Monday, 18 June 2012

[www.keralites.net] തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌......!

 

Fun & Info @ Keralites.net

സ്‌ത്രീധനം നിയമ വിരുദ്ധമാണ്‌ നമ്മുടെ നാട്ടില്‍. കൊടുത്താലും വാങ്ങിയാലും അഴിയെണ്ണേണ്ടി വരും എന്നൊക്കെയാണ്‌ നിയമമെങ്കിലും സ്‌ത്രീധനം വാങ്ങലും കൊടുക്കലും എല്ലാം വളരെ സാധാരണ കാര്യങ്ങളാണ്‌ നമ്മുടെ സമൂഹത്തില്‍. എല്ലാ കാര്യത്തിലുമെന്ന പോലെ നിയമം നിയമത്തിന്റെ വഴിക്കും കാര്യം കാര്യത്തിന്റെ വഴിക്കും എന്നതാണ്‌ ഇവിടത്തെയും സ്ഥിതി.

ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും മാതാപിതാക്കളുടെ നെഞ്ചില്‍ ഒരു കനല്‍ കിടന്ന്‌ പുകയാന്‍ തുടങ്ങുന്നതും ഈ ദുരാചാരം വളരെ പ്രഭലമായി തന്നെ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ്‌. സ്വന്തമായി ഒരു വീടുണ്ടാക്കുക, മക്കളെ ഡോക്ടറാക്കുക അല്ലെങ്കില്‍ എഞ്ചിനിയറിങ്ങിന്‌ അയക്കുക എന്നൊക്കെയുള്ള ജീവിതത്തിലെ ചിലവേറിയ അത്യാവശ്യങ്ങളേക്കാള്‍ അത്യാവശ്യ കാര്യമായിരിക്കുകയാണ്‌ മകള്‍ക്കുള്ള സ്‌ത്രീധനം കൊടുക്കാന്‍ പണം കണ്ടെത്തുക എന്നത്‌.

കാലം മുന്നോട്ടു പോവുകയും, ആളുകള്‍ കൂടുതല്‍ വിദ്യാസമ്പന്നരാകുകയും ചെയ്‌തതിന്റെ ഫലമായി സ്‌ത്രീധനം ചോദിച്ചു വാങ്ങുന്നത്‌ അപമാനകരമാണ്‌ എന്നൊരു തോന്നല്‍ പൊതുവെ ആളുകള്‍ക്കിടയ്‌ക്ക്‌ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ മുമ്പൊക്കെ കണക്കു പറഞ്ഞ്‌ വാങ്ങുന്നതിനു പകരം'നിങ്ങളുടെ മകള്‍ക്ക്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടത്‌ കൊടുക്കാം' എന്നു പറഞ്ഞതിന്‌ തൊട്ടുപിന്നാലെ 'ഞങ്ങളുടെ മകള്‍ക്ക്‌ ഇത്രേം കൊടുത്തിട്ടാണ്‌ ഇറക്കി വിട്ടത്‌' എന്നൊരു ഡയലോഗു കൂടി വരും.

വേറെ ചില വിദ്വാന്‍മാര്‍ ഒന്നും മിണ്ടാതിരിക്കും, കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്നൊരു ലൈനില്‍. എന്നാലും എനിക്കു സ്‌ത്രീധനം വേണ്ട എന്നു ആര്‍ജ്ജവത്തോടെ ഉറപ്പിച്ചു പറയാന്‍ ആരും തയ്യാറല്ല. സ്‌ത്രീധനം വേണ്ട എന്നു പറഞ്ഞ്‌ വിവാഹം കഴിക്കുന്നവര്‍ ഇല്ല എന്നല്ല. അങ്ങനൊരു ന്യൂനപക്ഷം ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്‌.

വരന്‍ തനിക്ക്‌ സ്‌ത്രീധനം വേണ്ട എന്നുറപ്പിച്ചു പറയാന്‍ തയ്യാറാകാത്തിടത്തോളം കാലം, വധുവിന്റെ വീട്ടുകാര്‍ എങ്ങനെയെങ്കിലും പണം ഉണ്ടാക്കി പരമാവധി സ്വര്‍ണ്ണം വാങ്ങി പെണ്‍കുട്ടിയുടെ കഴുത്തില്‍ തൂക്കും. സ്വര്‍ണ്ണത്തിന്റെ തൂക്കം കുറഞ്ഞാല്‍ ഭര്‍തൃ വീട്ടില്‍ അവള്‍ കഷ്ടപ്പെടുമോ എന്ന പേടിയാണ്‌ ഇതിനു പിന്നില്‍.

സ്‌ത്രീധന സമ്പ്രദായം സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാത്തിടത്തോളം കാലം പെണ്‍കുട്ടികള്‍ കുടുംബത്തിന്‌ ഭാരമായി തുടരും. വലിയ വില കൊടുത്ത്‌ വീട്ടില്‍ നിന്നും കെട്ടുകെട്ടിച്ച്‌, ഭാരമൊഴിവായതിന്റെ സമാധാനത്തിലായിരിക്കും വീട്ടിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. എന്നാല്‍ സ്‌ത്രീധനം ഒപ്പിച്ചതിന്റെ കടം വീട്ടാനുള്ള നെട്ടോട്ടത്തിന്റെ ദിനങ്ങളായിരിക്കും വരാനിരിക്കുന്നത്‌.

ജോലി നേടാന്‍ കോഴ കൊടുക്കാനുള്ള പണം ഒപ്പിക്കാന്‍ സ്വന്തമായി ജോലി പോലും ആവുന്നതിനു മുമ്പ്‌ വിവാഹം കഴിക്കുന്നവരും ധാരാളം. ചുരുക്കത്തില്‍ മക്കള്‍ക്ക്‌ ഭര്‍ത്താക്കന്‍മാരെ പൊന്നും വില കൊടുത്തു വാങ്ങേണ്ട ഗതികേടാണ്‌ നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ക്ക്‌.

ഇതിനെല്ലാം ഒരുമ്പെടും മുമ്പ്‌ ഒരു നിമിഷമെങ്കിലും ഒന്നും ചിന്തിച്ചു നോക്കിയിട്ടുണ്ടോ, താന്‍ ചെയ്യുന്നത്‌ ശരിയാണോ എന്ന്‌. നിയമം എന്തെങ്കിലും ആവട്ടെ, സ്വന്തം മനസ്സാക്ഷിയുടെ മുന്നില്‍ ഒരു കള്ളനെ പോലെ നില്‍ക്കേണ്ട അവസ്ഥ എന്തിനാണ്‌ വില കൊടുത്തു വാങ്ങുന്നത്‌.

പുരുഷന്‍മാരേക്കാള്‍ സ്‌ത്രീകള്‍ക്കാണ്‌ ഇവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നു പറയാം. കാരണം, സ്‌ത്രീധനം വാങ്ങുന്നവന്‌ താന്‍ കഴുത്തു നീട്ടി കൊടുക്കില്ല എന്ന്‌ അവള്‍ അങ്ങു തീരുമാനിച്ചാല്‍ അവനെന്തു ചെയ്യും? വിവാഹം കഴിക്കണ്ട എന്നു തീരുമാനിക്കുമോ! പെണ്‍കുട്ടികളേ, തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment