Friday, 1 February 2013

[www.keralites.net] മീഡിയാവണ്‍ വരുന്നേ...... ഓടിക്കോ..

 

മീഡിയാവണ്‍ വരുന്നേ...... ഓടിക്കോ..

Fun & Info @ Keralites.net

മാധ്യമം പത്രം ചാനല്‍ തുടങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് ഏതാണ്ട് മൂന്നുവര്‍ഷം ആയി എന്ന് തോന്നുന്നു.... ഇന്ന്.... നാളെ ദേ, വരുന്നു എന്ന പ്രഖ്യാപനവുമായി തെന്നിയും തെറിച്ചും കളിച്ച 'സാധനം' ഫെബ്രുവരി പത്തിന് സംപ്രേക്ഷണം തുടങ്ങുന്നു എന്ന് ഉറപ്പായതോടെ ചായക്കട മുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് വരെ സംഗതി വലിയ ചര്‍ച്ചയാണ്....ചാനല്‍ പ്രഖ്യാപനം വന്നത് മുതല്‍ തുടങ്ങിയ മുറുമുറുപ്പ് അതിന്‍റെ മൂര്‍ധന്യാ വസ്ഥയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനല്‍ തുടങ്ങിയതിന്റെ വാര്‍ത്തകളെപ്പോലും സമ്പന്നമാക്കിയത് മീഡിയാ വണ്‍ പിറകെ വരുന്നു എന്ന വാല്‍കഷ്ണമാണ്
മലയാളത്തില്‍ ആറ് വാര്‍ത്താ ചാനലുകളും അതിന്‍റെ ഇരട്ടി 'വിനോദ' ചാനലുകളും ഉണ്ട്. ഇതിനിടയിലേക്ക് 'ന്യൂസ് ആന്‍ഡ് കള്‍ച്ചറല്‍' ടി വി യായി മീഡിയാവണ്‍ വരുമ്പോള്‍ മറ്റൊരു ചാനല്‍ വന്നപ്പോഴും ഇല്ലാതിരുന്ന 'കോളിളക്കം' ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?
ആര്‍ക്കാണ് ഇത്ര വേവലാതി?
ആരൊക്കെയാണ് മീഡിയാവണ്ണിനെ പേടിക്കുന്നത്?


മീഡിയാവണ്‍ വരുന്നേ,..... ഓടിക്കോ, എന്നാര്‍ത്തു വിളിച്ച് കൂട്ടയോട്ടം നടത്തുന്നവരില്‍ സംഘപരിവാര്‍, വലതു പക്ഷ ബുദ്ധി ജീവികള്‍ തുടങ്ങി ലീഗുകാരും കമ്മ്യൂണിസ്റ്റുകാരും ഇങ്ങേ അറ്റത്ത് മുജാഹിദുകളും വരെ ഉണ്ട്. ഇവരുടെ മുന്നില്‍ പിടിച്ചിരിക്കുന്ന ബാനറില്‍ പക്ഷേ ഒരേ ഒരു മുദ്രാവാക്യമേ ഉള്ളൂ,.....
"
ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ജമാഅത്തുകാര്‍ ചാനല്‍ തുടങ്ങുന്നു"

120
കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ വെറും 20 കോടിയില്‍ താഴെ മുസ്ലിംകളെ ഉള്ളൂ, ഇവരില്‍ മഹാ ഭൂരിപക്ഷവും ജമാഅത്തെ ഇസ്ലാമി എന്ന് കേട്ടിട്ട് പോലും ഉണ്ടാവില്ല, പല സംസ്ഥാനങ്ങളിലും ജമാഅത്തിന് ഓഫീസുപോലും ഇല്ല, ഡെല്‍ഹി പോലുള്ള ചില നഗരങ്ങളില്‍ ചില ആള്‍കൂട്ടങ്ങള്‍ ഉണ്ട്, പിന്നെ 'ശക്തമായ' സ്വാധീനം ഉള്ള മേഖല കേരളം ആണ്, ഇവിടെ സ്വന്തമായി ഒരുപാര്‍ട്ടി ഉണ്ടാക്കി, പറ്റാവുന്ന വരെ ഒക്കെ കൂട്ടുപിടിച്ച് ഒരു തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ കെട്ടിവച്ച കാഷ് ഒരിടത്ത് നിന്നും തിരിച്ചു കിട്ടാതെ പോയ, ഒരു സംഘടന ഇന്ത്യയെ മതരാഷ്ട്രം ആക്കിക്കളയും എന്ന പമ്പര വിഡ്ഡിത്തം പലരും വിളിച്ച് പറയുകയും 'മുഖ്യധാര' മാധ്യമങ്ങള്‍ ഈ വിഡ്ഡിത്തം ഉറക്കെ പറയാന്‍ പരമാവധി അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നതിന്‍റെ 'ഗുട്ടന്‍സ്' എന്തായിരിക്കും?

ഇന്ത്യയിലെ ഒരു സാധാരണ മത സംഘടന എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഇല്ലാതിരുന്ന പ്രസ്ഥാനമായിരുന്നു ജമാഅത്ത്. ഡെല്‍ഹിയില്‍ സ്വന്തമായി കുറച്ച് ഭൂമിയും അതില്‍ ഒരു ഓഫീസും ഉള്ള ജമാ ജമാഅത്തിന് ലോകത്തും രാജ്യത്തും എന്തു നടന്നാലും അതില്‍ അഭിപ്രായപ്രകടനം നടത്തി പത്രങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ സൌകര്യം ഉണ്ടായിരുന്നു. നമ്മുടെ മുസ്ലിം ലീഗിന്‍റെ 'അഖിലേന്ത്യാ' കമ്മിറ്റി പോലെ ജമാഅത്തും 'പത്രക്കടലാസില്‍' ഒരു അഖിലേന്ത്യാ പ്രസ്ഥാനം ആയി അറിയപ്പെട്ടു, 1987 ല്‍ മാധ്യമം പത്രം തുടങ്ങുന്നത് വരെ.
പത്രം തുടങ്ങുന്ന കാലത്ത് അതൊരു വാര്‍ത്തയേ അല്ലായിരുന്നു, മുഖ്യധാര മാധ്യമങ്ങള്‍ അതിനൊരു പ്രാധാന്യവും കൊടുത്തില്ല. പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള 'ചന്ദ്രിക' യും, കാന്തപുരത്തിന്റെ സിറാജ് പത്രവും പോലെ വേറൊരു പത്രം. ഇവരെക്കാള്‍ കുറഞ്ഞ ജനസ്വാധീനവും പണവും ഉള്ളവര്‍ അതിലപ്പുറം എന്താവാന്‍? . ഐഡിയല്‍ പബ്ലികേഷന്‍ മാധ്യമം തുടങ്ങുമ്പോള്‍ നല്ല വാക്ക് പറഞ്ഞവര്‍ അത്യപൂര്‍വ്വം.

പക്ഷേ മാധ്യമം എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചു.
കേരളം കണ്ട മികച്ച പത്രാധിപരില്‍ ഒരാളും ധിക്കാരിയായ ബുദ്ധിജീവിയും ആയിരുന്ന എം ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ തന്‍റേടമുള്ള ചെറുപ്പക്കാര്‍ അണിനിരന്നു, പതിറ്റാണ്ടുകളുടെ പഴക്കമുള്ള പത്രങ്ങളോട് കെട്ടിലും മട്ടിലും കിടപിടിക്കാന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു, ഇന്ത്യന്‍ രാഷ്ട്രീയം ഏറ്റവും കലുഷിതമായ് കാലം, മുസ്ലിംകളുടേയും പാര്‍ശ്വ വല്‍കൃത സമൂഹങ്ങളുടെയും ശബ്ദം പുറത്ത് വരാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ല.. തറക്കല്ല് ഇട്ടത് തര്‍ക്ക സ്ഥലത്ത് അല്ല, എന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ട ഗതികേടില്‍ ചന്ദ്രിക പത്രം ഇഴയുന്ന ഘട്ടം , കലാപ കലുഷിതമായ് ഇന്ത്യന്‍ സാഹചര്യത്തിന്‍റെ നേര്‍ചിത്രങ്ങളുമായി മാധ്യമം പുറത്തിറങ്ങി

ആദിവാസികളും ദലിതുകളും പിന്നോക്കക്കാരും അവരുടെ ജീവല്‍ പ്രശ്നങ്ങളും മലയാള പത്രങ്ങളുടെ വാര്‍ത്താ പേജുകള്‍ക്ക് പുറത്ത് നില്‍ക്കേണ്ടി വന്ന ദുരവസ്ഥയില്‍ നിന്ന് മാധ്യമത്തിലൂടെ മോചനം നേടി പരിസ്ഥിതിവാദികള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും മാധ്യമത്തിന്‍റെ താളുകള്‍ താവളം ഒരുക്കി, അവര്‍ പലതു വിളിച്ച് പറഞ്ഞു. മുസ്ലിംകള്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല, ജാഗരൂകരായെ പറ്റൂഎന്ന് മഅദനി വിളിച്ച് പറഞ്ഞപ്പോള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് മാധ്യമം മാത്രം, സുന്നികളിലെ ഭിന്നിപ്പ് തെരുവിലെക്കിറങ്ങിയപ്പോള്‍, ചന്ദ്രികയും സിറാജും പരസ്പരം ചെളി വാരി എറിഞ്ഞപ്പോള്‍, കാര്യം അറിയാന്‍ മാധ്യമത്തെ ആശ്രയിക്കേണ്ടി വന്നു, മാധ്യമം പിടിച്ച് കയറി, ലീഗുകാരനും സുന്നിയും മുജാഹിദും മാധ്യമത്തെ വരവേറ്റു, മാധ്യമം സമൂഹത്തില്‍ അത്യാവശ്യം ആണെന്ന് പരസ്യമായും രഹസ്യമായും പറഞ്ഞു.

പത്രപ്രവര്‍ത്തനം 'കഞ്ഞികുടിക്കാനുള്ള' മറ്റൊരു തൊഴില്‍ മാത്രമായി അധ പതിച്ചു കഴിഞ്ഞിരുന്ന, പത്രമുതലാളിമാര്‍ പണം മാത്രം ലക്ഷ്യം വെച്ചിരുന്ന മാധ്യമ ലോകത്തേക്ക് ധിക്കാരികളായ ചെറുപ്പക്കാര്‍ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് കൊണ്ട് കയറി വന്നു, വയലാര്‍ ഗോപകുമാര്‍ , മൊയ്തു വാണിമേല്‍, ചന്ദ്രശേഖരന്‍, മായിന്‍ കുട്ടി, ജബ്ബാര്‍,...........
കുല്‍ദീപ് നായ്യരും, എം ജെ അക്ബറും ഉള്‍പ്പടെ ദേശീയ തലത്തില്‍ പ്രസിദ്ധരായ എഴുത്തുകാര്‍ മലയാളത്തിലേക്ക് വന്നു....
കെ സി അബ്ദുല്ലയും കെ എ കൊടുങ്ങല്ലൂരും ഓ അബ്ദുറഹിമാനും സിദ്ധീക്ക് ഹസ്സനും ഒക്കെ ഊണും ഉറക്കവും ഒഴിച്ച് പണിയെടുത്തപ്പോള്‍ ഇടക്കാലത്ത് അടച്ചുപൂട്ടലിന്‍റെ വക്കില്‍ വരെ എത്തിയ മാധ്യമം കുതിച്ചു പാഞ്ഞു. ഈ വളര്‍ച്ചയില്‍ അസൂയ പൂണ്ടവര്‍ ഒരു പാട് ഉണ്ടായിരുന്നു,
മുഖ്യധാരാ മാധ്യമങ്ങള്‍, സംഘപരിവാര്‍, തുടങ്ങി ലീഗ് വരെ.
ഇതിനേക്കാള്‍ ഒക്കെ വിറളി പിടിച്ച വേറെ ഒരു കൂട്ടര്‍ ഉണ്ടായിരുന്നു, മുസ്ലിം സമുദായത്തിലെ ആസ്ഥാന ബുദ്ധിജീവികള്‍.,. 'സമുദായത്തിന്' വേണ്ടി മുഖ്യധാര മാധ്യമങ്ങളില്‍ എഴുതിയിരുന്ന ഹമീദ് ചേന്നമങ്ങലൂരിനെയും എം എന്‍ കാരശ്ശേരിയെയും പോലുള്ളവര്‍,.. അവര്‍ എഴുതുന്നതേ അച്ചടിച്ചു വരൂ, അച്ചടിക്കുന്നവന് ഇഷ്ടമുള്ളതെ അവര്‍ എഴുതൂ,... പരസ്പരം പുറം ചൊറിഞ്ഞു ബുദ്ധിജീവികള്‍ ആയി നടന്ന പലരെയും ഇളിഭ്യരാക്കിക്കൊണ്ട് പുതിയ എഴുത്തുകാരും പത്രപ്രവര്‍ത്തകരും മാധ്യമത്തില്‍ പീലി വിടര്‍ത്തിയാടിയപ്പോള്‍ അസൂയയും ശത്രുതയും സ്വഭാവികം,
മാധ്യമത്തെ അടിക്കാന്‍ വടി തേടി പരക്കം പാഞ്ഞവര്‍ക്ക് ആശ്വാസം നല്‍കിയത് ഹമീദ് തന്നെയാണ്, കേരളത്തിലെ ജമാഅത്തിന്‍റെ തലസ്ഥാനമായ ചേന്ദമങ്ങല്ലൂരില്‍ ജനിച്ചു വളര്‍ന്ന ഹമീദിന് ജമാ അത്തിനെ കുറിച്ച് 'ചില്ലറ വിവരം' ഉണ്ടാവുക സ്വഭാവികം ആണല്ലോ, മൌദൂദി ഗ്രന്ഥങ്ങളിലെ മത രാഷ്ട്ര വാദം തേടി പിടിച്ച് ഹമീദ് ആക്രോശിച്ചു, "ജമാഅത്ത് മതരാഷ്ട്രവാദികള്‍ ആണ്, മാധ്യമം പത്രം അവരുടെ മുഖം മൂടിയാണ്, സൂക്ഷിച്ചില്ലെങ്കില്‍ ഇന്ത്യയെ ഇവര്‍ പാകിസ്ഥാന്‍ ആക്കും" .

സംഘപരിവാറും, ലീഗിലെ മതേതര ഫേഷ്യല്‍ കാരും, മുസ്ലിം വിരുദ്ധ ബുദ്ധിജീവികളും സുന്നികളും മുജാഹിദുകളും ഈ ആരോപണം ഏറ്റുപിടിച്ചു, ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് ആര്‍ എസ് എസ്സിന്‍റെ കൂടെ തൂക്കം ഒപ്പിക്കാന്‍ ജമാത്തെ ഇസ്ലാമിയെ നിരോധിച്ചത് ആരോപണക്കാര്‍ക്ക് കൂടുതല്‍ ആവേശം നല്‍കി, മാധ്യമത്തിന്‍റെ വളര്‍ച്ചയില്‍ ഭീതിപൂണ്ട മുത്തശ്ശി പത്രങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്ല കവറേജും കൊടുത്തു.
പരസ്യം കിട്ടുമെങ്കില്‍ എന്തു കൊള്ളരുതായ്മക്കും കൂട്ടു നില്ക്കാന്‍ മടിയില്ലാതിരുന്ന മുഖ്യധാര മാധ്യമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ആട്.. തേക്ക്.. മാഞ്ചിയം തട്ടിപ്പ് മുതല്‍ ജെഡിടി യിലെ അഴിമതി വരെ മാധ്യമം പുറത്ത് കൊണ്ട് വന്നപ്പോള്‍ ശത്രു പക്ഷത്ത് നിന്ന് മാധ്യമത്തിന് എതിരെ ഉയര്‍ന്നത് അതേ ആക്രോശം 'മത രാഷ്ട്ര വാദക്കാര്‍'.!!
കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഇപ്പോള്‍ മീഡിയ വണ്ണില്‍ എത്തിനില്‍ക്കുന്ന 'മാധ്യമം' വിരുദ്ധ ചര്‍ച്ചയുടെ തലക്കെട്ടിനും മാറ്റമില്ല മതരാഷ്ട്ര വാദം!!!!

പക്ഷേ മലയാളം കണ്ട യാഥാര്‍ഥ്യം വേറെയാണ്, സാംസ്കാരിക കേരളം ഈ ജല്‍പനങ്ങള്‍ തള്ളിക്കളഞ്ഞു, മലയാളത്തിലെ സാംസ്കാരിക നായകരും എഴുത്തുകാരും മാധ്യമത്തെ പിന്തുണച്ചു, വി ആര്‍ കൃഷ്ണയ്യരില്‍ തുടങ്ങി കെ ഇ എന്‍ വരെയുള്ളവര്‍ നേരെ ചൊവ്വേ കാര്യം പറയാന്‍ മാധ്യമത്തിലേക്ക് ചെന്നു. ഇന്ന്‍ ഏറ്റവും അധികം എഡിഷനുകള്‍ ഉള്ള മലയാള പത്രം മാധ്യമം, ഏറ്റവും കൂടുതല്‍ മലയാളികള്‍ വായിക്കുന്ന മൂന്നാമത്തെ പത്രം മാധ്യമം.
മാധ്യമത്തില്‍ എഴുതാത്ത ഒരു പ്രമുഖ എഴുത്തുകാരനും മലയാളത്തില്‍ ഇല്ല,. സെബാസ്റ്റ്യന്‍ പോളും, വിജു വി നായരും, നീല കണ്ടനും ബാബു പോളും, സക്കറിയയും മേതില്‍ രാധാകൃഷ്ണനും, .......... മലയാളി കാത്തിരിക്കുന്ന എഴുത്തുകാരുടെ നീണ്ട നിര മാധ്യമത്തിനു പിന്തുണ നല്‍കി ,

Fun & Info @ Keralites.net

1998 ല്‍ ആഴ്ച്ചപ്പതിപ്പ് തുടങ്ങിക്കൊണ്ട് മാധ്യമം മറ്റൊരു ചരിത്രം സൃഷ്ടിച്ചു,
സി രാധാകൃഷ്ണന്‍ എന്ന അതുല്യ പ്രതിഭയുടെ കാര്‍മ്മീകത്വത്തില്‍
മലയാളത്തിലെ ആനുകാലീകങ്ങളുടെ ചരിത്രത്തെ 'മാധ്യമം ആഴ്ചപ്പതിപ്പിന് മുമ്പും ശേഷവും എന്ന് വേര്‍തിരിക്കാന്‍ പറ്റും വിധം ശക്തമായ ഇടപെടല്‍,. 'ബുദ്ധിജീവികളുടെ കക്ഷത്തില്‍ വിയര്‍പ്പ് നാറ്റം സഹിച്ച് മടങ്ങിക്കൂടിയിരുന്ന മാതൃഭൂമിയും, കേരളാ കൌമുദിയും വരെ പുറത്തേക്ക് ചാടി, തൊട്ടാല്‍ പൊള്ളുന്ന ജീവല്‍ പ്രശ്നങ്ങളെ ആഴ്ച്ചപ്പതിപ്പ് വായനക്കാരില്‍ എത്തിച്ചപ്പോള്‍ ആനുകാലീകങ്ങള്‍ ജനകീയമായി, പുറം ചട്ടയിലെ വിവാദ തലക്കെട്ടുകളിലും 'കോരിതരിപ്പിക്കുന്ന' നോവലുകളിലും ജീവിച്ചിരുന്ന കേരള ശബ്ദം ഊര്‍ദ്ധ ശ്വാസം വലിച്ചു, പിടിച്ച് നില്ക്കാന്‍ മാതൃഭൂമി മാധ്യമത്തിന്‍റെ കളരിയില്‍ നിന്ന് പണി പഠിച്ച കമല്‍റാം സജീവിനെ ചൂണ്ടയിട്ടു. മാധ്യമത്തിന്‍റെ 'ഉള്ളടക്കവും ലേഔട്ടും' വരെ 'കോപ്പി' ചെയ്താണ് മാതൃഭൂമി വീണ്ടും പിടിച്ചു നിന്നത് , സമകാലീക മലയാളവും, കല കൌമുദിയും ഉള്‍പ്പടെ പഴയ പടക്കുതിരകള്‍ ചക്രശ്വാസം വലിക്കുന്ന 'ആനുകാലികങ്ങളുടെ ലോകത്ത് മാധ്യമം ആഴ്ച്ചപ്പതിപ്പ് തല ഉയര്‍ത്തി നില്ക്കുന്നു.

പത്രവും ആഴ്ചപ്പതിപ്പും കൊണ്ട് മലയാള മാധ്യമ ലോകത്തെ പിടിച്ച് കുലുക്കിയ മാധ്യമം ചാനലുമായി വരുമ്പോള്‍ പേടിക്കേണ്ടവര്‍ക്ക് പേടിക്കുക തന്നെ വേണം, പത്രം പോലെയല്ല ചാനല്‍ പണം കൊടുത്തു വാങ്ങുന്നവന്‍റെ മുമ്പില്‍ മാത്രമേ പത്രം എത്തുന്നുള്ളൂ, ചാനല്‍ പ്രേക്ഷകന്‍റെ വിരല്‍ തുംബിലാണ്. മതവും ജാതിയും മതരാഷ്ട്രവും ആരോപിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവിടെ വിലപ്പോവില്ല.
പ്രേക്ഷകന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും അവതാരകര്‍ക്ക് ഇനി ചോദിക്കേണ്ടി വരും, ന്യൂസ് ഹവറുകളിലെ ചര്‍ച്ചാ പ്രഹസനങ്ങള്‍ മതിയാക്കേണ്ടി വരും.
കേരളത്തില്‍ അടുത്തയിടെ നടന്ന ഏറ്റവും രൂക്ഷമായ ചാനല്‍ ചര്‍ച്ചകള്‍ അഞ്ചാം മന്ത്രിയും സമുദായ സന്തുലനവും ആയിരുന്നു.
ലീഗിന് അഞ്ചു മന്ത്രിമാരെ കൊടുത്താല്‍ സമുദായ സമുദായ സന്തുലനം തകരും എന്ന ചര്‍ച്ചയില്‍ ഉയരാതെ പോയ ചില ചോദ്യങ്ങള്‍ ഉണ്ട്,
എന്തു കൊണ്ട് കഴിഞ്ഞ മന്ത്രിസഭ വരെ കേരളത്തില്‍ സമുദായ സന്തുലനം ചര്‍ച്ച ചെയ്യപ്പെട്ടില്ല?
ജനസംഖ്യയില്‍ 25 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് നല്‍കിയതിനെക്കാള്‍ പദവികള്‍ 20 ശതമാനത്തില്‍ താഴെ വരുന്ന കൃസ്ത്യാനികള്‍ക്ക് നല്‍കിയിട്ടുണ്ട് സമുദായ സന്തുലനക്കാര്‍ എന്തേ അതില്‍ അപാകത കാണുന്നില്ല?

ഏറ്റവും ലളിതമായ ഈ ചോദ്യങ്ങള്‍ പക്ഷേ ഒരു ചാനല്‍ അവതാരകനും ചോദിച്ചില്ല,..നികേഷോ, വേണുവോ, വിനുവോ, വീണയോ എന്ന ചോദ്യം അപ്രസക്തമാക്കിക്കൊണ്ട് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്ന 'കാണാ ചരടുകളെ' കുറിച്ച് പ്രേക്ഷകരില്‍ അവബോധം വന്നു കഴിഞ്ഞു. ഇവിടെ യാണ് മീഡിയ വണ്‍ പ്രസക്തമാകുക, പ്രേക്ഷകന്‍റെ ചോദ്യങ്ങള്‍ അവര്‍ ചോദിച്ചു തുടങ്ങിയാല്‍ എല്ലാ ചാനലുകള്‍ക്കും അത് പിന്തുടരേണ്ടിവരും. രാഷ്ട്രീയക്കാരും നേതാക്കളും വിയര്‍ക്കേണ്ടി വരും വാര്‍ത്തകള്‍ തമസ്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നവര്‍ കളം വിടേണ്ടി വരും. ABC യില്‍ പത്രത്തിന്‍റെ പ്രചാരം പെരുപ്പിച്ച് കാണിക്കാന്‍ നടത്തുന്ന ഉഡായിപ്പ് വേലകള്‍ ടെലിവിഷന്‍ രംഗത്ത് നടക്കില്ല, റേറ്റിങ് കൂടുതല്‍ ഉള്ളവരെ തേടി പരസ്യക്കാര്‍ പോകും, നല്ല പരിപാടികളും വാര്‍ത്തകളും തേടി പ്രേക്ഷകരും പോകും
ഈ പേടിയാണ് ഒത്തൊരുമിച്ച് ഒരു ഭീതി സൃഷ്ടിക്കാന്‍ മാധ്യമത്തിന്‍റെ ശത്രുക്കളെ പ്രേരിപ്പിക്കുന്നത്,.. ഒരു വര്‍ഗ്ഗീയ ചാനല്‍ എന്ന് ചാപ്പ കുത്തുക, റിമോര്‍ട്ടു കണ്ട്രോളില്‍ അമരാന്‍ ഇടയുള്ള വിരലുകളില്‍ ആശങ്ക സൃഷ്ടിക്കുക,. മാര്‍ജിനലൈസ് ചെയ്യുക,....
പക്ഷേ ഇത് വരെയുള്ള മാധ്യമം ടീമിന്‍റെ പെര്‍ഫോമന്‍സ് വിലയിരുത്തിയാല്‍ എല്ലാ കണക്ക് കൂട്ടലും തെറ്റിച്ച് മീഡിയ വണ്‍ മുന്നേറും എന്ന്‍ നിസ്സംശയം പറയാം, കാലം ഒരു മാറ്റം ആവശ്യപ്പെടുന്നുണ്ട്, ചര്‍വിത ചര്‍വണങ്ങള്‍ കണ്ടും കേട്ടും മടുത്ത വ്യതസ്തത കാത്തിരിക്കുന്ന ഒരു സമൂഹത്തിന്‍റെ മുമ്പിലേക്ക് ആണ് മീഡിയാ വണ്‍ വരുന്നത് മാധ്യമം പത്രവും ആഴ്ചപ്പതിപ്പും വന്നതും ഇങ്ങനെ ഒരു അനിവാര്യതയിലേക്കായിരുന്നു

Fun & Info @ Keralites.net



മതരാഷ്ട്ര വാദം പറഞ്ഞ് കൂട്ട യോട്ടം നടത്തുന്നവരില്‍ സുന്നികളും മുജാഹിദുകളും ലീഗുകാരും അടക്കം ചിലര്‍ വെറും 'നിരപരാധികള്‍' ആണ്. ഇവരെ നയിക്കുന്നത് അസൂയ മാത്രമാണ്, ചന്ദ്രികയും, സിറാജും, വര്‍ത്തമാനവും ഐ‌സി‌യു വില്‍ ജീവിക്കുമ്പോള്‍ മാധ്യമം എഴുന്നേറ്റ് നടക്കുന്നതിന്‍റെ വെറും അസൂയ, ഹലാലും ഹറാമും ഇനിയും വേര്‍തിരിച്ചു കിട്ടാതെ ചാനല്‍ സ്വപ്നത്തിന് ചുറ്റും വട്ടമിടുന്നവരുടെ നിരാശ, കിട്ടിയ 'ദര്‍ശനം' കൊണ്ട് തന്നെ പുലിവാല് പിടിച്ച വരുടെ വിഭ്രാന്തി.....
ചാനല്‍ മുമ്പോട്ട് പോകാന്‍ സിനിമ കൂടിയേ പറ്റൂ, ഇപ്പഴേ അവര്‍ സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്, മുസ്ലിംകള്‍ക്ക് ഹറാമായ സിനിമ എങ്ങനെ ജമാ അത്ത് കാര്‍ക്ക് ഹലാലാകും ???,... ഇതാണ് ആരോപണത്തിന്‍റെ ലൈന്‍.,. കലിപ്പ് തീര്‍ക്കാന്‍ കുറെ അപസര്‍പ്പക കഥകള്‍ മെനയുന്നു വെന്നല്ലാതെ ഈ പാവങ്ങള്‍ക്ക് ശത്രുത യൊന്നും ഇല്ല, ഉള്ളിന്‍റെ ഉള്ളില്‍ അവര്‍ മീഡിയാ വണ്ണി നെ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ആദിവാസി-ദലിത്- പിന്നോക്ക വിഭാഗങള്‍, പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സര്‍വ്വോപരി നല്ലത് കാണാന്‍ ആഗ്രഹിക്കുന്ന നേരും നന്മയും കാംക്ഷിക്കുന്ന പ്രേക്ഷകരും മീഡിയ വണ്ണിനെ പ്രതീക്ഷയോടെ കാത്തിരി ക്കുന്നു. പ്രതീക്ഷകള്‍ നിറവേറ്റാന്‍ അവര്‍ക്ക് കഴിയട്ടെ എന്ന്‍ ആശംസിക്കാം,

അവര്‍ പ്രതീക്ഷക്ക് ഒത്ത് ഉയരുമോ? ഉയര്‍ന്നാല്‍ അവര്‍ക്ക് നന്ന് ഇല്ലെങ്കില്‍ വേറെ ആണ്‍ കുട്ടികള്‍ വരും, കാലം ആരെയും കാത്തു നില്‍ക്കില്ല, കാലം അനിവാര്യമാക്കുന്നതെന്തും വരിക തന്നെ ചെയ്യും, മീഡിയ വണ്‍ എന്ന പേരോ ഉടമകളുടെ മേല്‍ വിലാസമോ ചാനലിനെ രക്ഷിക്കില്ല, നിലപാട് തന്നെയാവും വിധി നിര്‍ണ്ണയിക്കുക.

താന്‍ ജമാഅത്തുകാരനാ,.... അല്ലെടോ കോപ്പിലെ ബ്ലോഗാ,....??
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ അല്ല, എനിക്ക് അവരോട് ഒരു വെറുപ്പും ഇല്ല, ചില കാര്യങ്ങളില്‍ വിയോജിപ്പ് ഉണ്ട്, ഞാന്‍ ഒരു ജമാഅത്ത് കാരന്‍ അല്ല, എനിക്കവരോട് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്, പക്ഷേ അവരോട് വെറുപ്പില്ല,... ഇന്ത്യയിലുള്ള ഒട്ടേറെ ആശയങ്ങളോടും ആദര്‍ശങ്ങളോടും ഉള്ള എന്‍റെ നിലപാട് ഇതാണ്. നല്ല ബിരിയാണി കഴിക്കാന്‍ 'കോയക്കയുടെ' ഹോട്ടലില്‍ കയറും, നല്ല സദ്യ കഴിക്കാന്‍ ദാസേട്ടന്‍റെ 'കേരള ഭവനില്‍' കയറും ബിരിയാണിയോ സദ്യയോ നന്നായിട്ടുണ്ടെങ്കില്‍ നന്നായിട്ടുണ്ട് കേട്ടോ എന്ന് പറയാന്‍ മടിക്കാറില്ല, മോശമായെങ്കില്‍ ഒന്ന് കൂടി നന്നാവാമായിരുന്നു എന്ന് പറയാന്‍ മറക്കാറില്ല, ബിരിയാണിയില്‍ നിന്ന് ഒരു ഈച്ചയെ കിട്ടിയാല്‍ കോയക്ക ഞമ്മന്‍റെ ആളല്ലെ, മൂപ്പരുടെ ഈച്ച 'ഞമ്മന്‍റെ' ഈച്ചയല്ലേ മിണ്ടണ്ട ഈച്ചയെ അങ്ങ് തിന്നു കളയാം എന്ന്‍ വിചാരിക്കാറില്ല, ദാസേട്ടന്‍റെ ഈച്ചയോടും ഇതേ നിലപാട് തന്നെ.

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ലെന്നാണോ?
മതരാഷ്ട്ര വാദം എന്ന ഒരു ആരോപണം ജമാഅത്തിന്‍റെ മേല്‍ വരാന്‍ കാരണം അതിന്‍റെ സ്ഥാപകന്‍ മൌദൂദിയുടെ ചില ഗ്രന്ഥങ്ങളില്‍ ഉള്ള പരാമര്‍ശങ്ങള്‍ ആണ്, ഇസ്ലാമിക 'സ്റ്റേറ്റ്' വന്നു കാണാന്‍ ആഗ്രഹിച്ച ഒരു മുസ്ലിം നേതാവ് ആയിരുന്നു മൌദൂദി, മൌദൂദിയുടെ സമകാലീകര്‍ ആയ ഗോള്‍വാക്കറും സവര്‍ക്കറും ഒക്കെ ഇന്ത്യയെ ഹിന്ദു രാഷ്ടമാക്കണം എന്ന 'മത രാഷ്ട്ര വാദം' ഉയര്‍ത്തുകയും ആ ലക്ഷ്യത്തിന് ആര്‍ എസ് എസ്സ് രൂപീകരിക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ എഴുത്തുകയും ചെയ്തിട്ടുണ്ട് അന്നത്തെ ഇന്ത്യയുടെ പ്രക്ഷുബ്ദ കാല ഘട്ടത്തില്‍ ചിലര്‍ക്ക് തോന്നിയ ആശയങ്ങള്‍ ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോള്‍ 'അത്യാഗ്രഹങ്ങള്‍ അല്ലെങ്കില്‍ അവിവേകങ്ങള്‍., മാത്രമാണ് .
ഇതൊക്കെ ഇന്നും അവരുടെ ഗ്രന്ഥങ്ങളില്‍ നിലനില്‍ക്കുന്നു,
ജമാ അത്തെ ഇസ്ലാമിക്കാര്‍ ഒരു പടി കൂടി മുന്നോട്ട് കടന്ന് സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ പാടില്ല എന്നൊരു നിലപാടും എടുത്തിരുന്നു,..... പില്‍ക്കാലത്ത് പക്ഷേ അവര്‍ അത് തിരുത്തി, ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലെന്ന്‍ പറഞ്ഞവര്‍ തിരുത്തി, സ്ത്രീ വിദ്യാഭ്യാസം പാടില്ല എന്ന് പറഞ്ഞവര്‍ തിരുത്തി,.കടല്‍ കടക്കാന്‍ പാടില്ല എന്ന് പറഞ്ഞവര്‍ തിരുത്തി. ഈ തിരുത്തലുകള്‍ ചരിത്രത്തില്‍ ഉടനീളം കാണാം, ഇങ്ങനെ തിരുത്തലുകള്‍ക്ക് വിധേയമാകുന്നത് കൊണ്ടാണ് ലോകം സാംസ്കാരിക മായി പുരോഗമിക്കുന്നത്,. തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും അടക്കം എന്തെല്ലാം അനാചാരങ്ങളും വിഡ്ഡിത്തങ്ങളും നാം മറികടന്നു,.... ഓരോ ജനവിഭാഗവും കാലാനുസൃതം ആയി പുരോഗതി പ്രാപിക്കണം എന്നല്ലേ നാം ആഗ്രഹിക്കുന്നത്? ഇങ്ങനെ മാറ്റത്തിന് തയ്യാറാവുന്ന ആരോടെങ്കിലും നിങ്ങളൊക്കെ പണ്ടങ്ങനെ ആയിരുന്നില്ലേ,...ഇനിയും അങ്ങനെ മതി എന്ന് പറയാമോ? കമ്യൂണിസ്റ്റ് കാര്‍ 'മാനിഫെസ്റ്റോ' അനുസരിച്ച് ജീവിച്ചാല്‍ മതി എന്ന് ശാഠ്യം പിടിക്കണോ? ജമാഅത്തിന്‍റെ 'മതരാഷ്ട്ര' വാദത്തെയും ഈ പശ്ചാത്തലത്തില്‍ കണ്ടാല്‍ പോരേ? ഞങ്ങള്‍ക്ക് മത രാഷ്ട്ര വാദം ഇല്ല എന്ന് പുതിയ ജമാത്ത് കാര്‍ പറയുമ്പോള്‍ അല്ല നിങ്ങള്‍ക്ക് അതുണ്ട് എന്ന്‍ പറഞ്ഞ് പിന്നാലെ ക്കൂടണോ?
പണ്ട് സ്ത്രീ വിദ്യാഭ്യാസത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ നടത്തുന്ന വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണം എന്ന്‍ ആവശ്യപ്പെടാമോ?

ഗള്‍ഫും പിരിവും സമ്മേളന മാമാങ്കങ്ങളും മുഖ്യ അജണ്ട യാക്കിയ സുന്നികളെ പ്പോലെയോ കടിച്ചാല്‍ പൊട്ടാത്ത തൌഹീദിലും ശിര്‍ക്കിലും ജിന്നിലും അഭിരമിക്കുന്ന മുജാഹിദുകളെപ്പോലെയോ കഴിഞ്ഞു കൂടിയാല്‍ ആരും മതരാഷ്ട്രവും കൊണ്ട് ജമാ അത്തിന്‍റെ പിന്നാലെ ചെല്ലില്ല.
പല സംസ്ഥാനങ്ങളിലും ഭരണം നടത്തുകയും കേന്ദ്ര ഭരണത്തില്‍ വരെ എത്തുകയും ചെയ്ത ലക്ഷക്കണക്കിന് പ്രവര്‍ത്തകരും സമ്പത്തും സംവിധാനങ്ങളും ഉള്ള ആര്‍ എസ് എസ്സ് ഉയര്‍ത്തുന്ന 'മതരാഷ്ട്ര വാദം' ചര്‍ച്ചക്കെടുക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ ജമാഅത്തിനെതിരെ മത രാഷ്ട്ര വാദം ആരോപിക്കുമ്പോള്‍ ലക്ഷ്യം വെക്കുന്നത് മുഖ്യധാരയോട് കിടപിടിക്കുന്ന അവരുടെ പ്രസിദ്ധീകരണങ്ങളെയാണ് എന്ന് നിസ്സംശയം പറയാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment