ഭവം ദാനാപുര്‍ -ഹൗറ എക്‌സ്പ്രസിലെ എ.സി. കോച്ചില്‍
പട്‌ന: മദ്യപിക്കുന്നതു ചോദ്യംചെയ്ത എം.എല്‍.എയെ തീവണ്ടിയില്‍ റെയില്‍വേ ജീവനക്കാര്‍ മര്‍ദിക്കുകയും ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബിഹാറില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എയും മുന്‍കേന്ദ്രമന്ത്രി മുനിലാലിന്റെ മകനുമായ ശിവേഷ് കുമാറിനാണ് മര്‍ദനമേറ്റത്. ദാനാപുര്‍-ഹൗറ എക്‌സ്പ്രസിലെ എ.സി-2 കോച്ചില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പട്‌ന ജങ്ഷനില്‍നിന്നാണ് എം.എല്‍.എയും കുടുംബവും തീവണ്ടിയില്‍ കയറിയത്. രണ്ട് ബര്‍ത്തുകള്‍ അദ്ദേഹം റിസര്‍വ് ചെയ്തിരുന്നു. തീവണ്ടി രാജേന്ദ്രനഗറിലെത്തിയപ്പോള്‍ 18 പേരടങ്ങിയ ജീവനക്കാരുടെ സംഘവും കയറി. എം.എല്‍.എയുടെ ബര്‍ത്തിന് അഭിമുഖമായുള്ള രണ്ട് ബര്‍ത്തുകള്‍ ഒരു എം.പിയുടെ പേരില്‍ ബുക്ക് ചെയ്തിരുന്നു. കാലിയായിക്കിടന്ന ഈ ബര്‍ത്തുകളില്‍ ഇരുന്ന സംഘം മോശം ഭാഷയില്‍ സംസാരം തുടങ്ങി. എം.എല്‍.എയുടെ ഭാര്യ ഇത് എതിര്‍ത്തെങ്കിലും സംഘം വകവെച്ചില്ല. തുടര്‍ന്ന്, ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇ. ജിതേന്ദ്രസിങ്ങിനോട് എം.എല്‍.എയും കുടുംബവും പരാതിപ്പെട്ടു. എല്ലാവരും റെയില്‍വേജീവനക്കാരാണെന്നും ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും ടി.ടി.ഇ. ഉറപ്പുനല്‍കി.
എന്നാല്‍, തീവണ്ടി തൊട്ടടുത്ത സ്റ്റേഷന്‍ കടന്നപ്പോള്‍ ജീവനക്കാര്‍ മദ്യപാനം തുടങ്ങി. ഇത് എതിര്‍ക്കാന്‍ ശ്രമിച്ച എം.എല്‍.എയെ സംഘം മര്‍ദിച്ചു. എം.എല്‍.എയുടെ ഭാര്യയുടെ ദേഹത്ത് ജീവനക്കാര്‍ വിസ്‌ക്കിയൊഴിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയെ്തന്നും പരാതിയില്‍ പറയുന്നു.
മൊകാമയിലെത്തുമ്പോള്‍ ദമ്പതിമാരെ കൊല്ലാന്‍ തയ്യാറായി നില്‍ക്കണമെന്ന് സംഘത്തിലൊരാള്‍ ആരോടോ ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് എം.എല്‍.എ. അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. ഇതോടെ പ്രശ്‌നം വീണ്ടും വഷളായി. അപായച്ചങ്ങല വലിച്ചതിന്റെ പേരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ടി.ടി.ഇ.എം.എല്‍.എയോട് വഴക്കിട്ടു. സംഘത്തില്‍ പലരുമുണ്ടായിരുന്നതിനാല്‍ മറ്റു യാത്രക്കാരും പ്രശ്‌നത്തില്‍ ഇടപെടാന്‍ മടിച്ചു. തുടര്‍ന്ന് എം.എല്‍.എയുടെ ഭാര്യ വനിതാ ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടു.
തീവണ്ടി ഖസ്‌രുപുര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഹെല്‍പ്‌ലൈനില്‍നിന്ന് അറിയിച്ചതനുസരിച്ച് പോലീസെത്തി അക്രമികളില്‍പ്പെട്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മുസാഫര്‍പുര്‍ ടി.ടി.ഇ. പങ്കജ്കുമാര്‍ സിന്‍ഹ, രാജേന്ദ്രനഗറിലെ ബുക്കിങ് ക്ലാര്‍ക്ക് സൗരഭ് സിങ് എന്നിവരാണ് പിടിയിലായത്. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. റെയില്‍വേ വാണിജ്യവിഭാഗം ജീവനക്കാരായ ഇവര്‍ ബംഗാളിലേക്ക് പരിശീലനത്തിനു പോവുകയായിരുന്നു. ജീവനക്കാര്‍ക്ക് ടിക്കറ്റ് ഇല്ലായിരുന്നെന്നും ടി.ടി.ഇമാരുടെ സഹായത്തോടെയാകാം നിയമവിരുദ്ധമായി യാത്രചെയ്തതെന്നും റെയില്‍വേവൃത്തങ്ങള്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ അറിഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോ ടി.ടി.ഇയോ തങ്ങളുടെ സഹായത്തിന് എത്തിയില്ലെന്നും എം.എല്‍.എ. കുറ്റപ്പെടുത്തി
Mathrubhumi
No comments:
Post a Comment