| | കൊച്ചി: സിനിമയില്‍ വീണ്ടും സജീവമായ തിലകന്‍ അംഗത്വത്തിനായി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ്. അതേസമയം, അംഗത്വത്തിനായി അപേക്ഷ നല്‍കുന്നതു റെയില്‍ പാളത്തില്‍ തലവയ്‌ക്കുന്നതിനു തുല്യമാണെന്നും അതിനില്ലെന്നും തിലകന്‍ തിരിച്ചടിച്ചു. ഇടവേളയ്‌ക്കുശേഷം സിനിമയില്‍ തിരിച്ചെത്തിയ തിലകനും താരസംഘടനയായ 'അമ്മ'യും തമ്മില്‍ നിലനിന്ന അസ്വാരസ്യം ഇതോടെ രൂക്ഷമായി. 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു ഇന്നസെന്റ്. തിലകന്‍ വീണ്ടും അഭിനയിച്ചുതുടങ്ങിയത് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കൊപ്പമാണ്. തിലകനോട് തങ്ങള്‍ക്കാര്‍ക്കും വിരോധമില്ലെന്നതിനു തെളിവാണ് ഇത്. വീണ്ടും തിലകന്‍ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാം- എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. എന്നാല്‍ അനുരഞ്‌ജനത്തിനില്ലെന്നും തനിക്ക് 'അമ്മ'യുടെ അംഗത്വം ആവശ്യമില്ലെന്നും തിലകന്‍ പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്കെതിരേ പ്രതികരിച്ചതിനെത്തുടര്‍ന്ന് അമ്മയുടെ അംഗത്വം നഷ്‌ടമായ തിലകനെ സിനിമകളില്‍ സഹകരിപ്പിച്ചിരുന്നില്ല. എന്നാല്‍ രഞ്‌ജിത്തിന്റെ 'ഇന്ത്യന്‍ റുപ്പി'യില്‍ വേഷമിട്ടു ശക്‌തമായി തിരിച്ചുവന്നതോടെ 'ഫെഫ്‌ക്ക' തിലകനെതിരേയുള്ള വിലക്കു നീക്കി. എന്നാല്‍ 'അമ്മ'യില്‍നിന്ന് ഇപ്പോഴും തിലകന്‍ പുറത്താണ്. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത ഏപ്രിലില്‍ മെഗാഷോ സംഘടിപ്പിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. വേദിയും തീയതിയും പിന്നീടു തീരുമാനിക്കും. ഒരുക്കങ്ങള്‍ക്കായി അമ്മയിലെ മുഴുവന്‍ അംഗങ്ങളും പത്തു ദിവസം ഷൂട്ടിംഗില്‍നിന്നു മാറിനില്‍ക്കും. നടി ശാന്തകുമാരിക്കായി അമ്മ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനവും പാലുകാച്ചലും അടുത്തയാഴ്‌ച നടക്കും. അംഗത്വ ഫീസ് 25,500 നിന്ന് 30,500 രൂപയായി വര്‍ധിപ്പിച്ചു. |
No comments:
Post a Comment