Wednesday, 20 February 2013

[www.keralites.net] ഒറ്റക്കമ്പി വീണാനാദം

 



ഒറ്റക്കമ്പി വീണാനാദം

 
GANAKOKILAM VAIKAM VIJAYALEKSHMI
mangalam malayalam online newspaper
ആകാശവാണിയിലെ 'പൂന്തേനരുവി' എന്ന പ്രോഗ്രാമിലേക്കു വന്ന ആദ്യ ഫോണ്‍കോള്‍ തന്നെ അവതാരകയ്‌ക്കു പരിചിതം. പരിപാടി തുടങ്ങിയതില്‍പിന്നെ ഏറ്റവും കൂടുതല്‍ ഫോണ്‍കോള്‍ വന്നത്‌ ഈ നമ്പറില്‍നിന്നുതന്നെ. എന്നും വ്യത്യസ്‌തമായ പാട്ടുകള്‍ ആവശ്യപ്പെട്ടാണു വിളി.
ഇത്തവണ അവതാരക പരിപാടിയുടെ രീതിയൊന്നു മാറ്റി. വിളിക്കുന്നവര്‍ക്ക്‌ ഇഷ്‌ടപ്പെട്ട പാട്ടിനു പകരം തനിക്ക്‌ ഇഷ്‌ടമുള്ള സിനിമാഗാനം കേള്‍പ്പിക്കാമെന്നായി അവതാരക. ചിരിക്കാന്‍ മാത്രം അറിയാവുന്ന വിളിക്കാരി സമ്മതിച്ചു. തൊട്ടുപിന്നാലെ ഒഴുകിയെത്തിയ പാട്ടുകേട്ട്‌ ആ മുഖത്തെ പുഞ്ചിരി നിറനിലാവുപോലെ വിടര്‍ന്നു. അവതാരക കേള്‍പ്പിച്ച ഗാനം മറ്റൊന്നുമായിരുന്നില്ല; കഴിഞ്ഞ ദിവസം റിലീസ്‌ ചെയ്‌ത 'സെല്ലുലോയ്‌ഡ്' എന്ന സിനിമയിലെ ''കാറ്റേ.. കാറ്റേ... നീ പൂക്കാമരത്തില്‍ പാട്ടും മൂളി വന്നോ...'' എന്നു തുടങ്ങുന്ന ഗാനം തന്നെ. പാട്ട്‌ ആവശ്യപ്പെട്ടതോ ഈ പാട്ടുപാടിയ ഗായിക വിജയലക്ഷ്‌മിയും..!!
മലയാള സിനിമയുടെ ചരിത്രം പറയുന്ന 'സെല്ലുലോയ്‌ഡ്' മറ്റൊരു ചരിത്രത്തിനു വിത്തു പാകുകയാണ്‌. അന്ധയായ ഗായികയുടെ ആദ്യഗാനം ഉള്‍പ്പെടുത്തിയ സിനിമയെന്ന നിലയിലും ഇനി 'സെല്ലുലോയ്‌ഡ്' മലയാള സിനിമാചരിത്രത്തില്‍ ഇടം നേടും. സമീപകാലത്ത്‌ ഇന്റര്‍നെറ്റിലൂടെ വമ്പന്‍ ഹിറ്റായ ഗാനം അന്ധയായ ഈ ഗായികയുടെ സ്വരഭംഗിയിലൂടെയാണ്‌ ആസ്വാദക മനസുകളിലേക്ക്‌ ഒഴുകിപ്പടര്‍ന്നത്‌.
വളരെ സാധാരണമായ ജീവിതപരിസരങ്ങളില്‍നിന്നാണ്‌ അത്ഭുതങ്ങളുടെ പിറവിയെന്നതിനും ചരിത്രം സാക്ഷി... അതേ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌ ഇങ്ങനെയൊക്കെയാണു ഭായി...
വിജയലക്ഷ്‌മിയെ ഇതിനു മുമ്പുതന്നെ സംഗീതലോകം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ജനകീയ സെലിബ്രിറ്റി എന്ന നിലയിലേക്കു മാറിയത്‌ 'സെല്ലുലോയ്‌ഡ്' എന്ന സിനിമയില്‍ പാടിയതിനു ശേഷവും. 'ഒറ്റക്കമ്പി നാദം മൂളു'ന്ന വീണാഗാനമാണ്‌ വിജയലക്ഷ്‌മി. പൂര്‍ണമായും അന്ധത ബാധിച്ച ഗായിക. ഒറ്റക്കമ്പി വീണയിലൂടെ ആദിയിലെ സ്വരഭേദങ്ങളത്രയും സംഗീതമാലയില്‍ കോര്‍ക്കുന്ന ദേവഗായിക. വിജയലക്ഷ്‌മിക്കു രണ്ടു കണ്ണുകള്‍ക്കും കാഴ്‌ചയില്ലെന്നല്ല, മറിച്ച്‌, വിരല്‍ത്തുമ്പില്‍ പോലും മിഴികള്‍ പിടിയുന്നുണ്ടെന്നുവേണം പറയാന്‍. അത്ര കൃത്യമായാണു വിജയലക്ഷ്‌മിയുടെ വിരലുകള്‍ വലിച്ചുമുറുക്കിയ കമ്പിയിലൂടെ തെന്നിനീങ്ങുന്നത്‌.
വൈക്കത്തിനടുത്ത്‌ കാരുവള്ളിയിലെ വീടിന്റെ ഉമ്മറത്ത്‌ 'ഗാനകോകിലം' വിജയലക്ഷ്‌മിയുടെ വസതിയാണെന്നതിനു സാക്ഷ്യമായി സ്വര്‍ണാക്ഷരങ്ങളില്‍ ബോര്‍ഡുണ്ട്‌. അകത്ത്‌ എണ്ണിയാലൊടുങ്ങാത്ത ഉപഹാരങ്ങള്‍ അടുക്കിവച്ച വലിയ ചില്ലലമാരയ്‌ക്കരികില്‍ വിജയലക്ഷ്‌മി ഇരുന്നു. അകക്കണ്ണുകൊണ്ട്‌ ആളെ തിരിച്ചറിഞ്ഞ്‌ വിജലക്ഷ്‌മി പറഞ്ഞുതുടങ്ങി. ദക്ഷിണാമൂര്‍ത്തി സ്വാമിയെക്കുറിച്ച്‌, ദാസേട്ടനെക്കുറിച്ച്‌, ജയചന്ദ്രനെക്കുറിച്ച്‌, ചിത്രയെക്കുറിച്ച്‌...
തൂവെള്ളയില്‍ നിറഞ്ഞ ദാസേട്ടനെ ലോകം ഓര്‍ത്തെടുക്കുമ്പോള്‍ വിജയലക്ഷ്‌മി തിരിച്ചറിയുന്നത്‌ ദാസേട്ടന്റെ സ്വരമാധുരിയിലൂടെയാണ്‌. ജയചന്ദ്രന്റെ സ്‌നേഹത്തിലൂടെയാണ്‌.
ഗായത്രിവീണയെന്നാണ്‌ വിജയലക്ഷ്‌മിയുടെ വീണയുടെ പേര്‌. മരത്തില്‍ പണിത വീണയില്‍ ഒറ്റക്കമ്പി വലിച്ചുകെട്ടി വൈദ്യുതി ബന്ധം പകര്‍ന്നുനല്‍കിയത്‌ ഇലക്‌ട്രീഷ്യനായ അച്‌ഛന്‍ മുരളീധരനാണ്‌. സ്‌കൂള്‍ കലോത്സവത്തില്‍ പാട്ടുപാടി മിടുക്കു തെളിയിച്ച വിജയലക്ഷ്‌മിക്കു കുമ്മനം ശശികുമാര്‍ സമ്മാനിച്ചത്‌ ഒരു തംബുരുവായിരുന്നു. നെഞ്ചോടുചേര്‍ത്ത തംബുരുവില്‍ അതിവേഗം ഓടുന്ന വിജയലക്ഷ്‌മിയുടെ വിരല്‍ത്തുമ്പുകള്‍ അത്ഭുതമായി. ഇതോടെയാണ്‌ മുരളീധരന്‍ ഒറ്റക്കമ്പിയില്‍ വീണ തീര്‍ത്തുനല്‍കിയത്‌. വിജയലക്ഷ്‌മി പാടാനുള്ളതത്രയും ഒറ്റക്കമ്പിയില്‍ വിരല്‍മീട്ടി പാടിത്തുടങ്ങി. ഒറ്റത്തവണ കേട്ട പാട്ടുകള്‍ പോലും കൃത്യതയോടെ വിജയലക്ഷ്‌മി വീണയില്‍ വായിക്കും. അത്ഭുതമായി മാറിയ ഈ വീണയ്‌ക്ക് ഗായത്രിവീണയെന്നു നാമകരണം ചെയ്‌തത്‌ വയലിന്‍ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥനാണ്‌. അങ്ങനെ ഗായത്രിവീണയില്‍ വിരല്‍മീട്ടുന്ന ലോകത്തെ ഏക സംഗീതജ്‌ഞ വിജയലക്ഷ്‌മിയായി.
തുടക്കം
പിറന്നു രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഡോക്‌ടര്‍മാര്‍ കുട്ടിക്കു കാഴ്‌ചയില്ലെന്നു വിധിയെഴുതി. ആറ്റുനോറ്റുണ്ടായ കണ്‍മണിക്കു തങ്ങളെ ഒരിക്കലും കാണാനാവില്ലെന്ന തിരിച്ചറവില്‍ അച്‌ഛനമ്മമാര്‍ ദുഃഖിച്ചു. കിട്ടാവുന്ന ചികിത്സകളൊക്കെ നല്‍കാന്‍ അവര്‍ തയാറായി. ജന്മനാ ഉള്ള തകരാറായതിനാല്‍ ശരിയാക്കാനുള്ള വഴി ഇനിയും വൈദ്യശാസ്‌ത്രം കണ്ടെത്തിയിട്ടില്ലെന്നായിരുന്നു വിദഗ്‌ധരുടെ മറുപടി.
ഇതോടെ മുരളീധരന്‍ ഭാര്യ വിമലയും കുട്ടിയേയും കൂട്ടി മദ്രാസിലേക്കു പോയി. മുരളീധരന്‍ ബിസിനസ്‌ അവിടേക്കു മാറ്റി. വിജയലക്ഷ്‌മി എന്ന്‌ കുട്ടിക്കു പേരിടുമ്പോള്‍ പേര്‌ അന്വര്‍ഥമാകുമെന്ന്‌ അവര്‍ കരുതിയില്ല. വിജയലക്ഷ്‌മിക്കു രണ്ടു വയസ്‌ പിന്നിടുംമുമ്പ്‌ കേട്ടതത്രയും പാടാനുള്ള ശ്രമങ്ങള്‍ കണ്ടുതുടങ്ങി. പിന്നെ വിജിയുടെ നാവിനു വഴങ്ങാത്ത സ്വരങ്ങളില്ലെന്നായി. മദ്രാസിലെ അയല്‍ക്കാരൊക്കെയും വിജിയുടെ പാട്ടുകേള്‍ക്കാന്‍ ഒത്തുകൂടുന്നതു പതിവായി.
നാലഞ്ചു വര്‍ഷത്തിനു ശേഷം ഇവര്‍ തിരികെ നാട്ടിലേക്കു പോന്നു. അപ്പോഴേക്കും വിജി പാടാത്ത പാട്ടുകളൊന്നുമില്ലെന്നായി. ഗുരുക്കന്‍മാരെ കണ്ടെത്തി അഭ്യസിപ്പിച്ചുതുടങ്ങി. ഒപ്പം വീണയിലും സ്വരവിസ്‌മയം പടര്‍ന്നു.
ഇതിനിടയില്‍, എറണാകുളം സെന്റ്‌ തെരാസാസില്‍നിന്നു പ്രീഡിഗ്രിയും നാട്ടിലെ പ്രൈവറ്റ്‌ കോളജില്‍നിന്ന്‌ ബി.എയും പാസായി. വിദൂരവിദ്യാഭ്യാസ സംവിധാനംവഴി ഇപ്പോള്‍ എം.എ മ്യൂസിക്കിനു ചേര്‍ന്നുകഴിഞ്ഞു.
ആറാം വയസില്‍ വൈക്കം ചാത്തന്‍കുടി ദേവീക്ഷേത്രത്തിലായിരുന്നു 'വാതാപി' പാടി അരങ്ങേറ്റം കുറിച്ചത്‌. പിന്നീട്‌ വിജി സംഗീതവിസ്‌മയം തീര്‍ത്ത വേദികള്‍ നിരവധി. കീര്‍ത്തനങ്ങളും ഗായത്രിവീണക്കച്ചേരിയുമായി ഇന്ത്യയ്‌ക്കകത്തും പുറത്തുമായി നൂറുകണക്കിനു വേദികള്‍. ഒട്ടേറെ ഗുരുക്കന്‍മാരുടെ അനുഗ്രഹങ്ങള്‍. ദക്ഷിണാമൂര്‍ത്തിയുടെ കീര്‍ത്തനം അദ്ദേഹത്തിനുമുന്നില്‍ വിജി ഒരിക്കല്‍ വീണയില്‍ അതിമനോഹരമായി വായിച്ചു. 'ബെസ്‌റ്റ് കണ്ണാ ബെസ്‌റ്റ്' എന്നുപറഞ്ഞ്‌ ചേര്‍ത്തുപിടിച്ച്‌ ദക്ഷിണാമൂര്‍ത്തി അനുഗ്രഹിച്ച ആ നിമിഷമാണ്‌ ഏറ്റവും വിലപ്പെട്ടതെന്നു വിജി പറയുന്നു.
യേശുദാസിന്റെ പ്രിയകൂട്ടുകാരിയാണ്‌ വിജയലക്ഷ്‌മി. എപ്പോള്‍ വേണമെങ്കിലും വിളിക്കാം. സംശയങ്ങള്‍ ചോദിക്കാം. 'സെല്ലുലോയ്‌ഡി'ന്റെ റെക്കോര്‍ഡിംഗിനായി മദ്രാസില്‍ പോയപ്പോള്‍ ദാസേട്ടന്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി പാട്ടുകള്‍ പാടിപ്പിച്ചാണു വിട്ടത്‌. സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ വിജിയെ പതിവായി വിളിക്കാറുണ്ട്‌.
വിജയലക്ഷ്‌മി സ്വന്തമായി കീര്‍ത്തനങ്ങള്‍ ഏറെ രചിച്ചിട്ടുണ്ട്‌. പേനയും കടലാസുമെടുത്ത്‌ കുനുകുനെ എഴുതിപ്പിടിപ്പിക്കുന്നതല്ല വിജയലക്ഷ്‌മിയുടെ രചനാരീതി. വരികളത്രയും മനസിലാണു പകര്‍ത്തുന്നത്‌. പിന്നെ അതൊരിക്കലും മാഞ്ഞുപോകില്ല. ജയചന്ദ്രന്‍ അടക്കമുള്ളവരെ പാടിക്കേള്‍പ്പിക്കും. തെറ്റുകള്‍ തിരുത്തും. ആകാശവാണിയടക്കമുള്ള എഫ്‌.എം. നിലയങ്ങളിലേക്കു വിളിച്ച്‌ പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കും. കേള്‍ക്കുന്നതത്രയും അപ്പോള്‍ത്തന്നെ ഹൃദ്യസ്‌ഥമാക്കും. വിജയലക്ഷ്‌മിയുടെ ഓരോ ദിനവും കടന്നുപോകുന്നത്‌ ഇങ്ങനെയാണ്‌.
സിനിമയിലേക്ക്‌
വിജയലക്ഷ്‌മിയോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ജയലക്ഷ്‌മിയുടെ ഫോണില്‍ ജയചന്ദ്രന്റെ സ്‌നേഹാന്വേഷണം. ഇന്റര്‍വ്യൂവിലാണെന്നറിഞ്ഞപ്പോള്‍ ജയചന്ദ്രനും സന്തോഷം. ഫോണ്‍ വാങ്ങി ജയചന്ദ്രനോട്‌, വിജയലക്ഷ്‌മിയുടെ സിനിമയിലേക്കുള്ള വഴി ചോദിച്ചു...
''സിനിമാസംഗീതത്തില്‍ ശിഷ്യന്‍മാരില്ലാത്ത വ്യക്‌തിയായിരുന്നു ഞാന്‍. എന്നാലിപ്പോള്‍ എനിക്കൊരു ശിഷ്യയുണ്ട്‌. അവളെന്റെ കുഞ്ഞനുജത്തിയുമാണ്‌. അതാണ്‌ വിജയലക്ഷ്‌്മി. മലയാളത്തിനുള്ള വരദാനമാണ്‌ അവള്‍. ഇനിയും ഒരുപാടുണ്ട്‌ വിജയലക്ഷ്‌മിയില്‍നിന്ന്‌ നമുക്ക്‌ ലഭിക്കാന്‍. അന്ധയായിട്ടും എത്രമാത്രം വിസ്‌മയങ്ങളാണ്‌ വിജയലക്ഷ്‌മി പകര്‍ന്നുനല്‍കുന്നത്‌..! കീര്‍ത്തനങ്ങള്‍ സ്വയം രചിക്കുന്നു. വീണയില്‍ വിസ്‌മയകരമായ പരീക്ഷണങ്ങള്‍. നമ്മളൊന്നും ഇനിയും അറിഞ്ഞിട്ടില്ലാത്ത വിജയലക്ഷ്‌മി നാളെ ഒരു അത്ഭുതംതന്നെയാകും.''- ജയചന്ദ്രന്‍ വിജയലക്ഷ്‌മിയെക്കുറിച്ചു പറയുമ്പോള്‍ വാക്കുകള്‍ തുളുമ്പുന്നു.
'സെല്ലുലോയ്‌ഡി'ന്റെ പാട്ട്‌ ചിട്ടപ്പെടുത്താന്‍ ഏല്‍പ്പിച്ചത്‌ എം. ജയചന്ദ്രനെ. പഴയകാലത്തിന്റെ കഥയാണ്‌. പാട്ടിലും ഈ പഴമ വേണം. അതിനൊത്തുള്ള സ്വരം തേടിയപ്പോള്‍ മുന്നില്‍ ഒരു സ്വരമാധുരിമാത്രം. അതു വിജയലക്ഷ്‌മിയുടേതായിരുന്നു. അങ്ങനെ വിജയലക്ഷ്‌മിക്കു മുന്നില്‍ സിനിമയുടെ വഴി തുറന്നു.
ജിനേഷ്‌ പൂനത്ത്‌

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment