അലുവാലിയ പറഞ്ഞതെന്ത്, നേതാക്കള്‍ കേട്ടതെന്ത്?
കേരളത്തിലെ നെല്‍ക്യഷിയെക്കുറിച്ച് സാമ്പത്തിക വിദഗ്‌ധനായ മൊണ്ടോക് സിംഗ് അലുവാലിയ നടത്തിയ അഭിപ്രായപ്രകടനം കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു പുനര്‍ചിന്തനത്തിന് എല്ലാ നേതാക്കളെയൂം ഒരുപൊലെ നിര്‍ബന്ധിതമാക്കുമെന്നതില്‍ സംശയമില്ല.
കേന്ദ്ര ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാനും ഏഷ്യയിലെ തന്നെ പ്രമുഖ സാമ്പത്തിക വിദഗ്‌ധനുമായ ഡോക്‌ടര്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞതെന്താണ്, കേരളം കേട്ടതെന്താണ്?
കേരളത്തിന്റെ സാമ്പത്തിക വ്യാവസായിക വികസനം സംബന്ധിച്ചു സംസ്‌ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച എമര്‍ജിംഗ് കേരള സെമിനാറിനെക്കുറിച്ച് ഏറ്റവും ഒടുവില്‍ അവശേഷിച്ചിരിക്കുന്ന വലിയ വിവാദം സംസ്‌ഥാനത്തെ നെല്‍ക്കൃഷിയെക്കുറിച്ച് ആ സെമിനാറില്‍ അലുവാലിയ നടത്തിയ ഒരു പരാമര്‍ശനമാണ്.
കേരളത്തില്‍ നെല്‍ക്കൃഷി ഉപേക്ഷിച്ച് ആ ഭൂമി മുഴുവന്‍ ഭൂമാഫിയയ്‌ക്കു വില്‍ക്കാന്‍ അലുവാലിയ ഉപദേശിച്ചിരിക്കുന്നു എന്നും അദ്ദേഹം ഈ ഭൂമാഫിയയുടെ ഏജന്റാണെന്നുമാണു സി.പി.എം. നേതാക്കള്‍ മുതല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ വരെയും വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
ഡോ. അലുവാലിയയുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാത്തവരും അദ്ദേഹം പറഞ്ഞതിന്റ അര്‍ഥമെന്താണെന്നു മനസിലാക്കാത്തവരുമായ നേതാക്കളാണു വാള്‍ ഓങ്ങിക്കൊണ്ട് അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞിരിക്കുന്നത്. കേരളം നെല്‍ക്കൃഷി മുഴുവന്‍ ഉപേക്ഷിക്കണമെന്നോ നെല്‍പ്പാടങ്ങള്‍ മുഴുവന്‍ നികത്തി മറ്റു വികസന പരിപാടിക്കായി വിനിയോഗിക്കണമെന്നോ എന്നല്ല ആലുവാലിയ പറഞ്ഞതെന്നതാണു വസ്‌തുത. വാസ്‌തവത്തില്‍ അലുവാലിയയുടെ അഭിപ്രായം കേരളത്തിലെ നെല്‍ക്കൃഷിയെ സംബന്ധിച്ച് മനസു തുറന്നുള്ള ഒരു ചര്‍ച്ചയ്‌ക്കു രാഷ്‌ട്രീയ നേതാക്കളേയും കര്‍ഷകരേയും നിര്‍ബന്ധിതരാക്കുമെന്നതാണ് അതേച്ചൊല്ലി ഉണ്ടായിരിക്കുന്ന ഈ അനാവശ്യ ഒച്ചപ്പാടിന്റെ ഒരു നല്ല വശം.
കേരളത്തിലെ കര്‍ഷകത്തൊഴിലാളികളുടെ ഉയര്‍ന്ന കൂലി നിരക്കും അതേസമയം നെല്‍പ്പാടങ്ങളില്‍ ജോലിക്കു കര്‍ഷകത്തൊഴിലാളികളെ ലഭ്യമല്ലാത്ത സ്‌ഥിതിയും കണക്കിലെടുത്ത് നെല്ലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്‌തത നേടാനാവുമെന്ന കണക്കുകൂട്ടല്‍ കേരളത്തിലെ നേതാക്കള്‍ ഉപേക്ഷിക്കണമെന്നും അതോടൊപ്പം നെല്ലിന്റെ ഉല്‌പാദനവും ഉല്‌പാദനക്ഷമതയും പരമാവധി വര്‍ധിപ്പിക്കാന്‍ കേരളം ഒരു തീവ്രശ്രമം നടത്തണമെന്നുമാണ് അലുവാലിയ നിര്‍ദേശിച്ചത്.
അലുവാലിയയുടെ പ്രസ്‌താവന കേരളത്തിലെ നെല്‍ക്കൃഷിയെക്കുറിച്ച് സത്യസന്ധവും വസ്‌തുനിഷ്‌ഠവുമായ ഒരു പഠനം നടത്താന്‍ നമ്മുടെ എല്ലാ നേതാക്കളേയും നിര്‍ബന്ധിതമാക്കുമെങ്കില്‍ അതു വളരെ നല്ല കാര്യമാണ്. എന്താണു നമ്മുടെ നെല്‍ക്കൃഷിയുടെ സ്‌ഥിതി. സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിന് ഒരുവര്‍ഷം 35 മുതല്‍ 40 ലക്ഷം ടണ്‍ വരെ നെല്ലു വേണം. അതിന്റെ അഞ്ചിലൊന്നു ഭാഗം പോലും നെല്ല് ഇവിടെ ഇപ്പോള്‍ ഉല്‌പാദിപ്പിക്കുന്നില്ല.
1960-ല്‍ 7.9 ലക്ഷം ഹെക്‌ടര്‍ സ്‌ഥലത്ത് നെല്‍ക്കൃഷി ചെയ്യുകയും 10.68 ലക്ഷം ടണ്‍ അരി ഉല്‌പാദിപ്പിക്കുകയും ചെയ്‌തിരുന്നു. 2010-ലെ കണക്കനുസരിച്ചു കേരളത്തില്‍ 2.34 ഹെക്‌ടറില്‍ നെല്‍ക്കൃഷി ഉല്‌പാദിപ്പിച്ചത് 6.25 ലക്ഷം ടണ്‍ നെല്ലുമാണ്. ഇതിന് ഏക കാരണം നെല്‍ക്കൃഷി ലാഭകരമല്ലാതായിത്തീര്‍ന്നതും നെല്‍ക്കൃഷി ചെയ്യാന്‍ കര്‍ഷകത്തൊഴിലാളികളെ കിട്ടാതെ വന്നിരിക്കുന്നതുമാണ്. ഇതിനെല്ലാം അടിസ്‌ഥാന കാരണമെന്താണെന്നു മനസിലാക്കാന്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കു കഴിയേണ്ടിയിരിക്കുന്നു.
നമ്മുടെ നെല്‍പ്പാടങ്ങളില്‍ ഞാറു നടുക, കള പറിച്ചു കളയുക തുടങ്ങി കൊയ്‌ത്തു വരെയുള്ള ജോലികള്‍ ചെയ്‌തു വന്നിരുന്നത് സ്‌ത്രീ തൊഴിലാളികളാണ്. ഒരു കൊല്ലത്തില്‍ അവര്‍ക്കു കിട്ടുക ഇരുപതോ ഇരുപത്തിയഞ്ചോ ദിവസത്തെ തൊഴിലും കൂലിയുമാണ്. പക്ഷേ ഇന്നു സമീപ പട്ടണങ്ങളിലെ ഏതു വ്യാപാര സ്‌ഥലത്തേയും ഷോപ്പുകളില്‍ സെയില്‍സ് ഗേളായി പോയാല്‍ പ്രതിമാസം കുറഞ്ഞതു നാലായിരവും അയ്യായിരവും രൂപ വരെ ശമ്പളം കിട്ടുന്ന ജോലി അവര്‍ക്കു കിട്ടുമെന്ന സ്‌ഥിതിയാണു കേരളത്തില്‍ ഇന്നുള്ളത്. മറ്റു സ്‌ത്രീകള്‍ വീടുകളിലും ഫ്‌ളാറ്റുകളിലും വീട്ടുജോലിക്കു പോയാല്‍ മൂവായിരവും നാലായിരവും പ്രതിമാസ വേതനവും ലഭിക്കും. പിന്നെ ഭക്ഷണവും മറ്റു സഹായങ്ങളും.
കൊയ്‌ത്തിനു തൊഴിലാളികളെ കിട്ടാതെ വരുന്ന സ്‌ഥിതി കാരണം ആയിരക്കണക്കിനേക്കര്‍ നെല്‍പാടങ്ങളില്‍ വിളഞ്ഞ നെല്ല് പാടത്തു കിടന്നു നശിക്കുന്നതിനു സാക്ഷ്യം വഹിക്കുന്ന സംസ്‌ഥാനമാണു കേരളം. അതിനുവേണ്ടി കൊയ്‌ത്തുയന്ത്രങ്ങള്‍ അയല്‍സംസ്‌ഥാനമായ തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവരാമെന്നു വച്ചാല്‍ യന്ത്രം വാടകയ്‌ക്കു നല്‍കാന്‍ ഉടമകള്‍ തയാറാകുന്നില്ല. രാഷ്‌ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഇത്തരം യന്ത്രങ്ങള്‍ക്കെതിരേ ഏതു സമയത്തും സമരം നടത്താമെന്നുള്ള അന്യ സംസ്‌ഥാന യന്ത്രയുടമകളുടെ ഭയമാണ് അതിനു കാരണം.
ഇതിനെല്ലാമുള്ള ഏക പരിഹാരമാര്‍ഗം സമൂല യന്ത്രവല്‍ക്കരണത്തിലൂടെ സംസ്‌ഥാനത്തെ നെല്‍ക്കൃഷിക്ക് ഒരു പുതിയ മുഖം നല്‍കുക എന്നതാണ്. സമൂല ആധുനിക യന്ത്രവല്‍ക്കരണം നടത്തണമെങ്കില്‍ ചെറിയ ചെറിയ തുണ്ടു കൃഷിഭൂമികളില്‍ അതു സാധ്യമല്ല. നാം വലിയ നേട്ടമെന്ന് ഇക്കാലമത്രയും അഭിമാനിച്ചിരുന്ന ഭൂപരിധി നിയമവും ഭൂപരിഷ്‌കരണ നിയമങ്ങളുമാണ് അതിനു തടസം. ആ നിയമങ്ങളില്‍നിന്നു തല്‍ക്കാലം പിന്നോട്ടു പോകാന്‍ നമുക്കു സാധ്യവുമല്ല. അതുകൊണ്ടുതന്നെ നെല്‍ക്കൃഷിയുടെ രംഗത്തു സമഗ്രമായ യന്ത്രവല്‍ക്കരണവും നമുക്കു സാധ്യമല്ലാതെ വരുന്നു. ഇതാണു യാഥാര്‍ഥ്യങ്ങള്‍.
പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് 35 ലക്ഷം ടണ്‍ നെല്ല് കേരളത്തിനാവശ്യമാണ്. എത്ര യന്ത്രവല്‍ക്കരണം നടത്തിയാലും പത്തുലക്ഷം ടണ്‍ അരി പോലും കേരളത്തിന് ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. നെല്ലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്‌തത നേടാനും കഴിയില്ല. അതുകൊണ്ടാണു കൂടുതല്‍ ആദായവും ലാഭവും തേടി നെല്‍പ്പാടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഭുവുടമകള്‍ വില്‍ക്കുന്നത്. അതിന് എന്തു പരിഹാരമാര്‍ഗമാണു രാഷ്‌ട്രീയ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും നിര്‍ദേശിക്കാനുള്ളത്?
ഏതായാലും വിമാനത്താവളങ്ങളും സ്‌റ്റേഡിയങ്ങളും മെഡിക്കല്‍ കോളജ് കോംപ്ലക്‌സുകളും ആശുപത്രികളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഭക്ഷ്യധാന്യ ഗോഡൗണുകളും ടൗണ്‍ഷിപ്പുകളും ഭൂമിയില്ലാതെ ആകാശത്തു നിര്‍മിക്കാന്‍ കഴിയുകയില്ലല്ലോ?
കൃഷി തന്നെ തുടരണമെന്നുണ്ടെങ്കില്‍ നാണ്യവിളകളിലേക്കു തിരിയാന്‍ ഭൂവുടമകള്‍ നിര്‍ബന്ധിതരാകും. അല്ലെങ്കില്‍ വിദേശനാണ്യം ഉള്‍പ്പെടെ ഗണ്യമായ സമ്പത്താണു കേരളത്തിലെ കര്‍ഷകര്‍ ഇന്നു സംസ്‌ഥാനത്തിനുവേണ്ടി നേടിക്കൊടുക്കുന്നത്. അതേസമയം അഭ്യസ്‌തവിദ്യരും സാങ്കേതിക പരിജ്‌ഞാനം നേടിയവരും നിര്‍മാണത്തൊഴിലാളികളുമായ ലക്ഷക്കണക്കിനു കേരളീയര്‍ വിദേശങ്ങളില്‍ ജോലി ചെയ്‌തു കേരളത്തിലേക്കു പ്രതിവര്‍ഷം നാല്‌പതിനായിരത്തിലധികം കോടി രൂപ എത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്ന കേരളത്തിന് ആവശ്യമായത്ര അരി എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണു ബാധ്യത. ആ ബാധ്യത കേന്ദ്രത്തെ ബോധ്യപ്പെടുത്തി നമുക്കാവശ്യമായ അരി ലഭ്യമാക്കുന്നതിനു പകരം അരിയുല്‌പാദനത്തില്‍ സ്വയംപര്യാപ്‌തത നേടുകയെന്ന അപ്രായോഗികമായ, സ്വപ്‌നം കൂടി കാണാന്‍ കഴിയാത്ത കാര്യത്തില്‍ അര്‍ഥശൂന്യമായ പ്രസ്‌താവനകള്‍ നമ്മുടെ നേതാക്കള്‍ നടത്തുന്നതിലും സാമ്പത്തിക ശാസ്‌ത്രമറിയാവുന്ന മൊണ്ടേക്‌സിംഗ് അലുവാലിയയുടെമേല്‍ കുതിരകയറുന്നതിലും ഒരര്‍ഥവുമില്ല.
കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളില്‍, എം.എല്‍.എമാരില്‍, മന്ത്രിമാരില്‍ എത്ര പേര്‍ക്കാണു കൃഷിയുടെ വിവിധ പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയുക? ഒരു കഥ നാം ഇവിടെ ഓര്‍മിക്കണം. ഇന്ത്യയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു സംഘം പണ്ട് വിയറ്റ്‌നാമിലെ പ്രസിഡന്റ് ഹോ ചിമിനെ സന്ദര്‍ശിക്കാന്‍ അവിടെച്ചെന്നു. വിയറ്റ്‌നാമിന്റെ മോചനത്തിനുവേണ്ടി അമേരിക്കന്‍ പട്ടാളത്തോടു പോലും വീരോചിതമായി വര്‍ഷങ്ങള്‍ പടപൊരുതി ജയിച്ച് വിയറ്റ്‌നാമിന്റെ പ്രസിഡന്റ് പദത്തിലെത്തിയ ഐതിഹാസിക നായകനാണു ഹോ ചിമിന്‍. പിന്നെ വര്‍ഷങ്ങളോളം രാജ്യത്തിന്റെ പ്രസിഡന്റായി അദ്ദേഹം തുടര്‍ന്നു.
വിയറ്റ്‌നാമില്‍ ചെന്നപ്പോഴാണ് നമ്മുടെ എം.പി.മാര്‍ മനസിലാക്കുന്നതു രാവിലെ ഏഴുമണിക്ക് എണീറ്റ് പ്രസിഡന്റ് ഹോ ചിമിന്‍ ആദ്യം ചെയ്യുക തന്റെ കൃഷിപ്പാടത്തേക്കു പോവുക എന്നതാണ്. ഒന്‍പതു മണിവരെ അവിടെ പണി ചെയ്‌ത ശേഷം തിരിച്ചു വന്നാണു ഭക്ഷണം കഴിച്ച് ഔദ്യോഗിക ജോലി നിര്‍വഹിക്കാന്‍ പ്രസിഡന്റിന്റെ ഓഫീസിലേക്ക് അദ്ദേഹം പോവുക. കൃഷിയുടെ പ്രശ്‌നങ്ങള്‍ അടിമുടി മനസിലാക്കിയതുകൊണ്ടാണു നെല്‍ക്കൃഷി മുഖ്യമായും ചെയ്യുന്ന വിയറ്റ്‌നാമിന്റെ നല്ല ഭരണാധികാരിയാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.
കൃഷി ചെയ്യുന്നതു പോയിട്ട് ഒരു ചെറിയ കൈക്കോട്ടെടുത്ത് ഒരുതുണ്ടു മണ്ണു കിളയ്‌ക്കാന്‍ കഴിയുന്ന ഏതെങ്കിലും മന്ത്രിയും എം.എല്‍.എയും ഇന്നു കേരളത്തിലുണ്ടോ? പ്രസംഗം എന്ന തൊഴില്‍ ഒഴിച്ച് ശരീരം കൊണ്ടു മറ്റെന്തെങ്കിലും അധ്വാനം നടത്തുന്ന എത്ര രാഷ്‌ട്രീയ നേതാക്കള്‍ നമുക്കുണ്ട്?
ബ്രിട്ടീഷ് പാര്‍ലമെന്റ് അടക്കം പല പാര്‍ലമെന്റുകളും യോഗം ചേരുന്നത് എല്ലാ ദിവസവും ഉച്ചതിരിഞ്ഞിട്ടാണ്. അല്ലാതെയുള്ള പകല്‍ സമയത്ത് കൃഷി, ബിസിനസ്, അഭിഭാഷകവൃത്തി, അധ്യാപകവൃത്തി, കച്ചവടം തുടങ്ങിയ മറ്റു കാര്യങ്ങളിലാണ് അവര്‍ മുഴുകുക.
പക്ഷേ നമ്മുടെ രാജ്യത്ത് ജനസേവനത്തിനുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചിട്ടുള്ളതുകൊണ്ട് രാവിലെ എട്ടുമണി മുതല്‍ സന്ധ്യ വരെ നിയമസഭാ സമ്മേളനം നടത്താനും മറ്റും നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ടാണ് അലുവാലിയയുടെ മേല്‍ മാത്രമല്ല ഡോക്‌ടര്‍ എ.പി.ജെ. അബ്‌ദുള്‍കലാമിന്റെ മേല്‍ പോലും ഒരു ലജ്‌ജയുമില്ലാതെ കുതിരകയറാന്‍ നമ്മുടെ നേതാക്കള്‍ക്കു കഴിയുന്നത്. കേരളത്തിലെ പല നേതാക്കളും പ്രസംഗിക്കുന്നതു കേട്ടാല്‍ ആണവശാസ്‌ത്രത്തെക്കുറിച്ച് കലാമിനേക്കാള്‍ വിവരവും സാമ്പത്തിക ശാസ്‌ത്രത്തെക്കുറിച്ച് അലുവാലിയയേക്കാള്‍ വിവരവും അവര്‍ക്കുണ്ടെന്നു ജനങ്ങള്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും. കാര്യങ്ങള്‍ അറിയാതിരിക്കുന്നതാണ് ഒരുവിധത്തില്‍ നല്ലത്. കാരണം അപ്പോള്‍ ഒരു കാര്യത്തിലും ഒരു സംശയവുമില്ലാതെ ആരേയും എത്ര വേണമെങ്കിലും നേതാക്കള്‍ക്ക് എതിര്‍ക്കാമല്ലോ?
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment