ചില മൂരികള്‍ക്കും പോത്തുകള്‍ക്കും ചുവന്ന മണ്ണ് കാണുമ്പോള്‍ ഒരു തരം വെപ്രാളമാണ്. ചിലവ വാലുപൊക്കി ഓടുകയും മറ്റു ചിലവ മണ്ണില്‍ കുത്തി കൊമ്പ് കളയുകയുമാണ് പതിവ്. അത് പോലെയാണ് ചില ആളുകള്‍ക്ക് പച്ചനിറം കണ്ടാല്‍. പച്ച കാണുന്നത് തന്നെ ഒരു തരം അലര്‍ജിയാണ്. പച്ച നിറം കാണുമ്പോള്‍ ആദ്യം അത്തരക്കാരുടെ മനസില്‍ തെളിയുന്നത് മുസ്ലിം, മുസ്ലിം ലീഗ് ഇത്യാദി കാര്യങ്ങളാണ്. പച്ച നിറം മുസ്ലിങ്ങളുടെ അടയാളമായി അവര്‍ ധരിച്ച് വച്ചിരിക്കുന്നു. ആ ധാരണയുടെ പുറത്താണ് പിന്നീട് ഏത് കാര്യവും കാണുന്നതും വിലയിരുത്തുന്നതും. എന്നാല്‍ അത്തരക്കാര്‍ക്ക് ചുവപ്പോ, കാവിയോ, മഞ്ഞയോ കണ്ടാല്‍ അങ്ങനെ തോന്നുന്നില്ലതാനും. എന്തുകൊണ്ടോ വെള്ളയും കറുപ്പും ആരുടെയും ലേബലായി പതിഞ്ഞ് കാണുന്നില്ല.
മലപ്പുറത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ജാഥയില്‍ പലതരം വര്‍ണങ്ങളിലുള്ള വസ്ര്തങ്ങളണിഞ്ഞ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ഒക്കെ അണിനിരന്നിരുന്നു. ഭാരതത്തിന്റെ നാനാത്വവും വൈവിധ്യവും അതിനിടയിലെ ഏകത്വവും ധ്വനിപ്പിക്കുന്ന തരത്തിലായിരുന്നു ആ വിളംബര ജാഥ. എന്നിട്ടും അത് ചിലര്‍ക്ക് രസിച്ചില്ല. അവരില്‍ ചില കുബുദ്ധികള്‍ പച്ചവസ്ത്രം ധരിച്ച വിദ്യാര്‍ത്ഥിനികളെ തിരഞ്ഞുപിടിച്ച് ഫോട്ടോയെടുത്ത് ഒന്നിപ്പിച്ചുനിര്‍ത്തി കലോത്സവം പച്ചവല്‍ക്കരിച്ചു എന്ന് തെറ്റിധരിപ്പിക്കുന്നതിനായി ഫേസ് ബുക്കിലൂടെയും മറ്റും പ്രചരിപ്പിക്കുകയാണ്.
മലപ്പുറത്ത് നടന്ന കലോത്സവത്തെ മുസ്ലിം ലീഗു കാരനായ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലും സംസ്ഥാനമൊട്ടാകെ സര്‍ക്കാര്‍ പരിപാടികള്‍ ഭരണ കക്ഷിയായ മുസ്ലിം ലീഗും ഹരിതവല്ക്കരിക്കുന്നുവെന്ന് കാട്ടാനാണ് പച്ച വസ്ത്രമണിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ പ്രചരിപ്പിക്കുക വഴി പച്ചവിരോധികള് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മലപ്പുറം മുസ്ലിം ജനവിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശമാണ്. മുസ്ലിം ലീഗിനും അവിടെ മേല്‍ക്കോയ്മയുണ്ട്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുര്‍ റബ്ബ് മലപ്പുറം ജില്ലക്കാരനാണ്. ഈ സംഗതികളൊക്കെയാവാം ചിലര്‍ക്ക് പച്ചയില്‍ മാത്രം കണ്ണുടക്കാന്‍ കാരണം. അതിനെ കുറ്റം പറയാന്‍ കഴിയില്ലെന്ന് വെച്ചാല്‍ തന്നെ, ചുവപ്പും മഞ്ഞയും നീലയും മറ്റും അവര്‍ കാണാതിരുന്നതിനെ കുറ്റപ്പെടുത്തിയേ മതിയാവൂ. സത്യത്തില്‍ ഇത് ഒരു നിറത്തോടുള്ള എതിര്പ്പുമാത്രമായി കാണാന്‍ സാധിക്കില്ല. അഞ്ചാം മന്ത്രിവിഷയം വിവാദമുണ്ടാക്കിയതുമുതല് കേരളത്തില്‍ രൂപംകൊണ്ട വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണ് സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത പച്ചരൂപങ്ങള് പ്രചരിപ്പിച്ച് മനുഷ്യ മനസുകളെ അകറ്റാന്‍ ശ്രമിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി കാണാന്‍ ഒരു കാരണവശാലും സാധ്യവുമല്ല.
കമ്യൂണിസ്റ്റ്-മാര്‍കസിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഒരു സര്‍ക്കാര്‍ പരിപാടി നടക്കുകയാണെങ്കില്‍ അവിടെ സ്വാഭാവികമായും ചുവപ്പ് നിറത്തിലുള്ള ആശംസാ ബാനറുകളും തോരണങ്ങളും ഫ്ലക്സ് ബോര്‍ഡുകളും ഉയര്‍ന്നു എന്നു വരും. ബി.ജെ.പിക്കും, കോണ്‍ഗ്രസിനും, എസ്.എന്‍.ഡി.പിക്കും സ്വാധീനമുള്ള മേഖലകളില്‍ അവരുടെ പതാകയുടെ നിറത്തിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുവെന്നും വരാം. അതൊന്നും വലിയ സംഗതിയല്ല. രാഷ്ട്രീയ മുതലെടുപ്പിനോ, വര്‍ഗീയത വളര്‍ത്താനോ ഒന്നുമല്ല അങ്ങനെ ചെയ്യുന്നത്.
അവിടെ നടക്കുന്ന പരിപാടിക്ക് തങ്ങളുടെ പിന്തുണയും സഹകരണവും ഉണ്ടെന്നും തങ്ങളും അതിന്റെ ഭാഗമാകുകയാണെന്നും ആളുകളെ കാണിക്കാനും അതില്‍ ആനന്ദവും അഭിമാനവും കൊള്ളാനും വേണ്ടി മാത്രമാണ് തോരണങ്ങളില്‍ അവരവരുടെ നിറങ്ങള്‍ ചാര്‍ത്തുന്നത്. അത് എല്ലാ സ്ഥലത്തും നടക്കുന്നത് പോലെ മാത്രമേ മലപ്പുറത്തും നടന്നിട്ടുള്ളൂ. എന്നാല്‍ ദോഷൈകദൃക്കുകള്‍ക്ക് ദോഷം മാത്രമല്ലേ കാണാന്‍ കഴിയൂ.! മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നാല്‍ ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴുമെന്ന പ്രതീതി ജനിപ്പിച്ച വിഭാഗംതന്നെയാണ് ഈ പച്ച പ്രചാരണത്തിന്റെ പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോത്സവം സമാപിക്കുമ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത് മലപ്പുറത്തുകാരെയും സംഘാടകരേയും പ്രശംസിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ്. അരുതാത്ത പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിരീക്ഷിക്കുന്നതിനുമായി പോലീസ് സ്ഥാപിച്ച ഒളി ക്യാമറകള്‍പോലും നാണിച്ചിട്ടുണ്ടാകുമെന്നാണ് മാതൃഭൂമി ഇതേകൂറിച്ച് റിപോര്‍ട്ട് ചെയ്തത്.
Best Regards,
Zameer Mavinakatta
Riyadh, Kingdom Of Saudi Arabia
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment