മലപ്പുറം: ഹൃദയത്തിന്‍െറ ഭാഷയില്‍ മലപ്പുറം പറയുന്നു, 'പോയ് വരീ...' ഏഴുനാള്‍ മുമ്പെത്തിയ അതിഥികള്‍ ഇന്ന് മലപ്പുറം മണ്ണിനോട് യാത്രാമൊഴി ചൊല്ലുകയാണ്. 53ാം കേരള സ്കൂള്‍ കലോത്സവത്തിന് ഞായറാഴ്ച മറ വീഴുമ്പോള്‍, കലോത്സവചരിത്രത്തിലെ ഏറ്റവും ജനകീയമേളകളിലൊന്ന് എന്ന നേട്ടത്തിലേക്ക് കയറിക്കഴിഞ്ഞു.
നിരവധി ആശങ്കകളോടെയാണ് ഏറനാട്ടേക്ക് വിദ്യാര്‍ഥികള്‍ എത്തിയത്. ഇടക്കിടെ മാറിയ വേദികള്‍, സൗകര്യക്കുറവ്, ഒരുങ്ങാന്‍ വേണ്ടത്ര സമയം കിട്ടായ്ക.... കലോത്സവം താളംതെറ്റാന്‍ അതിലധികം കാരണങ്ങള്‍ വേണ്ട. എന്നാല്‍, ഈ ആശങ്കകളെല്ലാം മലപ്പുറം മേള അസ്ഥാനത്താക്കിക്കളഞ്ഞു. അത്യപൂര്‍വമായ ജനപങ്കാളിത്തമാണ് വിജയത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത്.
ഒന്നാം ദിനം മുതല്‍ കലോത്സവ വേദികളിലേക്ക് ഏറനാട് ഒഴുകിയെത്തി. ഘോഷയാത്രക്ക് സാക്ഷികളാകാന്‍ ആദ്യദിവസം എത്തിയ വന്‍ജനക്കൂട്ടം ഈ പ്രാതിനിധ്യത്തിന്‍െറ പ്രാരംഭക്കാഴ്ചയായിരുന്നു. പിന്നെ ഒരാഴ്ച മലപ്പുറം ഉറങ്ങിയില്ല. മാപ്പിള കലകളായ ഒപ്പനയും ദഫ്മുട്ടും അറബനമുട്ടും കോല്‍ക്കളിയും മാപ്പിളപ്പാട്ടുമൊക്കെ നടക്കുന്ന വേദികളിലേക്ക് മാത്രമാകും ജനമെത്തുക എന്നായിരുന്നു പലരും കണക്കുകൂട്ടിയത്. എന്നാല്‍, ഏറനാടിന്‍െറ കലാഹൃദയത്തെ ഇനിയുമാരും തിരിച്ചറിഞ്ഞില്ലെന്ന് തെളിയിച്ച് നങ്ങ്യാര്‍കൂത്തിന്‍െറയും കഥകളിയുടെയുമൊക്കെ വേദികളിലേക്ക് ജനം ഒഴുകി. ഒപ്പന കാണാനെത്തിയ അതേ ആവേശത്തോടെ തിരുവാതിരയും മാര്‍ഗംകളിയും കാണാന്‍ ആളെത്തി. കഥകളിയും ഓട്ടന്തുള്ളലും പൂരക്കളിയുമൊക്കെ നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്.
പോക്കറ്റടി, പിടിച്ചുപറി, പെണ്‍കുട്ടികളെ ഉപദ്രവിക്കല്‍... ഇത്തരം വാര്‍ത്തകള്‍ ഇവിടെനിന്ന് എഴുതേണ്ടിവന്നില്ല. നാട്ടുകാരുടെ കരുതലിന്‍െറ കണ്ണുകള്‍ ഒരോ കുട്ടിയുടെയും ചുറ്റുവട്ടത്തുണ്ടായിരുന്നു. വാത്സല്യത്തിന്‍െറ കണ്ണുകള്‍ ഓരോ കുട്ടിക്കുമായും അവര്‍ കാത്തുവെച്ചു. പുഞ്ചിരിയുടെയും വിനയത്തിന്‍െറയും ഭാഷയായിരുന്നു എങ്ങും. ഓട്ടോറിക്ഷക്കാര്‍, ഇളനീര്‍ കച്ചവടക്കാര്‍, ഹോട്ടലുകാര്‍...ആരും കഴുത്തറുപ്പിന്‍െറ ഭാഷ പറഞ്ഞില്ല.
ഭക്ഷണം കിട്ടാത്തതിന്‍െറയോ താമസിക്കാനിടം കിട്ടാത്തതിന്‍െറയോ പരാതികള്‍ എവിടെയും ഉയര്‍ന്നില്ല. മത്സരാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊക്കെ നിരവധി കുടുംബങ്ങള്‍ വീടുകളില്‍ താമസസൗകര്യം ഏര്‍പ്പെടുത്തി. എന്നിട്ടും, താമസിക്കാനിടമില്ലാതെ വരാന്തയില്‍ ഉറങ്ങുന്നുവെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ഒരക്ഷരം എതിരുപറയാതെ മലപ്പുറം അതും ക്ഷമിച്ചു.
ഒടുവില്‍, കണ്ണിമചിമ്മാതെ ഒരാഴ്ച കാത്ത കലോത്സവ പ്രതിഭകളെ യാത്രയയക്കാന്‍ സമയമായി. മക്കളെ അറബ് നാട്ടിലേക്ക് യാത്രയാക്കി ശീലിച്ച ഇവിടത്തുകാര്‍ക്ക് പക്ഷേ, ഈ യാത്രപറച്ചിലില്‍ അല്‍പം സങ്കടം ഏറെയുണ്ട്. എങ്കിലും യാത്രയയക്കാതെ വയ്യല്ലോ. അങ്ങനെ, മലപ്പുറം പറയുന്നു, 'പോയ് വരീ...' ഏറനാടന്‍ സ്നേഹവും കരുതലും ആവോളം നുകര്‍ന്ന് വിരുന്നുകാര്‍ മറുമൊഴി പറയുന്നു, 'പോയ് വരാം...'
No comments:
Post a Comment