പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്റര്‍ ആക്രമിച്ച കുബുദ്ധികള്‍ രണ്ടരലക്ഷം പാസ്‌വേഡുകളും മറ്റ് യൂസര്‍ വിവരങ്ങളും ചോര്‍ത്തി. 'അങ്ങേയറ്റം ആധുനികമായ' രീതിയിലാണ് ട്വിറ്റര്‍ സെര്‍വറുകള്‍ ആക്രമിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അസാധാരണമാം വിധമുള്ള ആക്രമണമാണ് നടന്നതെന്നും, കഴിഞ്ഞയാഴ്ച ആയിരുന്നു സംഭവമെന്നും ട്വിറ്റര്‍ അറിയിച്ചു. ചോര്‍ത്തപ്പെട്ടവയ്ക്ക് പകരം പുതിയ പാസ്‌വേഡുകള്‍ ഉപയോഗിക്കാന്‍ യൂസര്‍മാരെ ട്വിറ്റര്‍ അറിയിച്ചു തുടങ്ങിയതായി കമ്പനിയുടെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ബോബ് ലോര്‍ഡ് ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.
'ഏതെങ്കിലും അമേച്വറുകളുടെ പ്രവര്‍ത്തിയാണിതെന്ന് കരുതുന്നില്ല, ഒറ്റപ്പെട്ട സംഭവവുമല്ലിത്' - കമ്പനിയുടെ ബ്ലോഗ് പോസ്റ്റ് പറയുന്നു.
'ന്യൂയോര്‍ക്ക് ടൈംസി'നും 'വാള്‍സ്ട്രീറ്റ് ജേര്‍ണലി'നും ഏതിരെ ഈയാഴ്ച്ച ഇത്തരം സൈബര്‍ ആക്രമണം നടന്നു. ചൈനയില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് ആ മാധ്യമകമ്പനികള്‍ പറയുന്നു. എന്നാല്‍, എവിടെ നിന്നാണ് ആക്രമണമുണ്ടായതെന്ന് ട്വിറ്റര്‍ സൂചനയൊന്നും നല്‍കിയിട്ടില്ല.
'കരുത്തുള്ള' പാസ്‌വേഡുകള്‍ ഉപയോഗിക്കാന്‍ (ട്വിറ്ററില്‍ മാത്രമല്ല, മറ്റ് ഇന്റര്‍നെറ്റ് വേദികളിലും) ട്വിറ്റര്‍ അധികൃതര്‍ യൂസര്‍മാരെ ആഹ്വാനം ചെയ്തു. പാസ്‌വേഡുകള്‍ക്ക് കുറഞ്ഞത് 10 ക്യാരക്ടറുകള്‍ വേണം. ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും സംഖ്യകളും ചിഹ്നങ്ങളുമൊക്കെ ഇടകലര്‍ന്നതാവുകയും വേണം പാസ്‌വേഡുകള്‍ -ട്വിറ്റര്‍ ഓര്‍മിപ്പിക്കുന്നു.
ഇന്റര്‍നെറ്റില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നു ട്വിറ്റര്‍ ഓര്‍മിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ചത്തെ ആക്രമണത്തെ കുറിച്ച് ഇപ്പോഴും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു.
No comments:
Post a Comment