ബാലന് 75 വര്‍ഷം തികഞ്ഞു
-സാജു ചേലങ്ങാട്
''മദ്രാസിലെ ഒരു കൊച്ചുമുറിയില്‍ ജോലി തേടി വന്ന തെക്കന്‍ തിരുവിതാംകൂറുകാരനായ ഒരുവന്റെ ഭാവനയില്‍ ഏതാനും പാവപ്പെട്ട മലയാളി തൊഴിലാളികളുടെ ചില്ലിക്കാശുകൊണ്ട് രൂപംകൊണ്ടതാണ് ബാലന്‍ എന്ന ആദ്യ മലയാളശബ്ദചിത്രം. കടലാസ് സംഘടന മാത്രമായിരുന്ന മലയാളി അസോസിയേഷന്‍ കടം പറഞ്ഞ് ടൈപ്പ് ചെയ്യിച്ച കത്തിന് ടി.ആര്‍. സുന്ദരം വിശ്വസിച്ചയച്ച മറുപടിയാണ് ബാലന്റെ തറക്കല്ല്-'' ആദ്യ ശബ്ദചിത്രമായ ബാലന്റെ പ്രധാന പിന്നണി പ്രവര്‍ത്തകനും അതിലെ ആദ്യ ശബ്ദത്തിനുടമയും അഭിനേതാവുമായിരുന്ന ആലപ്പി വിന്‍സന്റിന്റേതാണ് ഈ വാക്കുകള്‍. വീഴുന്നുവെങ്കില്‍ വീഴട്ടെ എന്ന് ഉദ്ദേശിച്ച് എറിഞ്ഞ കമ്പ് ലക്ഷ്യത്തില്‍തന്നെ കൊണ്ടു. 1938 ജനുവരി 19-നു വൈകിട്ട് ഏഴുമണിക്ക് എറണാകുളം സെലക്ട് ടാക്കീസിന്റെ വെള്ളിത്തിരയില്‍ ആ ലക്ഷ്യം സാക്ഷാത്കാരമണിഞ്ഞ് ബാലന്‍ എന്ന സിനിമയായി പ്രത്യക്ഷപ്പെട്ടു.
ബാലനിലൂടെ മലയാളസിനിമ ശബ്ദമണിഞ്ഞിട്ട് 2013 ജനുവരി 19-ന് എഴുപത്തിയഞ്ച് വര്‍ഷം തികയുന്നു.
തിരുവനന്തപുരത്തിന് തെക്കുവശത്തുള്ള ഒരു ഗ്രാമത്തില്‍ ജനിച്ച എ. സുന്ദരംപിള്ളയാണ് ബാലന്റെ വിത്ത് ആദ്യം വിതച്ചത്. 1924-ല്‍ കൊളംബോയില്‍ തൊഴില്‍ തേടിയെത്തിയ സുന്ദരംപിള്ള ഒരു കപ്പല്‍കമ്പനിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. ഈ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രധാന പങ്കാളിയായി അവിടെ നടന്ന ഒരു സിനിമാ ഷൂട്ടിംഗ് പതിവായി കണ്ട സുന്ദരംപിള്ള തിരിച്ച് നാട്ടിലെത്തി സ്വന്തം സിനിമ പിടിക്കുന്നതിന് പണം സ്വരൂപിക്കാനുള്ള ശ്രമം പരാജയപ്പെട്ട് വീണ്ടും കൊളംബോയിലേക്ക് പോയി. പിന്നീട് ചാള്‍സ് ഡിക്കന്‍സിന്റെ ഒരു കഥയെ അടിസ്ഥാനമാക്കി രചിച്ച 'വിധിയും മിസിസ് നായരും' എന്ന തിരക്കഥയുമായി മദ്രാസിലെത്തിയ അദ്ദേഹം പൈ ക്രോസ് റോഡിന്റെ ഓരത്തുള്ള ഒരു മാളികയുടെ രണ്ടാംനിലയിലെ ഒരു മുറിയില്‍ ഓഫീസ് തുറന്ന് കൈരളി ടാക്കി ഫിലിംസ് എന്ന ബോര്‍ഡ് തൂക്കി. തന്റെ കൈവശമുള്ള തിരക്കഥയെക്കുറിച്ച് അക്കാലത്തെ സ്റ്റുഡിയോ ഉടമകള്‍ക്ക് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ മലയാളി അസോസിയേഷന്‍ എന്നൊരു സംഘടന തല്ലിക്കൂട്ടി സ്വയം പ്രസിഡന്റായി അവരോധിതനായി. തുടര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ 'ദി ഹിന്ദു' പത്രത്തില്‍ ഒരു പരസ്യം നല്‍കി. നടീനടന്മാരെ ആവശ്യമുണ്ടെന്നു കാണിച്ച് നല്‍കിയ പരസ്യത്തിന് അനുകൂലമായി സേലം മോഡേണ്‍ തിയേറ്റേഴ്‌സ് ഉടമ ടി.ആര്‍. സുന്ദരത്തില്‍നിന്ന് ഒരു മറുപടിയുണ്ടായി. തമിഴ് ചിത്രങ്ങളെടുത്ത് സാമ്പത്തികമായി തകര്‍ന്നിരുന്ന സുന്ദരം മലയാളത്തില്‍ ഒരു ശബ്ദചിത്രം ആദ്യമായെടുത്താലുള്ള സാമ്പത്തികലാഭത്തെക്കുറിച്ച് മനക്കണക്ക് കൂട്ടി. പിന്നീട് അദ്ദേഹത്തിന്റെ സെക്രട്ടറി പി.എസ്. അയ്യരുടെയും പ്രതിനിധിയുടെ വേഷമണിഞ്ഞ ആലപ്പി വിന്‍സന്റിന്റെയും നേരിട്ടും കത്തുകള്‍ മുഖേനയും നടന്ന ചര്‍ച്ചകളുടെ ഫലമായി ആദ്യ ശബ്ദചിത്ര നിര്‍മാണത്തിന്റെ പടിവാതില്‍ക്കലേക്ക് മലയാളസിനിമ കാലെടുത്തു വച്ചുവെന്നത് ചരിത്രം.
കെ.കെ. അരൂര്‍, എം.കെ. നമ്പ്യാര്‍, എം.വി. ശങ്കു, മാലതി വാരസ്യാര്‍. എം.കെ. കമലം തുടങ്ങി ആലപ്പി വിന്‍സെന്റ് വരെ അഭിനേതാക്കളുടെ പട്ടികയില്‍ വന്നു. കഥയും തിരക്കഥയും സംവിധാനവുമൊക്കെ നിര്‍വഹിക്കേണ്ടത് സുന്ദരംപിള്ളതന്നെ. എന്നാല്‍ ഷൂട്ടിംഗ് ടി.ആര്‍.സുന്ദരം ആശിച്ചതുപോലെ മുന്നേറിയില്ല. മാലതി വാരസ്യാരുമായി സുന്ദരംപിള്ള മുങ്ങി. ഇതോടെ അദ്ദേഹത്തെ സുന്ദരം പുറത്താക്കി. തിരക്കഥ അടിമുടി മാറ്റിയെഴുതാന്‍ വിന്‍സന്റിനെ അയച്ച് മുതുകുളം രാഘവന്‍പിള്ളയെ കേരളത്തില്‍നിന്ന് കൊണ്ടുവന്നു. 23 പാട്ടുകളും അദ്ദേഹംതന്നെ രചിച്ചു. ഹാര്‍മോണിസ്റ്റായിരുന്ന ഇബ്രാഹിമും കെ.കെ. അരൂരും നിര്‍ദ്ദേശിച്ച ഹിന്ദി - തമിഴ് ഗാനങ്ങളുടെ ഈണത്തിനനുസരിച്ചായിരുന്നു ഗാനരചന.
സുന്ദരംപിള്ളയെ പുറത്താക്കിയതോടെ നിര്‍മ്മാണച്ചുമതല ടി.ആര്‍. സുന്ദരംതന്നെ നേരിട്ട് ഏറ്റെടുത്തു. സഹസംവിധായകനായ എസ്. നൊട്ടാണിയെ സംവിധായകനായി ഉയര്‍ത്തി. ഛായാഗ്രഹണം ജര്‍മ്മന്‍കാരനായ ബുഡോ ഗുഷ്‌വാക്കറും. ആലപ്പി വിന്‍സന്റ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത് വിരുതന്‍ ശങ്കു എന്ന കഥാപാത്രത്തെയാണ്. കെ.എന്‍.ലക്ഷ്മി, സി.ഒ.എന്‍. നമ്പ്യാര്‍, എ.ബി. പയസ്, മലയാളി അസോസിയേഷന്‍ രൂപീകരിക്കാന്‍ സുന്ദരംപിള്ളയോടൊപ്പം പ്രവര്‍ത്തിച്ച കെ. ഗോപിനാഥ് എന്നിവര്‍ക്കും തരക്കേടില്ലാത്ത റോളുകള്‍ ലഭിച്ചു. തിരക്കഥ അടിമുടി മാറ്റി ചിത്രീകരിക്കാന്‍ സുന്ദരത്തിന് അവകാശമുണ്ടായിരുന്നു. കാരണം സുന്ദരംപിള്ളയില്‍നിന്ന് കഥയുടെ സര്‍വാവകാശവും അദ്ദേഹം എഴുതി വാങ്ങിയതുകൊണ്ടുതന്നെ. ബാലന്‍ എന്ന് പുനര്‍നാമകരണം ചെയ്ത സിനിമയുടെ പ്രമേയം രണ്ടാനമ്മ ക്രൂരതയാണ്. പിന്നീട് മലയാളസിനിമയില്‍ ഇതൊരു പ്രവണതയായി മാറി. വിജയത്തിനുള്ള ഫോര്‍മുലയായി ഈ പ്രവണത ഏറെനാള്‍ നമ്മുടെ സിനിമയില്‍ നിലകൊണ്ടു.
നാലുമാസത്തിലേറെ സമയമെടുത്ത് പൂര്‍ത്തിയായ സിനിമയില്‍ പക്ഷേ അഭിനേതാക്കള്‍ക്കെല്ലാം കാര്യമായ പ്രതിഫലം സുന്ദരം നല്‍കിയില്ല. നായകന്‍ കെ.കെ. അരൂരിന് നല്‍കിയത് വെറും മുന്നൂറു രൂപ. പ്രധാന നടികള്‍ക്ക് നല്‍കിയതാവട്ടെ 250 രൂപ വീതം. മുതുകുളത്തിന് ലഭിച്ചത് ആയിരം രൂപയും. കെ.എന്‍. ലക്ഷ്മിക്കു നല്‍കിയത് വെറും ഒരു വെള്ളിരൂപ മാത്രം.
ബാലന്റെ കേരളത്തിലെ വിതരണാവകാശം കെ.വി. കോശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫിലിം കോ കമ്പനിക്കായിരുന്നു. കാല്‍ലക്ഷം രൂപയ്ക്കായിരുന്നു വിതരണാവകാശം സുന്ദരം നല്‍കിയത്. തിയേറ്ററുകാരില്‍നിന്ന് പിരിഞ്ഞുകിട്ടിയത് മറ്റൊരു കാല്‍ലക്ഷം. രണ്ടുംകൂടി ലഭിച്ച അരലക്ഷം രൂപയില്‍ 35,000 രൂപകൊണ്ട് സുന്ദരം ബാലന്‍ പൂര്‍ത്തിയാക്കി. ശേഷിച്ച 15,000 രൂപകൊണ്ട് പുതിയ തമിഴ് ചിത്രത്തിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടു അദ്ദേഹം. 1937 ഓഗസ്റ്റ് 16-ന് തുടങ്ങിയ ബാലന്റെ ചിത്രീകരണവും മറ്റ് പ്രവര്‍ത്തനങ്ങളും അതേവര്‍ഷം ഡിസംബര്‍ 31-നകം പൂര്‍ത്തിയായി.
വാസ്തവത്തില്‍ മലയാളസിനിമ ശബ്ദിക്കാന്‍ തുടങ്ങിയ വര്‍ഷംപോലും നമ്മുടെ സിനിമാക്കാര്‍ മറന്നുവെന്ന് തോന്നുന്നു. മലയാള ശബ്ദസിനിമയുടെ പ്രായത്തില്‍ ഒരു പ്രധാന നാഴികക്കല്ല് പിന്നിടുമ്പോള്‍ അതേപ്പറ്റി ഇനിയെങ്കിലും ആരെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍.
No comments:
Post a Comment