Wednesday, 6 February 2013

[www.keralites.net] ബര്‍ണബാസിന്റെ സുവിശേഷം - നുണയും സത്യവും

 

ബര്‍ണബാസിന്റെ സുവിശേഷം - നുണയും സത്യവും

യേശുവിന്റെ യഥാര്‍ത്ഥമായ ഏകസുവിശേഷമെന്നു് മുസ്ലീം താര്‍ക്കികരും, മദ്ധ്യകാലത്തു് എഴുതപ്പെട്ട ഒരു വ്യാജകൃതി എന്നു് അമുസ്ലീമുകളും വിശ്വസിക്കുന്ന ബര്‍ണബാസിന്റെ സുവിശേഷത്തിന്റെ ഒരു പരിശോധനയാണിതു്

ബര്‍ണബാസ്‌ സുവിശേഷത്തിന്റെ അല്‍പം ചരിത്രം:

ദീര്‍ഘകാലം ബര്‍ണബാസ്‌ സുവിശേഷത്തിന്റെ ഒരു ഇറ്റാലിയന്‍ പ്രതിയെപ്പറ്റി മാത്രമേ വിവരമുണ്ടായിരുന്നുള്ളു. അതു് ഇന്നു് വിയന്നയിലെ (ഓസ്ട്രിയ) നാഷണൽ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെടുന്നു. അതുകൂടാതെ, പതിനെട്ടാം നൂറ്റാണ്ടില്‍ നിലവിലിരുന്നതായി സൂചനകളുള്ള രണ്ടു് സ്പാനിഷ്‌ കയ്യെഴുത്തുപ്രതികളില്‍ ഒന്നു് ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാമത്തേതു് അപൂര്‍ണ്ണമായ രൂപത്തില്‍ 1976-ല്‍ സിഡ്നിയില്‍ പ്രത്യക്ഷപ്പെടുകയും ഇന്നും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ പറഞ്ഞ മൂന്നു് പ്രതികളൊഴികെ, ഗ്രീക്കിലോ ലാറ്റിനിലോ എബ്രായഭാഷയിലോ ഉള്ള ഏതെങ്കിലും ഒരു കോപ്പിയോ, പതിനാറാം നൂറ്റാണ്ടിനു് മുന്‍പു് ഒരു ബര്‍ണ്ണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എന്നതിനു് ചരിത്രപരമായ തെളിവോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ബർണബാസ്‌ സുവിശേഷം വ്യാജമാണെന്ന നിഗമനത്തിന്റെ ചില തെളിവുകള്‍

മുന്‍വിധി ഇല്ലാതെയും പക്ഷം ചേരാതെയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറുള്ള ആര്‍ക്കും ബര്‍ണബാസ്‌ സുവിശേഷം ഒരു വ്യാജസൃഷ്ടിയാണെന്നു് തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയില്‍ സ്പെയിനില്‍ രൂപമെടുത്തതാവാം ഈ സുവിശേഷം എന്ന നിഗമനത്തിലേക്കാണു് എല്ലാ സൂചനകളും നയിക്കുന്നതു്. ക്രിസ്തീയ സഭ ഈ കാലഘട്ടത്തില്‍ നടത്തിക്കൊണ്ടിരുന്ന ഇന്‍ക്വിസിഷനോടുള്ള പ്രതികാരം എന്നനിലയില്‍ രൂപമെടുത്തിരിക്കാന്‍ ഇടയുള്ളതെന്നു് കരുതപ്പെടുന്ന ഈ സുവിശേഷം മുസ്ലീമായി പരിവര്‍ത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയുടെ സൃഷ്ടിയാവാന്‍ നല്ല സാദ്ധ്യതയുണ്ടു്. ക്രിസ്തുമതത്തിലും ഇസ്ലാമിലും എഴുത്തുകാരന്‍ പ്രദര്‍ശിപ്പിക്കുന്ന മതിയായ പരിജ്ഞാനം അതിനൊരു ന്യായീകരണമാണു്. പക്ഷേ, മുസ്ലീം താര്‍ക്കികര്‍ ഇതു് ക്രിസ്തുമതത്തിന്റെ ആരംഭകാലത്തു് ജന്മമെടുത്തതാണെന്ന ധാരണ പുലര്‍ത്തുന്നതിനാല്‍ , ആ കാലഘട്ടത്തിലെ രേഖകളിലെല്ലാം അവര്‍ ഈ സുവിശേഷത്തിന്റെ മൂലകര്‍ത്താവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നു. അവയില്‍ ഒന്നാണു് ബര്‍ണബാസിന്റെ ലേഖനം. പക്ഷേ, അതു് 21 ചെറിയ അദ്ധ്യായങ്ങളുടെ ഒരു സമാഹാരമാണു്. ബര്‍ണബാസ്‌ സുവിശേഷമാകട്ടെ 222 നീണ്ട അദ്ധ്യായങ്ങള്‍ ഉൾക്കൊള്ളുന്നതും! മുസ്ലീം താര്‍ക്കികര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊന്നു് ബർണബാസിന്റെ പ്രവൃത്തികളാണു് (Acts of Barnabas). അതു് പക്ഷേ, അഞ്ചാം നൂറ്റാണ്ടില്‍ നിന്നുള്ള ഒരു വ്യാജസൃഷ്ടിയാണു്. 4/5 നൂറ്റാണ്ടു് കാലഘട്ടത്തില്‍ നിന്നുള്ള Gelasian Decree എന്നറിയപ്പെടുന്ന "കിട്ടിയതും കിട്ടാത്തതുമായ" പുസ്തകങ്ങളുടെ ലിസ്റ്റിലും 7/8 നൂറ്റാണ്ടുകളില്‍ നിന്നുള്ള "60 പുസ്തകങ്ങളുടെ" ലിസ്റ്റിലും (The List of Sixty Books) ഒരു ബര്‍ണബാസ്‌ സുവിശേഷത്തെപ്പറ്റി പേരെടുത്തു് പറയുന്നുണ്ടെങ്കിലും ആ രണ്ടു് ലിസ്റ്റിലും "ഒന്നും നിലവിലില്ല" (nothing extant) എന്നാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. ഈ രണ്ടു് ലിസ്റ്റുകളിലെ സൂചനക്കു് ശേഷം ബര്‍ണബാസ്‌ സുവിശേഷത്തെപ്പറ്റി പിന്നീടു് എന്തെങ്കിലും കേള്‍ക്കുന്നതു് ഇവിടത്തെ വിഷയമായ മദ്ധ്യകാലത്തെ ഇറ്റാലിയന്‍ /സ്പാനിഷ്‌ സുവിശേഷങ്ങള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ മാത്രമാണു്.

ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വൈരുദ്ധ്യങ്ങള്‍

യേശുവിനോടൊപ്പം ജീവിച്ച ഒരു ബർണബാസ്‌ ആണു് ഈ സുവിശേഷരചയിതാവു് എങ്കില്‍ പലസ്റ്റൈന്‍ പ്രദേശത്തെപ്പറ്റി അവനു് അറിയാതിരിക്കാന്‍ കഴിയില്ല. പക്ഷേ ഈ സുവിശേഷത്തിലെ സൂചനകള്‍ യഥാര്‍ത്ഥ പലസ്റ്റൈനുമായി ചരിത്രപരമായോ ഭൂമിശാസ്ത്രപരമായോ പൊരുത്തപ്പെടുന്നവയല്ല. ചില ഉദാഹരണങ്ങള്‍ : ബർണബാസ്‌ സുവിശേഷത്തില്‍ പറയുന്നപോലെ, നസറേത്ത്‌ കിടക്കുന്നതു് ഗലീലിയ കടലിന്റെ (Sea of Genneseret) തീരത്തല്ല, ഒരു കുന്നിന്‍ മുകളിലാണു്. ബര്‍ണബാസ്‌ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം യേശു ഒരു കപ്പലില്‍ കയറി യേറുശലേമിലേക്കു് പോയി എന്നതു് സാദ്ധ്യമായ കാര്യമല്ല, കാരണം, യേറുശലേം കിടക്കുന്നതു് ഒരു ഉള്‍പ്രദേശത്താണു്. ഈ സുവിശേഷത്തില്‍ പറയുന്നപോലെ, നൈനവെ കിടക്കുന്നതു് മെഡിറ്ററേനിയന്‍ തീരത്തല്ല, ഉള്‍പ്രദേശത്തുള്ള ടൈഗ്രിസിനോടു് ചേര്‍ന്നാണു്. ബര്‍ണബാസ്‌ സുവിശേഷത്തില്‍ പറയുന്ന യേശുവിന്റെ ജനനകാലം പീലാത്തോസിന്റെയും അനന്യാസിന്റെയും കയ്യഫായുടെയും ചരിത്രപരമായ ഭരണകാലവുമായി ഒത്തുപോകുന്നതല്ല. പലസ്റ്റൈനിന്‍ ആരംഭകാലക്രിസ്തുമതത്തിന്റെ കാലത്തു് 600000 റോമന്‍ പടയാളികള്‍ ഉണ്ടായിരുന്നതായി ഈ സുവിശേഷം സൂചിപ്പിക്കുന്നു. പക്ഷേ, അക്കാലത്തു്, റോമാസാമ്രാജ്യത്തില്‍ ആകെമൊത്തം ഏകദേശം അത്രയും പടയാളികളേ ഉണ്ടായിരുന്നുള്ളു എന്നതിനാല്‍ പലസ്റ്റൈനില്‍ മാത്രം ഒരുവിധത്തിലും അത്രയും റോമന്‍ പടയാളികള്‍ ഉണ്ടായിരിക്കാന്‍ ഒരു സാദ്ധ്യതയുമില്ല. അതുപോലെ, പഴയനിയമകാലത്തു് ഉണ്ടായിരുന്ന 17000 പരീശന്മാരെപ്പറ്റി ബർണബാസ്‌ സുവിശേഷം സൂചിപ്പിക്കുന്നു. പക്ഷേ, പരീശരുടെ പാര്‍ട്ടി രൂപമെടുക്കുന്നതുതന്നെ ക്രി. മു. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണു്. ബര്‍ണബാസ്‌ സുവിശേഷം വർണ്ണിക്കുന്ന വേനല്‍ക്കാലം യൂറോപ്യന്‍ വേനല്‍ക്കാലമാണു്. പലസ്റ്റൈനിന്‍ , യൂറോപ്യന്‍ കാലാവസ്ഥയില്‍ നിന്നും വ്യത്യസ്തമായി, മഞ്ഞുകാലത്തു് മഴയും വേനല്‍ ക്കാലത്തു് വരണ്ട കാലാവസ്ഥയുമാണു്.

മദ്ധ്യകാലത്തെ രൂപമെടുക്കലിനെ ന്യായീകരിക്കുന്ന ചില വസ്തുതകള്‍

മുഹമ്മദിനെപ്പറ്റിയല്ലാതെ ഔദ്യോഗികമായി ഇസ്ലാമിനെപ്പറ്റി പരാമര്‍ശമൊന്നുമില്ലെങ്കിലും ബര്‍ണബാസ്‌ സുവിശേഷം ഉള്‍ക്കൊള്ളുന്നതു് ഇസ്ലാം ചിന്താധാരയാണു്. ഏഴാം നൂറ്റാണ്ടില്‍ രൂപമെടുത്ത ഇസ്ലാം ചിന്തകളെപ്പറ്റി ക്രൈസ്തവസഭയുടെ ആരംഭകാലത്തു് എന്തെങ്കിലും വിവരം ഉണ്ടാവുക എന്നതു് ആസംഭവ്യമാണെന്നതിനാല്‍ അതു് ആരംഭകാലക്രിസ്തുമതത്തില്‍ രൂപമെടുത്തതാവാന്‍ കഴിയില്ല.

ബർണബാസ്‌ സുവിശേഷം ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്ത Lonsdale Ragg മദ്ധ്യകാല ഇറ്റാലിയന്‍ സാഹിത്യസംബന്ധമായ കാര്യങ്ങളിൽ ഒരു പണ്ഡിതനാണു്. ബർണബാസ്‌ സുവിശേഷവും ഡാന്റെയുടെ (Dante Alighieri: 1265-1321) The Divine Comedy അടക്കമുള്ള ഗ്രന്ഥങ്ങളും തമ്മില്‍ ശ്രദ്ധേയമായ സമാനതകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഡിവൈന്‍ കോമെഡിയില്‍ ഡാന്റെ വര്‍ ണ്ണിക്കുന്ന സ്വർഗ്ഗവും നരകവും പറുദീസയും ബർണ്ണബാസ്‌ സുവിശേഷത്തിലെ സ്വർഗ്ഗ-നരക വർണ്ണനകളുമായി ഒത്തുചേർന്നു് പോകുന്നവയാണു്. ഉദാഹരണത്തിനു്, ബർണബാസ്‌ സുവിശേഷത്തിലെ ഒൻപതു് (പറുദീസ അടക്കം പത്തു്) സ്വർഗ്ഗങ്ങളും, ഏഴു് 'കേന്ദ്രങ്ങൾ' ആയി തരംതിരിച്ചിരിക്കുന്ന നരകവുമെല്ലാം ഡാന്റെയുടെ ഡിവൈൻ കൊമെഡിയിലെ വർണ്ണനകളുമായി കൃത്യമായി യോജിച്ചുപോകുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ, ഡാന്റെയുടെ ഡിവൈൻ കോമെഡിയും ബർണബാസ്‌ സുവിശേഷവും തമ്മിൽ - നേരിട്ടുള്ള പരസ്പരബന്ധം ഇല്ലെങ്കിൽ തന്നെയും, അവയുടെ പശ്ചാത്തലവുമായി - നിഷേധിക്കാനാവാത്ത ബന്ധം പുലർത്തുന്നർത്തായി അദ്ദേഹം വിലയിരുത്തുന്നു. ഇത്തരം പരിഗണനകളുടെ എല്ലാം വെളിച്ചത്തിൽ, ബർണബാസ്‌ സുവിശേഷം A.D. 1300-നും 1350-നും ഇടയിൽ എഴുതപ്പെട്ടതാവാമെന്ന നിഗമനത്തിൽ Lonsdale Ragg എത്തുമ്പോൾ, പിന്നീടു് വന്ന ഗവേഷകർ അതിന്റെ രൂപമെടുക്കലിനു് പതിനാറാം നൂറ്റാണ്ടുവരെയുള്ള ഒരു കാലഘട്ടം ഒരു സാദ്ധ്യതയായി പരിഗണിക്കുന്നു.

ബർണബാസ്‌ സുവിശേഷപ്രകാരം 'യോബേല്‍ സംവത്സരം' ആഘോഷിക്കപ്പെടുന്നതു് ഓരോ നൂറു് വർഷങ്ങള്‍ കൂടുമ്പോഴുമാണു്. പക്ഷേ, 'യോബേല്‍ സംവത്സരം' എന്ന, മോശെയുടെ പഴയനിയമപ്രകാരം ഓരോ അന്‍പതു് വര്‍ഷങ്ങള്‍ കൂടുമ്പോഴും ആചരിക്കേണ്ട ഈ ഉത്സവം (ലേവ്യപുസ്തകം 25: 8-മുതലുള്ള വാക്യങ്ങള്‍ കാണുക) A.D.1300-ല്‍ അന്നത്തെ മാര്‍പ്പാപ്പ ആയിരുന്ന St. Boniface VIII 100 വര്‍ഷത്തില്‍ ഒരിക്കല്‍ എന്നു് തിരുത്തിയെങ്കിലും, 1343-ല്‍ തന്നെ, അന്നത്തെ മാര്‍പ്പാപ്പയായിരുന്ന Clement VI വീണ്ടും അതു് പഴയപടി അന്‍പതുവര്‍ഷം ആക്കുകയും അടുത്ത ഉത്സവം 1350-ൽ ആയിരിക്കുമെന്നു് പ്രഖ്യാപിക്കുകയും ചെയ്തു. ചുരുക്കത്തില്‍ , ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതുപോലെ, യോബേല്‍ സംവത്സരാഘോഷം 100 വർഷത്തില്‍ ഒരിക്കല്‍ എന്നതു് A.D. 1300 മുതല്‍ A.D. 1343 വരെയുള്ള കാലഘട്ടത്തില്‍ മാത്രമേ സഭയില്‍ നിലനിന്നിരുന്നുള്ളു. (പിന്നീടു്, 1389-ല്‍ യോബേല്‍ സംവത്സരം 33 വർഷത്തില്‍ ഒരിക്കല്‍ എന്നും, 1470-ല്‍ അതു് 25 വർഷത്തില്‍ ഒരിക്കല്‍ എന്നും വീണ്ടും തിരുത്തപ്പെട്ടു. ആ ചട്ടം സഭ ഇന്നുവരെ പിന്തുടരുകയും ചെയ്യുന്നു.) അതായതു്. 100 വർഷത്തില്‍ ഒരിക്കല്‍ നടത്തപ്പെടുന്ന യോബേല്‍ സംവത്സരത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ബര്‍ണബാസ്‌ സുവിശേഷം ഒരിക്കലും A.D.1300-നു് മുന്‍പു് എഴുതപ്പെട്ടതാവാന്‍ കഴിയില്ല. പോരെങ്കില്‍ , ആ സുവിശേഷം പ്രതിനിധീകരിക്കുന്ന പെരുമാറ്റച്ചിട്ടകളായ, ചിരിക്കുന്നതു് പാപം, കരയുന്നതു് ആത്മീയതയുടെ അടയാളം മുതലായ, മദ്ധ്യകാലത്തു് പ്രബലമായിരുന്ന, സന്യാസജീവിതത്തിന്റെ പെരുമാറ്റരീതികളും അതിന്റെ രൂപമെടുക്കല്‍ ആ കാലഘട്ടത്തിലായിരിക്കുമെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment