Sunday, 3 February 2013

[www.keralites.net] മാര്‍ച്ചില്‍ കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകും...

 


തിരുവനന്തപുരം: ജാതിസര്‍ട്ടിഫിക്കറ്റ് മുതല്‍ പോക്കുവരവ് രേഖവരെ സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാതെ ലഭ്യമാക്കാന്‍ കഴിയുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിക്കുന്നു. നിലവില്‍ അഞ്ച് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതി മാര്‍ച്ച് അവസാനം പതിനാല് ജില്ലകളിലേക്കും സമ്പൂര്‍ണാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നതോടെ കേരളം 'സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാന'മാകും.

ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന 23 രേഖകളടക്കം ഒമ്പത് വകുപ്പുകളിലെ 46 സേവനങ്ങളാണ് ഇനി ഓണ്‍ലൈനായി ലഭിക്കുക. ആദ്യഘട്ടത്തില്‍ ഓരോ പ്രദേശത്തേയും അക്ഷയ കേന്ദ്രങ്ങളില്‍ പോയി ഇവയുടെ പ്രിന്റെടുക്കാം. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളാണ് അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് പ്രിന്റെടുക്കുന്നതെങ്കില്‍ അവയില്‍ വില്ലേജ് ഓഫീസറുടെ ഡിജിറ്റല്‍ ഒപ്പുണ്ടാകും.

വില്ലേജ് ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. പ്രവേശന പരീക്ഷാക്കാലമെത്തുമ്പോള്‍ നേറ്റിവിറ്റി, വരുമാന, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ അനുഭവപ്പെടുന്ന വന്‍ തിരക്ക് ഈ മാര്‍ച്ചോടെ ലഘൂകരിക്കാന്‍ കഴിയും. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇരുപത് രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ്. ഇതില്‍ പത്തുരൂപ സര്‍ക്കാരിനും പത്ത് രൂപ അക്ഷയ കേന്ദ്രത്തിനുമാണ്.

തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ജനന, മരണ സര്‍ട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കാനുള്ള പദ്ധതിയും തുടങ്ങിയിട്ടുണ്ട്. സംസ്ഥാന ഐ.ടി.മിഷനാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ ഇ-ഗവേണന്‍സ് പ്രോജക്ടിന്റെ ഭാഗമായി രാജ്യത്തെ 34 ജില്ലകളെ ഇ-ഡിസ്ട്രിക്ട് പദ്ധതിക്കായി തിരഞ്ഞെടുത്തിരുന്നു. കേരളത്തില്‍ കണ്ണൂരിലും ഇടുക്കിയിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വര്‍ഷം മുമ്പ് പദ്ധതി തുടങ്ങിയത്.

2012 അവസാനത്തോടെ കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിലും ഭാഗികമായി ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പിലാക്കിത്തുടങ്ങി. ഫിബ്രവരി 16 ന് ആലപ്പുഴയിലും 23 ന് ഇടുക്കിയില്‍ സമ്പൂര്‍ണാടിസ്ഥാനത്തിലും 26 ന് വയനാട്, കോഴിക്കോട് ജില്ലകളിലും ഇ-ഡിസ്ട്രിക്ട് തുടങ്ങും. ''അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മാര്‍ച്ച് അവസാനം പദ്ധതി നിലവില്‍വരുന്നതോടെ കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന പദവിയിലേക്ക് കടക്കുകയാണ്''-ഐ.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ അറിയിച്ചു.

ഒരു സര്‍ട്ടിഫിക്കറ്റിനായി അക്ഷയ കേന്ദ്രത്തില്‍ നല്‍കുന്ന അപേക്ഷ, സ്‌കാന്‍ ചെയ്ത് വില്ലേജ് ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നു. ഓഫീസ് രേഖകള്‍ പരിശോധിച്ച് ഡിജിറ്റല്‍ ഒപ്പോടുകൂടി അദ്ദേഹമത് തിരികെ അക്ഷയ കേന്ദ്രത്തിന് അയച്ചുകൊടുന്നു. ഇതിന്റെ പ്രിന്‍റാണ് അപേക്ഷകന് കിട്ടുക. വിവിധ വകുപ്പുകള്‍ സര്‍വേകളിലൂടെ സമാഹരിച്ച രേഖകളും വില്ലേജ് ഓഫീസുകളിലെ നിലവിലുള്ള രേഖകളും ഡിജിറ്റൈസ് ചെയ്ത് സെര്‍വറില്‍ സൂക്ഷിച്ചുതുടങ്ങുന്ന പ്രക്രിയ ഏറെക്കുറെ അന്തിമഘട്ടത്തിലാണ്. ഇത്തരം രേഖകളൊന്നും ഇതുവരെ നല്‍കിയിട്ടില്ലാത്ത അപേക്ഷകന് മാത്രമേ ഇനി വില്ലേജ് ഓഫീസുകളില്‍ നേരിട്ട് പോകേണ്ടിവരികയുള്ളൂ.

അക്ഷയകേന്ദ്രങ്ങളില്‍നിന്ന് റവന്യൂ സര്‍ട്ടിഫിക്കറ്റ് നേടുന്ന പദ്ധതിയുടെ രണ്ടാംഘട്ടമായി ഇന്‍റര്‍നെറ്റുള്ള ഏത് കമ്പ്യൂട്ടറുപയോഗിച്ചും സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുക്കാനുള്ള പദ്ധതി നടപ്പിലാക്കാനും ഐ.ടി.മിഷന്‍ ആലോചിക്കുന്നുണ്ട്. ഇതിന് ഓണ്‍ലൈനായി പണമിടപാട് നടത്താനുള്ള സംവിധാനമുണ്ടാക്കേണ്ടതുണ്ട്.

അപേക്ഷകന്‍, സര്‍ക്കാരിന്റെ ഒരുവകുപ്പില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റൊരു വകുപ്പിന് നല്‍കുന്ന പരിപാടി അവസാനിപ്പിക്കാനും ഐ.ടി.വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.

ഉദാഹരണത്തിന് അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയാല്‍ വില്ലേജ് ഓഫീസിലുള്ള ജാതിരേഖ എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസില്‍ നേരിട്ടെത്തിക്കാനാണ് ഇ-ഡിസ്ട്രിക്ടിന്റെ മൂന്നാംഘട്ടത്തില്‍ ഐ.ടി.വകുപ്പ് ലക്ഷ്യമിടുന്നത്.

അതേസമയം, നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ജില്ലകളില്‍ നടപ്പിലാക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ചില സങ്കീര്‍ണതകളുണ്ടെന്ന് വില്ലേജ് ഓഫീസര്‍മാര്‍ പരാതിപ്പെടുന്നുണ്ട്. പല സര്‍ട്ടിഫിക്കറ്റുകള്‍ക്കും അപേക്ഷകന്റെ വീട്ടില്‍ പോയി തെളിവ് ശേഖരിക്കേണ്ടിവരുന്നുണ്ട്. അക്ഷയ കേന്ദ്രത്തില്‍ നിന്ന് വില്ലേജ് ഓഫീസുകളിലേക്ക് അയയ്ക്കുന്ന അപേക്ഷകള്‍ തിരിച്ചുനല്‍കാന്‍ കാലതാമസമെടുക്കുന്നുണ്ട്.

എന്നാല്‍ ആധാര്‍, എന്‍.പി.ആര്‍. രേഖകള്‍ സര്‍ക്കാരിന് ലഭ്യമാകുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment