സിനിമാ ജീവിതത്തിലെ ആദ്യ ഗാനചിത്രീകരണം നടന്ന പുന്നമടക്കായലിലൂടെ ഓര്‍മകളുടെ വള്ളത്തിലേറി, ഓളപ്പരപ്പില്‍ ലയിച്ച് കാവ്യയുടെ ഒരു പകല്‍...
'വെണ്ണിലാ ചന്ദനക്കിണ്ണം' എന്ന പാട്ടിനൊപ്പം പട്ടുപാവാട പിടിച്ചാണ് കാവ്യാമാധവന്‍ സിനിമയിലേക്ക് കയറിവരുന്നത്. അന്ന് കാവ്യ അഞ്ചാം ക്ലാസിലാണ്. കമലിന്റെ 'അഴകിയ രാവണന്‍' എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു പുന്നമടക്കായലിലെ ഗാനചിത്രീകരണം. കാവ്യയുടെ സിനിമാജീവിതത്തിലെ ആദ്യത്തെ പാട്ട്.
അത് പഴയ കാവ്യ. പിന്നീട് 70-ഓളം സിനിമകളിലൂടെ പല നിലകളിലും കാവ്യ നമുക്ക് പ്രിയങ്കരിയായി. കാവ്യ വീണ്ടും 'കിഴക്കന്‍ വെനീസി'ന്റെ ഓര്‍മകളിലേക്ക് തോണിതുഴഞ്ഞെത്തുകയാണ്. പുന്നമടക്കായലില്‍ ഒരു പകല്‍ നീളുന്ന ഹൗസ്‌ബോട്ട് യാത്ര. 'ഗൃഹലക്ഷ്മി'യുടെ ഫോട്ടോഷൂട്ടിന് വേണ്ടിയാണീ യാത്ര.
തലേന്നുതന്നെ ആലപ്പുഴയിലെത്തിയ കാവ്യ, പുലര്‍ച്ചെ തനി കേരളീയ വേഷത്തില്‍ ഒരുങ്ങിയെത്തി. ആലപ്പുഴ ഫിനിഷിങ് പോയന്റില്‍ 'ജലസൗധം' എന്ന ഹൗസ്‌ബോട്ട് കാവ്യയെ കാത്തുകിടന്നിരുന്നു. ബോട്ടിലേക്ക് കയറുമ്പോള്‍ കാവ്യയുടെ മുഖം പ്രഭാതസൂര്യനില്‍ മിന്നി, അവര്‍ അറിയാതെ മൂളി, 'വെണ്ണിലാ ചന്ദനകിണ്ണം, പുന്നമടക്കായലില്‍ വീണേ...'
ഈ കായലും കരയുമൊക്കെ കാവ്യയുടെ ഓര്‍മയിലില്ലേ?
എങ്ങനെ മറക്കാന്‍. ഞാന്‍ പാടി അഭിനയിച്ച ആദ്യത്തെ പാട്ടല്ലേ. ഇന്നും ചലച്ചിത്ര അവാര്‍ഡ് ചടങ്ങുകളിലും മറ്റും ഞാന്‍ സ്റ്റേജിലെത്തുമ്പോള്‍ ഈ പാട്ടാണ് വെക്കുക.
(കാവ്യ ഓര്‍മകളിലേക്ക് വീണോ?) തോണിയില്‍ ആദ്യമായിട്ടായിരുന്നു ഞാന്‍ കയറുന്നത്. എനിക്കാണെങ്കില്‍ വെള്ളം കാണുന്നതേ പേടി. ഓളങ്ങളില്‍ തോണി ഇളകിയാടുമ്പോള്‍ ഞാന്‍ പലതവണ കരഞ്ഞു. അപ്പോഴെല്ലാം കമലങ്കിള്‍ ഓടിവന്ന് ധൈര്യം തന്നു.
കമലങ്കിള്‍ എന്തു കാണിച്ചുതന്നോ, അതാണ് ഞാന്‍ ചെയ്തത്. എനിക്ക് ഒന്നും അറിയില്ലായിരുന്നു. പാട്ട് ഉറക്കെ കേള്‍പ്പിക്കും. അതിനനുസരിച്ച് പാവാട മുട്ടോളം രണ്ടു കൈകൊണ്ടും 'ദാ.. ഇങ്ങനെ പിടിച്ച്' ഓടണമെന്ന് അങ്കിള്‍ കാണിച്ചുതന്നു. ഞാനതുപോലെ ചെയ്തു. സുകുവേട്ടനായിരുന്നു ക്യാമറ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മയുണ്ടെനിക്ക്.
ഒടുവില്‍ ഒരു വര്‍ഷം മുമ്പ് ഈ കായലോരത്ത് ഞാന്‍ വീണ്ടും വന്നു. 'വെനീസിലെ വ്യാപാരി'യില്‍ അഭിനയിക്കാന്‍. അതേ പടത്തിലെ നായകന്‍ മമ്മൂക്കയുടെ നായികയായിട്ട്.
'വെണ്ണിലാചന്ദനകിണ്ണം' ഷൂട്ട് ചെയ്യുമ്പോള്‍ കായലിന് ഇന്നത്തേക്കാള്‍ ഭംഗിയുണ്ടായിരുന്നുവെന്ന് തോന്നുന്നു. മീന്‍ പിടിക്കാന്‍ പോകുന്നവരുടെ കൊച്ചുകൊച്ചു വള്ളങ്ങളായിരുന്നു കായല്‍ നിറയെ. ഇപ്പോള്‍ നോക്കൂ... നിറയെ ഹൗസ് ബോട്ടുകളാണ് (കാവ്യ ദൂരേക്ക് വിരല്‍ചൂണ്ടുന്നു).
നാട്ടുകാരേക്കാള്‍ വിദേശ ടൂറിസ്റ്റുകളാണ് കായല്‍ ഭംഗി ആസ്വദിക്കാനെത്തുന്നത്. 'വെനീസിലെ വ്യാപാരി'യുടെ ഷൂട്ടിങ് സമയത്ത് നടി പൂനം ബജ്‌വ, മറുനാട്ടുകാരിയാണ്. അവര്‍ പറഞ്ഞു, മുമ്പും ആലപ്പുഴയില്‍ വന്നിട്ടുണ്ട്, ഹൗസ് ബോട്ടില്‍ കയറിയിട്ടുണ്ട് എന്നൊക്കെ. ഞാനാകെ ചമ്മിപ്പോയി. കാരണം ഞാന്‍ ഹൗസ്‌ബോട്ട് അതുവരെ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല.
ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞങ്ങളുടെ മേക്കപ്പ് റൂമൊക്കെ ഹൗസ് ബോട്ടിലായിരുന്നു. ഞാനാദ്യമായി ഹൗസ് ബോട്ടില്‍ കയറുന്നത് അപ്പോഴാണ്. ഇതാ... ഇപ്പോള്‍ സിനിമയുടെ ടെന്‍ഷനൊന്നുമില്ലാതെ മറ്റൊരു ഹൗസ്‌ബോട്ട് യാത്ര... (കാവ്യ കായല്‍പ്പരപ്പില്‍ ലയിച്ചെന്നു തോന്നുന്നു).
കായലിനെക്കുറിച്ച് കവിത എഴുതാന്‍ തോന്നുന്നുണ്ടോ... കാവ്യ എഴുതിയ കവിതകള്‍ സി.ഡി.യാക്കിയല്ലോ?
എന്റെ വരികളെ കവിതകളെന്ന് വിളിക്കാമോ? അറിയില്ല. പാട്ടുകളെന്നാണ് ഞാന്‍ വിളിക്കുന്നത്. 'കാവ്യദള'ങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ മമ്മൂക്ക പറഞ്ഞു, 'സ്വന്തം പാട്ടുകള്‍ സി.ഡി.യാക്കാന്‍ കാവ്യ കാണിച്ചത് ധൈര്യമാണ്' എന്ന്. ശരിക്കും അതെന്റെ ധൈര്യം തന്നെയായിരുന്നു.
ഒരിക്കലും പരാജയപ്പെടാന്‍ ഇഷ്ടപ്പെടാത്തവളായിട്ടും, പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍. അതിനെയൊക്കെ അതിജീവിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതെന്റെ ധൈര്യം ഒന്നുകൊണ്ടു മാത്രമാണ്.
കാവ്യയുടെ പാട്ടുകളില്‍ നിറയെ പ്രണയമാണല്ലോ?
പാട്ടുകള്‍ സി.ഡിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ പോലും എഴുതിയത് മുഴുവന്‍ പ്രണയഗാനങ്ങള്‍ ആണെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇപ്പോള്‍ കേള്‍ക്കുമ്പോഴാണ് അറിയുന്നത് എല്ലാ പാട്ടിലും പ്രണയമുണ്ടെന്ന്. ഒരു പക്ഷേ, എന്റെ മനസ്സില്‍ പ്രണയമുള്ളതുകൊണ്ടാകാം. ഇഷ്ടത്തിന്റെ ഏറ്റവും മൂര്‍ത്തമായ ഭാവമാണ് പ്രണയം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
2012ന്റെ ആദ്യപകുതിയില്‍ കാവ്യയെ സിനിമയില്‍ ഏറെയൊന്നും കണ്ടില്ല?
ഒരുകാലത്ത് ഞാന്‍ എല്ലാം അവസാനിപ്പിച്ച് കുടുംബജീവിതത്തിലേക്ക് പോയതാണ്. തിരിച്ചുവരിക എന്നത് എന്റെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ, ദൈവമെന്നെ തിരികെയെത്തിച്ചു. ഭാഗ്യത്തിന് പഴയതിനേക്കാള്‍ കൂടുതല്‍ സ്‌നേഹം ആളുകള്‍ എനിക്കുതന്നു. വീണ്ടും സിനിമകളുടെ ലോകത്ത് തിരക്കായി.
പക്ഷേ, 'ഗദ്ദാമ' ചെയ്തുകഴിഞ്ഞശേഷം, ഒരു ദിവസം ഞാനെന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി. അദ്ഭുതം തോന്നി. എന്റെ ജീവിതം പഴയതുപോലെയായിരിക്കുന്നു. വീട്ടിലിരിക്കാന്‍ സമയമില്ല, ലൊക്കേഷന്‍ ടു ലൊക്കേഷന്‍ ജീവിതം. ഞാന്‍ എന്നോടു തന്നെ ചോദിച്ചു, 'ഇതല്ലല്ലോ ഞാനാഗ്രഹിച്ചത്'.
ജീവിതത്തില്‍ എനിക്കുവേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല, ഒരു യാത്ര പോലും. പതുക്കെ പതുക്കെ ഈ ചിന്ത എന്നില്‍ വളര്‍ന്നു. സിനിമ ചെയ്യാനും കഥ കേള്‍ക്കാനും തീരെ താത്പര്യം തോന്നാതെയായി. എനിക്ക് പേടിതോന്നി; 'എനിക്ക് സിനിമ മടുക്കുകയാണോ...' അതെനിക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. എന്റെ ജീവിതംതന്നെ സിനിമയാണ്. നാലുവയസ്സുതൊട്ട് തുടങ്ങിയതല്ലേ സിനിമയോടുള്ള ഇഷ്ടം.
ഈ മടുപ്പില്‍നിന്ന് എങ്ങനെ കരകയറാന്‍ പറ്റും? 'തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തുക', ഞാന്‍ തീരുമാനിച്ചു. അങ്ങനെ ജീവിതത്തിലാദ്യമായി മോശം സ്‌ക്രിപ്റ്റുകള്‍ വരുമ്പോള്‍ 'നോ' പറയാന്‍ പഠിച്ചു.
ഒഴിവുസമയം കിട്ടിയപ്പോള്‍ മനസ്സിലായി ജീവിതം കുറേക്കൂടി മനോഹരമാണ് എന്ന്. ഞാന്‍ കുക്കിങ് ക്ലാസില്‍ ചേര്‍ന്നു. കേക്കിനു മുകളില്‍ ഭംഗിയായി ഐസിങ് ചെയ്യാന്‍ പഠിച്ചു. ഞാന്‍ ഐസിങ് ചെയ്തതിന്റെ ഫോട്ടോയെടുത്ത് സിനിമയിലെ കൂട്ടുകാര്‍ക്കൊക്കെ അയച്ചുകൊടുത്തു. അതെനിക്ക് കൂടുതല്‍ സന്തോഷം തന്നു.
സ്‌കൂള്‍ പഠനം വീണ്ടും തുടരാന്‍ തീരുമാനിച്ചു. പ്ലസ്ടു പരീക്ഷ എഴുതി പാസ്സായി. ബി.കോമിന് രജിസ്റ്റര്‍ ചെയ്തു. എന്റെ പാട്ടുകള്‍ സി.ഡി.യാക്കാനും എനിക്കു കഴിഞ്ഞു. എന്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു പരിചയമുള്ള എനിക്ക് ഇക്കാര്യങ്ങളൊക്കെ സ്വയം ചെയ്യാന്‍ കഴിഞ്ഞത് അദ്ഭുതമായിരുന്നു. അതിലൊരു സുഖവും തോന്നി.
ഇപ്പോള്‍ ഞാന്‍ പുതിയൊരു ബിസിനസ് തുടങ്ങുന്നതിന്റെ തിരക്കിലാണ്. ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി. ഞാനും ചേട്ടനും കൂടിയാണ് കമ്പനി തുടങ്ങുന്നത്. 'എം.എന്‍.കെ. ഇവന്റ്‌സ്' എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ മനസ്സൊരു ലക്ഷ്യത്തിലെത്തി എന്ന തോന്നലുണ്ട്. ഇതുവരെ ഞാന്‍ ലക്ഷ്യത്തില്‍നിന്ന് എത്രയോ അകലെയായിരുന്നു. സിനിമ ഒരിക്കലും എന്റെ ലക്ഷ്യമായിരുന്നില്ല, നിയോഗമായിരുന്നു.
കാവ്യ നല്ലപോലെ മെലിഞ്ഞല്ലോ?
ഏഴു കിലോ ഭാരം കുറച്ചു. അതും കഴിക്കുന്ന ഭക്ഷണത്തില്‍ ഒരു കുറവും വരുത്താതെ. ഞാന്‍ നല്ലപോലെ തടിച്ചിരുന്നു. 'കഷ്ടപ്പെട്ടാലേ ഇനി ഈ തടി കുറയൂ' എന്ന് കാണുന്നവരെല്ലാം പറഞ്ഞു. അങ്ങനെ ഡയറ്റ് പരിശീലിച്ചു. പലതരത്തിലുള്ള വര്‍ക്കൗട്ടുകള്‍ നോക്കി. എന്നിട്ടും വേണ്ട രീതിയിലുള്ള റിസള്‍ട്ട് കിട്ടിയില്ല.
അപ്പോഴാണ് എറണാകുളത്തുള്ള 'സ്മാര്‍ട്ട് എസ്‌ക്കാസോ' എന്ന സ്ലിമ്മിങ് സെന്ററിനെക്കുറിച്ച് കേള്‍ക്കുന്നത്. ഡയറ്റും കുഴപ്പമില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ പോയി പരീക്ഷിച്ചു. രണ്ടു കൊല്ലമായിട്ട് അരി ഭക്ഷണം ഉപേക്ഷിച്ചിരുന്ന ഞാന്‍ ചോറ് കഴിക്കാന്‍ തുടങ്ങി, ദോശ കഴിക്കാന്‍ തുടങ്ങി... ഇപ്പോള്‍ എനിക്ക് പഴയ ഡ്രസ്സെല്ലാം ലൂസാണ്. ഇനിയും മെലിയും നോക്കിക്കോ...
ബോട്ട് അല്പമൊന്ന് ഇളകിയാടി. ബോട്ടിനരികില്‍ നിന്നിരുന്ന കാവ്യ പേടിയോടെ ഉള്ളിലേക്ക് അകന്നുമാറി. ഒരു നിമിഷം കാവ്യയുടെ ഓര്‍മകള്‍ നീലേശ്വരത്തേക്ക് മാറിയൊഴുകി. 'നീലേശ്വരത്ത് അച്ചാംതുരുത്ത് എന്നൊരു സ്ഥലമുണ്ട്. അവിടേക്ക് തോണിയില്‍ പോകണം. ഞാനൊരു വട്ടമേ അവിടെ പോയിട്ടുള്ളൂ. അച്ഛന്റെയൊരു കൂട്ടുകാരന്റെ വീട്ടിലേക്ക്. അവിടെ ചെറിയ തോണികളാണ്. ഇളകുമ്പോള്‍ മുങ്ങുമെന്നു തോന്നും. ആ യാത്ര മുഴുവന്‍ ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നു. എനിക്കാണെങ്കില്‍ നീന്താനും അറിയില്ല.'
കാവ്യയ്ക്ക് യാത്രകള്‍ ഇഷ്ടമല്ലേ?
വലിയ യാത്രകളൊന്നും എന്നെയത്ര മോഹിപ്പിക്കാറില്ല. ഞാന്‍ ചെയ്ത ദൂരയാത്രകളെല്ലാം സിനിമയ്ക്കുവേണ്ടിയാണ്. ഒരുതവണ ഓസ്‌ട്രേലിയയില്‍ ചേട്ടന്റെയടുത്ത് പോയതുമാത്രമാണ് ഞാന്‍ ആഗ്രഹിച്ചുപോയ ഒരു വിദേശയാത്ര. ആ യാത്രയില്‍ ഞാന്‍ അധികനേരവും താമസസ്ഥലത്തുതന്നെ തങ്ങാനാണ് താത്പര്യം കാണിച്ചത്. എന്നെ സംബന്ധിച്ച് നീലേശ്വരം യാത്രയും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ജീവിച്ച നാട്ടിന്‍പുറങ്ങളിലൂടെയുള്ള യാത്രകളുമാണ് ഇഷ്ടം.
അടുത്തിടെ ഞാന്‍ ഗുണ്ടല്‍പ്പേട്ട ഭാഗത്തേക്ക് കല്പറ്റ വഴി പോയി. പെട്ടെന്ന് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായതുപോലെ തോന്നി. 1999-ല്‍ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' അഭിനയിക്കാനായി ആ വഴിയിലൂടെയാണ് ഞാന്‍ ചുരംകയറി പോയത്. എന്റെ ആദ്യ ചുരം യാത്രയായിരുന്നു അത്.
അന്നത്തെ യാത്രയുടെ അതേ ആവേശം ഇപ്പോഴത്തെ യാത്രയിലും എനിക്കുതോന്നി. എന്റെ മനസ്സ് അപ്പോള്‍ ചന്ദ്രനുദിക്കുന്ന ദിക്കിലിന്റെ സെറ്റിലായിരുന്നു. പുതിയ കുട്ടിയാണെന്ന് കേട്ട് ക്യാമറാമാന്‍ കുമാര്‍ജി എന്നെ കാണാന്‍ വന്നത് എനിക്കോര്‍മ വന്നു. അന്ന് എന്റെ മുഖം നിറയെ കുരുക്കളാണ്. അതുകണ്ട് കുമാര്‍ജി മേക്കപ്പ്മാനെ വിളിച്ച് പറയുന്നതുകേട്ടു, 'ഈ കുട്ടിയുടെ മുഖത്തെ കുരുക്കള്‍ മേക്കപ്പിട്ട് മായ്ക്കരുത്. അത് സ്‌ക്രീനില്‍ തെളിയണ'മെന്ന്. മുഖത്തിന്റെ കുട്ടിത്തം മാറാനായിട്ട് എന്റെ പുരികമെല്ലാം കട്ടിയില്‍ വരച്ച്, വലിയ പൊട്ടെല്ലാം തൊടുവിച്ചു.
അന്ന് ഷൂട്ടിങ് കഴിഞ്ഞ് കാട്ടിലൂടെ വരുമ്പോള്‍ വഴിവക്കില്‍ കാട്ടാനക്കൂട്ടം. ഞങ്ങളെല്ലാം പേടിച്ചുവിറച്ചു. കാര്‍ സൈഡിലേക്ക് മാറ്റിയിട്ട് ലൈറ്റെല്ലാം ഓഫാക്കി, കാറില്‍ തന്നെയിരുന്നു. കുറേനേരം കഴിഞ്ഞ് ആനക്കൂട്ടം പോയശേഷമാണ് യാത്രതുടര്‍ന്നത്. അതൊക്കെ ഓര്‍മയില്‍ തെളിഞ്ഞുവന്നു.
സങ്കടം വരുമ്പോള്‍ കാവ്യ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം?
എന്റെ മുറിയാണ് എന്റെ ലോകം. വീട്ടിലുള്ളപ്പോഴെല്ലാം ഞാന്‍ കൂടുതല്‍ സമയവും എന്റെ മുറിയില്‍ തന്നെയായിരിക്കും. ഞാന്‍ സ്വാതന്ത്ര്യമനുഭവിക്കുന്നത് എന്റെ മുറിയിലാണ്. എന്റെ സങ്കടം എന്റേതു മാത്രമാണ്. അത് മറ്റാരും ഷെയര്‍ ചെയ്യുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ കരയുന്നത് അച്ഛനും അമ്മയും കാണരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
പക്ഷേ, സന്തോഷമാണെങ്കില്‍ അത് എല്ലാവരുമായും ഷെയര്‍ ചെയ്യുന്നത് എനിക്കിഷ്ടമാണ്. അത് ഞാന്‍ പുറത്തുകാണിക്കുകയും ചെയ്യും. മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രകടിപ്പിക്കാറുമുണ്ട്.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നു തുടങ്ങിയ യാത്ര. സിനിമാ ജീവിതത്തില്‍ തൃപ്തിയില്ലേ?
70 സിനിമകളില്‍ ഇതുവരെ അഭിനയിച്ചു. 80 ശതമാനവും ഇഷ്ടപ്പെട്ട സിനിമകളാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശ മാധവന്‍, അനന്തഭദ്രം, മിഴി രണ്ടിലും, ക്ലാസ് മേറ്റ്‌സ്, പെരുമഴക്കാലം, ചക്കരമുത്ത്, ഗദ്ദാമ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകള്‍ കൂടുതലിഷ്ടമാണ്. ഇനി റിലീസ് ചെയ്യാനുള്ളത് 'ബ്രേക്കിങ് ന്യൂസ് ലൈവ്' ആണ്. അതു കഴിഞ്ഞാല്‍ രഞ്ജിത്തേട്ടന്റെ മമ്മൂക്ക പടം. ഞാന്‍ ആ സിനിമയില്‍ നീലേശ്വരംകാരിയായിട്ടാണ് അഭിനയിക്കുന്നത്. അതിന്റെ ആവേശത്തിലാണ് ഞാന്‍.
20 വര്‍ഷമായി കാവ്യ സിനിമയിലുണ്ട്. രണ്ടു തലമുറയിലെ ആര്‍ട്ടിസ്റ്റുകളെ കാവ്യ കണ്ടു?
ഇപ്പോഴത്തെ കുട്ടികളെല്ലാം ഭയങ്കര പ്രൊഫഷണലിസം കാണിക്കുന്നവരാണ്. കുറച്ചുപേര്‍ക്ക് പാഷനാണ് സിനിമ, ചിലര്‍ക്ക് ടൈംപാസ്. ആഗ്രഹിച്ചു വരുന്നവരുമുണ്ട്. 'സിനിമ ഉണ്ടെങ്കില്‍ നല്ലത്, അല്ലെങ്കില്‍ പോട്ടെ' എന്ന മട്ടാണ് എല്ലാവര്‍ക്കും. നല്ല വിദ്യാഭ്യാസമുള്ളവരാണ് എല്ലാവരും. നാളെ സിനിമയില്ലെങ്കിലും ജീവിക്കാന്‍ പറ്റിയ സാഹചര്യം ഉറപ്പാക്കിയാണ് അവര്‍ വരുന്നത്. പുതിയ തലമുറയ്ക്ക് ആരെയും പേടിയില്ല. വളരെ ബോള്‍ഡായാണ് ആവശ്യങ്ങള്‍ പറയുന്നത്.
പഴയ തലമുറയ്ക്ക് സിനിമ കഴിഞ്ഞേ ജീവിതം പോലും ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ തലമുറ ജീവിതത്തിനുവേണ്ടി സിനിമയെ സ്‌നേഹിക്കുന്നു. ഇതില്‍ ഏതാണ് ശരിയായ രീതി എന്നെനിക്ക് അറിയില്ല. ഓരോരുത്തര്‍ക്കും ശരിയെന്നു തോന്നുന്ന രീതി തിരഞ്ഞെടുക്കുകയേ നിവൃത്തിയുള്ളൂ. കമലങ്കിള്‍ ഒരിക്കല്‍ പറഞ്ഞു, ഭാര്യ പ്രസവിക്കുന്ന സമയത്ത് അങ്കിള്‍ ലൊക്കേഷനിലായിരുന്നുവെന്ന്. പതിനഞ്ച് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ ആദ്യമായി കാണാന്‍ പോയത്. ഇപ്പോഴത്തെ സംവിധായകരാണെങ്കില്‍ കുഞ്ഞിന്റെ പിറന്നാളാണ് എന്നൊക്കെ പറഞ്ഞ് അസിസ്റ്റന്റിനെ ഡ്യൂട്ടിയേല്പിച്ച് ഒറ്റപ്പോക്കാണ്.
ആളുകള്‍ തമ്മിലുള്ള ബന്ധത്തില്‍ വന്ന മാറ്റമാണ് അതിശയിപ്പിക്കുന്നത്. കുറേക്കാലമായി സിനിമയില്‍ തന്നെയുണ്ടെങ്കിലും പഴയ സഹപ്രവര്‍ത്തകരെ കാണുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമുണ്ടല്ലോ, അതൊരിക്കലും പുതുതലമുറയില്‍നിന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. പഴയ സഹപ്രവര്‍ത്തകരെ കാണുമ്പോള്‍ അവര്‍ അന്യരാണ് എന്ന തോന്നല്‍ ഉണ്ടാകാറില്ല. (കാവ്യ അല്പനേരം മിണ്ടാതിരിക്കുന്നു. പിന്നെ ഓര്‍മയില്‍ നിന്നെന്നപോലെ പറഞ്ഞു).
ഇന്നുരാവിലെ ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ച് ഇന്നസെന്റ് അങ്കിളിനെ കണ്ടു. ഞാന്‍ ഇടയ്‌ക്കൊക്കെ അദ്ദേഹത്തെ കാണുന്നതാണ്. എന്നിട്ടും എനിക്ക് എന്തു സന്തോഷമായെന്നോ. എന്റെയൊരു അമ്മാവനെ കണ്ടപോലെയാണ് എനിക്കു തോന്നിയത്. അമ്മാവനെ കാണുമ്പോള്‍ നമ്മള്‍ വീട്ടിലെ വിശേഷമൊക്കെ പറയില്ലേ. അതൊക്കെ ഞാന്‍ ഇന്നസെന്റ് അങ്കിളിനോടും പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് 'പാവം ഐ.എ. ഐവാച്ചന്റെ' സെറ്റില്‍ ഞങ്ങള്‍ ആദ്യമായി കണ്ടത്അങ്കിള്‍ ഓര്‍മിപ്പിച്ചു. എനിക്കതിശയം തോന്നി. ഇതൊക്കെ എത്ര കാര്യമായാണ് അദ്ദേഹം ഓര്‍ത്തുവെക്കുന്നത്. അതായിരുന്നു പഴയകാലത്തെ ബന്ധങ്ങള്‍. ഇപ്പോള്‍ വെറും ഹായ്, ബൈ അടുപ്പങ്ങളേയുള്ളൂ.
പുത്തന്‍ തലമുറ സിനിമകളുടെ കാലമാണിപ്പോള്‍. കാവ്യയെ പക്ഷേ, അത്തരം സിനിമകളില്‍ കാണുന്നില്ലല്ലോ?
ന്യൂ ഏജ് സിനിമകള്‍ എന്നൊരു വേര്‍തിരിവ് എന്തിനാണ്? സിനിമകള്‍ വ്യത്യസ്തമായ രീതിയില്‍ എടുക്കാന്‍ തുടങ്ങി. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നു. അത്രയേയുള്ളൂ. ഈ ചെയ്ഞ്ച് എന്തായാലും നല്ലതാണ്. ന്യൂ ഏജ് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ഇനി വരാനിരിക്കുന്ന 'ബ്രേക്കിങ് ന്യൂസ് ലൈവ്' ഒരുപക്ഷേ, ആ ഗ്രൂപ്പില്‍ വരുമായിരിക്കും.
ന്യൂ ഏജ് സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ വളരെ ബോള്‍ഡാണ്. അവര്‍ മദ്യപിക്കുന്നു, ലൈംഗികതയെക്കുറിച്ച് തുറന്നുപറയുന്നു, വിവാഹപൂര്‍വബന്ധങ്ങളില്‍ വിശ്വസിക്കുന്നു...
പെണ്‍കുട്ടികളുടെ ബോള്‍ഡ്‌നസ് എന്നു പറഞ്ഞുകാണിക്കുന്ന ഇത്തരം കാര്യങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. മലയാളികള്‍ക്ക് ഒരു സംസ്‌കാരമുണ്ട്. ആ സംസ്‌കാരവുമായി ഇതെന്തായാലും ചേര്‍ന്നുപോകുന്നില്ല. സംസ്‌കാരം കൈവിട്ടാല്‍ മലയാളികളും മറുനാടും തമ്മിലെന്തു വ്യത്യാസം? ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്. കാഴ്ചപ്പാടിലെ വ്യത്യാസം സംസ്‌കാരത്തെ വിലയിരുത്തുന്നതിലും വരാം.
സ്ത്രീകളെ പ്രതികരണസ്വഭാവമുള്ളവരായി ചിത്രീകരിക്കുന്നതിനെ ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, ന്യൂ ഏജ് സിനിമകളില്‍ കാണുന്ന രീതിയില്‍ നമ്മുടെ സംസ്‌കാരത്തെ മറന്ന് പ്രതികരിക്കുന്നതിനോട് യോജിക്കാന്‍ പറ്റില്ല.
കാവ്യ ലൊക്കേഷനില്‍ വരുമ്പോള്‍ അമ്മയോ അച്ഛനോ കൂടെ കാണും. പുതിയ കുട്ടികള്‍ ഒറ്റയ്ക്കാണ് യാത്രകള്‍?
പുതിയ കുട്ടികളോട് ഞാന്‍ ചോദിക്കാറുണ്ട്, 'അപരിചിതമായ സ്ഥലം, അറിയാത്ത ഹോട്ടലുകള്‍. ഒറ്റയ്ക്ക് താമസിക്കാന്‍ പേടിതോന്നുന്നില്ലേ' എന്ന്. 'എന്തിനു പേടിക്കണം' എന്ന് കൂളായി അവര്‍ തിരിച്ചുചോദിക്കും. ഇത് നല്ല മാറ്റമാണ്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും താമസിക്കുന്നതുമൊക്കെ പുതിയ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യബോധമാണ് കാണിക്കുന്നത്. അവരെല്ലാം ആരുടെയും തുണയില്ലാതെ ജീവിക്കാന്‍ കഴിവുള്ളവരാണ്. അവര്‍ അത്തരം സാഹചര്യങ്ങളിലൂടെ വളര്‍ന്നവരായിരിക്കും. എന്റെ കാര്യം അതല്ല. എനിക്ക് എന്തിനും ഏതിനും അച്ഛന്റെയും അമ്മയുടെയും സഹായം വേണം.
എനിക്ക് ഒറ്റയ്ക്ക് യാത്രചെയ്യാന്‍ ഒട്ടും ധൈര്യക്കുറവുണ്ടായിട്ടല്ല. ശരിയും തെറ്റും കൃത്യമായി തിരിച്ചറിയാനുള്ള കഴിവുമുണ്ട്. പക്ഷേ, എന്നെ സഹായിക്കാന്‍ ആളുണ്ടാവുമ്പോഴാണ് ഞാന്‍ മടിച്ചിയായി പോകുന്നത്. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്ത് ഞാന്‍ കൂടുതല്‍ കാര്യപ്രാപ്തി കാണിക്കാറുണ്ട്. ജീവിതത്തില്‍ ഒരു പ്രതിസന്ധി വന്നപ്പോള്‍, നിര്‍ണായക തീരുമാനങ്ങള്‍ ഞാന്‍ ഒറ്റയ്ക്കാണ് എടുത്തത്.
അഭിനയിച്ച കഥാപാത്രങ്ങളായി യഥാര്‍ഥത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് കഥാപാത്രം തിരഞ്ഞെടുക്കും?
മീശ മാധവനിലെ രുഗ്മിണി. ആ ഗ്രാമത്തില്‍ രുഗ്മിണിയായി ജീവിക്കുന്നത് ഞാന്‍ പലപ്പോഴും മനസ്സില്‍ കാണാറുണ്ട്.
മങ്കരയിലെ പോലീസ് സ്റ്റേഷന്‍ വഴി പോകുമ്പോഴൊക്കെ വല്ലാത്തൊരു ഫീലാണ്. അവിടെയെത്തിയാല്‍ കാറില്‍ നിന്ന് ഇറങ്ങി ഞാന്‍ നോക്കും, മാധവനും രുഗ്മിണിയും അവിടെ ഇപ്പോഴും ഉണ്ടാകുമോ എന്ന്. അവര്‍ അവിടെത്തന്നെയുണ്ട് എന്ന് എന്നോട് മനസ്സ് പറയുന്നു.
മങ്കരയിലെ രുഗ്മിണിയുടെ വീട് എനിക്ക് സ്വന്തംവീടുപോലെയാണ്. കഴിഞ്ഞ ദിവസം ഒരു നടി എന്നെ വിളിച്ചു. അവരപ്പോള്‍ മങ്കരയിലെ വീട്ടിലായിരുന്നു. അവര്‍ ചോദിച്ചു, 'മങ്കരയിലെ വീട് ഓര്‍മയുണ്ടോ?' എന്ന്. ഞാന്‍ പറഞ്ഞു, 'ഓര്‍മയുണ്ടോന്നോ, എന്റെ വീടാണത്'. ഞാനറിയാതെ പറഞ്ഞതാണ്. ആ വീട്ടിലെ ആള്‍ക്കാര്‍ എന്നെക്കുറിച്ച് സംസാരിച്ചതു കേട്ടിട്ടാണ് ആ കുട്ടി എന്നെ വിളിച്ചത്. ആ വീട്ടുകാര് ചോദിച്ചത്രെ 'കാവ്യ മോള് വീട്ടില്‍ വന്നിട്ട് എത്ര നാളായി' എന്ന്.
സദാനന്ദന്റെ സമയം, തിളക്കം, വാസ്തവം എന്നീ സിനിമകളിലും എന്റെ കഥാപാത്രത്തിന്റെ വീട് ഇതുതന്നെയായിരുന്നു. ഇന്നും ഞാനതുവഴി പോകുമ്പോള്‍ അവിടെ കയറാറുണ്ട്. ആ വീട്ടുകാര്‍ എനിക്കിഷ്ടമുള്ള ഇലയട ഉണ്ടാക്കിത്തരും. ചക്കയും മാങ്ങയുമൊക്കെ ചാക്കിലാക്കി കാറിന്റെ ഡിക്കിയില്‍ വച്ചുതരും. നീലേശ്വരത്തെ വീട്ടിലേക്ക് പോകുന്നഅതേ ഫീലാണ് എനിക്ക് ആ വീട്ടിലേക്ക് പോകുമ്പോഴും.
അഭിനയിച്ച ഏതെങ്കിലും കഥാപാത്രത്തെ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടോ?
മിഴിരണ്ടിലും സിനിമയിലെ ഭദ്ര. നീലേശ്വരത്ത് എന്റെ വീട്ടിനടുത്തുള്ള എനിക്കറിയാവുന്ന ഒരു സ്ത്രീയുടെ ജീവിതത്തോട് വളരെ സാമ്യമുണ്ട് ഭദ്രയുടെ ജീവിത്തതിന്. 'ചക്കരമുത്തി'ലെ അനിതക്ക് എന്റെ സ്വഭാവവുമായി സാമ്യമുണ്ട്. അമ്മയോട് എപ്പോഴും വഴക്കടിക്കുന്ന നായികയാണ് ചക്കരമുത്തില്‍. ഞാന്‍ അമ്മയോട് സ്ഥിരം പറയുന്ന ഡയലോഗുകളാണ് അനിതയും പറയുന്നത്.
അമ്മ വേഷം ചെയ്യുന്ന കാവ്യയെ ഭാവിയില്‍ കാണുമോ?
ഞാനതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. എല്ലാ കാലത്തും സിനിമയില്‍ നില്‍ക്കാമെന്ന് ഞാന്‍ കരുതുന്നില്ല. സിനിമയില്‍ ഉണ്ടെങ്കില്‍ തന്നെ എന്നും നായികാപദവിയില്‍ നില്‍ക്കാനും പറ്റില്ല. പുതിയ പെണ്‍കുട്ടികള്‍ വരുന്നതുകൊണ്ട് എന്റെസ്ഥാനം നഷ്ടപ്പെടുമോ എന്ന് ഞാന്‍ ആശങ്കപ്പെടാറില്ല. എല്ലാ സിനിമകളും ഞാന്‍ തന്നെ ചെയ്യണം എന്നാരെങ്കിലും ആഗ്രഹിക്കുമോ. എനിക്കുള്ളത് എന്നെ തേടിവരും എന്ന വിശ്വാസമെനിക്കുണ്ട്. പുതിയ പെണ്‍കുട്ടികള്‍ ഇനിയും സിനിമയില്‍ വരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ദൂരെ 'കിഴക്കിന്റെ വെനീസി'ലെ പള്ളിയില്‍നിന്ന് ബാങ്കുവിളി കേട്ടു. കാവ്യ അമ്മയെ വിളിച്ചു, 'കായലോരത്ത് ഡ്രൈവര്‍ സുനീര്‍ കാത്തു നില്പുണ്ട്. സുനീറിന് നോമ്പു തുറക്കാനുള്ള സമയമായി. പെട്ടെന്ന് മടങ്ങണം.'
ഒരു പകലന്തിയോളം ഫോട്ടോഷൂട്ടിനും ഇന്റര്‍വ്യൂവിനുമായി ചെലവഴിച്ചതിന്റെ ആലസ്യത്തെ ഒരു കപ്പു ചായയില്‍ മുക്കിക്കളഞ്ഞ് കാവ്യ മെല്ലെയെണീറ്റു.
അവസാനത്തേത് എന്ന മുഖവുരയോടെ ഒരു ചോദ്യമെറിഞ്ഞു, 'കാവ്യക്ക് വീണ്ടുമൊരു വിവാഹജീവിതത്തെക്കുറിച്ച് ആലോചിച്ചുകൂടെ?'
ചോദ്യം തീരും മുന്‍പേ കാവ്യ ഇടപെട്ടു, 'സോറി... ആ ചോദ്യം വേണ്ട.'
'കാവ്യയ്ക്ക് ഒരു കൂട്ട് വേണം എന്ന് അച്ഛനും അമ്മയും ആഗ്രഹിക്കില്ലേ?'
'അങ്ങനെയൊരു ആഗ്രഹം ഇല്ലെന്ന് പറയൂ അമ്മേ', കാവ്യ അമ്മയെ ചെറുതായൊന്നു നുള്ളി.
'അവര്‍ ചോദിച്ചോട്ടെ. നിനക്ക് ഇഷ്ടമുള്ള മറുപടി പറഞ്ഞാല്‍ പോരെ', കാവ്യയുടെ അമ്മ ശ്യാമള ചിരിച്ചു.
'ഇനിയൊരു വിവാഹത്തെക്കുറിച്ച് ഞാനിപ്പോള്‍ ആലോചിക്കുന്നില്ല. ഇപ്പോള്‍ ചേട്ടന് വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. ചേട്ടന്റെ മനസ്സിനിണങ്ങിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുക എന്നതാണ് ഇപ്പോഴെന്റെ ലക്ഷ്യം', കാവ്യ മധുരമായി ചിരിച്ചു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment