തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള പരിസ്‌ഥിതി ആഘാതപഠനത്തിനു വനംവകുപ്പ് അനുമതി നിഷേധിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശംപോലും വകവയ്‌ക്കാതെയാണിത്. പഠനത്തിനായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിര്‍ദേശിച്ച, 13 ബോര്‍ഹോളുകള്‍ക്കുള്ള അനുമതിയും നല്‍കിയിട്ടില്ല. ഇതോടെ പുതിയ അണക്കെട്ടിനെക്കുറിച്ചു സുപ്രീംകോടതിയില്‍ മറുപടി നല്‍കാനാവാതെ സംസ്‌ഥാന സര്‍ക്കാര്‍ കുഴങ്ങും. പുതിയ അണക്കെട്ടിനായി കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക് ആവശ്യമായ പരിസ്‌ഥിതിപഠനം നടത്താന്‍ ഹൈദരാബാദ് ആസ്‌ഥാനമായ 'പ്രകൃതി' ഏജന്‍സിയെയാണു സംസ്‌ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഒരുമാസം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച്, പഠനസൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കണമെന്നു നിര്‍ദേശിച്ചിരുന്നു. വനത്തിനുള്ളിലെ പരിശോധനയും മറ്റുമാണ് ആദ്യഘട്ടം. എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും ചൂണ്ടിക്കാട്ടി വനംവകുപ്പ് അതിന് ഇടംകോലിട്ടു. പുതിയ അണക്കെട്ട് വരുമ്പോള്‍ 20 ഹെക്‌ടര്‍ വനം വെള്ളത്തിനടിയിലാകും. ഇതുള്‍പ്പെടെ 50 ഹെക്‌ടറിലാകും പരിസ്‌ഥിതി ആഘാതമുണ്ടാകുക. അണക്കെട്ട് നിര്‍മാണത്തിനാവശ്യമായ സാധനങ്ങളെത്തിക്കാനുള്ള വള്ളക്കടവ്-മുല്ലപ്പെരിയാര്‍ റോഡിന്റെ വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്നു കിലോമീറ്റര്‍ താഴെവരെ പെരിയാര്‍ റിസര്‍വ് വനമാണ്. നിലവിലുള്ള അണക്കെട്ടിന്റെ 1300 അടി താഴെയാണ് പുതിയതിനു സ്‌ഥലം കണ്ടെത്തിയിട്ടുള്ളത്. അവിടങ്ങളിലുണ്ടാകുന്ന പരിസ്‌ഥിതി ആഘാതം സംബന്ധിച്ച് ഒരുവര്‍ഷം പഠനം നടത്തി, ആ റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കി, പൊതുജനാഭിപ്രായം തേടി വേണം അനുമതിക്ക് അപേക്ഷിക്കേണ്ടത്. എന്നാല്‍, തീരുമാനമെടുത്ത് ഒരുവര്‍ഷമായിട്ടും പഠനം തുടങ്ങാന്‍പോലുമായില്ല. വനംവകുപ്പിനുപുറമേ ധനവകുപ്പും പഠനത്തിന് ഉടക്കിടുന്നു. പരിസ്‌ഥിതി ആഘാതപഠനത്തിനു 95 ലക്ഷം രൂപയാണു 'പ്രകൃതി'യുടെ ഫീസ്. 13% സെസ്സും നല്‍കണം. അതു സാധിക്കില്ലെന്ന നിലപാടിലാണു ധനവകുപ്പ്. ബജറ്റില്‍ അണക്കെട്ടിനായി 50 കോടി രൂപ നീക്കിവച്ചിരിക്കേയാണ് ഈ തടസവാദം. പരിസ്‌ഥിതി ആഘാതപഠനത്തിനു 2009-ലാണ് കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. പുതിയ അണക്കെട്ടിന് പാറകളുടെ ബലം പരിശോധിക്കാനായി 13 ബോര്‍ഹോളുകള്‍കൂടി എടുക്കണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കഴിഞ്ഞ സെപ്‌റ്റംബറില്‍ നിര്‍ദേശിച്ചിരുന്നു. അതിനു വീണ്ടും കേന്ദ്രമന്ത്രാലയത്തെ സമീപിക്കണമെന്നാണു വനംവകുപ്പിന്റെ നിലപാട്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആവശ്യം ഒരുവര്‍ഷമാകാറായിട്ടും വനംവകുപ്പ് പരിഗണിക്കുകയോ സംസ്‌ഥാന വനം-വന്യജീവി ബോര്‍ഡ് യോഗം ചേര്‍ന്നു പരിശോധിക്കുകയോ ചെയ്‌തിട്ടില്ല. അതെല്ലാം പിന്നിട്ടു കേന്ദ്രാനുതി തേടിയാല്‍ വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. അടുത്തമാസം 23-നു സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ പുതിയ അണക്കെട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു കേരളത്തിന് മറുപടിയുണ്ടാകില്ല. |
No comments:
Post a Comment