കോപം മാറാന്‍ എന്തു ചെയ്യണം?
കോപത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് അനേകരുടെ പ്രശ്‌നം. അത് മോശം സ്വഭാവമാണെന്ന് തിരിച്ചറിവുണ്ടെങ്കിലും എത്ര ആഗ്രഹിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എന്തിനും ഏതിനും കോപിക്കുന്നവനായിരുന്നു ഞാന്‍. ഒരിക്കല്‍ കോപത്തിനൊരു ശമനം തേടി ഒരു വൈദികനെ സമീപിച്ചപ്പോള്‍ കിട്ടിയ ഉപദേശം വ്യത്യസ്തമായിരുന്നു. ഇന്ന് നിനക്ക് 10 പ്രാവശ്യം കോപിക്കാം. നാളെ 9 പ്രാവശ്യം, അങ്ങനെ ഓരോ ദിവസവും കുറഞ്ഞ് ഒന്നില്‍ വരും. ഒന്നു കോപിച്ചാല്‍ പിന്നെ ചാന്‍സ് ഇല്ല. അങ്ങനെ കുറച്ചുകുറച്ച് ഇപ്പോള്‍ കോപത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്.
ആരോടാണ് ഞാന്‍ കോപിക്കുന്നത് എന്ന് പരിശോധിച്ചാല്‍ ആ ശീലത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ എളുപ്പമുണ്ട്. തന്റെ താഴെയുള്ളവരോടാണ് ഭൂരിഭാഗവും കോപിക്കുന്നത്. എല്ലാവരെയും ചീത്തവിളിക്കുന്ന കവലച്ചട്ടമ്പിപോലും പോലീസ് വണ്ടി കണ്ടാല്‍ പടം മടക്കും. ഏറ്റവും കൂടുതല്‍ കോപം കണ്ടുവരുന്നത് ഭാര്യഭര്‍ത്താക്കന്മാരിലാണ്.
ചിലര്‍ കോപിക്കുന്നവരോട് കോപിക്കും. അത് അര്‍ത്ഥശൂന്യമാണ്. വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നു. വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുന്നു. കോപിക്കുന്നവനില്ലാത്തത് ക്ഷമയാണ്. അതുവേണം കൊടുക്കാന്‍. ആരെങ്കിലും എന്നോട് കോപിച്ചാല്‍ അതെന്നെ തളര്‍ത്തും. ആ ദിവസം ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കോപം പ്രവര്‍ത്തനശേഷി കുറയ്ക്കുന്നു എന്ന് മനസിലാക്കിയാല്‍ ഞാനാരോടെങ്കിലും കോപിക്കുമോ?
യോഹന്നാന്‍ 10:10ല്‍ പറയുന്നു. ''മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.''
ഞാന്‍ കോപിക്കുമ്പോള്‍ ജീവന്‍ കൊടുക്കുന്നോ നശിപ്പിക്കുന്നോ എന്ന് ചിന്തിക്കണം. പത്രോസ് ഈശോയോട് ചോദിച്ചു, എത്ര പ്രാവശ്യം ക്ഷമിക്കണമെന്ന്. ഇത്ര പ്രാവശ്യം ക്ഷമിച്ചു കഴിഞ്ഞാല്‍ തിരിച്ചടിക്കാമോ എന്നൊരു സംശയം അതിലുണ്ടായിരുന്നു. ഈശോ കൊടുത്ത മറുപടി ശ്രദ്ധിക്കുക. ''യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതുപ്രാവശ്യം എന്ന് ഞാന്‍ നിന്നോട് പറയുന്നു (മത്തായി 18:22).
ക്ഷമയുടെ നെല്ലിപ്പലക വരെ ഞാന്‍ കണ്ടു എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. സ്‌നേഹിക്കണമെന്നല്ലാതെ കോപിക്കണമെന്ന കല്പന യേശു തന്നിട്ടില്ല. അങ്ങനെയെങ്കില്‍ കോപം എവിടെനിന്ന് വരുന്നു? കോപം അശുദ്ധാത്മാവിന്റെ ഫലമായിട്ടും ക്ഷമ പരിശുദ്ധാത്മാവിന്റെ ഫലമായിട്ടുമാണ് ഗലാത്തിയ ലേഖനത്തില്‍ കാണുന്നത്. അങ്ങനെയെങ്കില്‍ കോപിക്കുമ്പോള്‍ ഏതാത്മാവാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആലോചിക്കണം. യാക്കോബ് ശ്ലീഹ ലേഖനത്തില്‍ ഇങ്ങനെ നിര്‍ദേശിക്കുന്നു. ''പിശാചിനെ ചെറുത്തുനില്ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍ നിന്ന് ഓടിയകന്നുകൊള്ളും. ദൈവത്തോട് ചേര്‍ന്ന് നില്ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്ക്കും'' (യാക്കോബ് 4:7-8).
പൗലോസ് ശ്ലീഹാ എഫേസോസ് 6:12ല്‍ പറയുന്നു. ''എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്.'' ഒരു കാര്യം മനസിലാക്കുക: എന്റെ ഭാര്യ/ഭര്‍ത്താവ്/മക്കള്‍ കോപിക്കുമ്പോള്‍ അവരല്ല അവരില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാണ് കോപിക്കുന്നത്. അതുകൊണ്ട് ശാന്തമായി അവര്‍ക്കുവേണ്ടി, ദൈവം അവരില്‍ പ്രവര്‍ത്തിക്കാന്‍ പ്രാര്‍ത്ഥിക്കുക. അവരെ മാറ്റാന്‍ ദൈവത്തിന് സാധിക്കും. ദൈവത്തിനേ പറ്റൂ.
''ദൈവത്തിന് ഒന്നും അസാധ്യമല്ല'' (ലൂക്കാ 1:37) എന്നറിയുക. പൗലോസ് ശ്ലീഹ എഫേസോസ് 4:26-27ല്‍ പറയുന്നു. ''കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്.'' സ്‌നേഹിക്കുന്നവന് കോപിക്കാനാവില്ല. കോപം കൊണ്ട് പലതും നഷ്ടപ്പെടാം; വിവാഹജീവിതം, ജീവിതപങ്കാളി, മക്കള്‍, ധനം, പേര്, കൂട്ടുകാര്‍, ബന്ധുക്കള്‍, വീട്ടുകാര്‍ ഇങ്ങനെ പലതും. എന്നാല്‍ സ്‌നേഹം കൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല.
കടപ്പാട് : വചനം തിരുവചനം
http://vachanam4u.blogspot.com/2012/09/feeling-or-showing-anger.html
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment