സ്വാമി അഗ്നിവേശ്
- ഞാന്‍ അറിഞ്ഞ പ്രവാചകന്‍
ഉള്ളില്‍ നിറയെ കരുണ. ഭൂമിയോളം ക്ഷമ. നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത ഇതൊക്കെയാണ് എന്റെ മനസില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ചിത്രം. സാമൂഹിക വിപ്ളവത്തിന്റെ യഥാര്‍ഥ സൂര്യതേജസ് തന്നെയായിരുന്നു ആ മഹാനുഭാവന്‍. ആ മഹിത ജീവിതത്തില്‍നിന്ന് എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിന് ലഭിച്ചത്. സാമൂഹിക ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച്, നാം പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിച്ചു. ആ ജീവിതത്തില്‍നിന്നുള്ള എത്രയോ സംഭവങ്ങള്‍ നമുക്കറിയാം. തികച്ചും ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തി വരുന്ന പോരാട്ടത്തിന്റെ പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാതൃകകളാണ്. നിത്യവും നടന്നു പോകുമ്പോള്‍ മക്കയില്‍ പ്രവാചകന്റെ ശരീരത്തില്‍ മാലിന്യം കൊണ്ടുതള്ളുന്ന ആ സ്ത്രീയുടെ ചിത്രെ തന്നെ നോക്കൂ. ഒരു ദിവസം അവരെ കാണാനില്ലെന്നു വന്നപ്പോള്‍ ആ മനസ്സ് തരളമാവുകയാണ്. അവര്‍ക്കെന്തു പറ്റിയെന്ന് പ്രവാചകന്‍ അനുചരന്മരോട് തിരക്കുന്നു. ഒടുവില്‍ ആ സ്ത്രീ രോഗിയാണെന്ന് അറിയുന്നു. കേട്ട പാടെ അവരുടെ കുടില്‍ ലക്ഷ്യം വെച്ച് നീങ്ങുകയാണ് പ്രവാചകന്‍. ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച ഒരു വ്യക്തി. സത്യത്തില്‍ അവളുടെ നിസ്സഹായതയില്‍ ആഹ്ളാദിക്കുന്ന മാനസികാവസ്ഥയാണ് വേണ്ടത്. പ്രതികാരം ചെയ്യാന്‍ വളരെ എളുപ്പവുമായിരുന്നു. പക്ഷേ, പ്രവാചക സമീപനം മറ്റൊന്നായിരുന്നു. അവരുടെ രോഗം സുഖപ്പെടാന്‍ പ്രാര്‍ഥിക്കുന്ന ഒരു പ്രവാചകനെയാണ് ചരിത്രത്തില്‍ നാം കണ്ടത്. കരുണയുടെ വലിയൊരു ലോകം തന്നെയായിരുന്നു പ്രവാചകന്‍ ഉള്ളില്‍ കൊണ്ടു നടന്നത്.
മനുഷ്യരോടുള്ള ഇടപഴകലിന്റെ ഓരോ ഘട്ടത്തിലും സ്നേഹവും ഗുണകാംക്ഷയും തുടിക്കുന്ന ഒരു മനസും അവിടെ നാം കണ്ടു. ഒരിക്കല്‍ ഒരു ജൂതന്‍ ഭക്ഷണ പൊതിയുമായി പ്രവാചകനെ തേടിയെത്തി. അന്ന് പ്രവാചകന്‍ ഐഛിക നോമ്പനുഷ്ഠിക്കുകയായിരുന്നു. താന്‍ കൊണ്ടുവന്ന ഭക്ഷണം പ്രവാചകന്‍ രുചിച്ചു നോക്കണമെന്ന് ആഗതന് നിര്‍ബന്ധം. അവനെ പിണക്കാന്‍ തയാറായില്ല. പ്രവാചകന്‍ നോമ്പ് മുറിച്ചു. അത്ഭുതപ്പെട്ട അനുചരന്മരോട് പറഞ്ഞു: ' ആഗതന്റെ സ്നേഹം തിരസ്കരിക്കാന്‍ ഐഛിക നോമ്പ് എനിക്ക് തടസ്സമായില്ല.' മുസ്ലിംകളുടെ മാത്രം പ്രവാചകനല്ല മുഹമ്മദ്. 'റഹ്മത്തുല്‍ ആലമീന്‍' എന്നാണ് വിശേഷണം. ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹം. കനിവോടും സഹാനുഭൂതിയോടും കൂടി വേണം പ്രവര്‍ത്തിക്കാനെന്ന് പ്രവാചകന്‍ നിരന്തരം പഠിപ്പിച്ചു. രോഷം അമര്‍ച്ച ചെയ്യാനും ക്ഷമയിലൂടെയും സഹനത്തിലൂടെയും മുന്നോട്ടു നീങ്ങാനും നിര്‍ദേശിച്ചു. അതിലൂടെ സാമ്രാജ്യങ്ങള്‍ കാല്‍ചുവട്ടിലാക്കാന്‍ കഴിയുമെന്നു കൂടി കുറഞ്ഞ കാല ജീവിതത്തിലൂടെ പ്രവാചകന്‍ കാണിച്ചു തന്നു. ദൈവം എന്ന അടിസ്ഥാന ആദര്‍ശമായിരുന്നു പ്രവാചകന്‍ മുഹമ്മദ് പ്രബോധനം ചെയ്തത്. ഏക ദൈവത്വം തന്നെയാണ് വേദങ്ങളും ഹൈന്ദവ പുരാണങ്ങളും ഉദ്ഘോഷിക്കുന്നത്. 'വിപ്രാ ബഹുദാ വദന്തി...' എന്ന പ്രഖ്യാപനവും ദൈവത്തിന്റെ ഏകത്വം തന്നെയാണ് വിളംബരം ചെയ്യുന്നത്. ബുദ്ധിമാന്മര്‍ അതിനെ പലതായി വിലയിരുത്തുകയാണെന്നും വേദം പറയുന്നു. ഏകദൈവ സാമീപ്യം ലഭിക്കാന്‍ ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ലെന്നും പ്രവാചകന്‍ പഠിപ്പിച്ചു. അവതാരങ്ങള്‍ എന്ന പല പേരുകളില്‍ അറിയപ്പെടുന്നതും ഈ ദൈവിക ചൈതന്യം തന്നെ. താന്‍ ഒരു സന്ദേശവാഹകന്‍ മാത്രമാണെന്ന് ഓരോ ഘട്ടത്തിലും പ്രവാചകന്‍ പറഞ്ഞുകൊണ്ടിരുന്നു. ഏക ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം തന്നെതാന്‍ ഒരു പ്രവാചകന്‍ മാത്രമാണെന്ന വിശ്വാസവും മതത്തിന്റെ അടിസ്ഥാനമായി കുറിച്ചു. ദൈവിക പരിവേഷത്തോടെ തന്നെ കാണരുതെന്ന് അനുയായികളെ നിരന്തരം അദ്ദേഹം ഓര്‍മിപ്പിച്ചു. മരണശേഷം തന്റെ ഖബ് ര്‍ കെട്ടിപ്പൊക്കുകയോ അവിടെ പ്രാര്‍ഥന നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കി.
പ്രതിമകളില്‍ അഭിരമിക്കുന്ന ഒരു മനസ് ഇന്നും നമുക്കു കാണാം. പ്രതിമാനിര്‍മാണത്തിനു വേണ്ടി കോടികളാണ് ഭരണകൂടങ്ങള്‍ നീക്കിവെക്കുന്നത്. വിഗ്രഹപൂജയും മനുഷ്യ ദൈവങ്ങളോടും മറ്റുമുള്ള ആഭിമുഖ്യവും നിറഞ്ഞുനിന്ന ഒരു കാലത്താണ് ഏകദൈവത്വത്തിന്റെ ഉറച്ച വിളംബരം നടത്തിയത്; അദൃശ്യമായ ദൈവത്തെ ആരാധിക്കാന്‍ നിര്‍ദേശിച്ചതും. ദൈവത്തിനുള്ള പൂജയും വഴിപാടുകളും അപഹാസ്യമായ ഒന്നാണെന്നും പറഞ്ഞുവെച്ചു. ജനങ്ങള്‍ക്കൊപ്പം സാധാരണ ജീവിതം നയിക്കുകയായിരുന്നു പ്രവാചകന്‍. അവരില്‍നിന്ന് ഒരിക്കലും വേറിട്ടു നിന്നില്ല. സ്വാമി ദയാനന്ദ സരസ്വതിയെ പോലുള്ള പ്രമുഖര്‍ 'ദൈവം മുഖമില്ലാത്തതും സര്‍വ വ്യാപിയുമാണെന്ന്' പറഞ്ഞതും ശ്രദ്ധേയം. വേദങ്ങളും മറ്റും വ്യക്തമാക്കിയ ഏകദൈവത്വ സിദ്ധാന്തത്തെ പ്രവാചകന്‍ മുഹമ്മദ് കൂടുതല്‍ ജീവസ്സോടെ വിളംബരപ്പെടുത്തുകയായിരുന്നു.
ഇവിടെ സങ്കടം മറ്റൊന്നാണ്. വിഗ്രഹഭഞ്ജനത്തിലൂടെ ഏകദൈവത്വം ഊട്ടിയുറപ്പിച്ച പ്രവാചകന്റെ അനുയായികളില്‍ വലിയൊരു വിഭാഗം ഇന്നിപ്പോള്‍ എന്തുകൊണ്ടാകും ശവകുടീരങ്ങള്‍ തേടിപ്പോകുന്നത്? അവിടെ ചാദറും പുഷ്പമാല്യങ്ങളും അര്‍പ്പിക്കാന്‍ തിരക്കു കൂട്ടുന്നത്? വാര്‍ഷിക ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്?
ശരിയായ വാണിജ്യവത്കരണമാണ് ഇത്തരം നടപടികള്‍ക്കു പിന്നില്‍. മുസ് ലിംകളെ കൈയിലെടുക്കാന്‍ ഇത്തരം കേന്ദ്രങ്ങളില്‍ ഒരു സന്ദര്‍ശനം നടത്തിയാല്‍ മാത്രം മതിയെന്ന് രാഷ്ട്രീയ നേതാക്കളും ധരിച്ചു വെച്ചിരിക്കുന്നു. എന്തായാലും ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പ് പ്രവാചകാധ്യാപനങ്ങളുടെ നിഷേധവും ദൈവത്തോടുള്ള തികഞ്ഞ നന്ദികേടും തന്നെയാണ്.
മദ്യത്തിനെതിരെ പ്രവാചകന്‍ നയിച്ച വിപ്ളവമാണ് എന്നെ വല്ലാതെ ആവേശം കൊള്ളിക്കുന്നത്. ഏറ്റവും വലിയ സാമൂഹിക തിന്മ എന്നാണ് മദ്യത്തെ കുറിച്ച് പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്റെ ജന്മദിന വേളയില്‍ ഇന്ത്യ മുഴുക്കെ മദ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ മുസ്ലിം സമൂഹം തയാറാകണം. മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും നിര്‍ത്തിവെപ്പിക്കാന്‍ സാമൂഹിക സമ്മര്‍ദം രൂപപ്പെടുത്താന്‍ അവര്‍ മുന്നില്‍ നില്‍ക്കണം. എല്ലാ മതവിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമൊക്കെ ഒറ്റക്കെട്ടായി മുസ്ലിംകളെ പിന്തുണക്കാന്‍ മുന്നിലുണ്ടാകും. ഈ നിര്‍ദേശത്തോട് ഇന്ത്യയിലെ മുസ്ലിം സമൂഹം ചെവികൊടുക്കുമോ?.
No comments:
Post a Comment