Tuesday, 12 March 2013

[www.keralites.net] അവര്‍ മടങ്ങി വരില്ലെന്നറിയാം, പക്ഷേ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും’

 

'അവര്‍ മടങ്ങി വരില്ലെന്നറിയാം, പക്ഷേ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും'

കൊല്ലം: 'അവര്‍ ഇനി മടങ്ങിവരില്ലെന്നറിയാം... പക്ഷേ എല്ലാം കാണുന്ന ദൈവം അവരെ ശിക്ഷിക്കുക തന്നെ ചെയ്യും'- ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച മൂതാക്കര സ്വദേശി വാലന്‍റയിന്‍െറ ഭാര്യ ഡോറ പറയുന്നു. തനിക്കും മക്കള്‍ക്കും കടലോളം കണ്ണീര്‍ നല്‍കിയ ദുരന്തത്തിലെ പ്രതികള്‍ ഇനി വരില്ലെന്നറിയുമ്പോള്‍ നീതി നടപ്പാകാത്തതിന്‍െറ വേദന ഇവര്‍ മറച്ചുവെക്കുന്നില്ല.
'അവര്‍ പോയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിരിക്കാം. ഞങ്ങള്‍ക്കുണ്ടായ ദുരവസ്ഥ മറ്റാര്‍ക്കും ഉണ്ടാവരുതേയെന്ന പ്രാര്‍ഥന മാത്രമാണ് ഇപ്പോഴുള്ളത്. നഷ്ടപരിഹാരം നല്‍കിയതുകൊണ്ട് നഷ്ടമായ ജീവന്‍ മടക്കിക്കിട്ടില്ലല്ലോ.'- ഡോറ കണ്ണീരോടെ ചോദിക്കുന്നു. 'മടങ്ങിവരുമെന്ന് പറഞ്ഞാണല്ലോ അവര്‍ ഇറ്റലിയിലേക്ക് പോയത്. അതിന് തയാറായില്ലെങ്കില്‍ അവരെ മടക്കിക്കൊണ്ടുവരണം. സര്‍ക്കാറും കോടതിയുമാണ് നടപടി സ്വീകരിക്കേണ്ടത്. കുറ്റം ചെയ്തവരെ ദൈവം വെറുതെ വിടില്ല എന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു- ഡോറ തുടര്‍ന്നു.
അതേസമയം ഇറ്റലിയിലേക്ക് പോയ നാവികര്‍ ഇനി ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന വാര്‍ത്ത തീരദേശം നിരാശയോടെയാണ് ശ്രവിച്ചത്. നടുക്കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയവര്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് വിധേയരാവാതെ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടതിലുള്ള അമര്‍ഷവും നിസ്സഹായതയും മത്സ്യമേഖലയിലുള്ളവര്‍ പങ്കുവെക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷിതമല്ലെന്ന ഓര്‍മപ്പെടുത്തലായിരുന്നു കടല്‍വെടിവെപ്പെങ്കില്‍ ഇത്തരം സംഭവങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നീതി പ്രതീക്ഷിക്കേണ്ടെന്ന തീരവാസികളുടെ ആശങ്കക്ക് അടിവരയിടുന്നതായി ഇറ്റാലിയന്‍ നാവികര്‍ ഇനി മടങ്ങിവരില്ലെന്ന അധികൃതരുടെ വിശദീകരണം.
അതിനിടെ കടല്‍ കൊലക്കേസ് വിചാരണയുമായി ബന്ധപ്പെട്ട രേഖകള്‍ ഇപ്പോഴും കൊല്ലം കോടതിയിലാണുള്ളത്. വിചാരണക്കായി പ്രത്യേക കോടതി രൂപവത്കരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നില്ല. പ്രത്യേക കോടതി നിലവില്‍ വരാത്തതിനാല്‍ കേസ് സംബന്ധമായ രേഖകളും ഇറ്റാലിയന്‍ കപ്പല്‍ 'എന്‍റിക്ക ലെക്സി'യില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകളടക്കമുള്ള തൊണ്ടിമുതലുകളും കൊല്ലം കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment