ്ക്ക് ആയിരത്തിലധികം പുതിയ ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചു
സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി ഭരണകൂടം തൊഴില്‍ സ്ഥാപനങ്ങളിലെ പരിശോധന ശനിയാഴ്ച മുതല്‍ 24 മണിക്കൂറാക്കി. ഇതോടെ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. ശനിയാഴ്ച 32 പേരാണ് ജോലി ഉപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. വെള്ളിയാഴ്ച 16 പേര്‍ എത്തിയിരുന്നു. ഇവരില്‍ പലരും ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ടില്‍ 'എക്‌സിറ്റെ'ന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിലെ മിക്ക വിമാനത്താവളങ്ങളിലും നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ തിരക്കാണെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു.
സെയില്‍സ്മാന്‍ തസ്തികകളില്‍ ജോലി ചെയ്തിരുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഹൗസ് ഡ്രൈവര്‍ വിസയിലുള്ള പലരും ചെറുകിട സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നതും സൗദിയില്‍ പതിവായിരുന്നു. ഇവരെ കണ്ടെത്തി നാടുകടത്തുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയശേഷം സ്‌പോണ്‍സറുടെ പേരിലല്ലാത്ത വാഹനം ഉപയോഗിച്ച ഒട്ടേറെപ്പേര്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയത്തിന്റെ പിടിയിലായിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ ഒട്ടേറെപ്പേര്‍ ഒളിവില്‍ കഴിയുന്നുണ്ട്.
നിതാഖത് നിയമപ്രകാരം ചുവപ്പ് പട്ടികയില്‍പ്പെട്ടവര്‍ക്ക് തൊഴില്‍മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാസേവനങ്ങളും നിലച്ചത് സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുന്ന ആയിരക്കണക്കിന് മലയാളികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ബഖാല(സ്റ്റേഷനറി കടകള്‍)കളും ബൂഫിയ(ടീ സ്റ്റാളുകള്‍)കളും നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പരിശോധന കര്‍ശനമായതോടെ സ്‌പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവര്‍ മാറിനില്‍ക്കുന്നത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച മുതലാണ് സൗദി ഭരണകൂടം പരിശോധന കര്‍ശനമാക്കിയത്. കമ്പനികളിലെയും കടകളിലെയും നിയമലംഘകരായ തൊഴിലാളികളെ കണ്ടെത്തുന്നതിന് 24 മണിക്കൂറും പരിശോധന നടത്തുമെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനായി ആയിരത്തിലധികം പുതിയ ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചു. നിയമലംഘകരെ പിടികൂടുന്നതിന് കര്‍ശന പരിശോധന തുടങ്ങിയതായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും അറിയിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ പരിശോധന. പരിശോധന കര്‍ശനമാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചനകള്‍.
പരിശോധന കര്‍ശനമാക്കിയതോടെ സൗദിയിലെ വ്യാപാരകേന്ദ്രങ്ങളില്‍ മാന്ദ്യം പ്രകടമാണ്. അഞ്ചില്‍താഴെ ജീവനക്കാരുള്ള ചില്ലറ വില്‍പ്പനശാലകള്‍, പെട്രോള്‍ പമ്പുകള്‍, ചെറിയ ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ ജീവനക്കാര്‍ ജോലിക്ക് എത്തിയിട്ടില്ലെന്ന് അവിടെ ജോലിചെയ്യുന്ന മലയാളികള്‍ പറഞ്ഞു. ദമാം, റിയാദ്, ജിദ്ദ, ഷറഫിയ എന്നിവിടങ്ങളിലെല്ലാം പല ചെറുകിട കച്ചവടക്കാരും പേടിമൂലം കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ''ഷറഫിയയില്‍ സാധാരണഗതിയില്‍ ജനത്തിരക്കുമൂലം നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. എന്റെ കടയില്‍ ദിവസേന കുറഞ്ഞത് 200 പേരെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം കടയില്‍ വന്നത് 12 ആളുകള്‍ മാത്രം. സമീപത്തുള്ള എല്ലാ കടക്കാരുടെയും സ്ഥിതി ഇതുതന്നെയാണ്'' -ഷറഫിയ ദുബായ് പ്ലാസയിലെ മക്കരപറമ്പ് സ്വദേശി അഹമ്മദ് കുട്ടി പറഞ്ഞു.
No comments:
Post a Comment