അനേക ദിവസങ്ങളിലെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം വിശ്വരൂപം ദര്‍ശിച്ചു. ചിത്രത്തിന്‍റെ സാങ്കേതിക മികവു പൂര്‍ണമായും ആസ്വദിക്കാനായില്ലങ്കിലും ഈ സോദ്ദേശ കലാപരിപാടി നല്‍കുന്ന സന്ദേശം മനസ്സിലായി . മന്മോഹനും ബുഷും തുടക്കമിട്ട ഇന്‍ഡോ-യു എസ് സൗഹൃദബന്ധവും കൊടുക്കല്‍വാങ്ങലുകളും അരക്കിട്ടുറപ്പിക്കുകയാണ് കമല്‍ ഹാസന്‍ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്. അല്ലെങ്കില്‍ പിന്നെ അമേരിക്കയെ ഇസ്ലാമിക ഭീകര സംഘത്തിന്‍റെ ബോംബാക്രമണത്തില്‍നിന്നും രക്ഷിക്കാന്‍ എന്തിനാണ് ഒരു ഇന്ത്യന്‍ "റാ" ഉദ്യോഗസ്ഥന്‍ കഥക് പഠിച്ച് വേഷം മാറി കേമന്മാരായ ന്യുയോര്‍ക്ക് പോലീസിനെപ്പോലും അറിയിക്കാതെ അവരുടെ രക്ഷകനായി അവതരിക്കുന്നത്? തന്‍റെ ചിത്രം ഇന്ത്യാക്കാരെ വിസ്മയിപ്പിക്കുകയും അമേരിക്കക്കാരുടെ ഹൃദയം കവരണമെന്നും കമലിനു നിര്‍ബന്ധമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍.. അമേരിക്കയുടെ ഹൃദയം കവരണമെങ്കില്‍ അവര്‍ക്ക് പരിചയമുള്ള ഒരു സിനിമാ ഭാഷ തന്നെ വേണമല്ലോ? തന്‍റെ സമ്പാദ്യം മുഴുവനുമെടുത്താണ് ഈ ചിത്രം ഉണ്ടാക്കിയതെന്ന് കമല്‍ തന്നെ പറയുന്നു. ശീത യുദ്ധത്തിന്‍റെ കാലത്ത് ജെയിംസ് ബോണ്ടുമാര്‍ ഹോളിവുഡ് കവ്വ്‌ബോയ് ചിത്രങ്ങളില്‍ അമേരിക്കന്‍ താല്‍പര്യ ങ്ങള്‍ സംരക്ഷിച്ചു കൊണ്ടിരുന്നത് സോവിയറ്റ് ഇഷ്ടങ്ങളെ തകര്‍ത്തു കൊണ്ടായിരുന്നെങ്കില്‍ ആധുനിക കാലത്ത് ഇസ്ലാമിക തീവ്രവാദം എന്നായി മാറിയിരിക്കുന്നു. ഇന്നത്തെ ഭൂരിപക്ഷ ജനങ്ങളുടെയും ചിന്താഗതി കച്ചവടക്കാരനായ കമലിന് നന്നായറിയാം. അവര്‍ക്കു നല്‍കാന്‍ കഴിയുന്ന നല്ലൊരു വിഭവം ഇസ്ലാമിക തീവ്രവാദവും അതിനെ ജെയിംസ് ബോണ്ടിന്‍റെ സ്റ്റൈലില്‍ തകര്‍ക്കുന്ന കൌബോയ് രീതിയുമാണെന്ന് ആരും കമല്‍ എന്ന സമര്‍ഥനായ ചലച്ചിത്രകാരനോട് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. മുടക്കു മുതലിന്‍റെ അനേക മടങ്ങ് തീര്‍ച്ചയായും കമലിന് തിരിച്ചു കിട്ടും. യുദ്ധ ചിത്രങ്ങളില്‍ നമ്മള്‍ കാണുന്ന ഹെലിക്കോപ്ടര്‍ യുദ്ധവും മിസ്സയിലാക്രമണവും ഒക്കെ നമ്മളെ ത്രില്ലടിപ്പിക്കും. പതിറ്റാണ്ടുകളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഈ തട്ടുപൊളിപ്പന്‍ പരിപാടികളിലൊക്കെ എന്ത് പുതുമയുണ്ട് എന്നൊന്നും ചോദിക്കരുത്. അതുപോലെതന്നെ താലിബാന്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിലോമകരവും മനുഷ്യവിരുദ്ധവുമായ രീതികളും നമ്മള്‍ എത്രയോ ചിത്രങ്ങളില്‍ കണ്ടിരിക്കുന്നു. താലിബാന്‍ ക്രൂരതകള്‍ പച്ചയായി കാണിക്കുന്നതിനോടൊപ്പം കോടിക്കണക്കിനു മുസ്ലിം മതവിശ്വാസികള്‍ പവിത്രമെന്നു കരുതുന്ന വിശുദ്ധ ഖുറാനില്‍ നിന്നുള്ള ഉദ്ധരണികളും കേവലം യാദൃശ്ചികമാണെന്ന് കരുതാന്‍ വയ്യ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ ത്തിന്‍റെയും മതേതരത്വത്തിന്റെയുമൊക്കെ പേരുപറഞ്ഞു കമല്‍ വെറുതെ കണ്ണീരൊഴുക്കുകയാണ്. വളരെ താഴ്ന്ന ബഡ്ജറ്റില്‍ താലിബാനിസത്തിന്‍റെ നിഷ്ടൂരതകള്‍ പരോക്ഷമായി തുറന്നു കാണിക്കുന്ന എത്രയോ നല്ല ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്? മക്മല്‍ ബഫിന്റെ Safar-e Ghandehar ഒരു ഉദാഹരണം മാത്രം.
ചിത്രത്തെ എതിര്‍ക്കുന്ന എന്‍ ഡി എഫ് -പോപ്പുലര്‍ ഫ്രണ്ടിന്‍റെയും അനുകൂലിക്കുന്ന ബി ജെ പി -സംഘ പരിവാരങ്ങളുടെയും അജണ്ട നമുക്കറിയാം. എന്നാല്‍ തീര്‍ത്തും പ്രതിലോമകരമായ ഒരു രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന ഈ ചിത്രത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞുകൊണ്ട് സംരക്ഷിക്കാന്‍ പെടാപാട് പെടുന്ന മുഖ്യധാരാ ഇടതുപക്ഷത്തിന്റെ താല്‍പ്പര്യം എന്താണെന്ന് മനസ്സിലാകുന്നില്ല. തിയേറ്ററുകളില്‍ സെക്യൂരിറ്റി പണി ചെയ്യുന്ന സമയം കൊണ്ട് ഈ ചിത്രത്തിന്‍റെ ജനവിരുദ്ധത തുറന്നു കാണിക്കുകയാണ് അവര്‍ ചെയ്യേണ്ടത്.
--
Thanks and regards,
Email ID: murali2925@gmail.com
No comments:
Post a Comment