ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ കോടതികള്‍ ചോദ്യംചെയ്യുന്നത് നീതീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ലോയേഴ്സ് യൂണിയന് വൈസ് പ്രസിഡന്റും കൊല്‍ക്കൊത്ത മുന്‍മേയറുമായ വികാസ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ പലപ്പോഴും മൗനംപാലിക്കുന്ന കോടതികളാണ് അവകാശപോരാട്ടങ്ങളെ ചോദ്യംചെയ്യുന്നത്.
"ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക്" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ അതിന്റെ പൂര്‍ണതലത്തില്‍ എത്തിക്കാന്‍ ജുഡീഷ്യറി കാര്യക്ഷമമായ തരത്തിലുള്ള ഇടപെടലുകള്‍ക്ക് തയാറാകണം. രാജ്യം സ്വാതന്ത്ര്യംപ്രാപിച്ച് ഇത്രയുംകാലമായിട്ടും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഇന്നും ഭൂരിഭാഗത്തിനും അപ്രാപ്യമാണ്. ഉള്ള അവകാശങ്ങള്‍ സംരക്ഷിക്കാനാവാത്തതില്‍ ഭരണാധികാരികളെപ്പോലെ ജുഡീഷ്യറിയും കുറ്റക്കാരാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമായ പല തീരുമാനങ്ങളും കോടതികളില്‍നിന്നുതന്നെ ഉണ്ടാകുന്നു. ഇത് ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. റോഡരികില്‍ സംഘടിക്കാന്‍ പാടില്ലെന്ന കേരള ഹൈക്കോടതിവിധിയെ ഇത്തരത്തില്‍ കാണണം.
പണക്കൊഴുപ്പും മസില്‍പവറും ഒരുകൂട്ടം മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിച്ച് ഭരണഘടനയെതന്നെ വെല്ലുവിളിക്കാനും ചെറിയൊരുവിഭാഗം ശ്രമം നടത്തുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ ജുഡീഷ്യറിക്ക് പലപ്പോഴും കഴിയുന്നില്ല.
അതോടൊപ്പം "പ്രത്യേക ക്ലാസി"ന്റെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള, പക്ഷപാതപരമായ സമീപനം പല കോടതിവിധികളിലും കടന്നുവരുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ക്ക് അനുസൃതമായി ജുഡീഷ്യറിയെയും പാകപ്പെടുത്താനുള്ള നീക്കം നടക്കുന്ന സന്ദര്‍ഭത്തില്‍ ഇതിനെ ആശങ്കയോടെയേ കാണാനാവൂ. ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങളെ ഭൂരിപക്ഷം ഉപയോഗിച്ച് മറികടക്കുന്ന പ്രവണത കണ്ടുവരുന്നു. ഇത് തടയാന്‍ ജുഡീഷ്യറിക്ക് സാധിക്കണമെന്നും വികാസ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.
No comments:
Post a Comment