Friday, 1 February 2013

[www.keralites.net] മരണം ഇവിടെ തോല്‍ക്കുന്നു!

 

മരണം ഇവിടെ തോല്‍ക്കുന്നു!

വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരാള്‍- ഡോ: രാജന്‍ബാബു; പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജിലെ അധ്യാപകന്‍. അരനൂറ്റാണ്ട് പിന്നിട്ട ജീവിതത്തിനിടയില്‍ പല രോഗങ്ങളിലൂടെ മരണം മുഖാമുഖം വന്നിട്ടും ജീവിതം ഇച്ഛാശക്തികൊണ്ട് തിരിച്ചുപിടിച്ച അനുഭവകഥയാണ് രാജന്‍ബാബുവിനു പറയാനുള്ളത്...

1996 സപ്തംബര്‍ 6. രാവിലെ 6 മണി. തിരക്കേറിയ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍. പുറത്തേക്കുള്ള കവാടത്തിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള ഒരു എം.പി. കൈയിലൊരു ബോര്‍ഡുമായി ആകാംക്ഷയോടെ നില്‍ക്കുന്നു. ഡെറാഡൂണ്‍ എക്‌സ്പ്രസ്സ് കിതച്ചുകിതച്ച് എത്തിയതോടെ അദ്ദേഹം കൈയിലെ ബോര്‍ഡ് ഒന്നുകൂടി ഉയര്‍ത്തിപ്പിടിച്ചു. 'ഡോ: വൈദ്യ ബാലേന്ദു പ്രകാശ്, ഡെറാഡൂണ്‍, ഉത്തര്‍പ്രദേശ്' എന്നെഴുതിയ ബോര്‍ഡ് കണ്ടതും ഡെറാഡൂണ്‍ എക്‌സ്പ്രസ്സില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ കൈയിലൊരു സ്യൂട്ട്‌കേസുമായി അടുത്തെത്തി. കാത്തുനിന്നയാള്‍ പരിചയപ്പെടുത്തി- ''എന്‍.എന്‍. കൃഷ്ണദാസ്, കേരളത്തിലെ പാലക്കാട്ടെ എം.പി.യാണ്. താങ്കളില്‍ മാത്രമാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ.'' ഡോ: വൈദ്യ മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കൈ നീട്ടി. വായിച്ചശേഷം മുഖമുയര്‍ത്തി ചോദിച്ചു: ''ഈസ് ഹി സ്റ്റില്‍ എലൈവ്?'' (അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ?)

''യെസ്''
''എങ്കില്‍ ഉടന്‍ അവിടെയെത്തണം.''

***

ഡോ: രാജന്‍ബാബു. പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്കല്‍ ബി. ടെക് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിംഗ് വകുപ്പ് മേധാവി. വൈദ്യശാസ്ത്രത്തിന് അത്ഭുതമാണ് ഇന്ന് ഈ അധ്യാപകന്‍. പൊന്നാനി താലൂക്കിലെ കാലടി പുത്തന്‍ വീട്ടില്‍ ഗോവിന്ദന്‍ നായരുടേയും ജാനകിയമ്മയുടേയും മകന്‍ രാജന്‍ബാബുവിന് ജീവിതം പരീക്ഷണങ്ങളുടേയും യാതനകളുടേയും ദുരിതപര്‍വമായിരുന്നു. അമ്പത്തിരണ്ട് വയസ്സിനുള്ളില്‍ പല രോഗങ്ങളിലൂടെ മരണം മുഖാമുഖം വന്നിട്ടും ജീവിതം ഇച്ഛാശക്തികൊണ്ട് തിരിച്ചുപിടിച്ച പൊള്ളുന്ന അനുഭവകഥയാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.

ആദ്യ ദുരിതകാലം


കേവലം അധ്യാപകജീവിതത്തിനപ്പുറം എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഗവേഷണപഠനത്തിനു ചേരാന്‍ രാജന്‍ബാബുവിന് പ്രേരണയായത്. അതിനായി ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്നു. മുഴുവന്‍സമയ ഗവേഷണവിദ്യാര്‍ഥിയായി ബാംഗ്ലൂരിലേക്ക് താമസംമാറ്റാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. മകള്‍ അപര്‍ണയുടെ ഇരുപതെട്ടു ചടങ്ങുകള്‍ നടക്കുന്ന ദിവസം. ആഘോഷങ്ങള്‍ക്കിടെ കുടുംബസുഹൃത്ത് ഡോ: ഗീതാ ഗോവിന്ദാണ് രാജന്‍ബാബുവിന്റെ ക്ഷീണം ശ്രദ്ധിച്ചത്. ഉടന്‍ രക്തം പരിശോധിക്കണമെന്ന് നിര്‍ദേശിച്ചു. പരിശോധനയില്‍, കൗണ്ട് കുത്തനെ കുറഞ്ഞിരിക്കുന്നതായി കണ്ടു. നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്. അന്ന്, 1995 ഫിബ്രവരി 18ന്, ഡോ: സലീം, രാജന്‍ബാബുവിന് രക്താര്‍ബുദമാെണന്ന് സ്ഥിരീകരിച്ചു.

ജീവിതത്തിന്റെ മുഴുവന്‍ പ്രകാശവും ഒരുമിച്ച് അണഞ്ഞ നിമിഷം. കണ്ണുകളില്‍, ഒരുമാസം മാത്രം പ്രായമുള്ള മകളുടെ മുഖം. കൂരിരുട്ടിലും തെളിഞ്ഞുകണ്ട കുഞ്ഞുപുഞ്ചിരി രാജന്‍ബാബുവിനെ ഉണര്‍ത്തി. ഹൃദയം മന്ത്രിച്ചു- ജീവിക്കണം. രോഗവിവരമറിഞ്ഞ ഭാര്യ ഡോ: ഗീത കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ദൃഢനിശ്ചയത്തിലേക്ക് ഉണര്‍ന്നെഴുന്നേറ്റു. കൈക്കുഞ്ഞിനേയുമെടുത്ത് പേറ്റുകിടക്കയില്‍ നിന്നു ഭര്‍ത്താവിന്റെ ജീവന് തന്റേടത്തോടെ കാവലിരിക്കാന്‍ അവരും പുറപ്പെട്ടു. രാജന്‍ബാബുവിനെ സി.എം.സി. വെല്ലൂരിലേക്ക് ഉടന്‍ എത്തിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം.


കീമോ തെറാപ്പിയുടെ മുന്നോടിയായി നടത്തിയ പരിശോധനയില്‍ ബ്ലഡ് ഷുഗര്‍ 400ന് മുകളിലായിരുന്നു. അതു കുറയ്ക്കണം. എങ്കിലേ കീമോ തുടങ്ങാന്‍ പറ്റൂ. 40 ദിവസത്തെ ഇന്‍സുലിന്‍ ചികിത്സ. ഷുഗര്‍ പൂര്‍ണമായും നിയന്ത്രണവിധേയമായി. 'ഈ ദൃഢനിശ്ചയം മതി വൈദ്യശാസ്ത്രത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാനെ'ന്ന് ഡോ: അലോക് ശ്രീവാസ്തവ രാജന്‍ബാബുവിനെ പ്രോത്സാഹിപ്പിച്ചു. ചികിത്സകൊണ്ട് ഫലമുണ്ടായി. 25 ദിവസം കൊണ്ട് എല്ലാം നേരെയായി. പുതിയ പ്രതീക്ഷയിലേക്ക് നേരം പുലര്‍ന്നു.


ഒന്നും നോര്‍മലാകുന്നില്ല


ആദ്യ കീേമായുടെ ആശ്വാസം ഏറെനാള്‍ നീണ്ടില്ല. വീണ്ടും പരിശോധനയ്ക്കായി വെല്ലൂരിലേക്ക്. ഡോ: ശ്രീവാസ്തവ രണ്ടാമത്തെ കീമോകൂടി നിര്‍ദേശിച്ചു. പക്ഷെ മരുന്നുകളോട് രാജന്‍ബാബുവിന്റെ ശരീരം പിണങ്ങിനിന്നു. ആദ്യഘട്ടം പിന്നിട്ടപ്പോള്‍ പ്രതീക്ഷകളും അസ്തമിക്കാന്‍ തുടങ്ങി. കൗണ്ട് അപകടകരമാം വിധം താഴ്ന്നു. തൊണ്ടയില്‍ അണുബാധയായതോടെ വെള്ളംപോലും ഇറങ്ങാതെയായി. രോമം കൊഴിഞ്ഞു. ശരീരം വരണ്ടുണങ്ങി. ഡോക്ടര്‍മാര്‍ നിസ്സഹായരായി. മരണത്തെ മുന്‍പില്‍ കാണുന്ന നിമിഷങ്ങള്‍ വീണ്ടും. സമ്പാദ്യം തീര്‍ന്നു. വരുമാനം നിലച്ചു. എന്നിട്ടും, ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത ഒരാള്‍ക്കുവേണ്ടി സുഹൃത്തുക്കളും ബന്ധുക്കളും കണ്ടറിഞ്ഞ് സഹായിച്ചു.

അന്‍പത് ദിവസം പിന്നിട്ടപ്പോള്‍ ബ്ലഡ് കൗണ്ട് സാധാരണനിലയിലാവാന്‍ തുടങ്ങി. 1995 ഡിസംബറില്‍ വീട്ടിലേക്ക്. ജീവിതം വീണ്ടെടുത്ത ആഹ്ലാദത്തില്‍ തറവാട്ടുവീട്ടിലേക്ക് ഓണം ആഘോഷിക്കാനെത്തിയതായിരുന്നു രാജന്‍ബാബു. പക്ഷേ പൂക്കളങ്ങള്‍ മായുംമുമ്പേ ശരീരത്തില്‍നിന്ന് രക്തം പൊടിയാന്‍ തുടങ്ങി. രക്തപരിശോധനയുടെ ഫലം ഫോണിലൂടെ അറിഞ്ഞ ഡോ: ശ്രീവാസ്തവ 'ഇനി ഇങ്ങോട്ട് വന്നിട്ട് കാര്യമുണ്ടാകില്ല' എന്ന് തുറന്നുപറഞ്ഞു. എങ്കിലും ഡോക്ടറെ നേരില്‍കണ്ടേ പറ്റൂ എന്ന് ഗീത വാശിപിടിച്ചു. ആദ്യ പരിശോധനയില്‍ തന്നെ ഡോക്ടര്‍ അറിയിച്ചു- 'രണ്ടാഴ്ച; കൂടിവന്നാല്‍ രണ്ട് മാസം... ഇനി ആധുനിക വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാനില്ല.'

പ്രതീക്ഷകള്‍ അസ്തമിെച്ചങ്കിലും ഗീത ഡോക്ടറോട് ചോദിച്ചു- 'ആയുര്‍വേദത്തിന് എന്തെങ്കിലും...?' കുറച്ചു നേരം ഡോക്ടര്‍ ഒന്നും മിണ്ടിയില്ല. 'ഗീതയ്ക്ക് അറിയാമല്ലോ, നമ്മുടെ സിസ്റ്റം പരാജയപ്പെട്ടിടത്ത് മറ്റൊരു സാധ്യത... എങ്കിലും ചില അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. ഗീത ചോദിച്ചപ്പോഴാണ് ഞാന്‍ ഓര്‍ക്കുന്നത്, ഒരാഴ്ച മുന്‍പ് എന്റെ ഒരു പഴയ രോഗി ഇവിടെ വന്നിരുന്നു. ഇതേ അവസ്ഥയില്‍ 1980ല്‍ പോയതാണ്. അയാള്‍ 16 വര്‍ഷമായി ജീവിക്കുന്നു. വൈദ്യ ബാലേന്ദു പ്രകാശ് എന്ന ആയുര്‍വേദ ഡോക്ടറാണ് ചികിത്സിക്കുന്നത്. അയാളെ ഞാന്‍ അറിയില്ല. പക്ഷേ രോഗിയുടെ നമ്പര്‍ ഞാന്‍ കുറിച്ചുവെച്ചിട്ടുണ്ട്.'

അന്നത്തെ ഉപരാഷ്ട്രപതി കെ.ആര്‍. നാരായണന്റെ മെഡിക്കല്‍ സംഘത്തിലെ ഡോക്ടറാണ് വൈദ്യ ബാലേന്ദു പ്രകാശ്. പാരമ്പര്യ ചികിത്സയും ആയുര്‍വേദവും ഉള്‍ക്കൊണ്ട ചികിത്സാ രീതിയാണ് അദ്ദേഹത്തിന്റേത്. വൈദ്യയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചായി ആലോചന. അങ്ങനെയാണ് രാജന്‍ബാബുവിന്റെ സുഹൃത്തും പാലക്കാട് എം.പി.യുമായ എന്‍.എന്‍. കൃഷ്ണദാസിന്റെ സഹായം തേടിയത്. രാജ്യസഭാംഗമായിരുന്ന എം.എ. ബേബിയാണ് കൃഷ്ണദാസിന്റെ അഭ്യര്‍ഥനപ്രകാരം വൈദ്യയെ ഫോണില്‍ ബന്ധപ്പെടുന്നത്. അടുത്ത ദിവസം തന്നെ ഡല്‍ഹിയിലെത്തിയ ബാലേന്ദു പ്രകാശിനെ സ്വീകരിക്കാനായിരുന്നു ഡല്‍ഹി റെയില്‍വേ േസ്റ്റഷനില്‍ കൃഷ്ണദാസ് എത്തിയത്.


പുതിയ ചികിത്സാവഴികള്‍


രാജന്‍ ബാബുവിന്റെ സുഹൃത്തും സഹ അധ്യാപകനുമാണ് ശ്രീനാഥ്. ചികിത്സയ്ക്ക്, അണുബാധയ്ക്കിടയില്ലാത്ത ഇടം വേണം എന്നറിഞ്ഞതും, പുതിയതായി പണികഴിപ്പിച്ച വീട്ടില്‍നിന്ന് സ്വന്തം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ച് സുഹൃത്തിന്റെ ചികിത്സയ്ക്കായി സൗകര്യമൊരുക്കി ശ്രീനാഥ്. വൈദ്യ എത്തുമ്പോള്‍ ക്ഷീണിച്ച് കിടക്കുകയായിരുന്നു രാജന്‍ബാബു. പരിശോധനകള്‍ക്കു ശേഷം എെന്താെക്കയോ പൊടികള്‍ ചേര്‍ത്ത മരുന്ന് നല്‍കി. ബ്ലഡ് ക്യാന്‍സറിന് മാത്രമാണ് തന്റെ കൈയില്‍ മരുന്നുള്ളതെന്നും മരുന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന പനിക്കും മറ്റും മോഡേണ്‍ മെഡിസിന്റെ സഹായം വേണമെന്നും അതിന് ഒരു ആസ്പത്രി കണ്ടെത്തണമെന്നും വൈദ്യ നിര്‍ദേശിച്ചു. മരുന്നുകള്‍ കഴിച്ച് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ശരീരത്തിലെ ബ്ലീഡിങ് പൂര്‍ണമായും നിന്നു. ഈ ചികിത്സയില്‍ കാര്യമുെണ്ടന്നു തോന്നാന്‍ തുടങ്ങി. മൂന്നു ദിവസം വൈദ്യ രാജന്‍ബാബുവിനെ അടുത്തുനിന്ന് പരിചരിച്ചു. തിരികെപോകാന്‍ നേരം രാജന്‍ബാബുവിന്റെ കൈപിടിച്ച് വൈദി പറഞ്ഞു- ''വീ വില്‍ മീറ്റ് എഗെയ്ന്‍''(നമ്മള്‍ ഇനിയും കാണും)

പുതിയ പരീക്ഷണങ്ങള്‍ക്ക് വഴങ്ങാനും രാജന്‍ബാബുവിന്റെ ശരീരം വിസമ്മതിച്ചു. വീണ്ടും ചികിത്സയുടെ ദുരിതകാലം. മൂന്നു മാസം നവജാത ശിശുവിനെപ്പോലെ സംരക്ഷിക്കണമെന്ന വൈദ്യയുടെ ഉപദേശം ഗീതയും സുഹൃത്തുക്കളും പൂര്‍ണമായും നടപ്പാക്കി. ആവശ്യം വന്നപ്പോഴെല്ലാം രാജന്‍ബാബുവിന്റെ കോളേജിലെ കുട്ടികള്‍ രക്തം നല്‍കാന്‍ ഓടിയെത്തി. നൂറിലധികം തവണ രക്തം മാറ്റി കയറ്റി. അപ്പോഴും വൈദ്യ ഫോണിലൂടെ അന്വേഷിക്കുകയും പുതിയ മരുന്നുകള്‍ തപാല്‍ വഴി എത്തിക്കുകയും ചെയ്തു.

ആറു മാസത്തെ ചികിത്സയ്ക്കു ശേഷം തുടര്‍ പരിശോധനയ്ക്കായി വെല്ലൂരിലെത്തി. ഡോ: ശ്രീവാസ്തവ മുന്‍ നിലപാട് തിരുത്തി. രക്താര്‍ബുദം പൂര്‍ണമായി മാറിയിരിക്കുന്നു എന്നും ആയുര്‍വേദ ചികിത്സ തുടരാമെന്നും അറിയിച്ചു.


മറ്റൊരു പരീക്ഷണ കാലം


സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തിയ രാജന്‍ബാബു അധ്യാപകനായി വീണ്ടും കോളേജിലെത്തി. രണ്ടാംവരവില്‍ അധ്യാപക സംഘടനയില്‍ സജീവമാവുകയും കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.'

ഇടയ്ക്കുവെച്ചു നിര്‍ത്തേണ്ടിവന്ന ഗവേഷണം പൂര്‍ത്തീകരിക്കാന്‍ 2003ല്‍ വീണ്ടും ബാഗ്ലൂരിലേക്ക്. ഭാര്യ ഗീത പുട്ടപര്‍ത്തിയില്‍ പി.ജി.ക്കു ചേര്‍ന്നതും അതേ വര്‍ഷം. പൂര്‍ണമായും പഠനത്തിലും അന്വേഷണത്തിലും മുഴുകിയ നാളുകള്‍. അപ്പോഴാണ് ഇടത്തെ കവിളിലെ ഉമിനീര്‍ഗ്രന്ഥിയില്‍ ഒരു മുഴ ശ്രദ്ധയില്‍പ്പെടുന്നത്. പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍ സ്ഥിരീകരിച്ചു- ആയിരത്തിലൊരാള്‍ക്ക് വരുന്ന അപൂര്‍വ ക്യാന്‍സര്‍. പുകവലിയോ മറ്റ് ദുശ്ശീലങ്ങളോ ഇല്ലാത്ത രാജന്‍ബാബുവിന് ഇത്തരമൊരു ക്യാന്‍സര്‍ വന്നതില്‍ ഡോക്ടര്‍മാര്‍ക്കും അത്ഭുതം.
ബാലേന്ദു പ്രകാശിനും ഈ ഘട്ടത്തില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇത്തരം ക്യാന്‍സറിന് തന്റെ കൈയില്‍ ചികിത്സയില്ലെന്നും റേഡിയേഷന്‍ മാത്രമാണ് മാര്‍ഗമെന്നും വൈദ്യ ഉപദേശിച്ചു. നേരെ തിരുവനന്തപുരം ആര്‍.സി.സി.യിലേക്കു പുറപ്പെട്ടു. ശസ്ത്രക്രിയ നിര്‍ബന്ധമാണെന്ന് ഡോ. പോള്‍ സെബാസ്റ്റ്യന്‍ അറിയിച്ചു. വീണ്ടും കഠിന പരീക്ഷണത്തിന്റെ നാളുകള്‍. റേഡിയേഷനു ശേഷം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ. ക്യാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ള കവിളിലെ ഉമിനീര്‍ ഗ്രന്ഥി നീക്കംചെയ്തു. നെഞ്ചിടിപ്പോടെ ഓപ്പറേഷന്‍ തിയേറ്ററിനു മുന്‍പില്‍ കാത്തിരുന്നവരെ ഇത്തവണയും രാജന്‍ബാബു നിരാശപ്പെടുത്തിയില്ല. നല്ല നാളെയിലേക്ക് അദ്ദേഹം ഒരിക്കല്‍ക്കൂടി കണ്ണു തുറന്നു.

കണ്ണാടിയിലെ അപരിചിത രൂപം


വെളുത്തുമെലിഞ്ഞ് താടിവെച്ച രാജന്‍ബാബുവിന്റെ സുന്ദരമുഖം മനസ്സിലുള്ളവര്‍ക്ക് പുതിയ രൂപം കണ്ട് കണ്ണ് നിറഞ്ഞു. റേഡിയേഷനില്‍ കരുവാളിച്ച മുഖം ഇടത്തേക്ക് കോടിയിരിക്കുന്നു. കണ്ണാടിയിലെ അപരിചിത മുഖം രാജന്‍ബാബുവിനെ അസ്വസ്ഥനാക്കിയെങ്കിലും ഗവേഷണം തുടരാന്‍ തീരുമാനിച്ചു. 2007ല്‍ ഗവേഷണം പൂര്‍ത്തിയാക്കി. തന്റെ പ്രബന്ധം രാജന്‍ബാബു സമര്‍പ്പിച്ചിരിക്കുന്നത് രക്താര്‍ബുദത്തില്‍നിന്ന് ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ എല്ലാവര്‍ക്കുമായാണ്.

ഒടുവില്‍ ഹൃദയവും


ദുരിതകാലത്തെ സ്വയം മറന്നും മാറ്റിവെച്ചും പുതിയ തിരക്കുകളില്‍ ജീവിതം മുന്നോട്ടുപോയി. എന്നാല്‍ കാലം മറ്റൊരു പരീക്ഷണത്തിനും രാജന്‍ബാബുവിനെ തന്നെ തിരഞ്ഞെടുത്തു. ഇത്തവണ നെഞ്ചുവേദനയുടെ രൂപത്തില്‍. ഉടന്‍ ആസ്പത്രിയിലെത്തിച്ചു. പരിശോധനയില്‍ മൂന്ന് ബ്ലോക്കുകള്‍ സ്ഥിരീകരിച്ചു. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ലായിരുന്നു. നേരെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക്. ബ്ലോക്കുകള്‍ നീക്കം ചെയ്തു. ഒരായുസ്സില്‍ അനുഭവിച്ച് തീര്‍ക്കേണ്ടതിനേക്കാള്‍ എത്രയോ മടങ്ങ് രോഗപീഢകള്‍ ഏറ്റുവാങ്ങുമ്പോഴും ഇച്ഛാ ശക്തികൊണ്ട് രാജന്‍ബാബു ജീവിതത്തെ വീെണ്ടടുക്കുകയായിരുന്നു.

പ്രബന്ധത്തിന് അംഗീകാരം


ഇതിനിടയില്‍ രാജന്‍ബാബുവിന്റെ ഗവേഷണ പ്രബന്ധം അക്കാദമിക ലോകത്ത് ചര്‍ച്ചയായി. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയില്‍ നിന്ന് ജോയന്റ് റിസര്‍ച്ചിനും പ്രബന്ധം അവതരിപ്പിക്കാനും ക്ഷണം കിട്ടി. ഹൃദയശസ്ത്രക്രിയക്ക് ശേഷം 2010 ആഗസ്തില്‍ കാനഡയിലെത്തി. മൂന്ന് മാസത്തോളം അവിടെ. ഇപ്പോള്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം, നിളാനഗറിലെ 'ഗുല്‍മോഹര്‍' എന്ന വീട്ടില്‍ പുതിയ പ്രൊജക്ടുകളുടെ പണിപ്പുരയിലാണ് രാജന്‍ബാബു. മകന്‍ ഗോവിന്ദ് കോഴിക്കോട് എന്‍.ഐ.ടി.യില്‍ ബി.ടെകിന് പഠിക്കുന്നു. മകള്‍ അപര്‍ണ പാലക്കാട് കേന്ദ്രീയ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി. ഡോ: ഗീത പാലക്കാട് ജില്ലാ ആസ്പത്രിയില്‍ കണ്ണ് സ്‌പെഷലിസ്റ്റായി ജോലിചെയ്യുന്നു.

--------

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment