എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മലയാളി ജീവനക്കാരെ നിയമിക്കും.
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എല്ലാ എയര്‍ ഇന്ത്യാ വിമാനങ്ങളിലും മലയാളി ജീവനക്കാരെ നിയമിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌സിങ് വ്യക്തമാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെയും യാത്രാക്രമീകരണങ്ങള്‍ ഉറപ്പു വരുത്താന്‍ മുതിര്‍ന്ന എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ബന്ധപ്പെടാന്‍ കോള്‍ സെന്‍റര്‍ ആരംഭിക്കും.
കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ 76-ല്‍ നിന്ന് 95 ആക്കി ഉയര്‍ത്തിയതായി എയര്‍ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചു. നിയമസഭയുടെ പ്രവാസിക്ഷേമ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയിലെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെയും യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളുമാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
സമിതി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പി.എ. മാധവന്‍, എ.പി. അബ്ദുള്ളക്കുട്ടി, ടി.വി. രാജേഷ് എന്നിവരാണുണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രോഹിത് നന്ദന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആന്‍സ് ബെന്‍റ് ഡിസൂസ, ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ താര നായിഡു എന്നിവരും സന്നിഹിതരായിരുന്നു.
എയര്‍ ഇന്ത്യ വിമാനം യാത്ര റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരും വിമാന ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കം വിമാനറാഞ്ചലായി ചിത്രീകരിച്ച കേസ് മുന്‍വിധിയോടെ കാണുന്നില്ലെന്നും കേരള സര്‍ക്കാറുമായി ആലോചിച്ച് സാധ്യമാകുന്നതൊക്കെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ പിന്‍വലിക്കുന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദേശികളായ സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് വിസ അനുവദിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു
No comments:
Post a Comment