നാല്‍പ്പാടി വാസു വധത്തെ ന്യായീകരിക്കുകയും ഇനിയും അത്തരം കൊലപാതകത്തിന് മടിക്കില്ലെന്ന് പൊതുവേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്ത കെ സുധാകരന് എംപിക്കെതിരെ നിയമനടപടിയില്ല.
ഞായറാഴ്ച ഭരണാനുകൂല സഹകരണജീവനക്കാരുടെ സംഘടനയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് 1993ല്‍ താന്‍ നേതൃത്വം നല്കിയ അരുംകൊലയെ സുധാകരന് ന്യായീകരിച്ചത്. ഒപ്പം ഇനിയും കൊല നടത്തുമെന്ന ആക്രോശവുമുണ്ടായി. എന്നാല്‍ കൊലവിളി പ്രസംഗം കഴിഞ്ഞ് ഒരുനാള്‍ പിന്നിട്ടിട്ടും പൊലീസ് അനങ്ങിയിട്ടില്ല.
നാല്പാടി വാസു വധക്കേസ് പുനരന്വേഷിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം അധികൃതര്‍ക്ക് മുന്നിലുള്ളപ്പോഴാണ്് സുധാകരന്റെ സുപ്രധാന "മൊഴി" പുറത്തുവന്നത്. തന്റെ ഡ്രൈവറായിരുന്നയാളെ സ്വാധീനിച്ച് മൊഴി സമ്പാദിച്ച് കേസ് പുനരന്വേഷിക്കാനാണ് നീക്കമെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ ഒരു മുന്‍കൂര്‍ ജാമ്യമാണ്. മുന്‍ഡ്രൈവര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുമെന്ന് മനസിലാക്കിയാണ് സുധാകരന് ഒരുമുഴം മുമ്പേ എറിഞ്ഞത്്.
സുധാകരന്റെ വാഹനജാഥ കടന്നുപോയ വഴിയില്‍ ചായക്കടയില്‍ ഇരിക്കുകയായിരുന്ന നാല്പാടി വാസുവിനെ അകാരണമായാണ് സുധാകരസംഘം വെടിവച്ചുകൊന്നത്. ജാഥയെ സിപിഐ എമ്മുകാര്‍ ആക്രമിച്ചതായി കള്ളക്കഥ സൃഷ്ടിക്കാനായിരുന്നു പുലിയങ്ങോട്ട് ഗ്രാമത്തിലെ ആളൊഴിഞ്ഞ മൂലയില്‍ സുധാകരന് ഈ കൊടുംക്രൂരത നടത്തിയത്.
എഫ്ഐആറില്‍ സുധാകരന്റെ പേരുണ്ടായിരുന്നുവെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി. അന്നത്തെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്ത് കേസ് പുനരന്വേഷിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് സുധാകരന്റെ പുതിയ വെളിപ്പെടുത്തല്‍. "നാല്പാടി വാസു വധക്കേസ് വീണ്ടും പൊടിതട്ടി എടുക്കുകയാണ്. എന്റെ ഡ്രൈവറെ സ്വാധീനിച്ച് പുനരന്വേഷണം നടത്താനാണ് പി ജയരാജന് ശ്രമിക്കുന്നത്. എന്നെ ആക്രമിക്കാന്‍ വന്നാല്‍ വെടിവയ്ക്കും. ഉമ്മവയ്ക്കാനും കാക്കയെ വെടിവയ്ക്കാനുമല്ല സര്‍ക്കാര്‍ തോക്ക് കൊടുക്കുന്നത്. ഇനിയും വെടിവയ്ക്കും. ഇവിടെ സന്ദര്‍ഭമുണ്ടായാല്‍ ഇപ്പോള്‍തന്നെ അത് കാണാം..." എന്നിങ്ങനെയായിരുന്നു സുധാകരന്റെ പ്രസംഗം.
സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് വാര്‍ത്താസമ്മേളനം നടത്തിയതിനുപോലും കേസെടുത്ത കണ്ണൂരിലെ പൊലീസാണ് സുധാകരന്റെ കൊലവിളി പ്രസംഗം കണ്ടില്ലെന്നു നടിക്കുന്നത്. സ്വന്തം പാര്‍ടി നേതാവിന്റെ കാര്യമായതിനാല്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കണ്ണടച്ചിരിക്കുകയാണ്.
No comments:
Post a Comment