സി.എച്ച് സെന്ററിന്റെ ഓരോ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ കാന്‍സര്‍ രോഗത്തിന്റെ ഭീകരതയില്‍ കഴിയുന്ന മനുഷ്യക്കോലങ്ങളായ കുറേ മുഖങ്ങള്‍ കാണുമ്പോള്‍ ലോകപ്രശസ്ത ഇസ്ലാമിക ചിന്തകനായ മുസ്തഫ സ്വബായി പറഞ്ഞത് ഞാനോര്‍ത്തു. ജീവിതത്തില്‍ മാസത്തിലോ ആഴ്ചയിലോ ഒരു ദിവസം നിങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ അല്ലാഹു നല്‍കിയ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകും എന്ന വാക്കുകള്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു.
ഇപ്പോള്‍ അഞ്ച് കോടി രൂപ ചെലവ് ചെയ്ത് 45 സെന്റ് സ്ഥലത്ത് അഞ്ച് നില കെട്ടിടത്തില്‍ സി.എച്ച്. സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 300 ഓളം കാന്‍സര്‍ രോഗികള്‍ക്ക് താമസിക്കാനും ശുശ്രൂഷിക്കാനും വേണ്ട സൗകര്യം ഇവിടെ ലഭ്യമാകും. കോണ്‍ഫറന്‍സ് ഹാള്‍, പ്രാര്‍ത്ഥനാ മുറി, ലൈബ്രറി, റീഡിങ് റൂം, ഡോര്‍മിറ്ററി എന്നിവ ഇവിടെ ഒരുക്കുന്നുണ്ട്.
രോഗികളെ കണ്ടതിനു ശേഷം ഉച്ചഭക്ഷണം കഴിക്കാന്‍ ഭക്ഷണഹാളിലേക്ക് എന്നെ ബഷീര്‍ സാഹിബ് കൂട്ടിക്കൊണ്ട് പോയി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ ചെലവുകള്‍ പരേതനായ എ.പി. അസ്‌ലമിന്റെ ബന്ധുക്കളാണ് ഏറ്റെടുത്തിട്ടുള്ളത്. നാലു നേരവും സ്വന്തം വീടുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഗുണമേന്മയും രുചിയുമുള്ള ഭക്ഷണം അന്തേവാസികള്‍ക്ക് ലഭിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ട്രെനില്‍ കണ്ട അബ്ബാസിനെ കുറിച്ച് സി.എച്ച സെന്റര്‍ ജീവനക്കാരനായ ഫത്താഹ് വേങ്ങരയോട് ഞാന്‍ അന്വേഷിച്ചു. ഫത്താഹ് പറഞ്ഞു: നിങ്ങള്‍ അന്വേഷിച്ച അബ്ബാസാണ് കഴിഞ്ഞ ആഴ്ച ഇവിടുത്തെ കുക്ക് ലീവിലായിരുന്നപ്പോള്‍ ആ ചുമതല ഏറ്റെടുത്ത് രോഗികള്‍ക്ക് ബിരിയാണി പാകം ചെയ്ത് നല്‍കിയത്. ഭക്ഷണം കഴിച്ച് ഹാളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അബ്ബാസ് ഇടറിയ സ്വരത്തില്‍ പറഞ്ഞത് വേദനയുടെയും ദു:ഖത്തിന്റെയും അലയായി നെഞ്ചകത്ത് തട്ടുന്നതായിരുന്നു.
മകളുടെ കല്ല്യാണസദ്യയ്ക്ക് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ബിരിയാണി കൊടുക്കാന്‍ ആശിച്ചതായിരുന്നു. അതിന് പറ്റിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടുത്തെ സഹരോഗികളായ, വേദന കൊണ്ട് പിടയുന്ന കാന്‍സര്‍ രോഗികള്‍ക്ക് ബിരിയാണി കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലായിരുന്നു അബ്ബാസ്. ഇനി എന്റെ മകളുടെ കല്ല്യാണത്തിന് ബിരിയാണി കൊടുക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ആകുലതയും അബ്ബാസില്‍ ഞാന്‍ കണ്ടു. നന്മയും കാരുണ്യവും മറന്ന് സകലതും വെട്ടിപ്പിടിക്കാന്‍ വേഗത്തില്‍ പായുന്ന താക്കീതാണ് സി.എച്ച്. സെന്ററില്‍ കഴിയുന്ന ഒരോ രോഗിയും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പ്രമുഖ രാഷ്ട്രീയ നേതാവ് വി.എം. സുധീരന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ലഭിച്ച അവാര്‍ഡ് തുകകളൊക്കെ സി.എച്ച് സെന്ററിന് സംഭാവനയായാണ് അദ്ദേഹം നല്‍കിയത്. ഡോ. ആസാദ് മൂപ്പനും, ഇ.ടി മുഹമ്മദ് ബഷീറും, പത്രപ്രവര്‍ത്തകന്‍ നജീബ് കാന്തപുരവും ഇതുപോലെ അവര്‍ക്ക് കിട്ടിയ അവാര്‍ഡ് തുകകളൊക്കെ സി.എച്ച.് സെന്ററില്‍ കഴിയുന്ന രോഗികളുടെ ശുശ്രൂഷയ്ക്കായാണ് ചിലവഴിച്ചത്. താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സാമ്പത്തിക ശേഷി ഇല്ലാത്തതു കൊണ്ടും വേണ്ട അറിവില്ലാത്തതുകൊണ്ടും ആവശ്യമായ ചികിത്സ ലഭിക്കാതെ കൂരകളിലും ചേരികളിലും തെരുവുകളിലും ജീവിക്കുന്നവര്‍ എങ്ങനെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന്്.
ഈ മനുഷ്യര്‍ എങ്ങനെയാണ് ജീവിക്കുന്നത്. കാന്‍സര്‍ തുളവീഴ്ത്തിയ കവിളുകളിലൂടെ കുടിക്കുന്നതത്രയും പുറത്തേക്ക് ഒഴുകിക്കൊണ്ട് ഇഞ്ചിഞ്ചായി മരിക്കുന്ന ഒരാളെക്കുറിച്ച് താങ്കള്‍ കേള്‍ക്കാന്‍ ഇടയായിട്ടുണ്ടോ? താങ്കളുടെ സ്വസ്ഥ ജീവിതത്തില്‍ ഈ മനുഷ്യര്‍ എന്തെങ്കിലും അസ്വസ്ഥത ഉളവാക്കിയിട്ടുണ്ടോ? നമ്മുടെ കുട്ടികള്‍ക്കും കുടുംബത്തിനും ചെറിയ അസുഖങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഗുണമേന്മതേടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ പണം വാരിയെറിഞ്ഞ് ചികിത്സ ഉറപ്പ് വരുത്തുമ്പോള്‍ വേണ്ടത്ര സാമ്പത്തികശേഷിയും പണവും മരുന്നും ചുറ്റുപാടുമില്ലാത്തതിന്റെ പേരില്‍ കൊതുക് കടിയും തണുപ്പും വേദനയും ഏറ്റുവാങ്ങി വിറച്ചുവിറച്ച് മരിക്കുന്ന ഹതഭാഗ്യരായ, ചോരയും മാംസവും ഹൃദയതുടിപ്പുമുള്ള പച്ചമനുഷ്യരുടെ വേദനകണ്ടിട്ടുണ്ടോ? താങ്കള്‍ സി. എച്ച് സെന്ററുമായി ബന്ധപ്പെടുക.
പ്രവാചകന്‍ (സ) ഒരു കുഞ്ഞിനെ മടിയിലിരുത്തി. അതിന്റെ ജീവന്‍ പിടയുകയായിരുന്നു. അവിടുത്തെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സയദ് (റ) ചോദിച്ചു. എന്താണിത് പ്രവാചകരെ? അവിടുന്നരുളി: 'ഇതു കാരുണ്യമാണ്. അതിനെ ദൈവം അവന്‍ ഉദ്ദേശിക്കുന്ന ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്നു. കരുണയുള്ള ദാസന്മാരോട് ദൈവം കരുണകാണിക്കുക'. സി.എച്ച്. സെന്ററിന്റെ പ്രവര്‍ത്തകര്‍ ഈ ദൗത്യനിര്‍വഹണത്തിന്റെ ആള്‍രൂപങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.
No comments:
Post a Comment