ബച്ചനാകാന്‍ കൊതിച്ച കൊച്ചന്‍
ജൂണിലെ കോരിച്ചൊരിയുന്ന മഴയില്‍ അഞ്ചാം തരത്തില്‍ അഡ്മിഷനായി അമ്മയോടൊപ്പം അജയനും കാത്തുനിന്നു. രണ്ടടി പൊക്കക്കാരനെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് പ്രധാന അധ്യാപകന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ അവനെ അമ്മ നെഞ്ചോടടുക്കി പിടിച്ചു. പെയ്‌തൊഴിയാത്ത മഴയില്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ അജയന്റെ കണ്ണുനീര്‍ മറ്റുള്ളവര്‍ കാര്യമാക്കിയില്ല. ആറു മാസം പ്രായമുള്ള കുരുന്ന് വിശപ്പിന്റെ വിളിയില്‍ പൊട്ടിക്കരയുന്നതായേ കാഴ്ചക്കാരനു തോന്നിയുള്ളൂ.
മുഴുനീള കഥാപാത്രവുമായി അത്ഭുതദ്വീപെന്ന ചിത്രത്തില്‍ നിറഞ്ഞാടിയപ്പോള്‍ പക്രു ഒരിക്കലും വിചാരിച്ചില്ല ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്രയാണ് തന്റേതെന്ന്. എന്നാല്‍ പുതിയ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് പുത്തന്‍ പടത്തിന്റെ ലൊക്കേഷനില്‍ ഇരിക്കുമ്പോള്‍ തന്റെ കൈകളില്‍ എത്തിച്ചേര്‍ന്ന കടലാസു കണ്ട് അവനൊന്ന് ഞെട്ടി. ലോകത്തിലാദ്യമായി 76 സെന്റിമീറ്റര്‍ പൊക്കവുമായി രണ്ടു മണിക്കൂറിലധികം സ്‌ക്രീനില്‍ നിറഞ്ഞുനിന്നതിന് തന്റെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ എഴുതപ്പെട്ടിരിക്കുന്നു. ഉണ്ടപ്പക്രുവില്‍ നിന്ന് ഗിന്നസ് പക്രുവായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ അറിയാതെയെങ്കിലും അവന്റെ കണ്ണുകളില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞുവീണു. കഷ്ടപ്പാടിന്റെ തീച്ചൂളയില്‍ വെന്തുരുകിയ ഒരു രണ്ടടിപൊക്കക്കാരന്റെ ആനന്ദക്കണ്ണുനീര്‍. മഴവെള്ളത്തിനു മീതെ പൊന്തിനിന്ന ആ കണ്ണുനീര്‍തുള്ളിക്ക് പറയാന്‍ കഥകള്‍ ഒരുപാടായിരുന്നു.
ചെറിയ ചുവടുകളുമായി
എഴുപത്തിയാറിലെ സ്വാതന്ത്ര്യ ആഘോഷത്തിന് 16 തികയുമ്പോള്‍ ഞാനും ജനിച്ചുവീണു. രാധാകൃഷ്ണന്റെയും അംബുജാക്ഷിയുടെയും രണ്ടാമത്തെ സന്താനമായി, കൊല്ലം കമലാലയത്തിലെ ആദ്യത്തെ മകനായി. ജീവിതം തള്ളിനീക്കാനായി കൊല്ലത്തെ കുണ്ടറ ടൗണില്‍ അച്ഛന്‍ ആ സമയം ഓട്ടോറിക്ഷ തള്ളിനീക്കുകയായിരുന്നു. അമ്മ ടെലിഫോണ്‍ സര്‍വ്വീസിലെ ജീവനക്കാരിയുടെ വേഷത്തിലും. കേന്ദ്ര സര്‍ക്കാര്‍ അയച്ചുകൊടുത്ത ഒരു കടലാസുകഷണത്തില്‍ അമ്മ കോട്ടയംകാരിയായി. അതിനു പുറകെ ഓട്ടോറിക്ഷയുമായി അച്ഛനും കോട്ടയത്തെ അയ്മനത്ത് എത്തിയിരുന്നു. അമ്മയെ തേടിയിറങ്ങിയ അച്ഛന്‍ ഒറ്റയ്ക്കായിരുന്നില്ല, പിറകിലത്തെ സീറ്റില്‍ ചേച്ചി കവിത എന്നെചേര്‍ത്തു പിടിച്ചിട്ടുണ്ടായിരുന്നു.
ബേബി ഫുഡിന്റെ ടിന്നുകളില്‍ താളം പിടിച്ച് ഞാന്‍ ഒരു ഒരു വയസ്സുകാരനായി. വളര്‍ച്ചയെത്താത്ത എന്റെ കൈകളും കാലുകളും ആ ഒരു വയസ്സില്‍ ഒരു ചോദ്യച്ചിഹ്നമായി. എനിക്കു മുമ്പേ എന്റെ കുറവുകള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു വീട്ടുകാര്‍. എന്നാല്‍ ആ കുറവ് ഒരു കുറവായി കാണാന്‍ എന്റെ അച്ഛനും അമ്മയ്ക്കും സാധിച്ചില്ല. എന്റെ ജീവിതത്തിലെ കടപ്പാടുകളുടെ കണക്കുകള്‍ ഇവിടെ തുടങ്ങുന്നു. വളര്‍ച്ചയില്ലായ്മയിലും എന്നെ വളര്‍ത്താന്‍ സന്മനസ്സു കാണിച്ച എന്റെ അച്ഛനും അമ്മയില്‍ നിന്നും.
കുഞ്ഞായ കുഞ്ഞനെ നാട്ടുകാര്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഏതു വീടിന്റെ അടുക്കളയിലും ഏതു ചേച്ചിയുടെ ചുമലിലും കയറിയിരിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക്് അന്നുമുതല്‍ ലഭിച്ചുതുടങ്ങി. മൂന്നു നേരവും അയല്‍പക്കക്കാര്‍ എനിക്കു മത്സരിച്ച് വിരുന്നൊരുക്കി. അയ്മനം അജയനായി ഞാന്‍ ശരിക്കങ്ങ് വിലസി. അഞ്ചാം വയസ്സില്‍ ആറുമാസം മാത്രം വലിപ്പമുള്ള എന്നെ എങ്ങനെ സ്‌കൂളില്‍ ചേര്‍ക്കുമെന്ന തലവേദനയില്‍ അച്ഛനുമമ്മയും തലപുകച്ചു. കുട്ടികളെ തികയ്ക്കാന്‍ നെട്ടോട്ടമോടുന്ന ചാലുകുന്നിലെ സി.എം.എസ് സ്‌കൂളുകാര്‍ ഇടയ്ക്ക് എന്റെ വീട്ടിലേക്ക് ഒന്ന് എത്തിനോക്കി. അങ്ങനെ അജയകുമാര്‍ സി.എം.എസ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരനായി. കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ ഞാന്‍ നിമിത്തമായതു കൊണ്ടാണോ, എന്റെ വളര്‍ച്ചയില്‍ സഹതാപം കണ്ടിട്ടാണോ ആവോ മറിയാമ്മ ടീച്ചറും അമ്മിണി ടീച്ചറും എന്റെ പോറ്റമ്മമാരായത്. എന്റെ കടപ്പാടിന്റെ രണ്ടാമധ്യായം അവിടെ തുടങ്ങുന്നു.
കലയുടെ തിരിച്ചറിവിലേക്ക്
അജയന്റെ വിജയചരിത്രം അവിടെ തുടങ്ങുകയായിരുന്നു. പാട്ടയില്‍ താളമിട്ട് ഈണമിടുന്ന എന്നെത്തേടി പതിയെ കൂട്ടുകാര്‍ എത്തിച്ചേര്‍ന്നു. ഞാന്‍ ഏവര്‍ക്കും പ്രിയങ്കരനായി മാറുകയായിരുന്നു. നാലാംക്ലാസില്‍ യുവജനോത്സവവേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കൂട്ടുകാര്‍ എന്നെയും ക്ഷണിച്ചു. ജന്മത്തിലെ വ്യത്യസ്തത കൊണ്ടാവാം ചെയ്യുന്നതെന്തും വേറിട്ടതാകാന്‍ ഞാന്‍ ആഗ്രഹിച്ചു. യുവജനോത്സവവേദിയില്‍ വല്ലപ്പോഴും മുഴങ്ങുന്ന കഥാപ്രസംഗങ്ങളുടെ ശൈലി മാറ്റിയെടുക്കാനായി എന്റെ ശ്രമം.
ഗുരുവിനായി വെറ്റില സമര്‍പ്പിച്ചത് കാഥികനായ അച്ഛനു മുന്നില്‍. ദൈവം എന്നോടൊപ്പമെന്ന് എനിക്കു ബോധ്യമായി. എന്റെ കഴിവുകളെ കൂട്ടുകാര്‍ക്കൊപ്പം നാട്ടുകാരും നെഞ്ചിലേറ്റി. കല എന്നതിന്റെ ആദ്യ തിരിച്ചറിവുകള്‍.
അവഗണനയുടെ നെരിപ്പോടില്‍ നിന്ന്
നാലാം ക്ലാസിനപ്പുറത്തേക്ക് പഠിക്കാന്‍ സി.എം.എസ് കോളേജിനു ഡിവിഷനില്ലായിരുന്നു. അഞ്ചാം ക്ലാസിനു വേണ്ടി മറ്റു സ്‌കൂളുകളെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ലായിരുന്നു. കാഥികന്റെ ഗൗരവത്തോടു കൂടിത്തന്നെ അമ്മയോടൊപ്പം ചുങ്കത്തെ സി.എം.എസ് സ്‌കൂളിലേക്ക് ഞാന്‍ യാത്രയായി, അഞ്ചാം ക്ലാസുകാരനാവാന്‍. സി.എം.എസ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ബഹുനില കെട്ടിടത്തിന്റെ പടികളും രണ്ടടി പൊക്കമുള്ള എന്നെയും മാറി മാറി നോക്കി. ആ പടികളിലൂടെ ഞാന്‍ ഉരുണ്ടുരുണ്ടു വരുന്ന സ്വപ്നം കണ്ട് അധ്യാപകന്‍ ഞെട്ടിയിരിക്കാം. അവഗണനയുടെ കയ്പുനീര്‍ കുടിച്ച് ആ പടികളിറങ്ങുമ്പോള്‍ പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് എന്റെ മനസ്സിനെ പഠിപ്പിക്കാന്‍ ശ്രമിച്ചു. യാതൊരു കുഴപ്പമില്ലാതെ ജനിച്ച അനിയത്തി സംഗീതയുടെ ജനനത്തോടു കൂടിത്തന്നെ എന്റെ കുറവുകള്‍ ഒട്ടേറെ ഞാന്‍ മനസ്സിലാക്കിയിരുന്നു.
ഞാനും മുതലാളി
ചുങ്കത്ത് സ്‌കൂളില്‍ നിന്ന് അമ്മയെന്നെ ഒളശ്ശ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാണിസാര്‍ എനിക്കു ദൈവമായി. ഞാനൊരു അഞ്ചാംക്ലാസുകാരനായി. കടപ്പാടിന്റെ അടുത്ത സമവാക്യം. എന്റെ പൊക്കമില്ലായ്മയെ മറികടക്കാന്‍ ഒരു പൊക്കമുള്ള കസേരയും സാറെനിക്ക്
സമ്മാനിച്ചു. പക്ഷേ മറ്റു കുട്ടികളോടൊപ്പം ബഞ്ചിലിരിക്കാനായിരുന്നു എനിക്ക് മോഹം. അതിനുള്ള വഴികള്‍ക്കായി തലപുകയ്ക്കവേ മറ്റു പലരും ആ കസേരയ്ക്ക് നോട്ടമിടുന്നത് ഞാന്‍ ശ്രദ്ധിച്ചു. കസേരമുതലാളിയായ എന്നെ പലരും വശീകരിക്കാന്‍ തുടങ്ങി. മിഠായികള്‍ വാടകയിനത്തില്‍ ചുമത്തി മറ്റു കുട്ടികള്‍ക്കൊപ്പം ബഞ്ചില്‍ ഞാന്‍ അമര്‍ന്നിരുന്നു. ഒരു കൊച്ചു മുതലാളിയായി.
സിനിമയിലേക്കുള്ള വഴി
ഞാന്‍ ഒരുതരത്തിലും ബുദ്ധിമുട്ടരുതെന്ന് എന്റെ അച്ഛനുമമ്മയും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം സ്‌കൂളിന്റെ എത്രയും അടുത്ത് വീടുകള്‍ കിട്ടാമോ അത്രയും സ്ഥലങ്ങളിലേക്ക് അവര്‍ താമസം മാറിയത്. ഓരോ വട്ടവും ഞാനും സ്‌കൂളും തമ്മിലുള്ള അകലം പരമാവധി കുറയ്ക്കാന്‍ അവര്‍ ശ്രമിച്ചു. ഇതിനിടയിലെപ്പോഴോ എന്റെ ആദ്യ കാവ്യം എന്ന കഥാപ്രസംഗം ഹിറ്റായിക്കഴിഞ്ഞിരുന്നു. നാട്ടുകാര്‍ക്കിടയില്‍ ഞാന്‍ കാഥികന്‍ അജയനായി. ഇതിനിടയില്‍ അയല്‍പക്കക്കാരും സിനിമാക്കാരുമായ ഇസ്‌മൈലും നൗഷാദും എന്റെ കഥാപ്രസംഗത്തിന്റെ സ്ഥിരം കേള്‍വിക്കാരായി മാറി. ഒരിക്കല്‍ അവര്‍ക്കൊപ്പം സിനിമാ സംവിധായകനായ പ്രസി മുള്ളൂരും എന്റെ കഥാപ്രസംഗവേദിയിലെത്തി. അഞ്ചാം ക്ലാസുകാരന്റെ കഥാപ്രസംഗത്തെ ഹര്‍ഷാരവത്തോടെ സ്വീകരിച്ച പ്രസി മുള്ളൂര്‍ എന്നെ സിനിമയിലേക്ക് ക്ഷണിച്ചു. ജഗതിച്ചേട്ടന്റെയും പപ്പുച്ചേട്ടന്റെയുമൊപ്പം ഞാന്‍ തകര്‍ത്തഭിനയിച്ചു. 'ലൂസ് ലൂസ് അരപ്പിരി ലൂസ്'. മൊട്ടയടിച്ച് പുരികം വടിച്ച്.
കോട്ടയത്ത് സിനിമ റിലീസാകാന്‍ ഞാനും നോക്കിയിരുന്നു. കുടുംബസമേതം ഞാനും തീയേറ്ററിലെത്തി. ഗമയില്‍ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിച്ചു. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഞാന്‍ ഗവേഷണം നടത്തി. പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. കടപ്പാടിന്റെ നാലാം അദ്ധ്യായം എഴുതിച്ചേര്‍ക്കാന്‍ വെമ്പിനിന്നിരുന്ന മനസ്സിനെ ഞാന്‍തന്നെ സമാധാനിപ്പിച്ചു.
എന്നാല്‍ ആദ്യ കാവ്യം ലൂസാകാതെ കൂടുതല്‍ മുറുകുകയായിരുന്നു. കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും ക്ഷേത്രാങ്കണം എന്റെ കഥാപ്രസംഗം കൊണ്ട് നിറഞ്ഞു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മിക്ക ദിവസവും 500 മുതല്‍ 1000 വരെയായിരുന്നു എന്റെ ദിവസ വരുമാനം. ഇതിനിടയില്‍ ഷാജു എന്നൊരു സുഹൃത്ത് മോണോ ആക്ടിലേക്ക് ചുവടുമാറ്റാന്‍ ശ്രമിച്ചു. എനിക്കും അത് ഇഷ്ടപ്പെട്ടു. മോണോ ആക്ടിന്റെ വഴികളില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ വി.ഡി. രാജപ്പന്‍, വേളൂര്‍ കൃഷ്ണന്‍കുട്ടി, ഇലന്തൂര്‍ വിജയകുമാര്‍ എന്നിവര്‍ എന്നെത്തേടി വീട്ടിലേക്കെത്തി. സിനിമയിലേക്കുള്ള അടുത്ത ക്ഷണം.
ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പിന്നെയും ചൂടുവെള്ളത്തില്‍ ചാടുമോ? എന്തുതന്നെയായാലും ഒരു പരീക്ഷണത്തിനു കൂടി ഞാന്‍ തയ്യാറായി. അവര്‍ തന്ന അമ്പിളി അമ്മാവനെ ഞാന്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. എന്നെ മോണോ ആക്ടിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഷാജു ആ സിനിമയില്‍ നായകനായി. ലൂസ് ലൂസ് അരപ്പിരി ലൂസിലെ ദൗര്‍ഭാഗ്യം എനിക്കിവിടെ സംഭവിച്ചില്ല. അമ്പിളി അമ്മാവനോടൊപ്പം ഞാനും ഹിറ്റായി. ഭാഗ്യത്തിലേക്കുള്ള വഴിയില്‍ ഷാജുവും ഒരു ഘടകമായിരുന്നിരിക്കാം. അഞ്ചാം അദ്ധ്യായത്തിന്റെ കടപ്പാടു പേജില്‍ വി.ഡി. രാജപ്പന്‍ മൂവര്‍ സംഘത്തിനൊപ്പം ഷാജുവിന്റെ പേരും ഞാനെഴുതി ചേര്‍ക്കുന്നു.
താരോദയം
അങ്ങനെ ഞാനുമൊരു സിനിമാക്കാരനായി. സ്‌കൂളില്‍ ഞാന്‍ സൂപ്പര്‍സ്റ്റാറായി. അമ്പിളിമാമനിലെ ഉണ്ടപക്രു എന്റെ സ്ഥിരം പേരായി. പക്രുവിന്റെ തോളില്‍ സ്‌കൂളിലെ ചങ്ങാതിമാര്‍ അടിപിടിയായി. കലയുടെ ലഹരിയില്‍ ഞാന്‍ ഉന്മാദം കണ്ടുതുടങ്ങി. സ്‌കൂള്‍ കലോത്സവവേദികള്‍ എനിക്ക് പഠിത്തത്തേക്കാള്‍ വലുതായി. കലയോടുള്ള സ്‌നേഹമാവാം സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഞാന്‍ സ്ഥിരം താരമായി, അവിഭാജ്യഘടകമായി. കഥാപ്രസംഗം, മോണോ ആക്ട്, പ്രച്ഛന്നവേഷം... എന്നിലെ കലാകാരന് ഇരുത്തം വന്നുതുടങ്ങിയ നാളുകള്‍. പത്രത്താളുകളില്‍ അജയകുമാറെന്ന ഉണ്ടപക്രു മുന്‍പേജുകളില്‍ തന്നെ സ്ഥാനം പിടിച്ചു. എന്നെ ഏറ്റെടുക്കാന്‍ ചങ്കൂറ്റം കാണിച്ച മാണിസാറിനും സി.എം.എസ് സ്‌കൂളിനും ഞാന്‍ പുരസ്‌കാരങ്ങള്‍ മനസ്സുകൊണ്ട് അര്‍പ്പിച്ചു.
പത്താംക്ലാസില്‍ ഒരു പോയിന്റിന് കലാപ്രതിഭ സ്ഥാനം നഷ്ടമായപ്പോള്‍ നോട്ടുമാലകള്‍ തന്ന് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. അപ്പോള്‍ എന്റെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടിന്റെ ബുക്കുമായാണ് ലിസി ടീച്ചര്‍ എന്നെ ഒക്കത്തിരിത്തിയത്. ടീച്ചര്‍ നിക്ഷേപിച്ച അഞ്ഞൂറു രൂപയ്ക്ക് തുടര്‍ച്ചയായി എന്റെ സമ്പാദ്യങ്ങള്‍ ഞാന്‍ ഇന്നും ആ അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുന്നു.
ബസേലിയോസിലെ വലിയ കുട്ടി
പത്താം ക്ലാസില്‍ 84 ശതമാനം മാര്‍ക്കോടെ ഒളശ്ശ സ്‌കൂളില്‍ ഞാന്‍ ഒന്നാമനായി. പ്രീഡ്രിഗ്രിക്ക് അഡ്മിഷനായി ബസേലിയോസില്‍ ഞാന്‍ കാലെടുത്തു വയ്ക്കുമ്പോള്‍ മനസ്സില്‍ ഞാന്‍ ഉറപ്പിച്ചു. ഇതു തന്നെ എന്റെ വേദിയെന്ന്. എം.ജി.യുണിവേഴ്‌സിറ്റിയുടെ വേദികള്‍ ഞാന്‍ തുടക്കം തന്നെ സ്വപ്നം കണ്ടിരുന്നു. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. എന്റെ കഥാപ്രസംഗങ്ങളും മോണോ ആക്ടും നിരവധി കൈയടികള്‍ ഏറ്റുവാങ്ങി.
മറ്റെന്തെങ്കിലും ഒന്നില്‍ കൂടി പരീക്ഷണം നടത്താന്‍ മനസ്സ് വല്ലാതെ വെമ്പി. മിമിക്രി. എന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല. മിമിക്രിയില്‍ ഒന്നാം സ്ഥാനം സലിം കുമാറിനു ലഭിച്ചപ്പോള്‍ എം.ജി. യൂണിവേഴ്‌സിറ്റിയിലെ രണ്ടാം സ്ഥാനം എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. ബസേലിയോസിലും ഞാന്‍ താരമായി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എന്നെ കൂടെ കൊണ്ടുനടക്കാന്‍ മത്സരിച്ചു. ഞാന്‍ ആരെയും നിരാശപ്പെടുത്തിയില്ല. അങ്ങനെ ബസേലിയോസില്‍ കെ.എസ്.യുവിന്റെയും എസ്.എഫ്.ഐയുടെയും മെമ്പര്‍ഷിപ്പുള്ള ഏക വ്യക്തിയായി ഞാന്‍ മാറി. ഇടയ്ക്ക് കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം പാര്‍ട്ടിയും ബി.ബി.സി .
പ്രീഡ്രിഗ്രിയും ഇക്കണോമിക്‌സ് ബിരുദവുമടങ്ങുന്ന അഞ്ചു വര്‍ഷം കാമ്പസ് എന്നെ വേറൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു. കാമ്പസില്‍ എന്തിനും ഏതിനും എനിക്ക് സുഹൃത്തുക്കളുണ്ടായിരുന്നു. പേരുകള്‍ എഴുത്തുടങ്ങിയാല്‍ ഈ പേജുകള്‍ അതിനു മതിയാവില്ല. കടപ്പാടിന്റെ ആറാമദ്ധ്യായത്തിലേക്ക് കാമ്പസിലെ ആ നല്ല സുഹൃത്തുക്കളുടെ പേരുകള്‍ ഞാനെഴുതി ചേര്‍ക്കുന്നു.
ആത്മസമര്‍പ്പണം
ബിരുദപഠനത്തിനു ശേഷം വീട്ടിലെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താന്‍ ഒരു തൊഴിലിനായി ഞാനും ശ്രമിച്ചുതുടങ്ങി. കലാരംഗത്തുതന്നെ ജീവിതം സമര്‍പ്പിക്കാനായിരുന്നു എന്റെ തീരുമാനം. ജയിക്കുമോ തോല്‍ക്കുമോ എന്ന ശങ്ക മനസ്സിനെ തെല്ലു പിടികൂടിയിരുന്നു. തീരുമാനം പിഴച്ചില്ല എന്നു തോന്നുന്നു. കേരളത്തിലെമ്പാടും എനിക്കു വേണ്ടി കഥാപ്രസംഗ വേദികള്‍ ഒരുങ്ങി.
കഥാപ്രസംഗത്തില്‍ കോമഡി കലര്‍ത്താനുള്ള സലിം കുമാറിന്റെ നമ്പറുകള്‍ ഫലിച്ചു. തമാശകള്‍ കലര്‍ന്ന എന്റെ കഥാപ്രസംഗങ്ങള്‍ സൂപ്പര്‍ഹിറ്റ്. കടപ്പാടില്‍ സലീമേട്ടനും സ്ഥാനക്കാരനായി. കോട്ടയത്തിന്റെ വേദികളിലെവിടെയോ കോട്ടയം നസീറിന്റെ മിമിക്രി കണ്ട ഞാന്‍ പതിയെ ഒരു ചുവടുമാറ്റത്തെപ്പറ്റി ചിന്തിച്ചു. എന്റെ കഥാപ്രസംഗ വേദികള്‍ക്കു രൂപമാറ്റം സംഭവിച്ചു തുടങ്ങി. കോട്ടയം നസീറിനോടൊത്തു ചേര്‍ന്ന് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാനായിരുന്നു എന്റെ ശ്രമം. എം.ജി കലോത്സവത്തിലെ മൂന്നാം സ്ഥാനക്കാരനായ ടിനി ടോം കൂടി ഒത്തുചേര്‍ന്നപ്പോള്‍ സംഗതി ഉഷാറായി.
ജോക്കര്‍
ആഗ്രഹങ്ങള്‍ വിശാലമാവുകയായിരുന്നു. സിനിമ എന്നത് മനസ്സില്‍ വീണ്ടും മോഹമായി. കൊച്ചു കൊച്ചു വേഷങ്ങള്‍ എന്നെ തേടി എത്തിത്തുടങ്ങി. എങ്കിലും മനസ്സിന് ഇഷ്ടപ്പെട്ട വേഷങ്ങള്‍ എന്നെത്തേടി എത്തിയില്ല. എന്നാല്‍ നിനച്ചിരിക്കാതെ എപ്പോഴോ ലോഹിസാര്‍ എന്നെത്തേടി എത്തി. ജോക്കറിലേക്ക് ക്ഷണം. സിനിമയ്‌ക്കൊപ്പം എന്റെ രാശിയും തെളിഞ്ഞു. കടപ്പാടിന്റെ മറ്റൊരോര്‍മ്മ. സിനിമകളും ഗള്‍ഫ് ഷോകളും. എന്നോടൊപ്പം എന്റെ സാമ്പത്തികനിലയും വളര്‍ന്നുതുടങ്ങി.
ആയിടയ്ക്ക് ദൈവം കരുതിയ മറ്റൊരു സമ്മാനവുമായി വിനയന്‍സാറെന്നെ തേടിയെത്തി. അത്ഭുതദ്വീപിലേക്ക് നായകനായി ക്ഷണം. തിരശ്ശീലയില്‍ ഞാന്‍ നിറഞ്ഞാടുമ്പോള്‍ ഗിന്നസിന്റെ നെറുകയിലും ഞാന്‍ എത്തിച്ചേര്‍ന്നു. ഉണ്ടപ്പക്രുവില്‍ നിന്ന് ശാപമോക്ഷം തേടി ഗിന്നസ് പക്രുവിലേക്ക്. കടപ്പാടിന്റെ സുവര്‍ണ്ണരേഖകള്‍ ഞാന്‍ വിനയന്‍ സാറിനു സമര്‍പ്പിച്ചു.
നിയോഗം
യാദൃച്ഛികതകളില്‍ കൂടി കടന്നു വന്ന എന്റെ ജീവിതം. എന്നും സ്വപ്നങ്ങള്‍ കാണാന്‍ എനിക്കിഷ്ടമായിരുന്നു. ബച്ചനോളം പൊക്കം വരുന്ന സ്വപ്നങ്ങള്‍. എന്നാല്‍ ഒരിക്കലും വിവാഹസ്വപ്നങ്ങള്‍ക്ക് ഞാന്‍ നിറം ചാര്‍ത്തിയിരുന്നില്ല. എന്നെ ഞാന്‍ മനസ്സിലാക്കി എന്നതായിരുന്നു അതിന്റെ ഏറ്റവും വലിയ കാരണം. എന്നാല്‍ ഞാന്‍ കണ്ടിരുന്ന സ്വപ്നങ്ങളില്‍ മറ്റു രണ്ടു വിവാഹങ്ങളുണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട പെങ്ങന്മാരുടെ. കവിതയുടെയും സ്വപ്നയുടെയും വിവാഹം ഞാന്‍ ആശിച്ചതിനെക്കാളും സ്വപനം കണ്ടിരുന്നതിനേക്കാളും ഗംഭീരമായി നടത്തി. ഒരു പരാതിയും അവശേഷിപ്പിക്കാതെ.
എന്നാല്‍ ഞാന്‍ കാണാതെ ബാക്കി വച്ച സ്വപ്നം അമ്മ കണ്ടുതുടങ്ങിയിരുന്നു. അമ്മയുടെ അന്വേഷണത്തിനൊടുവില്‍ എന്നെ കെട്ടാന്‍ ഒരു പെണ്‍കുട്ടി തയ്യാറാണെന്ന വാര്‍ത്ത അമ്മ എന്നെ അറിയിച്ചു. അങ്ങനെ സിമി എന്റെ മുന്നിലേക്കെത്തി. എന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ തീരുമാനിച്ചു. പിന്മാറാന്‍ സിമി ഒരുക്കമല്ലായിരുന്നു. അങ്ങനെ നിനയ്ക്കാതെയും ആശിക്കാതെയും ഞാനും ഒരു ഭര്‍ത്താവായി. കടപ്പാടിന്റെ പത്താമദ്ധ്യായം സിമിയുടെ പേരുകളില്‍ ഞാന്‍ ഭദ്രമാക്കി.
ദുരന്തവും സന്തോഷവും
മോഹസാഫല്യത്തില്‍ ഞാനും ഒരച്ഛനായി. സന്തോഷങ്ങള്‍ മാത്രം തന്ന ദൈവം പക്ഷേ എന്നെ അവിടെ ചതിച്ചു. പതിനഞ്ച് ദിവസം നീണ്ടുനിന്ന അച്ഛന്റെ കുപ്പായം അദ്ദേഹം തന്നെ കീറിക്കളഞ്ഞു. പൊട്ടിത്തകര്‍ന്ന ഞാന്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചു. പക്ഷേ സിമി എന്നെ അവിടെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ദീപ്തകീര്‍ത്തിയെ എനിക്ക് സമ്മാനിച്ചു കൊണ്ട്.
കടപ്പാടിന്റെ അവസാനം
ആഗ്രഹിച്ചതിനും മേലെയാണ് ഞാന്‍ നേടിയതെന്ന് എനിക്കറിയാം. ആഗ്രഹിക്കാത്ത ഒന്നുകൂടി ഞാന്‍ സമ്പാദിക്കുകയാണ്. ഒരു സംവിധായകന്റെ കുപ്പായം. ബിഗ് ഫാദറിന്റെ അണിയറക്കാരെയും താരങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എന്റെ സംവിധാനത്തില്‍ ഒരു സിനിമ.
പൂര്‍ണ്ണവിരാമത്തിനു മുമ്പ് കടപ്പാടിന്റെ അവസാന അദ്ധ്യായം ഞാനെഴുതി ചേര്‍ക്കുന്നു. നിങ്ങളുടെ പേരില്‍. എന്നെ ഞാനാക്കിയ എന്റെ സ്വന്തം മലയാളികളുടെ പേരില്‍.
തയാറാക്കിയത്
Abdul Jaleel
Office Manager
: 00966 (1) 2116891 | |
: www.alrajhibank.com.sa |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment