മേഘസുന്ദരി മേഖ്ന രാജ്
അച്‌ഛന്റെയും അമ്മയുടെയും പാത പിന്‍തുടര്‍ന്ന് സിനിമാലോകത്തിലെത്തിയ മേഘ്‌നയെ കാത്തിരുന്നത് മലയാളമായിരുന്നു. പ്രതീക്ഷകള്‍ തെറ്റിക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിന്റെ പ്രിയപുത്രിയാകാനും മേഘ്‌നയ്‌ക്ക് കഴിഞ്ഞു.
അന്യഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് ചേക്കേറി വിജയക്കൊടി പാറിച്ച നായികമാര്‍ അനവധിയാണ്. ശാരദയില്‍ തുടങ്ങിയ വിജയചരിത്രം മേഘ്‌നരാജില്‍ എത്തി നില്‍ക്കുമ്പോള്‍ മലയാളസിനിമ ഒരു പുതിയ ചരിത്രത്തിലേക്കുള്ള പാതയിലാണ്. ആ പാതയില്‍ മലയാളികള്‍ സ്വന്തമാക്കിയ മേഘ്‌നയും അവിഭാജ്യഘടകമാണ്. മലയാളത്തിന്റെ പ്രിയനായികയായി മാറിയ മേഘ്‌നരാജിന്റെ വിശേഷങ്ങളിലേക്ക്....
ജന്മം കൊണ്ട് കര്‍ണാടകക്കാരി. അഭിനയിച്ചിരിക്കുന്നതു കൂടുതലും മലയാളസിനിമയില്‍ ?
ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍. മലയാളസിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതിനേക്കാളേറെ ഇവിടുത്തെ പ്രേക്ഷകര്‍ എന്നെ അംഗീകരിച്ചു എന്നറിഞ്ഞതിലാണ് സന്തോഷം. ഇപ്പോള്‍ തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ പോകുമ്പോള്‍ മലയാളത്തിലെ മേഘ്‌ന വന്നിരിക്കുന്നു എന്നാണ് പറയുന്നത്. അതു കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അഭിമാനം തോന്നും.
അച്‌ഛനും അമ്മയും തിരക്കുള്ള താരങ്ങള്‍. ബാല്യം ഒറ്റപ്പെടലിലായിരുന്നോ ?
ഒരിക്കലുമല്ല. ഒരു സിനിമാ സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്ക് തിരക്കിട്ടോടുന്ന അച്‌ഛന്‍. കന്നടയില്‍ നായികപദവി അലങ്കരിക്കുന്ന അമ്മ. പക്ഷേ ഒരിക്കലും ഒറ്റപ്പെടല്‍ എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടേയില്ല. ഒറ്റമകളാണെങ്കിലും എനിക്കൊരിക്കലും അവര്‍ രണ്ടുപേരും സമയം തരാതിരുന്നിട്ടില്ല. ഇന്ന് ഈ നിമിഷം വരെ ഒറ്റയ്‌ക്കാണെന്ന തോന്നല്‍ അച്‌ഛനും അമ്മയും എനിക്ക് തന്നിട്ടില്ല. എത്ര തിരക്കുണ്ടെങ്കിലും എനിക്കു വേണ്ടി സമയം മാറ്റി വയ്‌ക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു ജന്മദിനം പോലും എനിക്ക് ഒറ്റയ്‌ക്ക് ആഘോഷിക്കേണ്ടി വന്നിട്ടില്ല. ഞാനെന്ന വ്യക്‌തിയുടെ സന്തോഷം കഴിഞ്ഞിട്ടേ മറ്റെന്തിനെങ്കിലും അവര്‍ വില കല്‌പിച്ചിരുന്നുള്ളു. എനിക്ക് മറക്കാനാവാത്തതും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നതുമായ ഒരു ബാല്യമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ വീടിന്റെ നേരെ എതിര്‍വശത്തായിരുന്നു അമ്മയുടെ കുടുംബം. അതുകൊണ്ട് മുത്തശ്ശിയുടെ സ്‌നേഹവും ചെറുപ്പത്തില്‍ കിട്ടിയിരുന്നു. അമ്മയുടെ അനിയത്തിയും എനിക്ക് അമ്മയുടെ സ്‌നേഹം തന്നിരുന്നു. അങ്ങനെ മൂന്ന് അമ്മമാരുടെ സ്‌നേഹം കിട്ടിയാണ് ഞാന്‍ വളര്‍ന്നത്.
കലാകാരിയുടെ ആദ്യ പ്രചോദനം എന്തായിരുന്നു ?
അച്‌ഛനും അമ്മയും തന്നെയാണ് എന്നും പ്രചോദനം തന്നിരുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ വേദികളെ അഭിമുഖീകരിക്കാനുള്ള ധൈര്യം തന്നിരുന്നു. ഡാന്‍സും പാട്ടുമൊക്കെ അക്ഷരങ്ങളോടൊപ്പം തന്നെ മനഃപാഠമാക്കാന്‍ അമ്മ സഹായിച്ചിരുന്നു. ആദ്യമായി ഞാന്‍ സ്‌റ്റേജില്‍ കയറുന്നത് അഞ്ചു വയസ്സുള്ളപ്പോഴാണ്. പ്രച്‌ഛന്നവേഷമായിരുന്നു ഇനം. പച്ചക്കറിവില്‍പ്പനക്കാരിയായി ഞാന്‍ വേദിയിലെത്തുന്ന സമയത്ത് എല്ലാ തിരക്കുകളും മാറ്റി വച്ച് അച്‌ഛനും അമ്മയും അതു കാണാന്‍ എത്തിയിരുന്നു. അന്നെനിക്ക് ഫസ്‌റ്റ് പ്രൈസ് കിട്ടിയപ്പോള്‍ എന്നെക്കാളേറെ സന്തോഷിച്ചത് അച്‌ഛനും അമ്മയും അതു പഠിപ്പിച്ചു തന്ന വര്‍ഷ ടീച്ചറുമായിരുന്നു. പിങ്ക് നിറമുള്ള സാരിയുടുത്ത് ട്രോഫി വാങ്ങാന്‍ സ്‌റ്റേജില്‍ കയറിയത് ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്നു കിട്ടിയ ആ കുഞ്ഞു ട്രോഫി ഒരു നിധി പോലെ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇപ്പോഴും എന്റെ എല്ലാ നേട്ടങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ പ്രചോദനം ആ ട്രോഫി തന്നെയാണ്.
ആദ്യമായി അഭിനേത്രിയുടെ കുപ്പായം അണിയുന്നത് ?
അതും ആകസ്‌മികമായിട്ടാണ്. എന്റെ അച്‌ഛന്‍ അന്ന് നാടകത്തില്‍ സജീവമായിരുന്നു. അച്‌ഛന്റെ നാടകം കാണാന്‍ ഞാനും അമ്മയും സമയം കിട്ടുമ്പോഴൊക്കെ പോകുമായിരുന്നു. ജോഗുമരസ്വാമി എന്ന നാടകത്തിന്റെ അച്‌ഛനോടൊപ്പം നാടകക്കളരിയിലേക്ക് അന്ന് ഞാനും പോയി. പക്ഷേ ഒരു ചെറിയ വ്യത്യാസം മാത്രം. ഞാന്‍ പോയത് കാണാനല്ല മറിച്ച് അഭിനയിക്കാനായിട്ടാണ്. അതിലെ നാട്ടുപ്രമാണിയുടെ വേഷമായിരുന്നു അച്‌ഛന്റേത്. അച്‌ഛന്റെ മകളായിട്ടാണ് ആദ്യമായി ഞാന്‍ അരങ്ങിലെത്തുന്നത്. കുറച്ച് നെഗറ്റീവ് റോളായിരുന്നു അച്‌ഛന്റേത്. എന്റേതാണെങ്കില്‍ കുറച്ചു ബഹളമൊക്കെയുള്ള കഥാപാത്രം. ഏതായാലും പത്താം ക്ലാസില്‍ വച്ച് ചെയ്‌ത ആ കഥാപാത്രമാണ് എന്നിലെ അഭിനേത്രിയെ ആദ്യമായി തിരിച്ചറിയാന്‍ സഹായിക്കുന്നത്.
സിനിമയിലേക്ക് ?
പഠിക്കുന്ന സമയത്ത് ഡോക്‌ടറാകണം എഞ്ചിനീയറാകണം എന്നൊക്കെയായിരുന്നു ആഗ്രഹം. ഇടയ്‌ക്കിടയ്‌ക്ക് അച്‌ഛനൊപ്പം സിനിമാസെറ്റില്‍ പോകുമ്പോള്‍ എന്നിലെ കലാകാരിയും ഉണരാന്‍ തുടങ്ങിയത് ഞാനറിഞ്ഞു. 2006 ല്‍ പൊയ് എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ സമയത്ത് കെ. ബാലചന്ദ്രര്‍ സാര്‍ എന്നെ സിനിമയിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തെ പോലെയുള്ള ഒരാളുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് അച്‌ഛനും അമ്മയും എനിക്ക് വിട്ടു തന്നു. സിനിമ സെലക്‌ട് ചെയ്‌തപ്പോള്‍ അവര്‍ രണ്ടുപേരും എനിക്കൊപ്പം നിന്നു. ബാലചന്ദര്‍ സാറിന്റെ കൃഷ്‌ണലീല എന്ന സിനിമയിലെ ഓഫര്‍ ഞാന്‍ സ്വീകരിച്ചു. 2009 ല്‍ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും എന്തൊക്കെയൊ പ്രശ്‌നങ്ങള്‍ കാരണം റിലീസ് ചെയ്‌തില്ല. ആ സമയത്ത് ബന്ധു അപ്പോറാവു ആര്‍.എം. പി എന്ന തെലുങ്ക് സിനിമ ചെയ്‌ത് ഞാന്‍ അഭ്രപാളികളിലേക്കെത്തി. ഒരു സ്‌കൂള്‍ ടീച്ചറുടെ വേഷമായിരുന്നു എന്റേത്. കുറച്ചു കോമഡി ടച്ചുള്ള കഥാപാത്രം. ബോക്‌സ് ഓഫീസില്‍ നല്ല കളക്ഷന്‍ നേടി ആ സിനിമ എന്റെ തലവര കുറിച്ചു.
മലയാളത്തിന്റെ ക്ഷണം കിട്ടിയത് ?
ആദ്യത്തെ തെലുങ്ക് സിനിമയ്‌ക്ക് ശേഷം എനിക്ക് കന്നട സിനിമയിലേക്ക് ക്ഷണം കിട്ടി. പിന്നെ തമിഴ് സിനിമയിലും
അഭിനയിച്ചു. അങ്ങനെ മൂന്നു ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് വിനയന്‍ സാര്‍ യക്ഷിയും ഞാനും എന്ന സിനിമയിലേക്ക് വിളിക്കുന്നത്. മലയാള സിനിമയോട് താത്‌പര്യം ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ക്ഷണം ഹൃദയപൂര്‍വ്വം സ്വീകരിച്ചു. സിനിമ വലിയ ഹിറ്റായില്ലെങ്കിലും അതിലെ ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വിനയന്‍ സാറും മലയാള സിനിമയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അറിയാതെയാണ് ഞാന്‍ ആ സിനിമയുടെ ഭാഗമായത്. അതിന്റെ പേരില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. പക്ഷേ ഞാനിതൊന്നും അറിഞ്ഞിരുന്നില്ല എന്നറിഞ്ഞപ്പോള്‍ മലയാള സിനിമ എന്നോടൊപ്പം നിന്നു.
മലയാളത്തിന്റെ മേഘ്‌നയായത് ?
അതിനു കാരണം ബ്യൂട്ടിഫുള്ളിലെ അഞ്‌ജലിയാണ്. എന്റെ ഹോം നഴ്‌സിന്റെ കഥാപാത്രത്തെ ആളുകള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അതിനു ശേഷമാണ് മലയാളഭാഷ പഠിക്കണമെന്ന് തീരുമാനിച്ചത്. കാരണം സംഭാഷണങ്ങള്‍ കൃത്യമായി മനസ്സിലാക്കിയെങ്കിലേ ആ ഫീലോടു കൂടി പറയാന്‍ കഴിയൂ. അങ്ങനെ മലയാളം പഠിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ബ്യൂട്ടിഫുള്ളിനു ശേഷം എനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ ടീമിനൊപ്പം തന്നെ രണ്ടു മുന്നു സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോള്‍ അവസാനം അഭിനയിച്ച റെഡ് വൈന്‍ വരെയെത്തി നില്‍ക്കുന്നു.
പഠനം ഉപേക്ഷിച്ചോ ?
മെഡിസിനില്‍ താത്‌പര്യമുള്ളതു കൊണ്ടാണ് ബി.എസ്.സി സൈക്കോളജിയെടുത്തത്. സിനിമയില്‍ തിരക്കായപ്പോള്‍ ക്ലാസുകള്‍ സ്‌ഥിരമായിഅറ്റന്റ് ചെയ്യാന്‍ പറ്റാതെ വന്നു. എന്നാലും പഠനം ഉപേക്ഷിച്ചൊന്നുമില്ല. ബി.എ ഹിസ്‌റ്ററി പ്രൈവറ്റായി ചെയ്‌തു.
മേഘ്‌ന ബോള്‍ഡാണോ ?
എന്റെ അഭിപ്രായങ്ങള്‍ ശരിയാണെങ്കില്‍ അതു തുറന്നു പറയണമെന്ന രീതിയിലാണ് അച്‌ഛനെന്നെ വളര്‍ത്തിയത്. അതുകൊണ്ടു തന്നെ ഒരു ബോള്‍ഡിനെസ് എനിക്കു വന്നിരുന്നു. പിന്നെ ഇന്നത്തെ പെണ്‍കുട്ടികള്‍ ബോള്‍ഡായില്ലെങ്കില്‍ എങ്ങനെ ശരിയാകും. ഡല്‍ഹിയില്‍ നടന്ന സംഭവം തന്നെ കണ്ടില്ലേ. ബോള്‍ഡായാല്‍ തന്നെ ജീവിക്കാന്‍ വയ്യ എന്നുള്ള അവസ്‌ഥയാണ്.
ആ സംഭവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
എല്ലാവരും പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്നു. പക്ഷേ ഒന്നും പ്രാവര്‍ത്തികമാകുന്നില്ല. നമ്മുടെ അവസാന പ്രതീക്ഷ കോടതിയാണ്. കോടതിയിലെങ്കിലും പ്രതികള്‍ക്ക് കൃത്യമായ ശിക്ഷ വിധിച്ചാല്‍ മാത്രമേ ഇത്തരും കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയൂ. ഈ കാര്യത്തിനൊക്കെ അറബിനാടിനെ കോപ്പിയടിക്കുന്നതാണ് നല്ലത്. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഞാന്‍ ഈ സംഭവത്തിനെതിരെ പ്രതിഷേധിക്കാന്‍ എന്നെക്കൊണ്ടാവും വിധം ചെയ്യാന്‍ ഞാന്‍ തയാറാണ്.
പെണ്‍കുട്ടികളുടെ വേഷവിധാനമാണ് ഒരു പ്രശ്‌നമെന്ന് പലരും പറയുന്നു ?
അതൊരു വെറും ന്യായം മാത്രമായിട്ടാണ് എനിക്കു തോന്നുന്നത്. മറ്റെല്ലാ കാര്യത്തിനും പുരോഗമിക്കുമ്പോള്‍ വേഷവിധാനത്തില്‍ മാത്രം നമ്മളെന്തിന് 90 കളെ കോപ്പിയടിക്കണം. പിന്നെ മോഡേണ്‍ വസ്‌ത്രം ധരിച്ചവരെ മാത്രമല്ലല്ലോ പീഡിപ്പിക്കുന്നത്. പെണ്‍കുട്ടികളെ വളരെ ക്രൂരമായി ആക്രമിക്കുന്നത് ഒരു സുഖമായി കാണുന്നവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അതൊന്നും വസ്‌ത്രവിധാനത്തെ മാത്രം ആശ്രയിച്ചാണെന്ന് എനിക്കു തോന്നുന്നില്ല.
സെക്‌സ്, ലിവിംഗ് ടുമെതര്‍ എന്നതിനെക്കുറിച്ച് ?
അതെക്കെ ഓരോരുത്തരുടെയും സ്വകാര്യ കാര്യങ്ങളല്ലേ. ഞാന്‍ അതിനെ എതിര്‍ക്കുന്നില്ല. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വത ഇന്നത്തെ ജെനറേഷനുണ്ട്. ലിവിംഗ് ടുഗെതറിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. നാളത്തെ കാര്യമറിയില്ല.
അച്‌ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നല്ലോ. മകളുടെയോ ?
ഇതുവരെ അങ്ങനെയൊന്നും മനസ്സില്‍ തോന്നിയിട്ടില്ല. എന്തായാലും അഞ്ചു വര്‍ഷത്തേക്ക് കല്യാണത്തെപ്പറ്റി ആലോചിക്കുന്നേയില്ല. പിന്നെ അച്‌ഛന്റെയും അമ്മയുടെയും സാധാരണ പ്രണയമായിരുന്നില്ലല്ലോ. കന്നടയിലെ തിളങ്ങി നില്‍ക്കുന്ന രണ്ടു താരങ്ങളായിരുന്നു അച്‌ഛന്‍ സുന്ദര്‍ രാജനും അമ്മ പ്രമീളാ ജോഷ്വായും. യാത്രയ്‌ക്കിടയില്‍ എപ്പോഴോ കണ്ടുമുട്ടിയ പരിചയം പ്രണയമായി വളര്‍ന്നത് അവര്‍ രണ്ടുപേരും അറിഞ്ഞില്ല. പിരിയാനാവില്ല എന്ന അവസ്‌ഥ എത്തിയപ്പോള്‍ രണ്ടുപേരും ഒരുമിച്ചൊരു ജീവിതമെന്ന തീരുമാനമെടുത്തു. പക്ഷേ രണ്ടു വീട്ടുകാര്‍ക്കും കടുത്ത എതിര്‍പ്പ്. എന്തുസംഭവിച്ചാലും പിരിയില്ലെന്ന തീരുമാനത്തില്‍ രണ്ടുപേരും ഉറച്ചു നിന്നപ്പോള്‍ വീട്ടുകാര്‍ക്ക് സമ്മതം മൂളേണ്ടി വന്നു. അങ്ങനെ എല്ലാവരുടെയും അനുഗ്രാശിസ്സുകളോടെ രണ്ടുപേരും വിവാഹിതരായി. ഈ കഥയൊക്കെ കേള്‍ക്കുമ്പോള്‍ പ്രണയിക്കണമെന്ന് തോന്നാറുണ്ട്. പക്ഷേ എല്ലാ പ്രണയങ്ങളും വിജയത്തിലെത്തില്ലല്ലോ. അതോര്‍ക്കുമ്പോള്‍ പ്രണയിക്കാനും തോന്നുന്നില്ല.
ജീവിതപങ്കാളിയെക്കുറിച്ച് ?
പ്രത്യേകിച്ച് മോഹങ്ങളൊന്നുമില്ല. സ്‌നേഹമുള്ള ആളായിരിക്കണം. പിന്നെ എന്റെ പ്ര?ഫഷനെ അംഗീകരിക്കണം. ഒരു വാക്കു പറഞ്ഞാല്‍ അതില്‍ അടിയുറച്ചു നില്‍ക്കുന്ന ആളായിരിക്കണം. അത്രേയൊക്കെയുള്ളു.
മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെപ്പറ്റി ?
പ്രതീക്ഷിക്കാതെ കിട്ടിയ ഓഫറായിരുന്നു റെഡ് വൈനിലേത്. എന്നെക്കാളും സന്തോഷം വീട്ടിലുള്ളവര്‍ക്കായിരുന്നു. ഇത്രയും പോപ്പുലറായ ഒരു നടനൊപ്പം നായികാവേഷത്തിലെത്തുന്നത് ഒരു ഭാഗ്യമല്ലേ. എന്റെ അനിയത്തിസോഫിയയ്‌ക്കായിരുന്നു (കസിന്റെ മകള്‍) കൂടുതല്‍ ത്രില്ലുണ്ടായിരുന്നത്. കൊച്ചുനാള്‍ മുതല്‍ അവള്‍ ലാല്‍ സാറിന്റെ കടുത്ത ആരാധികയാണ്. ആ സന്തോഷത്തില്‍ അവളുടെ സുഹൃത്തുക്കളോടൊക്കെ വാതോരാതെ പറയുന്നുണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഭയങ്കര ടെന്‍ഷനായിരുന്നു. പക്ഷേ അദ്ദേഹത്തെ കണ്ടു സംസാരിച്ചപ്പോള്‍ അതെല്ലാം പോയി. ഒരു താരജാഡയുമില്ലാത്ത അഭിനേതാവ്. ഇത്രയും സീനിയറാണെങ്കിലും എന്റെ തെറ്റുകളും കുറ്റങ്ങളും പറഞ്ഞു തന്ന് ക്യാരക്‌ടറിനെ നല്ലതാക്കാന്‍ ഒരുപാട് സഹായിച്ചു. ശരിക്കും അഭിനയത്തിന്റെ ഒരു സര്‍വകലാശാല തന്നെയാണ് അദ്ദേഹം.
മലയാളികളുടെ സ്വന്തം മേഘ്‌നയുടെ സ്വപ്‌നങ്ങള്‍ ?
പ്രത്യേകിച്ച് അങ്ങനെയൊന്നുമില്ല. അച്‌ഛന്റെയും അമ്മയുടെയുമൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണമെന്ന ചെറിയ മോഹമുണ്ട്. ഇപ്പോള്‍ ഞാന്‍ ഘതക് പഠിക്കുന്നുണ്ട്. നൃത്തത്തോട് വല്ലാത്തൊരു അറ്റാച്ച്‌മെന്റാണ്. അതുകൊണ്ട് നൃത്തത്തിന് പ്രാധാന്യമുള്ള ഒരു വേഷം ചെയ്യണമെന്നുണ്ട്. പിന്നെ അന്യഭാഷക്കാരിയായി എന്നെ മലയാളികള്‍ സ്വീകരിച്ചതിന് പ്രത്യേകം നന്ദിയുണ്ട്. ദൈവാനുഗ്രഹത്താല്‍ വലിയ വിഷമങ്ങളൊന്നുമില്ല. ജീവിതാവസാനം വരെ നല്ലൊരു അഭിനേത്രിയായിരിക്കണമെന്ന ആഗ്രഹമുണ്ട്.
No comments:
Post a Comment