Wednesday, 20 February 2013

[www.keralites.net] ഐതിഹാസികപോരാട്ടം രാജ്യം നിശ്ചലം

 

ഐതിഹാസികപോരാട്ടം രാജ്യം നിശ്ചലം


ന്യൂഡല്‍ഹി: ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ സംഘടിതശക്തി രാഷ്ട്ര സമ്പദ്ഘടനയെ നിശ്ചലമാക്കി. രാജ്യത്തെ മുഴുവന്‍ കേന്ദ്ര ട്രേഡ്‌യൂണിയനുകളും തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്വതന്ത്ര ഫെഡറഷനുകളും ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ലോക തൊഴിലാളി വര്‍ഗചരിത്രത്തിലെ അത്യപൂര്‍വ സംഭവങ്ങളില്‍ ഒന്നായി. ഖനികള്‍, ഘനവ്യവസായങ്ങള്‍, വിപണികള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, റോഡ് ഗതാഗതം, റയില്‍വേ, തുറമുഖങ്ങള്‍ തുടങ്ങി തന്ത്രപ്രധാനമായ മേഖലകളെ പണിമുടക്ക് തളര്‍ത്തി. ജനദ്രോഹ ഉദാരവല്‍ക്കരണ നയങ്ങളുമായി മുന്നോട്ടുപോകാനുള്ള യു പി എ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് പണിമുടക്ക് കനത്ത താക്കീതായി.
രാജ്യത്തുടനീളം റിസര്‍വ് ബാങ്ക് അടക്കം ബാങ്കിംഗ് മേഖല നിശ്ചലമായി. എ ഐ ബി ഇ എ, എന്‍ സി ബി ഇ, ബി ഇ എഫ് ഐ, ഐ എന്‍ ബി ഇ എഫ്, എന്‍ ഒ ബി ഡബ്ല്യു, എ ഐ ബി ഒ സി തുടങ്ങി ബാങ്ക് ജീവനക്കാരുടെ മുഴുവന്‍ സംഘടനകളും പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നു. പണിമുടക്ക് സംബന്ധിച്ച് ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയുടെ ധനകാര്യ തലസ്ഥാനമായ മുംബൈയില്‍ ധനകാര്യമേഖല അപ്പാടെ സ്തംഭിച്ചു. ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയൊന്നും ഷട്ടര്‍ ഉയര്‍ത്തിയില്ല.
മുംബൈ വിപണികള്‍ അടഞ്ഞുകിടന്നു. ദേശവല്‍കൃത, സ്വകാര്യ, വിദേശ, മേഖലാ ബാങ്കുകളും സമരത്തില്‍ അണിചേര്‍ന്നതായി എ ഐ ബി എ വൈസ് പ്രസിഡന്റ് വി ഉതാഗി മുംബൈയില്‍ പറഞ്ഞു.
ബിഹാറില്‍ പണിമുടക്കിയ ആയിരക്കണക്കിന് തൊഴിലാളികള്‍ റോഡ്, റെയില്‍ ഗതാഗതം പൂര്‍ണമായി തടഞ്ഞു. പട്‌ന, ഗയ, ജഹാനബാദ്, ഹാജിപ്പൂര്‍, ഭാഗല്‍പൂര്‍, ദര്‍ഭംഗ റയില്‍വേ സ്റ്റേഷനുകളില്‍ ദീര്‍ഘദൂര തീവണ്ടികള്‍ പിടിച്ചിട്ടിരിക്കുന്നതായി അവിടെ നിന്നുള്ളമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിഹാറില്‍ സര്‍വകലാശാലകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല.
പശ്ചിസബംഗാളിലെ ഹസനാബാദിലും ഡയമണ്ടിലും തൊഴിലാളികള്‍ ട്രയിന്‍ തടഞ്ഞത് സംസ്ഥാനത്തെ റയില്‍ ഗതാഗതത്തെ താറുമാറാക്കി. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ ഭീഷണി വകവെയ്ക്കാതെ തൊഴിലാളികള്‍ വന്‍തോതില്‍ പണിമുടക്കില്‍ അണിനിരന്നതായി കൊല്‍ക്കത്തയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പഞ്ചാബിലും ഹരിയാനയിലും ചണ്ഡീഗഡിലും പണിമുടക്ക് ജനജീവിതത്തെ നിശ്ചലമാക്കി. പൊതുഗതാഗത സംവിധാനം താറുമാറായി. ശുചീകരണ തൊഴിലാളികളടക്കം പണിമുടക്കില്‍ പങ്കുചേര്‍ന്നത് ചണ്ഡീഗഡിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
പഞ്ചാബിലെ 1.70 ലക്ഷം ചെറുകിട വ്യവസായങ്ങളും ഹരിയാനയിലെ 1212 വന്‍കിട, ഇടത്തരം വ്യവസായങ്ങളെയും പണിമുടക്ക് നിശ്ചലമാക്കി. പണിമുടക്കിയ തൊഴിലാളികള്‍ക്ക് വേതനം നിഷേധിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഭീഷണി മുഴക്കി.
ലക്‌നൗവില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. ബാങ്കുകള്‍ അടഞ്ഞുകിടന്നു. പൊതുഗതാഗതം നിശ്ചലമായി.
ബംഗളൂരുവില്‍ പണിമുടക്കിനെ നേരിടാന്‍ 17,000 പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തുടനീളം എല്‍ ഐ സി ഏജന്റുമാര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നു.
ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ സിരാകേന്ദ്രമായ ഗുഡ്ഗാവ്, മനേസര്‍ ആഹേര മേഖല പണിമുടക്കിനെ തുടര്‍ന്ന് പൂര്‍ണമായി സ്തംഭിച്ചു. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ പകുതിയിലേറേയും നിര്‍മിക്കുന്നത് ഈ മേഖലയിലെ അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ്. മാരുതി സുസുക്കി, ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടേഴ്‌സ് തുടങ്ങിയ വ്യവസായങ്ങള്‍ ദ്വിദിന പണിമുടക്കില്‍ പൂര്‍ണമായി അടഞ്ഞുകിടന്നു.
പണിമുടക്ക് 20,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിവച്ചതായി വ്യാവസായിക സംഘടന അസോസിയേറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വിലയിരുത്തുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment