സൂര്യനെല്ലി പെണ്‍കുട്ടി ജീവിതത്തിന്റെ പോരാട്ട വഴിയില്‍
അവള്‍ മരിച്ചതു നന്നായി. ഡല്‍ഹിയില്‍ ബസില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി മനഃസാക്ഷി മരിച്ചിട്ടില്ലാത്തവരുടെ പ്രാര്‍ഥനകള്‍ വിഫലമാക്കി ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തില്‍ നിന്ന് വഴുതി വീണു യാത്രയായപ്പോള്‍ ഇങ്ങകലെ അവളെക്കുറിച്ച് വായിച്ചറിവു മാത്രമുള്ള ഒരു യുവതിയുടെ പ്രതികരണമായിരുന്നു അത്.
ചങ്ങാനാശേരിയിലെ വാടകവീട്ടിലിരുന്ന് കണ്ണുനീരൊഴുക്കി നെഞ്ചുരുകുന്ന വേദനയോടെ ക്രൂരമായ വാക്കുകള്‍ പറഞ്ഞ ആ പെണ്‍കുട്ടിയും ഡല്‍ഹി പെണ്‍കുട്ടിയും തമ്മിലുള്ള വ്യത്യാസമെന്താണ്? അവര്‍ക്കിടയിലുള്ള ദൂരമെന്താണ്? അതറിയണമെങ്കില്‍ വര്‍ഷങ്ങള്‍ പിറകോട്ടു പോകണം. മണിക്കൂറുകളുടെ െദെര്‍ഘ്യത്തിനിടയിലാണ് ഡല്‍ഹി പെണ്‍കുട്ടി ഒരുപറ്റം ആളുകളുടെ കാമവെറിക്ക് ഇരയായതെങ്കില്‍ പതിനാറാം വയസില്‍ 40 ദിവസംകൊണ്ട് 42 പേര്‍ക്ക് ഇരയായി മാറിയ ചരിത്രമുണ്ട് വാടക വീട്ടിലിരുന്ന് കണ്ണീരൊഴുക്കിയ ആ പെണ്‍കുട്ടിക്ക്.
അറിവില്ലാത്ത പ്രായത്തില്‍ വിശ്വസിച്ചവരെല്ലാം ചതിച്ചപ്പോള്‍ നിസഹായയായി മാറിയ പെണ്‍കുട്ടി. സൂര്യനെല്ലി പെണ്‍കുട്ടി എന്ന പേരില്‍ മാധ്യമങ്ങളും സമൂഹവും അവളെക്കുറിച്ച് കഥകളും ഉപകഥകളും മെനഞ്ഞപ്പോള്‍ അതില്‍ വെന്തുനീറിയ യൗവനം...മോഹങ്ങള്‍...സ്വപ്‌നങ്ങള്‍... ഇരുളില്‍ ചെന്നായയും പകല്‍വെളിച്ചത്തില്‍ ആദര്‍ശവ്യക്‌തിത്വത്തിന്റെ പ്രതീകങ്ങളുമായി മാറിയ ഒരുകൂട്ടം ആളുകളുടെ ഇരയായ പെണ്‍കുട്ടി പക്ഷേ മരിച്ചില്ല. മരിച്ചു ജീവിച്ചു. മരണം നിഴല്‍പോലെ പിന്തുടരുമ്പോഴും ഡല്‍ഹി പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളില്‍ ജീവിക്കാനുള്ള ഒടുങ്ങാത്ത മോഹമായിരുന്നു. കാതങ്ങള്‍ക്കിപ്പുറം അവളെപ്പോലെ കശക്കിയെറിയപ്പെട്ട ജീവിതം ജീവിച്ചു തീര്‍ക്കുന്നവളുടെ വാക്കുകളായിരുന്നു, അവള്‍ മരിച്ചത് നന്നായി എന്നത്. അവളുടെ അടുത്ത വാക്കുകള്‍ കേട്ടാലേ അതു പൂര്‍ണമാകൂ, അവള്‍ മരിച്ചില്ലായിരുന്നെങ്കില്‍ സമൂഹം അവളെ കൊല്ലാതെ കൊന്നേനെ.
1996 ജനുവരി 16
അന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തകളിലെ ഒരു ബോക്‌സ് ന്യൂസ് മൂന്നാര്‍ സൂര്യനെല്ലിയില്‍ പതിനാറുകാരി പെണ്‍കുട്ടിയെ കാണാനില്ല എന്നായിരുന്നു. വാര്‍ത്ത വായിച്ച് അഭിപ്രായം പറഞ്ഞ് പലരും പത്രം മടക്കിയപ്പോള്‍ അവളെ അന്വേഷിച്ചു ഊണും ഉറക്കവുമില്ലാതെ നടക്കുകയായിരുന്നു ഒരു പിതാവ്. രണ്ടു പെണ്‍കുട്ടികളെ കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തു സൂക്ഷിച്ച ആള്‍. ഒരു പോസ്‌റ്റ്‌മാസ്‌റ്റര്‍ക്കു കിട്ടുന്ന തുച്‌ഛമായ വേതനം കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോഴും പെണ്‍കുട്ടികളുടെ പഠനത്തിനായി പണം മാറ്റിവയ്‌ക്കുമ്പോഴും അവരുടെ ഉന്നതിയായിരുന്നു മനസില്‍.
അധികം ആര്‍ഭാടമില്ലാതെ ജീവിച്ചിരുന്ന കുട്ടികള്‍ പഠനത്തില്‍ മിടുക്കികളായിരുന്നു. സൂര്യനെല്ലിയിലെ ചെറിയ വീട്ടില്‍ താമസിച്ച് ഇളയമകളെ കോണ്‍വെന്റില്‍ അയച്ചു പഠിപ്പിച്ചു. എന്നാല്‍ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞ ദിവസമായിരുന്നു അന്ന്. രാത്രി െവെകിയും കുട്ടിയെ കാണാതെ അന്വേഷിച്ചു പോയപ്പോള്‍ ബസിലെ കണ്ടക്‌ടറുമായുള്ള അടുപ്പത്തെക്കുറിച്ചാണ് അറിഞ്ഞത്. അവനോടൊപ്പമാണ് മകള്‍ പോയതെന്നായിരുന്നു ആദ്യ വിവരം. പിന്നീട് അന്വേഷണത്തിന്റെ നാളുകളായിരുന്നു. മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ തുടങ്ങിയ അന്വേഷണം. ആദ്യം പോലീസും സംഭവം നിസാരമായാണ് എടുത്തത്.
ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടി കോതമംഗലത്തുണ്ട്... കുമളിയിലുണ്ട്... എന്നിങ്ങനെ ഫോണ്‍വിളികള്‍ പിതാവിനെ തേടിയെത്തിത്തുടങ്ങി. നിസഹായനായ ആ പിതാവും സുഹൃത്തുക്കളും ഇവിടങ്ങളില്‍ അന്വേഷിച്ചു. പക്ഷേ ഒരു വിവരവും ലഭിച്ചില്ല. അന്വേഷണങ്ങള്‍െക്കാടുവില്‍ 42-ാം ദിവസം പെണ്‍കുട്ടി വീട്ടിലെത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് പെണ്‍കുട്ടി അനുഭവിച്ച ക്രൂരത മാതാപിതാക്കളും നാടും അറിയുന്നത്. സമൂഹത്തില്‍ ഉന്നതരായ പല ആളുകളും തന്നെ ക്രൂരമായി വേട്ടയാടിയ കഥകളായിരുന്നു അവള്‍ക്ക് പറയാനുണ്ടായിരുന്നത്. പിന്നീട് മാധ്യമങ്ങള്‍ അതെല്ലാം നിറംപിടിപ്പിച്ച കഥകളാക്കി. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് പോലീസ് പലരെയും പിടികൂടി. ധര്‍മരാജന്‍ എന്ന പ്രമുഖനായ അഭിഭാഷകനും അതില്‍ ഉള്‍പ്പെട്ടിരുന്നു. പാറമടയില്‍ ഒളിച്ചിരുന്ന ഇയാളെ ഏറെ പണിപ്പെട്ടാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കേസ് വിവാദത്തിലേക്ക്...
ധര്‍മരാജന്റെ മൊഴി അനുസരിച്ച് പിന്നീട് പിടിയിലായ പലരും പ്രമുഖരായിരുന്നു. കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണെന്ന് ആരോപണം ഉയര്‍ന്നു. പി.ജെ. കുര്യന്റെ ചിത്രം പത്രത്തില്‍ കണ്ടപ്പോള്‍ ഇയാളും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതോടെ സംഭവം വിവാദത്തിലായി. പെണ്‍കുട്ടിയെ സംരക്ഷിക്കാനെന്ന പേരില്‍ ചിലര്‍ രാഷ്‌ട്രീയ മുതലെടുപ്പിനായും രംഗത്തിറങ്ങി. കേസ് അന്വേഷണത്തിനു സ്‌പെഷല്‍ ഓഫീസറായി അന്നു ഐ.ജി ആയിരുന്ന സിബി മാത്യൂസിനെ നിയമിച്ചു. കേസില്‍ ഉള്‍പ്പെട്ട 42 പേര്‍ പിടിയിലായി. മൂന്നാറില്‍ നിന്നു ബസ്‌കയറി കോട്ടയെത്ത ത്തിയ പെണ്‍കുട്ടിയെ അവിടെ നിന്ന് ഉഷ എന്ന സ്‌ത്രീയുടെ സഹായത്തോടെ കണ്ടെത്തിയ ധര്‍മരാജന്‍ അവളെ മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
2000 സെപ്‌റ്റംബര്‍ -6
സംസ്‌ഥാനത്ത് ആദ്യമായി ഒരു പീഡനക്കേസിന്റെ വിചാരണക്കായി സ്‌പെഷല്‍ കോടതി രൂപീകരിച്ച ദിവസമായിരുന്നു അത്. വിചാരണയ്‌ക്കുശേഷം സൂര്യനെല്ലി കേസിനായുള്ള പ്രത്യേക കോടതി ജഡ്‌ജി ശശിധരന്‍ നമ്പ്യാര്‍ പ്രതികള്‍ക്ക് തടവുശിക്ഷ വിധിച്ചു. നമ്മുടെ കുടുംബത്തിലെ ഒരാള്‍ക്കാണ് ഈ ഗതിവന്നതെങ്കില്‍ എന്താകുമായിരുന്നു? എന്ന ചോദ്യമുന്നയിച്ചാണ് കോടതി വിധിപറഞ്ഞത്. 42 പ്രതികളില്‍ വിചാരണ നേരിട്ടത് 38 പേരായിരുന്നു. ഇതില്‍ രണ്ടു പേരെ വെറുതെവിട്ടു. ബാക്കിയുള്ളവരെ ശിക്ഷിച്ചു. പ്രതികള്‍ നല്‍കിയ അപ്പീലില്‍ െഹെക്കോടതി ഒന്നാം പ്രതി ധര്‍മരാജന്‍ ഒഴികെയുള്ളവരെ വെറുതേ വിട്ടു. ഇയാളൊഴികെയുള്ളവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണെന്ന നിഗമനത്തിലായിരുന്നു വിധി . ആ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍
െഹെക്കോടതി വിധിക്കുശേഷമാണ് ക്രൂരത അനുഭവിച്ച പെണ്‍കുട്ടിക്കു സര്‍ക്കാര്‍ ജോലി നല്‍കിയത.് ദേവികുളത്ത് ആദായനികുതി വകുപ്പ് ഓഫീസിലായിരുന്നു ആദ്യ നിയമനം. എന്നാല്‍ സ്വന്തം നാട്ടിലെ ഒരുവിഭാഗം ആള്‍ക്കാര്‍ കഴുകന്‍ കണ്ണുകളോടെ നോക്കിക്കണ്ടതോടെ ചങ്ങനാശേരിയിലേക്ക് സ്‌ഥലംമാറ്റം വാങ്ങി.
പ്യൂണ്‍ ആയിട്ടായിരുന്നു നിയമനം. ഇതിനിടയില്‍ ഓഫീസില്‍ നടന്ന ഓഡിറ്റിംഗില്‍ 2,26,000 രൂപയുടെ ക്രമക്കേട് കണ്ടെത്തി. ട്രഷറിയില്‍ പണം അടയ്‌ക്കാന്‍ കൊണ്ടുപോയ ചെല്ലാനില്‍ ക്രമക്കേട് നടത്തി പണം തട്ടിയെന്ന് ആരോപണം ഉയര്‍ന്നു. പണം അടക്കാന്‍ കൊണ്ടു പോയത് പെണ്‍കുട്ടിയും. ഒടുവില്‍ പെണ്‍കുട്ടി സസ്‌പെന്‍ഷനിലായി. മേലുദ്യോഗസ്‌ഥര്‍ നടത്തിയ അഴിമതി പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മേല്‍ ചാരുകയായിരുന്നെന്ന് വിമര്‍ശനം ഉയര്‍ന്നു. മേലുദ്യോഗസ്‌ഥന്‍മാര്‍ക്കെതിരേ നടപടി ഉണ്ടായില്ല. സംഭവം വാര്‍ത്തയായതോടെ പെണ്‍കുട്ടിയെ ജോലിയില്‍ തിരിച്ചെടുത്തു.
ബാക്കിയാവുന്ന പോരാട്ടം
പതിനാറാം വയസില്‍ 42 പേരുടെ പീഡനത്തിനിരയായി സ്വപ്‌നങ്ങള്‍ തകര്‍ന്ന് മനസുമരിച്ച പെണ്‍കുട്ടി... അവള്‍ നീതിക്കായി നടത്തുന്ന പേരാട്ടത്തിന്റെ തുടര്‍ച്ചയാണിത്.
ജീവിതം നശിപ്പിച്ച സമൂഹം അവളെ അഴിമതിക്കാരിയുമാക്കി. ഇപ്പോഴും പീഡനം തുടരുകയാണ്. വാക്കു കൊണ്ട്... ചെയ്‌തികള്‍ കൊണ്ട്... ഇതിനിടയിലും ആ കുടുംബം തളരാതെ പൊരുതുകയാണ്. ജീവിക്കാന്‍.... ഈ വിധി ഇവര്‍ക്ക് തുടര്‍ന്ന് ജീവിക്കാനുള്ള കരുത്താണ്. സത്യം തോല്‍ക്കില്ല... നിയമം മരിക്കില്ല.... എന്ന ഓര്‍മപ്പെടുത്തല്‍.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment