Monday, 3 December 2012

[www.keralites.net] കുഞ്ചുകൊച്ചച്ഛന്റെ യുദ്ധം

 

കുഞ്ചുകൊച്ചച്ഛന്റെ യുദ്ധം

മുരളി തുമ്മാരുകുടി


 

തകഴിയുടെ പ്രശസ്തമായ പട്ടാളക്കാരന്‍ എന്ന കഥയില്‍ ഒരു ഹ്രസ്വകാലത്തെ കുടുംബജീവിതത്തിനുശേഷം യുദ്ധമുന്നണിയിലേക്ക് പോയ പട്ടാളക്കാരന്റെ വീട്ടിലേക്ക് പിന്നെ വരുന്നത് ഒരു ട്രങ്ക് പെട്ടിയാണ്. അതില്‍ പട്ടാളക്കാരന്റെ യൂണിഫോമും പിന്നെ നിസ്സാരമായ ജംഗമ വസ്തുക്കളും യുദ്ധത്തിന്റെ ഭീകരതയും അരക്ഷിതാവസ്ഥയും ഒക്കെ പ്രതിഫലിപ്പിക്കാന്‍ ഈ ട്രങ്ക് പെട്ടി, കഥയിലും നാടകത്തിലും സിനിമയിലും ഒക്കെ പ്രയോഗിക്കാറുണ്ട്.

വാസ്തവത്തില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ വീട്ടിലേക്ക് അങ്ങനെ ഒരു ട്രങ്ക് പെട്ടി വരുമോ? ഇപ്പോഴത്തെ പട്ടാളക്കാരും ഏതു കാലത്തും വീട്ടിലേക്ക് അയക്കാന്‍ പാകത്തിന് ഒരു ട്രങ്ക് പെട്ടിയുമായിട്ടാണോ നടക്കുന്നത്? അതോ ട്രങ്ക് പെട്ടിയെല്ലാം മാറി ഇപ്പോള്‍ വിഐപി യോ സാംസണൈറ്റോ ഒക്കെ ആയോ? അതോ യുദ്ധത്തില്‍ മരിക്കുന്ന പട്ടാളക്കാരെ ശീതീകരിച്ച ശവപ്പെട്ടിയില്‍ യൂണിഫോമിട്ട് നാട്ടിലെത്തിക്കാന്‍ സാധിച്ചു തുടങ്ങിയതോടെ ഈ ട്രങ്ക് പെട്ടിയില്‍ യൂണിഫോം അയക്കുന്ന പരിപാടി നിര്‍ത്തിയോ? ആര്‍ക്കറിയാം.

ഒന്നെനിക്കറിയാം, പണ്ട് പട്ടാളക്കാരുടെ കയ്യില്‍ ഒരു വമ്പന്‍ ട്രങ്ക് പെട്ടി ഉണ്ടായിരുന്നു. അതില്‍ അവരുടെ യൂണിഫോമും. പറ്റിയാല്‍ ചില മെഡലുകളും ഒക്കെ. ഞാന്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. അത് ഇടത്തലയിലെ കുഞ്ചുക്കൊച്ചച്ഛന്റെ വീട്ടിലാണ്.

എന്റെ ഇളയ അമ്മായിയുടെ ഭര്‍ത്താവായിരുന്നു കുഞ്ചുക്കൊച്ചച്ഛന്‍. ഞാന്‍ കാണുന്ന കാലത്ത് കൊച്ചച്ഛന്‍ അവിടെ ഒരു തയ്യല്‍ക്കട നടത്തുകയായിരുന്നു.
പിന്നെ അത്യാവശ്യം കൃഷിയും. പണി എന്താണെങ്കിലും അതിലെല്ലാം ഒരു അടക്കവും ചിട്ടയും ഉള്ള ആളായിരുന്നു കുഞ്ചുക്കൊച്ചച്ഛന്‍ . പഴയ പട്ടാളജീവിതത്തിന്റെ ബാക്കിപത്രം ആകാം.

പട്ടാള ജീവിതത്തെപ്പറ്റി കുഞ്ചുക്കൊച്ചച്ഛന്‍ അധികം സംസാരിക്കാറില്ല. സാധാരണ പട്ടാളക്കാര്‍ വലിയ പുളു അടി വീരന്മാരായിട്ടാണല്ലോ അറിയപ്പെടുന്നത്. ഇതിന് കടകവിരുദ്ധമായിരുന്നു കുഞ്ചുക്കൊച്ചച്ഛന്റെ കാര്യം. ചോദിച്ചാല്‍ പോലും പട്ടാള ജീവിതത്തെപ്പറ്റി കൊച്ചച്ഛന്‍ ഒന്നും അങ്ങു 'വിട്ടു പറയാറില്ല'.

പക്ഷേ വര്‍ഷത്തില്‍ ഒരിക്കല്‍ അമ്പലത്തിലെ ഉത്സവത്തിനു മുമ്പ് ഞങ്ങള്‍ മരുമക്കള്‍ എല്ലാം തറവാട്ടില്‍ ഒത്തുകൂടുമ്പോള്‍ കൊച്ചച്ഛന്‍ വലിയ ട്രങ്ക് പെട്ടി തുറക്കും. അതിലെ യൂണിഫോം എടുത്തണിയും. ആചാരപൂര്‍വ്വം സല്യൂട്ട് അടിക്കും. എന്നിട്ട് ഒരുഗ്രന്‍ ഡയലോഗ് കാച്ചും.

'ഡില്‍ ഛീ കോക്കര്‍ണി'
ഉച്ചത്തിലുള്ള ഈ അലര്‍ച്ച കേട്ട് ഞങ്ങള്‍ ഞെട്ടും. പിന്നെ ചിരിക്കും.
'എന്താ കൊച്ചച്ഛാ ഇതിന്റെ അര്‍ത്ഥം'
'എനിക്കറിയാന്‍ പാടില്ല മക്കളേ, ഇത് ജപ്പാന്‍കാരുടെ ഒരു പ്രയോഗമാണ്'
'അപ്പൊ കൊച്ചച്ഛന്‍ ജപ്പാന്‍ പട്ടാളത്തിലായിരുന്നോ?'
'ഓ, അതൊന്നും പറയാതിരിക്കുന്നതാ ഭേദം'.
കൊച്ചച്ഛന്‍ യൂണിഫോം അഴിച്ചുവക്കും. ഈ വര്‍ഷത്തെ ഷോ കഴിഞ്ഞു, കഥയും.

പക്ഷെ, പല വര്‍ഷങ്ങളില്‍ പല സംഭാഷണങ്ങളില്‍ നിന്നായി ഞാന്‍ കൊച്ചച്ഛന്റെ പട്ടാള ജീവിതത്തെപ്പറ്റി പലതും മനസ്സിലാക്കി. പില്‍ക്കാലത്ത് നമ്മള്‍ പഠിച്ചതും നമ്മളെ പഠിപ്പിക്കാത്തതും ആയ ചരിത്രം വായിച്ചു ബാക്കിയുള്ളതും.

കൊച്ചച്ഛന്റെ മൗനത്തിന്റെ അര്‍ത്ഥം ഇന്നെനിക്കറിയാം. 

രണ്ടാം ലോക മഹായുദ്ധ കാലത്താണ് കൊച്ചച്ഛന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നത്. അന്ന് ഇടത്തല തിരുവിതാംകൂറില്‍ ആയിരുന്നു. പക്ഷെ, മഹായുദ്ധത്തിന് തിരുവിതാംകൂര്‍ പട്ടാളത്തെ വിട്ടുകൊടുക്കില്ല എന്ന് മഹാരാജാവ് ആദ്യമേ പറഞ്ഞു. യുദ്ധാവശ്യത്തിന് വേണമെങ്കില്‍ കാശായിട്ടു വല്ലതും കൊടുക്കാം (ഇപ്പോഴല്ലേ അതിന്റെ ഗുട്ടന്‍സ് മനസ്സിലായത്.)

പക്ഷെ, ബ്രിട്ടീഷുകാര്‍ക്ക് വേണമെങ്കില്‍ നാട്ടുകാരെ പട്ടാളത്തില്‍ ചേര്‍ക്കാം. ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരാന്‍ നാട്ടുകാര്‍ക്കും അനുവാദം ഉണ്ട്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ സര്‍ക്കാരോ ബ്രിട്ടീഷ് പട്ടാളമോ നിര്‍ബന്ധബുദ്ധി കാട്ടിയതായി കൊച്ചച്ഛന്‍ പറഞ്ഞില്ല (അല്പം നിര്‍ബന്ധമൊക്കെ കാട്ടിയതായി കാലാപാനിയില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. സിനിമയില്‍ പറയുന്നത് കേട്ട് ചരിത്രബോധം ഉണ്ടായാല്‍ ഉറുമി കണ്ട് ഗാമയെ അളക്കുന്ന പോലെയിരിക്കും).

എന്റെ അച്ഛന്‍ പറഞ്ഞുകേട്ടിടത്തോളം പട്ടാളത്തില്‍ പോകുക എന്നത് അക്കാലത്ത് അത്ര പേടിയുള്ള ഒരു സംഭവം ആയിരുന്നില്ല. ഒന്നാമതായി തിരുവിതാംകൂര്‍ പട്ടാളം ഒരു യുദ്ധം ചെയ്തിട്ട് അപ്പോഴേക്കും നൂറ്റാണ്ടുകള്‍ പിന്നിട്ടിരുന്നു. പോരാളികള്‍ ആയ നായന്മാര്‍ എല്ലാം കുടവയറന്മാര്‍ ആയിക്കഴിഞ്ഞപ്പോള്‍ പട്ടാളം യുദ്ധവും ദുരിതവും ആണെന്ന ബോധം സമൂഹത്തിനു നഷ്ടപ്പെട്ടിരുന്നിരിക്കണം. 

രണ്ടാമത്തെ കാര്യം, പട്ടാളത്തില്‍ ചേരാത്തവര്‍ക്കും വലിയ ദീര്‍ഘായുസ്സ് ഒന്നും ഇല്ലായിരുന്നു. ദാരിദ്ര്യവും അതിലപ്പുറം ചികിത്സയില്ലാത്ത രോഗങ്ങളും (മലമ്പനി, കോളറ, വസൂരി) മൂലം ആളുകള്‍ കൂട്ടത്തോടെയും ചെറുപ്പത്തിലും മരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പോലും സര്‍വ്വസാധാരണം ആയിരുന്നു. എന്റെ അച്ഛന്റെ കുടുംബത്തില്‍ അക്കാലത്ത് മുപ്പത്തഞ്ചു വയസിനു മുകളില്‍ ആണുങ്ങള്‍ ജീവിച്ചിരിക്കാറില്ല എന്നു പറയുമ്പോള്‍ മരണത്തെപ്പറ്റി അക്കാലത്ത് നമ്മേക്കാളും അല്‍പ്പം വ്യത്യസ്തമായ കാഴ്ചപ്പാടായാല്‍ അതിശയിക്കാനില്ലല്ലോ.

അതുകൊണ്ടൊക്കെത്തന്നെ ചെറുപ്പകാലത്ത് ബ്രിട്ടീഷ് ആര്‍മിയില്‍ ചേരുമ്പോള്‍ ദുഃഖത്തിലേക്കും ദുരിതത്തിലേക്കും ഉള്ള യാത്രയാണെന്ന് കൊച്ചച്ഛനും വീട്ടുകാര്‍ക്കും തോന്നിയില്ല. കൊച്ചച്ഛന്‍ മാത്രമല്ല ഇരുപതു ലക്ഷത്തോളം ഇന്ത്യക്കാരാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യ ആര്‍മിയില്‍ ചേര്‍ന്ന് യുദ്ധപ്രസ്ഥാനത്തില്‍ പങ്കെടുത്തത്. ലിബിയയില്‍, ഈജിപ്തില്‍, ഇറ്റലിയില്‍, മധ്യേഷ്യയില്‍ എല്ലാം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സഖ്യസേനയുടെ ഭാഗമായി യുദ്ധത്തിനിറങ്ങി.

കൊച്ചച്ഛന്റെ വിധി മലയയിലേക്ക് പോകാനായിരുന്നു. ഇപ്പോഴത്തെ മലേഷ്യയും സിംഗപ്പൂരും ഒക്കെ ചേര്‍ന്ന ഭൂവിഭാഗമാണ് അക്കാലത്ത് മലയ എന്ന പേരില്‍
അറിയപ്പെട്ടിരുന്നത്. ഇതൊരു ബ്രിട്ടീഷ് കോളനി ആയിരുന്നു. സിംഗപ്പൂരായിരുന്നു ഇതിന്റെ ആസ്ഥാനം.

യുദ്ധത്തിന്റെ ആദ്യകാലത്ത് കിഴക്കന്‍ മുന്നണിയില്‍ വലിയ ആക്ഷന്‍ ഒന്നും ഉണ്ടായില്ല. ജര്‍മ്മനിയും ഇറ്റലിയും ഒക്കെയായിരുന്നു പ്രധാനശത്രുക്കള്‍. അതുകൊണ്ടുതന്നെ പോരാട്ടങ്ങള്‍ നടന്നത് യൂറോപ്പിലും നോര്‍ത്ത് ആഫ്രിക്കയിലും റഷ്യയിലും ഒക്കെയായിരുന്നു. ജപ്പാന്റെ യുദ്ധപ്രവര്‍ത്തനങ്ങള്‍ ചൈനയിലും കൊറിയയിലും ഒക്കെയായി ചുരുങ്ങി.

ലക്ഷക്കണക്കിന് പട്ടാളക്കാരും യുദ്ധവിമാനങ്ങളും മറ്റു പടക്കോപ്പുകളും ഉള്ള സിംഗപ്പൂരിനെ ജപ്പാന്‍ ആക്രമിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

സിംഗപ്പൂര്‍ ഒഴിച്ചുള്ള മലയ വനപ്രദേശമായിരുന്നു. അതിനുവേണ്ടി യുദ്ധം ചെയ്യുമെന്നോ അവിടെ യുദ്ധം ചെയ്യാന്‍ ജപ്പാന്‍ മുതിരുമെന്നോ ഒന്നും
ബ്രിട്ടീഷ് കമാന്‍ഡര്‍മാര്‍ വിചാരിച്ചും ഇല്ല.

പക്ഷെ ചൈനയിലെ ജപ്പാന്‍ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ ജപ്പാനിലേക്ക് എണ്ണയോ ലോഹഅയിരുകളോ ഒക്കെ കയറ്റി അയക്കുന്നതിന് സഖ്യകക്ഷികള്‍ നിരോധനം
ഏര്‍പ്പെടുത്തിയത് ജപ്പാനെ ചൊടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും അപ്രതീക്ഷിതവും അവിശ്വസനീയവും ആയ സൈനികനീക്കം ആണ് ജപ്പാന്‍
ഇതിനെതിരെ ആസൂത്രണം ചെയ്തത്. പേള്‍ ഹാര്‍ബര്‍ മുതല്‍ സിംഗപ്പൂര്‍ വരെയുള്ള സംഖ്യ സൈന്യത്തിന്റെ ആസ്ഥാനങ്ങള്‍ നശിപ്പിക്കാനും ബോര്‍ന്നിയോ
മുതല്‍ ബര്‍മ്മ വരെ എണ്ണയോ , ടിന്നോ മറ്റു ലോഹങ്ങളോ ഉള്ള ഏതു രാജ്യവും പിടിച്ചടക്കാനും അവര്‍ തീരുമാനിച്ചു. സഖ്യകക്ഷികള്‍ തീരെ പ്രതീക്ഷിക്കാതിരുന്ന വേഗത്തിലും സമയത്തിലും അതിസാഹസികമായ വേഗത്തില്‍ ജപ്പാന്‍ സേന മുന്നേറ്റം നടത്തി. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തൊന്ന് ഒക്ടോബര്‍ മുതല്‍ നാല്പത്തി രണ്ട് മാര്‍ച്ച് വരെയുള്ള ആറു മാസത്തിനകം ദക്ഷിണ ചൈന കടലിന്റെ ചുറ്റിലും ഉള്ളിലുമുള്ള രാജ്യങ്ങളും ദ്വീപുകളും എല്ലാം തന്നെ ജപ്പാന്റെ കയ്യിലായി. പേള്‍ ഹാര്‍ബര്‍ തകര്‍ന്ന് തരിപ്പണം ആയി. സിംഗപ്പൂരില്‍ സഖ്യസേന ഒരു ലക്ഷത്തോളം പട്ടാളക്കാരുമായി ജപ്പാന് കീഴടങ്ങി.

ഇവിടെയാണ് കുഞ്ചുക്കൊച്ചച്ഛന്റെ യുദ്ധകാല അനുഭവങ്ങള്‍ തുടങ്ങുന്നത്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി മലയായില്‍ ആയിരുന്നു കൊച്ചച്ഛന്റെ ആസ്ഥാനം എന്നു പറഞ്ഞല്ലോ. ടാങ്കുകളും വിമാനങ്ങളും എല്ലാം മാറ്റിവച്ച് സൈക്കിളുകളില്‍ ആണിവിടെ ജപ്പാന്‍ യുദ്ധത്തിനിറങ്ങിയത്. മലയന്‍ കാടുകളില്‍ കൊതുകും, പട്ടിണിയും അട്ടയും ഒക്കെ ഒരു വശത്തും ജപ്പാന്‍ പട്ടാളം മറുവശത്തും ആയി കുഞ്ചുക്കൊച്ചച്ഛനും കൂട്ടുപട്ടാളവും ഏറെ കഷ്ടപ്പെട്ടു.

ഒരു കണക്കിനു പറഞ്ഞാല്‍ എത്ര അര്‍ത്ഥ ശൂന്യമാണ് കുഞ്ചുക്കൊച്ചച്ഛന്റെ യുദ്ധം എന്നു നോക്കുക. ഇടത്തലയില്‍ അത്യാവശ്യം കൃഷിയൊക്കെ നോക്കി
നടക്കേണ്ട ആളാണ്. ജപ്പാന്‍കാരോട് കൊച്ചച്ഛന് ഒരു ശത്രുതയും ഇല്ല. മലയയിലെ മഴക്കാടുകള്‍ ജപ്പാന്‍കാരുടെ കയ്യില്‍ നിന്നും ജീവന്‍ പണയം
വച്ചും സംരക്ഷിക്കേണ്ട ഒരുത്തരവാദിത്വവും കൊച്ചച്ഛനില്ല. അങ്ങനെ ചെയ്യണമെന്ന് ഒരു മലയക്കാരനും കൊച്ചച്ഛനോടോ തിരുവിതാംകൂര്‍ രാജാവിനോടോ
ആവശ്യപ്പെട്ടിട്ടില്ല. യുദ്ധത്തില്‍ ആരു ജയിച്ചാലും കൊച്ചച്ഛനെ പോലെയുള്ളവരുടെ സ്ഥിതിയില്‍ ഒരു മാറ്റവും പ്രതീക്ഷിക്കുകയും വേണ്ട. (ഒന്നാം ലോകമഹായുദ്ധത്തിലും ഇതുപോലെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ലോകമെമ്പാടും ബ്രിട്ടീഷുകാരോടൊപ്പം യുദ്ധത്തിനിറങ്ങിയതാണ്. പതിനായിരക്കണക്കിനാ ഇന്ത്യക്കാര്‍ മരിക്കുകയും ചെയ്തു. ബ്രിട്ടന്‍ യുദ്ധം ജയിച്ചു, എന്നിട്ടെന്തുണ്ടായി?)

ജപ്പാന്‍ സൈന്യത്തിന്റെ തന്ത്രവും സഖ്യസൈന്യത്തിന്റെ തന്ത്രക്കുറവും കാരണം കൊച്ചച്ഛന് അധികനാള്‍ കാട്ടില്‍ യുദ്ധം ചെയ്യേണ്ടി വന്നില്ല. സിംഗപ്പൂരിന്റെ കീഴടങ്ങലിനു മുന്‍പുതന്നെ മലയയിലെ യുദ്ധം തീര്‍ന്നിരുന്നു. ഇന്ത്യന്‍ ആര്‍മിയിലെ പതിനായിരക്കണക്കിന് പട്ടാളക്കാര്‍ ജപ്പാന്‍ ആര്‍മിയുടെ കസ്റ്റഡിയില്‍ ആയി.

പക്ഷെ യുദ്ധം വേഗത്തില്‍ തീര്‍ന്നെങ്കിലും കീഴടങ്ങിയ പട്ടാളക്കാരുടെ ദുരിതം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ജപ്പാന്‍കാരുടെ യഥാര്‍ത്ഥ ലക്ഷ്യം ബര്‍മ്മയായിരുന്നു. കാരണം അവിടെയാണ് എണ്ണയുടെ വന്‍ നിക്ഷേപം ഉള്ളത്. അതാദ്യം കൈക്കലാക്കണം. അതിനു ശേഷം ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാരെ തുരത്തണം, കാരണം ഇന്ത്യയായിരുന്നല്ലോ ബ്രിട്ടീഷ് കോളോണിയല്‍ ശക്തിയുടെ ഏറ്റവും വലിയ ആധാരം.

മലയയില്‍ നിന്നും ബര്‍മ്മയില്‍ എത്താന്‍ ഏറ്റവും എളുപ്പം കടല്‍ മാര്‍ഗം ആണ്. സിംഗപ്പൂരും ആന്‍ഡമാന്‍ ദ്വീപും ജപ്പാന്റെ കൈവശം ആയതിനാല്‍ അത്
സാധ്യവും ആണ്. പക്ഷെ ബംഗാള്‍ ഉള്‍ക്കടല്‍ ഭദ്രമല്ല. കല്‍ക്കട്ടയില്‍ നിന്നും കൊളംബോയില്‍ നിന്നും ബ്രിട്ടന് വേണമെങ്കില്‍ കപ്പലുകളെ ആക്രമിക്കാം. അതിനാല്‍ സൗത്ത് ചൈനാ കടലില്‍ നിന്നും തായ് ലാന്റ് വഴി ഒരു കരമാര്‍ഗം ആണ് കൂടുതല്‍ സുരക്ഷിതം. ഇങ്ങനെ ആയിരുന്നു ജപ്പാന്റെ കണക്കു കൂട്ടല്‍. കാരണം സൗത്ത് ചൈനാ കടല്‍ പൂര്‍ണ്ണമായും ജപ്പാന്റെ അധീനതയില്‍ ആണ്.

ഇങ്ങനെയാണ് സഖ്യകക്ഷിയിലെ ലക്ഷക്കണക്കിന് യുദ്ധതടവുകാരേയും ഇന്തോനേഷ്യയില്‍ പിടിക്കപ്പെട്ട ഡച്ചുകാരേയും പിന്നെ കുറെ ഇന്ത്യന്‍ കൂലികളേയും ഒക്കെ ജപ്പാന്‍ റയില്‍വേ പണിക്കായി തായ്‌ലാന്റില്‍ എത്തിക്കുന്നത്. സിംഗപ്പൂരില്‍ പിടിക്കപ്പെട്ട ഇന്ത്യന്‍ സൈനികരില്‍ ഭൂരിഭാഗവും ജപ്പാനുമായി സൗഹൃദത്തില്‍ ആയിരുന്ന നേതാജിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്ന് ബര്‍മ്മയില്‍ ബ്രിട്ടനെതിരെ യുദ്ധത്തിനെത്തി. കുഞ്ചുക്കൊച്ചച്ഛന്റെ ഗ്രൂപ്പിനു പക്ഷെ
ജപ്പാന്‍ കാമ്പിലെത്താനായിരുന്നു യോഗം. അങ്ങനെയാണ് 'ഡില്‍ ഛീ കോക്കര്‍ണി' ഇടത്തലയില്‍ എത്തിയത്. 

യുദ്ധത്തേക്കാള്‍ ഭീകരമായ വിധിയാണ് റെയില്‍പാത നിര്‍മ്മാണത്തില്‍ പട്ടാളക്കാരെ നേരിട്ടത്. ഏറ്റവും വേഗത്തില്‍ റെയില്‍പാത നിര്‍മ്മിക്കുക
എന്നതു മാത്രമായിരുന്നു ജപ്പാന്റെ ലക്ഷ്യം. അപ്പോള്‍ അതിലേര്‍പ്പെട്ടിരുന്നവരുടെ സൗഖ്യവും ആരോഗ്യവും ഒന്നും ആലോചിക്കാനോ അന്വേഷിക്കാനോ ആര്‍ക്കും സമയം ഉണ്ടായിരുന്നില്ല. വനമധ്യത്തില്‍ ചൂടിലും മഴയിലും അട്ടയും പട്ടിണിയും മൂലം കഷ്ടപ്പെട്ട ഈ പട്ടാളക്കാര്‍ക്ക് കഠിനാധ്വാനമായിരുന്നു. ഭക്ഷണം തീരെ കമ്മി. യുദ്ധത്തിനു വേണ്ടി ബ്രിട്ടീഷുകാര്‍ ഏറെ അരിയും മാംസവും ഒക്കെ ശേഖരിച്ചു വച്ചിരുന്നതാണ്. പക്ഷെ കീഴടങ്ങുന്ന സമയത്ത് ഇത് ജപ്പാന്‍കാര്‍ക്ക് ഉപയോഗപ്പെടതിരിക്കാന്‍ അരിയില്‍ എല്ലാം മണ്ണെണ്ണ ഒഴിച്ചു , മാംസം എല്ലാം കുഴിച്ചിട്ടു. പക്ഷെ റെയില്‍വേ പണി നീണ്ടു നില്‍കുകയും സ്വന്തം പട്ടാളക്കാര്‍ക്ക് പോലും റേഷന്‍ കൊടുക്കാന്‍ ജപ്പാന്‍കാര്‍ ബുദ്ധിമുട്ടുകയും ചെയ്തപ്പോള്‍ മണ്ണെണ്ണ ഒഴിച്ച അരിയും കുഴിച്ചിട്ട മാംസവും എല്ലാം തിരികെ എടുത്തു തടവുകാര്‍ക്ക് വിതരണം ചെയ്തു. പുഴുവരിച്ച ഇറച്ചിയില്‍ നിന്നും പുഴുവിനെ മാറ്റി പുഴുങ്ങിയും അല്ലാതെയും ഒക്കെ ഭക്ഷണം കഴിച്ചാണ് യുദ്ധ തടവുകാര്‍ ജീവന്‍ നില നിര്‍ത്തിയത്. അതേ സമയം റെയില്‍വേ പണി വേഗം തീര്‍ക്കാന്‍ വേണ്ടി ജപ്പാന്‍ കാര്‍ ഇവരെ അത്യധ്വാനം ചെയ്യിച്ചു, പണി ചെയ്യാത്തവരെ കഠിനമായി ശിക്ഷിച്ചു. പട്ടിണി മൂലവും രോഗം ബാധിച്ചും ശിക്ഷയുടെ കാഠിന്യം കാരണവും പതിനായിരക്കണക്കിന് പട്ടാളക്കാര്‍ ഈ റെയില്‍വേയുടെ നിര്‍മ്മാണത്തിനിടക്കു മരിച്ചുവീണു. എന്തിന് സഖ്യകക്ഷികള്‍ക്ക്
ഏഷ്യയില്‍ യുദ്ധത്തില്‍ മരിച്ചവരില്‍ കൂടുതല്‍ പേരാണ് ഈ റെയില്‍വേയുടെ നിര്‍മ്മാണത്തിനിടയില്‍ മരിച്ചത്. 'മരണത്തിന്റെ റെയില്‍വേ' (ഡെത്ത് റെയില്‍വേ) എന്നാണീ റെയില്‍വേക്ക് ചരിത്രം നല്കിയ പേര്. 

ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ അടുത്ത തവണ ബാങ്കോക്കില്‍ പോകുമ്പോള്‍ ഒരു ദിവസം രാവിലെ ഈ ഡെത്ത് റെയില്‍വേയില്‍ യാത്ര ചെയ്യാവുന്നതാണ്.
ബാങ്കോക്കില്‍ നിന്നും കാഞ്ചനപുരി എന്ന സ്ഥലത്തേക്ക് ഈ റെയില്‍വേ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്. അവിയെയാണ് പില്‍ക്കാലത്ത് ഹോളിവു!ഡ്
സിനിമയിലൂടെ അനശ്വരമാക്കപ്പെട്ട 'ബ്രിഡ്ജ് ഓവര്‍ റിവര്‍ ക്വായ് 'നിലനില്ക്കുന്നത്.

ക്വായ് നദിയിലെ പാലത്തിനു ഒരു കിലോമീറ്റര്‍ ദൂരെ റെയില്‍വേ നിര്‍മ്മാണത്തിനിടക്ക് മരണമടഞ്ഞ പതിനായിരത്തോളം പട്ടാളക്കാരുടെ ശവകുടീരം ഉണ്ട്. ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഹോളണ്ട് എന്നിങ്ങനെ പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍. എല്ലാവരുടേയും പേര് ശവകുടീരത്തിനു മുകളില്‍ രേഖപ്പെടുത്തിയിട്ടും ഉണ്ട്. അമേരിക്കക്കാരുടെ അവശിഷ്ടങ്ങള്‍ അവര്‍ എടുത്ത് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോയി. 
'ഇവിടെ ഇന്ത്യക്കാരുടെ ശവകുടീരങ്ങള്‍ ഒന്നും ഇല്ലേ' ഞാന്‍ ഗൈഡിനോടു ചോദിച്ചു.
'എനിക്കറിയില്ല, പക്ഷെ, അതാ അങ്ങേ അറ്റത്തു പോയി നോക്കൂ, അവിടെയാണ് പല രാജ്യങ്ങളിലെ ആളുകളെ കൂട്ടമായി അടക്കിയിരിക്കുന്നത്'.
പല ഹെക്ടര്‍ വലിപ്പമുണ്ട് ഈ സെമിത്തേരിക്ക്. അതിന്റെ ഒരു കോണില്‍ നൂറു കണക്കിന് ശവകുടീരങ്ങള്‍ അല്പം മാറിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
മറ്റുള്ള ശവകുടീരങ്ങളെപ്പോലെ ഇതും മാന്യമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പക്ഷെ കല്ലറയുടെ മുകളില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്.

'രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച ഒരു പട്ടാളക്കാരന്‍, ഇയ്യാളുടെ ദൈവത്തിനു മാത്രമറിയാം ഇതാരാണെന്ന്'.

ഭാഗ്യത്തിന് ദൈവത്തിനു മാത്രം അറിഞ്ഞ് അവിടെ കിടക്കേണ്ട യോഗം കുഞ്ചുക്കൊച്ചച്ഛന് ഉണ്ടായില്ല. യുദ്ധാവസാനം പെട്ടിയും തൂക്കി കൊച്ചച്ഛന്‍ നാട്ടിലെത്തി. മക്കളോടും കൊച്ചുമക്കളോടും ഉള്‍പ്പെടെ ഏറെക്കാലം പെന്‍ഷനും മാസാമാസം രണ്ടു കുപ്പിയും വാങ്ങി വര്‍ഷത്തിലൊരിക്കല്‍ യൂണിഫോമിട്ട് ഞങ്ങളെ രസിപ്പിച്ച കൊച്ചച്ഛന്‍ 2009ല്‍ മരിച്ചു.

പക്ഷെ, അര്‍ത്ഥശൂന്യമായ യുദ്ധങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ആരുടെയോ ഒക്കെ നാട്ടില്‍ ആരുടെയൊ ഒക്കെ യുദ്ധങ്ങളില്‍ പടപൊരുതിയും
വെടിയുണ്ടകളേക്കാള്‍ ചൂടിലും തണുപ്പിലും പട്ടിണിയിലും രോഗത്തിലും കഷ്ടപ്പെട്ട് പതിനായിരങ്ങള്‍ ഇപ്പോഴും മരിക്കുന്നു. എന്തിന്? 
'ദൈവത്തിനറിയാം, ദൈവത്തിനു മാത്രം'

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment