തിരുവനന്തപുരം: ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കും ടൈം ഓഫ് ഡേ (ടി.ഒ.ഡി) മീറ്റര്‍ നടപ്പിലാക്കാന്‍ റഗുലേറ്ററി കമ്മീഷന്റെ അനുമതി. 300 യൂണിറ്റിനു മുകളില്‍ ഉപയോഗമുള്ളവര്‍ക്കാണ് ടി.ഒ.ഡി മീറ്റര്‍ നടപ്പിലാക്കുന്നത്. നിലവില്‍ ഹെടെന്‍ഷന്‍ ഉപയോക്‌താക്കള്‍ക്കു മാത്രമാണു ടി.ഒ.ഡി മീറ്ററുള്ളത്. ടി.ഒ.ഡി മീറ്റര്‍ നിലവില്‍ വരുന്നതോടെ ഗാര്‍ഹിക ഉപയോക്‌താക്കളുടെ വൈദ്യുതി ഉപയോഗത്തില്‍ കുറവ് വരുത്താന്‍ കഴിയുമെന്നാണു റഗുലേറ്ററി കമ്മീഷന്റെ പ്രതീക്ഷ. ഈ മാസാവസാനം വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച ഉത്തരവിനൊപ്പം കമ്മീഷന്റെ ഈ തീരുമാനവും പുറത്തുവരും. 10 കിലോവാട്ടിനു മുകളില്‍ ഉപയോഗമുള്ളവര്‍ക്ക് ടി.ഒ.ഡി മീറ്റര്‍ ഏര്‍പ്പെടുത്തണമെന്നാണു ബോര്‍ഡിന്റെ ആവശ്യം. പ്രതിമാസം 500 യൂണിറ്റിനു മുകളില്‍ വരുന്ന ഗാര്‍ഹിക ഉപയോക്‌താക്കള്‍ ഇതില്‍പെടും. എന്നാല്‍ 300 യൂണിറ്റിനു മുകളിലുള്ളവര്‍ക്കു ടി.ഒ.ഡി മീറ്റര്‍ വേണമെന്ന നിര്‍ദേശം റെഗുലേറ്റി കമ്മീഷനാണു മുന്നോട്ടുവയ്‌ക്കുന്നത്. ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ കൂടിയ നിരക്കും കുറഞ്ഞ സമയം കുറഞ്ഞ നിരക്കും ഈടാക്കാന്‍ ടി.ഒ.ഡി മീറ്റര്‍ വഴി കഴിയും. മൂന്നു സോണുകളിലായാണ് മീറ്ററിന്റെ പ്രവര്‍ത്തനം. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ, വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെ, രാത്രി 10 മുതല്‍ രാവിലെ ആറു വരെ. ആറുമുതല്‍ 10 വരെയുള്ള തിരക്കേറിയ സമയം യൂണിറ്റിന് 17 രൂപവരെ നല്‍കിയാണ് ബോര്‍ഡ് വൈദ്യുതി എത്തിക്കുന്നത്. അഞ്ചു മുതല്‍ 90 രൂപ വരെ സ്‌ഥിര നിരക്കായി ഈടാക്കാനുള്ള ബോര്‍ഡിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. സ്‌ഥിര നിരക്ക് ഈടാക്കുന്നതിനു വിവിധ മാര്‍ഗങ്ങള്‍ കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ആന്ധ്രയില്‍ കണക്ഷന്‍ റിലേറ്റഡ് ചാര്‍ജ് ഇനത്തില്‍ 30 രൂപയാണ് ഫിക്‌സഡ് ചാര്‍ജായി ഈടാക്കുന്നത്. കര്‍ണാടകയിലാകട്ടെ കണക്‌റ്റഡ് ലോഡിനനുസരിച്ചാണ് സ്‌ഥിര നിരക്ക്. ഒരു കിലോവാട്ട് വരെ 25 രൂപയും അധികമായി വരുന്ന യൂണിറ്റുകള്‍ക്ക് 35 രൂപയും. ഇതിലേതെങ്കിലും രീതി നടപ്പിലാക്കാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. സിംഗിള്‍ഫേസ്, ത്രീഫേസ് അടിസ്‌ഥാനത്തിലും ഫിക്‌സഡ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യം കമ്മീഷന്റെ പരിഗണനയിലാണ്. കമ്മീഷന്‍ അവസാനം ചേര്‍ന്ന അവലോകന യോഗത്തില്‍ പ്രതിമാസം 150 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്‌താക്കളുടെ നിരക്കുകളില്‍ വലിയ തോതില്‍ വര്‍ധന വരുത്തേണ്ടതില്ലെന്നു തീരുമാനിച്ചു. 150 മുതല്‍ 300 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ബോര്‍ഡ് ആവശ്യപ്പെട്ടതിനോടടുത്ത നിരക്കുകള്‍ അനുവദിക്കും. 300 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവരുടെ വൈദ്യുതി ചാര്‍ജില്‍ വലിയ തോതില്‍ വര്‍ധനുണ്ടാകും. 300 യൂണിറ്റിനു മുകളില്‍ ഉപയോഗമുള്ളവരില്‍ നിന്ന് യൂണിറ്റിന് 5.30 രൂപയാണ് ഈടാക്കുന്നത്. ഇത് 6.70 ആക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഇതിനോടടുത്ത നിരക്ക് അംഗീകരിച്ചേക്കും. 500 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവരില്‍ നിന്നു നിലവില്‍ 5.45 രൂപയാണ്‌് ഈടാക്കുന്നത്. ഇത് ഏഴായി ഉയര്‍ത്തണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഇതിലും ഉയര്‍ന്ന നിരക്കിന് കമ്മിഷന്‍ അംഗീകാരം നല്‍കുമെന്നാണ് സൂചന. കാര്‍ഷിക,വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ നിരക്കിലും വര്‍ധനയുണ്ടാകും. രണ്ടര ലക്ഷം ഉപയോക്‌താക്കളാണ് കാര്‍ഷിക വിഭാഗത്തില്‍പ്പെടുന്നത്. നിലവിലെ നിരക്കായ 65 പൈസയില്‍ നിന്നും യൂണിറ്റിന് ഒരു രൂപയ്‌ക്കു മുകളില്‍ നിരക്ക് വര്‍ധിക്കും. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതിനാല്‍ നിരക്കു വര്‍ധന ഇവരെ ബാധിക്കില്ലെന്നു കമ്മിഷന്‍ അധികൃതര്‍ പറയുന്നു. ചെറുകിട കച്ചവടക്കാര്‍ക്ക് ഉപയോഗത്തിനനുസരിച്ച് രണ്ടു തരത്തിലുള്ള താരിഫ് നിലവില്‍വരും. |
No comments:
Post a Comment